Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാത്യു ടി തോമസിനേയും എകെ ശശീന്ദ്രനേയും മന്ത്രിമാരാക്കാൻ തുണച്ചത് പിണറായി തന്നെ; സത്യപ്രതിജ്ഞ ചെയ്താലും ദളിൽ അട്ടിമറി നടന്നേക്കും; തോമസ് ചാണ്ടിയുടെ നീക്കങ്ങളും തലവേദനയാകും

മാത്യു ടി തോമസിനേയും എകെ ശശീന്ദ്രനേയും മന്ത്രിമാരാക്കാൻ തുണച്ചത് പിണറായി തന്നെ; സത്യപ്രതിജ്ഞ ചെയ്താലും ദളിൽ അട്ടിമറി നടന്നേക്കും; തോമസ് ചാണ്ടിയുടെ നീക്കങ്ങളും തലവേദനയാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ ജനതാദൾ എസിലും എൻസിപിയിലും തമ്മിലടിയായിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ മന്ത്രിക്കുപ്പായം തച്ച് കാത്തിരിക്കുകയായിരുന്നു തോമസ് ചാണ്ടി. സികെ നാണുവിനെ കൂട്ടുപിടിച്ച് സമ്മർദ്ദത്തിലൂടെ മന്ത്രി കസേരയിൽ എത്തുകയായിരുന്നു ജനതാദൾ എസിൽ കെ കൃഷ്ണൻകുട്ടിയുടെ ലക്ഷ്യം. ഈ കളികൾ അതിരുവിട്ടപ്പോൾ മന്ത്രിസഭയുടെ നായകൻ തന്നെ ഇടപെട്ടു. കഴിവ് തെളിയിച്ച സുതാര്യയുള്ള വ്യക്തിത്വങ്ങൾ മന്ത്രിസഭയിലേക്ക് മതിയെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നിലപാട് എടുത്തു. ഇതോടെ ജനതാദൾ എസിൽ നിന്ന് മാത്യു ടി തോമസും എൻസിപിയിൽ നിന്ന് എകെ ശശീന്ദ്രനും മന്ത്രിമാരായി.

എൻസിപിയിലായിരുന്നു അടി രൂക്ഷം. സിപിഎമ്മിനോട് എന്നും അടുത്തു നിന്ന എകെ ശശീന്ദ്രനെ മന്ത്രിയായി കാണാൻ സംസ്ഥാന നേതൃത്വം ആഗ്രഹിച്ചു. എന്നാൽ ശരത് പവാറുമായുള്ള അടുപ്പം തോമസ് ചാണ്ടിക്ക് തുണയായിരുന്നു. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുമ്പ് തന്നെ താനാകും മന്ത്രിയെന്ന് തോമസ് ചാണ്ടി പ്രഖ്യാപിച്ചു. കഴിഞ്ഞ നിയമസഭയിലും എൻസിപിക്കുണ്ടായിരുന്ന എംഎൽഎമാർ ശശീന്ദ്രനും തോമസ് ചാണ്ടിയുമായിരുന്നു. അന്ന് നിയമസഭാ കക്ഷി നേതാവായത് തോമസ് ചാണ്ടിയായിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുമായാണ് പാർട്ടിയിലെ സീനിയറായ ശശീന്ദ്രനെ വെട്ടിയത്. മന്ത്രിയിലേക്കുള്ള വഴിയിലും ഇത് സംഭവിക്കുമെന്ന് തോമസ് ചാണ്ടി കരുതി. പണത്തിന്റെ കരുത്തിൽ മന്ത്രി പദവി നേടിയെടുക്കാമെന്നും കരുതി.

എന്നാൽ കരുതലോടെ പിണറായി ഇടപെട്ടു. പല ആരോപണങ്ങൾക്കും വിധേയനായ തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ആഗ്രഹമില്ലെന്ന സന്ദേശം പിണറായി നൽകി. ഇതോടെ തോമസ് ചാണ്ടിയുടെ സാധ്യതകൾ അടഞ്ഞു. മന്ത്രിപദവി രണ്ടര വർഷമായി പങ്കിടാനും നീക്കം നടത്തി. അപ്പോഴും പിണറായിയുടെ ഇടപെടൽ എത്തി. ശശീന്ദ്രൻ മികച്ച മന്ത്രിയായി പേരെടുത്താൽ പിന്നെ അദ്ദേഹത്തെ മാറ്റാൻ കഴിയില്ലെന്നായിരുന്നു പിണറായിയുടെ നിലപാട്. സിപിഐ(എം) നേതൃത്വത്തിന് ശശീന്ദ്രനോടുള്ള താൽപ്പര്യം ഇതോടെ തന്നെ എൻസിപിക്ക് ബോധ്യപ്പെട്ടു. എൻസിപി സംസ്ഥാന അധ്യക്ഷനായ ഉഴവൂർ വിജയൻ സ്ഥിതിഗതികൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. അങ്ങനെ ശരത് പവാറിന് ശശീന്ദ്രന് അനുകൂലമായ തീരുമാനം എടുക്കേണ്ടിയും വന്നു.

ജനതാദള്ളിൽ മന്ത്രിപദവിയെ ചൊല്ലി കലാപം സിപിഐ(എം) പ്രതീക്ഷിച്ചിരുന്നില്ല. ജോസ് തെറ്റയിലിന് വേണ്ടി ചിരിച്ചു കൊണ്ട് മന്ത്രിസ്ഥാനം ഒഴിഞ്ഞു കൊടുത്ത മാത്യു ടി തോമസിനെ സമ്മർദ്ദത്തിലാക്കി മന്ത്രിപദവി കൈക്കലാക്കാനായിരുന്നു കൃഷ്ണൻ കുട്ടിയുടെ നീക്കം. ജനതാദൾ പിളർന്നപ്പോൾ വീരേന്ദ്രകുമാറിനൊപ്പമായിരുന്നു കൃഷ്ണൻകുട്ടി. പിന്നീട് വീരനുമായി കൃഷ്ണൻകുട്ടി തെറ്റി. ഈ സമയം ആരുമില്ലാത്ത അവസ്ഥയിലായ കൃഷ്ണൻകുട്ടിക്ക് കൈകൊടുത്തത് മാത്യു ടി തോമസ് ആയിരുന്നു. മുതിർന്ന സോഷ്യലിസ്റ്റ് എന്ന നിലയിൽ അംഗീകരാവും നൽകി. ചിറ്റൂർ സീറ്റ് വാങ്ങി കൃഷ്ണൻകുട്ടിയെ മത്സരിപ്പിക്കുകയും ചെയ്തു. ജയിച്ചതോടെ എല്ലാം മാറി മറിഞ്ഞു. പഴയതെല്ലാം മറന്ന് മന്ത്രിസ്ഥാനത്തിന് കൃഷ്ണൻകുട്ടി അവകാശവാദം ഉന്നയിച്ചു.

വടകരിയിൽ നിന്ന് ജയിച്ച സികെ നാണുവും കൃഷ്ണൻകുട്ടിയെ പിന്തുണച്ചു. ഇതോടെ വിഷയം പാർട്ടി ദേശീയ അധ്യക്ഷൻ ദേവഗൗഡയുടെ അടുത്തെത്തി. ദേവഗൗഡയ്ക്കും മാത്യു ടി തോമസിനോടായിരുന്നു താൽപ്പര്യം. ഇതിനിടെയിൽ സിപിഐ(എം) ദേശീയ നേതൃത്വത്തിന്റെ സഹായത്തോടെ മാത്യു ടി തോമസ് മതിയെന്ന് പിണറായി ദേവഗൗഡയെ അറിയിക്കുകയും ചെയ്തു. അഴിമതി തൊട്ടു തീണ്ടാത്ത നേതാവാണ് മാത്യു ടി തോമസ്. ജനങ്ങൾക്കൊപ്പം നിൽക്കുന്ന വകുപ്പ് മാത്യു ടി തോമസിന് നൽകുന്നതിലൂടെ ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ അദ്ദേഹത്തിന് കഴിയും. ഇത് മുന്നണിക്കും മന്ത്രിസഭയ്ക്കും ഗുണകരമാകും. അതിനാൽ മാത്യു ടി തോമസ് മതിയെന്നായിരുന്നു പിണറായിയുടെ ഉറച്ച നിലപാട്. ഇതിന് അനുസരിച്ചുള്ള തീരുമാനം ദേവഗൗഡ എടുക്കുകയും ചെയ്തു.

പക്ഷേ എൻസിപിയിലും ജനതാദളിലും അടി തുടരുക തന്നെ ചെയ്യും. ശശീന്ദ്രനെ അട്ടിമറിക്കാൻ തോമസ് ചാണ്ടി ഇനിയും ശ്രമിക്കും. ശശീന്ദ്രനെതിരെ ആരോപണങ്ങൾ ഉയർത്തി രാജിവയ്ക്കിപ്പാനാണ് നീക്കം. എത്രയും വേഗം ഇത് സാധ്യമാക്കാനാണ് ശ്രമം. ജനതാദൾ എസിലും സ്ഥിതി അതുതന്നെ. അവിടെ മൂന്ന് എംഎൽഎമാരിൽ രണ്ടു പേരും മാത്യു ടി തോമസിന് എതിരാണ്. പാർലമെന്ററീ പാർട്ടിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് പാർട്ടി പിടിക്കാനാണ് നീക്കം. അതിന് ശേഷം മാത്യു ടി തോമസിനെ മാറ്റി മന്ത്രിയാക്കാനാണ് നീക്കം. പക്ഷേ ഇടതു മുന്നണിക്കുള്ള മൃഗീയ ഭൂരിപക്ഷം ഇതിനെല്ലാം എതിരാണ്. ഭൂരിപക്ഷം ഉള്ളതിനാൽ ചെറുകക്ഷികളുടെ സമ്മർദ്ദത്തിന് സിപിഎമ്മിന് വഴങ്ങേണ്ട സാഹചര്യമില്ല.

അതുകൊണ്ട് തന്നെ പാർട്ടിയിലെ ഭിന്നത അനുകൂലമാക്കിയാൽ പോലും കൃഷ്ണൻകുട്ടിയും തോമസ് ചാണ്ടിയും മന്ത്രിമാരാകില്ലെന്നാണ് ലഭിക്കുന്ന സൂചന. പിണറായി വിജയന്റെ വാക്കുകൾ തന്നെയാകും ഇക്കാര്യത്തിൽ നിർണ്ണായകം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP