Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാറുകാർക്ക് വേണ്ടി ആദ്യം രംഗത്തു വന്ന എം എം ഹസന് മനസ്സുമാറി; സുധീരനെ വെട്ടാൻ സമ്പൂർണ്ണ മദ്യനിരോധനം ആവശ്യപ്പെട്ട് രംഗത്ത്

ബാറുകാർക്ക് വേണ്ടി ആദ്യം രംഗത്തു വന്ന എം എം ഹസന് മനസ്സുമാറി; സുധീരനെ വെട്ടാൻ സമ്പൂർണ്ണ മദ്യനിരോധനം ആവശ്യപ്പെട്ട് രംഗത്ത്

വി എം സുധീരനെ വെട്ടാൻ ബാറുടമകൾക്ക് വേണ്ടി കഴിഞ്ഞ ദിവസം രംഗത്ത് വന്ന കെപിസിസി വൈസ് പ്രസിഡണ്ട്‌ എം എം ഹസ്സാൻ പാർട്ടിയിലും മുന്നണിയിലും എതിർപ്പുണ്ടായതോടെ നിലപാട് മാറ്റി രംഗത്ത്. സംസ്ഥാനത്ത്സമ്പൂർണ്ണ മദ്യ നിരോധനം നടപ്പാക്കണം എന്ന് നാളത്തെ കെപിസിസി യോഗത്തിൽ ആവശ്യപ്പെടും എന്ന നിലപാടുമായാണു ഹസ്സൻ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. അല്പം മുൻപ് മാദ്ധ്യമ പ്രവർത്തകരെ കണ്ട് ഈ അഭിപ്രായം പറഞ്ഞ ഹസ്സൻ ഇവിടെയും ഉന്നം വയ്ക്കുന്നത് സുധീരന്റെ നിലപാടിനെ ദുർബലമാക്കുക എന്ന് തന്നെയാണ് എന്ന് നിരീക്ഷകർ കരുതുന്നു.

സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കാൻ കോൺഗ്രസ് മുൻകൈയെടുക്കണമെന്നാണ് കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസൻ ആവശ്യപ്പെട്ടത്. പ്രായോഗികതയ്ക്ക് തടസ്സം നിൽക്കരുതെന്ന മുൻ നിലപാട് തിരുത്തിയാണ് ബാർ ഹോട്ടൽ വിഷയത്തിൽ എം എം ഹസൻ പുതിയ നിലപാടുമായി രംഗത്തുവന്നത്. ഇപ്പോൾ കേരളത്തിൽ മദ്യനിരോധനം നടപ്പിലാക്കാൻ ഏറ്റവും അനുകൂലമായ കാലമാണ്. ലീഗിനും കേരള കോൺഗ്രസിനും ഇതേ നിലപാടായതുകൊണ്ട് മുന്നണിയിൽ ഇക്കാര്യം നടപ്പിലാക്കാൻ പ്രയാസമില്ലെന്നാണ് ഹസന്റെ പുതിയ പ്രസ്താവന. സമ്പൂർണ്ണ മദ്യനിരോധനത്തിനുള്ള തീരുമാനം യുഡിഎഫിൽ ഉണ്ടാവേണ്ടതുണ്ട്. അത് മുന്നണിയോഗത്തിൽ കോൺഗ്രസിന്റെ അഭിപ്രായമായി അവതരിപ്പിക്കണം എന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായം എന്നും ഹസൻ പറയുന്നു.

ഘട്ടം ഘട്ടമായി സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കുക എന്നതാണ് കോൺഗ്രസിന്റെ നയം എന്ന് എടുത്തുപറഞ്ഞുകൊണ്ടാണ് ഹസൻ തന്റെ മാറിയ നിലപാട് വിശദീകരിച്ചത്. ഇത് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ഇന്നലത്തെ പ്രസ്താവനയോടുള്ള പ്രതികരണമാണെന്ന് വ്യക്തം. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ കോൺഗ്രസിന്റെ നിലപാടാണ് താൻ പറയുന്നതെന്നും ഇതിൽ തനിക്ക് വ്യക്തിപരമായി ഒരു താത്പര്യമില്ലെന്നും വി എം സുധീരൻ ഇന്നലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ കോൺഗ്രസിന്റെ നയം 418 ബാറുകൾ പൂട്ടുക എന്നതല്ലെന്നും സമ്പൂർണ്ണ മദ്യനിരോധനം ആണ് എന്നുമാണ് ഹസൻ പറയുന്നത്. ഇത് പ്രായോഗികമായി നടപ്പുള്ള കാര്യമല്ലെന്ന് പറയുന്ന ഹസനും അറിയാം. എന്നാൽ സുധീരൻ പറയുന്നത് കോൺഗ്രസിന്റെ നിലപാടല്ലെന്നും സുധീരന്റെ വ്യക്തിപരമായ നിലപാടാണെന്നും വരുത്തിത്തീർക്കേണ്ടത് ബാർ അനുകൂലികളുടെ ആവശ്യമായിരിക്കെ തീർത്തും അപ്രായോഗികമായ മുദ്രാവാക്യം ഉയർത്തുന്നത് ഗൂഢോദ്ദേശ്യത്തോടെയാണെന്ന് സ്പഷ്ടം.

സുധീരന്റേത് ന്യൂനപക്ഷ അഭിപ്രായമാണെന്നും അത് വോട്ടിനിട്ട് തള്ളാൻ കഴിയുമെന്നുമാണ് നേരത്തെ എം എം ഹസൻ പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അങ്ങനെ ഒരു നിലപാടില്ലാഞ്ഞതിനാലാണ് അതു ചെയ്യാഞ്ഞതെന്നും ഹസൻ പറഞ്ഞിരുന്നു. സർക്കാരിന്റേത് നിയമപരവും പ്രായോഗികവുമായ നിലപാടാണ് എന്നായിരുന്നു ഹസന്റെ മുൻവാദം. അതേ സമയം ഇതൊരു മുന്നണി സർക്കാരാണെന്നും കോൺഗ്രസിന്റെ മാത്രം തീരുമാനത്തിന്റെ പുറത്തല്ല, ലീഗിന്റെയും കേരള കോൺഗ്രസിന്റെയും നിലപാടുകൾ കൂടി കണക്കിലെടുത്തു വേണം തീരുമാനമെടുക്കാനെന്നും ഹസൻ പറഞ്ഞിരുന്നു. ബാറുകൾക്കെതിരെ സമരം നയിക്കുകയും ബിവറേജസ് കോർപ്പറേഷന്റെ അടക്കം ഷോപ്പുകൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി പ്രവർത്തനാനുമതി നിഷേധിക്കുകയും ചെയ്യുന്ന നിലപാടുകൾ മുസ്ലിം ലീഗ് ശക്തികേന്ദ്രങ്ങളിൽ ആവർത്തിക്കുന്നുണ്ട്. എന്നാൽ സമ്പൂർണ്ണ മദ്യനിരോധനം എന്ന ആശയത്തെ പിന്തുണയ്ക്കാൻ അവർ ആദ്യഘട്ടത്തിലൊന്നും തയ്യാറായിരുന്നില്ല. ബാറുകളിൽ നിലവാരമുള്ളവ തുറക്കണമെന്ന അഭിപ്രായം കേരള കോൺഗ്രസ് നേതാക്കളും പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹസൻ പന്ത് ഘടകകക്ഷികളുടെ കോർട്ടിലേക്ക് തട്ടിയിട്ടത്.

എന്നാൽ ഇതിനോട് പ്രതികരിച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും കേരള കോൺഗ്രസ് ചെയർമാൻ കെ എം മാണിയും കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തെത്തി. ഇരുവരും ഘട്ടം ഘട്ടമായുള്ള മദ്യനിരോധനത്തെ പിന്തുണച്ചാണ് രംഗത്തുവന്നത്. പ്രതിച്ഛായാ നിർമ്മിതിക്കുള്ള അവസരമായി ലീഗും കേരള കോൺഗ്രസും ഈ തർക്കത്തെ മുതലെടുക്കുന്നു എന്ന വികാരം അതോടെ ചില കോൺഗ്രസ് നേതാക്കന്മാർക്കിടയിൽ ശക്തമായി. അതാണ്, വീണ്ടും ഘടകകക്ഷികളെ കൂടി തോണ്ടുന്ന നിലപാട് ഹസൻ എടുക്കാൻ കാരണം.

ഒറ്റുകാരനാക്കരുതെന്ന് കെ ബാബു

ഇതിനിടയിൽ ബാർ വിഷയത്തിൽ തന്നെ ഒറ്റുകാരനാക്കരുതെന്നും മുന്നണിയുടെ തീരുമാനമാണ് താൻ നടപ്പാക്കാൻ ശ്രമിച്ചതെന്നും വിശദീകരിച്ച് എക്സൈസ് മന്ത്രി കെ ബാബുവും രംഗത്തെത്തി.

ഹസന് പിന്തുണയെന്ന് കെ മുരളീധരൻ

418 ബാറുകളുടെ കാര്യത്തിൽ വഴുവഴുപ്പൻ സമീപനം എടുക്കരുതെന്നും സർക്കാരും പാർട്ടിയും ഇക്കാര്യത്തിൽ യോജിച്ചു തീരുമാനമെടുക്കണമെന്നും മുൻ കെപിസിസി പ്രസിഡന്റും എംഎൽഎയുമായ കെ മുരളീധരൻ പറഞ്ഞു. സമ്പൂർണ്ണ മദ്യനിരോധനത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും കെ മുരളീധരൻ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP