Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചാംമന്ത്രിയെ അവർക്കും മടുത്തു; കോൺഗ്രസുകാരാൽ നയിക്കപ്പെടുന്ന മന്ത്രിയെ നമുക്ക് വേണ്ട; മുസ്ലിംലീഗിൽ മഞ്ഞാളാംകുഴി അലിക്കെതിരെ പടയൊരുക്കം; സ്റ്റാഫംഗങ്ങളുടെ രാജി പൊട്ടിത്തെറിയുടെ തുടക്കമോ?

അഞ്ചാംമന്ത്രിയെ അവർക്കും മടുത്തു; കോൺഗ്രസുകാരാൽ നയിക്കപ്പെടുന്ന മന്ത്രിയെ നമുക്ക് വേണ്ട; മുസ്ലിംലീഗിൽ മഞ്ഞാളാംകുഴി അലിക്കെതിരെ പടയൊരുക്കം; സ്റ്റാഫംഗങ്ങളുടെ രാജി പൊട്ടിത്തെറിയുടെ തുടക്കമോ?

എം പി റാഫി

മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതുപാളയത്തിൽനിന്നും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലെത്തിയ മഞ്ഞളാംകുഴി അലിയെ പെരുത്ത് സന്തോഷത്തോടെയും വലിയ വാഗ്ദാനങ്ങൾ നൽകിയുമായിരുന്നു ലീഗ് നേതൃത്വം സ്വീകരിച്ചത്. തുടർന്ന് നിയമസഭയിൽ ലീഗ് ടിക്കറ്റിൽ മത്സരിപ്പിക്കുകയും അലി വിജയിക്കുകയും ചെയ്തതോടെ പാണക്കാട് തങ്ങൾ നൽകിയ വാഗ്ദാനം പാലിക്കാനുള്ള നെട്ടോട്ടത്തിലായി ലീഗിന്റെ മുൻനിരനേതാക്കൾ.

പതിനെട്ടടവും പയറ്റിയ ശേഷം അലിക്കു വേണ്ടി ലീഗ് ചോദിച്ചു വാങ്ങിയ അഞ്ചാം മന്ത്രിസ്ഥാനം യു.ഡി.എഫ് സർക്കാറിന്റെ തുടക്കം മുതലേയുള്ള കല്ലുകടിയായി മാറിയിരുന്നു. എന്നാൽ തികച്ചും വ്യത്യസ്തമായാണ് മന്ത്രി അലിയെ ചുറ്റിപ്പറ്റിയുള്ള പുതിയ വിവാദം വന്നിരിക്കുന്നത്. ലീഗ് നോമിനികളായ അംഗങ്ങൾ മന്ത്രിയുടെ സ്റ്റാഫിൽ നിന്നും കൂട്ടത്തോടെ രാജിവച്ചൊഴിഞ്ഞതോടെ പുതിയ പൊട്ടിത്തെറികൾക്കാണ് വഴിയൊരുങ്ങിയിരിക്കുന്നത്.

അഞ്ചാം മന്ത്രി വിഷയത്തിൽ കോൺഗ്രസും ഘടകകക്ഷികളുമാണ് രംഗത്തു വന്നതെങ്കിൽ ഇപ്പോൾ അലിക്കെതിരേ കോപ്പുകൂട്ടുന്നത് ലീഗിൽനിന്നു തന്നെയുള്ള ഒരു വിഭാഗമാണ്. കോൺഗ്രസ്അനുകൂല സ്റ്റാഫംഗങ്ങളാണ് മന്ത്രിയെ നിയന്ത്രിക്കുന്നതെന്നും നടപ്പാക്കുന്ന പദ്ധതികൾ മണ്ഡലത്തിലെ ലീഗ് നേതാക്കളുമായോ ലീഗ് നോമിനികളായ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുമായോ കൂടിയാലോചിക്കുന്നില്ലെന്നുമാണ് അലിക്കെതിരെയുള്ള പ്രധാന പരാതി. എന്നാൽ നഗരകാര്യവകുപ്പു മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു കെട്ടിടനിർമ്മാണ ലോബി സ്വാധീനം ചെലുത്തുന്നതും അഴിമതിക്കാർ പിടിമുറുക്കുന്നതുമാണ് ലീഗ് നോമിനികൾ പേഴ്‌സണൽ സ്റ്റാഫിൽ നിന്നും രാജിവയ്ക്കാൻ കാരണമായതെന്ന് ഒരു വിഭാഗം പറയുന്നു.

യൂത്ത് ലീഗ് നേതാക്കളുൾപ്പടെയുള്ളവരുമായി കൂടിയാലോചനകൾ നടത്തിയ ശേഷമായിരുന്നുവത്രെ സ്റ്റാഫ് അംഗങ്ങൾ രാജിവച്ചത്. പരിചയസമ്പത്തും സീനിയോറിറ്റിയുമുള്ള നേതാക്കൾ ഉണ്ടായിരിക്കെ മഞ്ഞളാംകുഴി അലിക്ക് മന്ത്രിസ്ഥാനം നൽകിയതിൽ ഒരു വിഭാഗം ലീഗ് നേതാക്കൾക്ക് നേരത്തേ മുറുമുറുപ്പുണ്ടായിരുന്നു. എന്നാൽ ഇപ്പോഴുണ്ടായ പരാതികൾ പാർട്ടി നേതൃത്വത്തിനു കൂടുതൽ തലവേദനയായിട്ടുണ്ട്. മണ്ഡലത്തിൽ നിന്നുള്ള ഒരുവിഭാഗം നേതാക്കൾ ജില്ലാ സംസ്ഥാന നേതാക്കളെ നേരിൽ കണ്ട് പരാതി ബോധിപ്പിച്ചിട്ടുണ്ട്. വിഷയം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുമെന്നും ഇവർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അഞ്ചും മുമ്പ് മൂന്നും ലീഗ് നോമിനികളാണ് മന്ത്രി മഞ്ഞളാംകുഴി അലിയുടെ സ്റ്റാഫിൽ നിന്നും രാജിവച്ചത്. കേന്ദ്ര മന്ത്രി ഇ അഹമ്മദിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗവും അലിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന അനീഷ്, യൂത്ത് ലീഗ് മങ്കട നിയോജക മണ്ഡലം പ്രസിഡന്റും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന ജാഫർ വെള്ളക്കാട്ടിൽ, സംസ്ഥാന ജീവനക്കാരുടെ ലീഗ് അനുകൂല സംഘടനയുടെ ജില്ലാ ഭാരവാഹിയും മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന അബ്ദുൽ ലത്തീഫ് പരവക്കൽ, ലീഗ് അനുകൂല അദ്ധ്യാപക സംഘടനയുടെ സംസ്ഥാന നേതാവ് സിറാജുദ്ദീൻ, സമസ്ത നേതാവായിരുന്ന നാട്ടിക വി മൂസ മുസ്ലിയാരുടെ മകൻ റഷീദ് എന്നിവരാണ് കഴിഞ്ഞ ദിവസം സ്റ്റാഫിൽനിന്നും രാജിവച്ചത്. യൂത്ത് ലീഗ് നേതാവ് സമീർ, പ്രവാസി ലീഗ് മങ്കട മണ്ഡലം സെക്രട്ടറിയായിരുന്ന അബ്ദുൽ അസീസ്, എം.എസ്.എഫ് നേതാവ് റഫീഖ് തുടങ്ങിയവരാണ് നേരത്തെ രാജിവച്ചവർ.

ഇടതുപക്ഷത്തു നിന്നും മുസ്ലിം ലീഗിലെത്തുമ്പോൾ മഞ്ഞളാംകുഴി അലിയോടൊപ്പം നിരവധി പേർ ലീഗിനോടൊപ്പം ചേർന്നിരുന്നു. തന്നോടൊപ്പം വർഷങ്ങളായി നിൽക്കുന്നവർക്ക് മന്ത്രിയുടെ സ്റ്റാഫിൽ പ്രത്യേക പരിഗണനയും നൽകിയിരുന്നു. മഞ്ഞളാംകുഴി അലി മുസ്ലിം ലീഗ് മന്ത്രിയാണെങ്കിലും ഇപ്പോഴും അലിയുടേതായ അണികളും ബന്ധങ്ങളുമാണ് അലിയെ നയിക്കുന്നത് എന്നതാണ് വസ്തുത. ഇതാണ് മണ്ഡലത്തിലെ ലീഗ് നേതാക്കളെയും ലീഗ് നോമിനികളായ സ്റ്റാഫ് അംഗങ്ങളെയും ചൊടിപ്പിച്ചതും രാജിയിൽ കലാശിച്ചതും.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, ലീഗിന് പ്രിയങ്കരനായിരുന്ന അലി അപ്രിയനാകുമോയെന്നു നോക്കി കാണേണ്ടതുണ്ട്. ലീഗ് നോമിനികൾ കൂട്ടത്തോടെ രാജിവച്ചൊഴിഞ്ഞതോടെ ബാക്കിയുള്ള ഏതാനും പാർട്ടി നോമിനികൾക്ക് വലിയ വാഗ്ദാനങ്ങൾ നൽകി ചൊൽപ്പടിയിൽ നിർത്താനുള്ള തിരക്കിലാണ് മന്ത്രി മഞ്ഞളാംകുഴി അലി. അതേസമയം സ്റ്റാഫിലെ കൂട്ട രാജിയൊക്കെ വ്യക്തിപരവും അവരവരുടേതായ തൊഴിൽപരവുമായ കാര്യമാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP