Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാണിയുടെ അപ്രതീക്ഷിത പ്രത്യാക്രമണത്തിൽ അടിതെറ്റി പിസി ജോർജ്ജ്; ആവശ്യമെങ്കിൽ കോൺഗ്രസ് നേതാക്കളേയും പ്രതിക്കൂട്ടിലാക്കാൻ അണിയറയിൽ നീക്കം; കരുതലോടെ കരുക്കൾ നീക്കി കോൺഗ്രസ്: പരിഹാരമില്ലാതെ ബാർ കോഴ വിവാദം മുറുകുന്നു

മാണിയുടെ അപ്രതീക്ഷിത പ്രത്യാക്രമണത്തിൽ അടിതെറ്റി പിസി ജോർജ്ജ്; ആവശ്യമെങ്കിൽ കോൺഗ്രസ് നേതാക്കളേയും പ്രതിക്കൂട്ടിലാക്കാൻ അണിയറയിൽ നീക്കം; കരുതലോടെ കരുക്കൾ നീക്കി കോൺഗ്രസ്: പരിഹാരമില്ലാതെ ബാർ കോഴ വിവാദം മുറുകുന്നു

ബി രഘുരാജ്‌

 തിരുവനന്തപുരം: മൂന്നു മാസം മൗനം പാലിച്ച കെഎം മാണിയുടെ പെട്ടന്നുണ്ടായ പ്രത്യാക്രമണത്തിൽ പകച്ച് നിൽക്കുകയാണ് യുഡിഎഫ് സംവിധാനം. മാണി ഇടത് മുന്നണിയിൽ പോകുന്നത് ഒഴിവാക്കാൻ കോൺഗ്രസ് നേതൃത്വവും മാണിയെ ദുർബലനാക്കി കേരളാ കോൺഗ്രസ് പിടിക്കാൻ ഇറങ്ങിയ പിസി ജോർജ്ജും നടത്തിയ സംഘടിത ഗൂഢാലോചനയുടെ ഭാഗമാണ് ബാർ കോഴ വിവാദം എന്നു സർവ്വ കോണുകളും അംഗീകരിച്ച സ്ഥിതിക്ക് ഇതുവരെയുള്ള നീക്കങ്ങളിൽ നിന്ന് മാറി കടുത്ത നിലപാടിലേക്ക് നീങ്ങാൻ മാണി തീരുമാനിക്കുകയായിരുന്നു. മാണി സാധാരണ പ്രയോഗിക്കാത്ത തരത്തിലുള്ള ഭാഷകൾ തന്നെ ഇന്നലത്തെ പത്രസമ്മേളനത്തിൽ ഉപയോഗിച്ചതും അകത്തും പുറത്തും ഗൂഢാലോചനയുണ്ട് എന്നു വ്യക്തമായി സൂചിപ്പിച്ചതും വെറുതേ ഇരിക്കാൻ പദ്ധതിയില്ല എന്നതിന്റെ വെളിപ്പെടുത്തൽ കൂടിയാണ്.

മാണിയുടെ പ്രത്യാക്രമണത്തിൽ ആദ്യം അടിതെറ്റിയത് ചീഫ് വിപ്പ് പിസി ജോർജ്ജിനാണ്. മാണി രംഗത്ത് ഇറങ്ങിയതോടെ പാർട്ടി അണികളും എംഎൽഎമാരും നേതാക്കളും ഒറ്റക്കെട്ടായി ഊർജ്ജസ്വലരായി ഒപ്പം ചേർന്നത് കുളം കലക്കി മീൻ പിടിക്കാൻ ഉള്ള ജോർജ്ജിന്റെ ശ്രമത്തിന് തിരിച്ചടിയായി. ജോസ് കെ മാണിയെ പാർട്ടി നേതൃത്വം ഏൽപ്പിക്കുന്ന കാര്യം ആലോചനയിൽ പോലും ഉണ്ടായിട്ടില്ല എന്ന മാണിയുടെ പ്രസ്താവനയും ഒരു കാരണവശാലും രാജി വയ്ക്കില്ല എന്ന പ്രഖ്യാപനവുമാണ് ജോർജ്ജിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയായത്. മാണി ഉടൻ രാജി വയ്ക്കുമെന്നും അതോടെ പാർട്ടിയും സർക്കാരും തന്റെ നേതൃത്വത്തിൽ ആകുമെന്നുമാണ് ജോർജ്ജ് ഇതുവരെ കണക്ക് കൂട്ടിയത്. പരിചയക്കാരായ മാദ്ധ്യമ പ്രവർത്തകരോട് ജോർജ്ജ് ഇക്കാര്യം സ്വകാര്യ സംഭാഷണത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

അകത്തും പുറത്തും ഗൂഢാലോചനക്കാർ എന്ന മാണിയുടെ ആരോപണം കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്. ബാർ കോഴ വിവാദത്തിൽ മാണിയെ മാത്രം ടാർഗറ്റ് ചെയ്യുന്നതും കോൺഗ്രസ് നേതാക്കളെ ഒഴിവാക്കുന്നതും ഗൂഢാലോചനയുടെ ഭാഗമാണ് എന്നു മാണി വിശ്വസിക്കുന്നുവെന്ന കാര്യം കോൺഗ്രസിനും ബോധ്യമായി. അതുകൊണ്ട് തന്നെ മാണിയുടെ പ്രതികരണം അതിര് വിടാനും സാധ്യത ഉണ്ടെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്. എക്‌സൈസ് മന്ത്രിക്ക് പണം കൊടുക്കാതെ നിയമവകുപ്പ് മന്ത്രിക്ക് മാത്രം പണം കൊടുത്തു എന്നു പറയുന്നതിലെ പൊരുത്തക്കേട് വെളിയിൽ വന്നേക്കുമെന്നാണ് സൂചന. ഇതിനുള്ള തെളിവുകൾ മാണിയും സംഘടിപ്പിച്ചു കഴിഞ്ഞു. എന്നാൽ സർക്കാരിനെ ആകെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ മാണി പ്രവർത്തിക്കുകയുമില്ല.

ജോർജ്ജിനെതിരെ കേരളാ കോൺഗ്രസ് ശക്തമായ നിലപാടിലേക്ക് എത്തും. ജോർജ്ജിനെ താക്കീത് ചെയ്യുന്നത് മാണിയുടെ പരിഗണനയിലുണ്ട്. ഇനിയൊരു അവസരം നൽകുകയുമില്ല. കേരളാ കോൺഗ്രസിൽ തുടരണമെങ്കിൽ മാണിക്ക് വിധേയനാകേണ്ടി വരുമെന്ന സന്ദേശം ജോർജ്ജിന് മാണി നൽകും. അനുസരിച്ചില്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കും. അങ്ങനെ വന്നാൽ യുഡിഎഫിൽ ജോർജ്ജിനെ നിലനിർത്താൻ സമ്മതിക്കുകയുമില്ല. ഈ നീക്കങ്ങളെ പിജെ ജോസഫും അനുകൂലിക്കുന്നു. ഇവിടെയാണ് പിസി ജോർജ്ജിന് പിഴച്ചത്. മാണി രാജിവച്ചാൽ മന്ത്രിസ്ഥാനം ഉയർത്തിക്കാട്ടി ജോസഫിന്റെ എംഎൽഎമാരെ റാഞ്ചാനുള്ള നീക്കവും പൊളിഞ്ഞു. സിഎഫ് തോമസും ജോർജ്ജിനൊപ്പം കൂടില്ലെന്ന് മാണിയെ അറിയിച്ചു കഴിഞ്ഞു. കേരളാ കോൺഗ്രസിന്റെ കൂട്ടായ തീരുമാന പ്രകാരമാണ് ഇന്നലെ കാര്യങ്ങൾ വിശദീകരിച്ച് മാണി മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയത്.

കോൺഗ്രസിൽ ഐ വിഭാഗമാണ് ബിജു രമേശിനൊക്കൊണ്ട് ആരോപണങ്ങൾ ഉന്നയിപ്പിക്കുന്നതായി മാണി തരിച്ചറിയുന്നുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും റവന്യൂ മന്ത്രി അടൂർ പ്രകാശിനേയുമാണ് മാണി ലക്ഷ്യം വയ്ക്കുന്നത്. ബിജു രമേശിന്റെ ബന്ധുവും സുഹൃത്തുമെല്ലാമായ അടൂർ പ്രകാശിന് ബിജു രമേശിന്റെ നീക്കങ്ങൾ മുൻകൂട്ടി അറിയാമെന്നും കരുതുന്നു. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും മാണി അറിയിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയും അടൂർ പ്രകാശും പിസി ജോർജ്ജും ഒന്നിച്ചാണ് തനിക്കെതിരെ നീങ്ങുന്നതെന്ന അഭിപ്രായം തന്നെയാണ് മുഖ്യമന്ത്രിയോട് മാണി പങ്കുവച്ചിട്ടുള്ളത്. കെപിസിസി അധ്യക്ഷൻ വി എം സുധീരനേയും കാര്യങ്ങൾ ബോധിപ്പിച്ചു കഴിഞ്ഞു.

ആരോപണങ്ങൾക്ക് മാണി നേരിട്ട് മറുപടി പറയുന്നതാണ് നല്ലതെന്ന അഭിപ്രായം മുഖ്യമന്ത്രിയും സുധീരനും പങ്കുവച്ചിട്ടുണ്ട്. അതെല്ലാം കണക്കിലെടുത്താണ് പ്രതിരോധത്തിന് അവധി നൽകി ആക്രമണമെന്ന തന്ത്രത്തിലേക്ക് മാണി മാറിയത്. ബാർ കോഴയിൽ എക്‌സൈസ് മന്ത്രിക്ക് കോഴയില്ല. എന്നാൽ ധനമന്ത്രി കോഴവാങ്ങി എന്നതിലെ പ്രസക്തിയും മാണി ചോദ്യം ചെയ്യുന്നു. തന്നെ പ്രതിക്കൂട്ടിലാക്കിയാൽ എക്‌സൈസ് മന്ത്രിക്ക് എതിരേയും വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന സൂചനയാണ് മാണി കോൺഗ്രസ് നേതൃത്വത്തിന് നൽകിയിട്ടുള്ളത്. ഇതിനൊപ്പം സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഒന്നും മാണി ചെയ്യുകയുമില്ല. അതുകൊണ്ട് തന്നെയാണ് ബാലകൃഷ്ണ പിള്ളയ്ക്ക് എതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം മാണി പിന്നോട്ടേയ്ക്ക് എടുക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP