Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി അനുകൂല പരാമർശം: ക്ലീമിസ് കാതോലിക്ക ബാവയെ രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ; കർദിനാളിന്റെ പരാമർശം മതനിരപേക്ഷ ചിന്താഗതിക്കാരെ ദുഃഖിപ്പിക്കുന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി

മോദി അനുകൂല പരാമർശം: ക്ലീമിസ് കാതോലിക്ക ബാവയെ രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ; കർദിനാളിന്റെ പരാമർശം മതനിരപേക്ഷ ചിന്താഗതിക്കാരെ ദുഃഖിപ്പിക്കുന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തിയ ശേഷം മോദിക്ക് അനുകൂലമായി പ്രസ്താവന നടത്തിയ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കത്തോലിക്കാ ബാവയെ രൂക്ഷമായി വിമർശിച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ രംഗത്തെത്തി. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് ബാവയെ പിണറായി വിജയൻ വിമർശിച്ചത്. കർദിനാളിന്റെ പരാമർശം ഇന്ത്യയിലെ മതനിരപേക്ഷ ചിന്താഗതിക്കാരെ ദുഃഖിപ്പിക്കുന്നതാണെന്ന് 'കൂടിക്കാഴ്‌ച്ചയെപ്പറ്റി' എന്ന ലേഖനത്തിൽ പിണറായി വ്യക്തമാക്കി.

വർഗീയതയിൽ അടിത്തറയുള്ള വിദ്വേഷാത്മകമായ ഒരു ഭരണം മോദി കെട്ടിപ്പടുക്കുകയും അതിനെതിരായി മതനിരപേക്ഷ ശക്തികളാകെ കൂട്ടായ ചെറുത്തുനില്പിനുള്ള സാധ്യത തേടുകയും ചെയ്യുന്ന സാഹചര്യത്തിൽ ബാവ നടത്തിയ പ്രസ്താവന മോദിക്ക് സ്വീകാര്യത കൂട്ടാനും മതനിരപേക്ഷ ശ്രമങ്ങളെ ക്ഷീണിപ്പിക്കാനും സഹായിക്കൂ. ഇന്ത്യ ഹിന്ദു രാജ്യമാണെന്നും രാജ്യത്തിന്റെ സ്വത്വം ഹിന്ദുത്വമാണെന്നുമുള്ള ആർഎസ്എസ് തലവൻ മോഹൻ ഭഗവതിന്റെ പ്രസ്താവനയെ കർദിനാൽ നിസാരവൽക്കരിച്ചത് ഖേദകരമാണെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ആർഎസ്എസ് പ്രത്യയശാസ്ത്രത്തിന് അനുസൃതമായി വിദ്യാഭ്യാസഘടന പൊളിച്ചെഴുതാനും പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കാനും മോദി ഉത്തരവിറക്കി. ഹിന്ദുത്വ സംസ്‌കാരത്തിലൂന്നിയുള്ള ചരിത്രം എഴുതാനും നീതിന്യായവ്യവസ്ഥയെ കാവിവൽക്കരിക്കാനുമുള്ള നീക്കം നടക്കുന്നു. മുസഫർനഗർ കലാപത്തിലെ പ്രതിയായ സഞ്ജീവ്കുമാർ ബല്യയെ മോദി കേന്ദ്രമന്ത്രിയാക്കി. റമദാൻ മാസത്തിൽ ഒരാളെ ബലം പ്രയോഗിച്ച് ചപ്പാത്തി കഴിപ്പിച്ച സംഭവത്തിൽ പ്രധാനമന്ത്രി പ്രതികരിച്ചില്ല. മോദി അധികാരത്തിൽ വന്നയുടൻ ഏക സിവിൽകോഡ്, മതപരിവർത്തനം, ഗോഹത്യാപ്രശ്‌നം, ലൗ ജിഹാദ് തുടങ്ങിയവയൊക്കെ ചർച്ചയുടെ അജൻഡകളാക്കിയെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

മതനിരപേക്ഷ ശക്തികളെയും മതവിദ്വേഷത്തിന്റെ ശക്തികളെയും യഥാസമയം തിരിച്ചറിയേണ്ടതുണ്ട്. അതിൽ വീഴ്ചപറ്റിയാൽ പിന്നീട് വലിയ വില കൊടുക്കേണ്ടിവരും. ഗ്രഹാം സ്റ്റെയിൻസിനോടും കുഞ്ഞുങ്ങളോടും ചെയ്ത കൊടുംക്രൂരതയിൽ പ്രതിഫലിക്കുന്നുണ്ട് സംഘപരിവാറിന്റെ വർഗീയവിദ്വേഷം നിറഞ്ഞ മനസ്. മനസിന്റെ പ്രതിഫലനമാണ് പ്രവൃത്തി. ആരെയും വിലയിരുത്തുമ്പോൾ അത് മാനദണ്ഡമാകേണ്ടതുണ്ടെന്നും ലേഖനത്തിൽ പിണറായി വിശദീകരിക്കുന്നു.

ആഎസ്എസ് താല്പര്യത്തിന് അനുസൃതമായി വിദ്യാഭ്യാസഘടന പൊളിച്ചെഴുതാമെന്ന് മോദി സർക്കാരിനുവേണ്ടി മന്ത്രി സ്മൃതി ഇറാനി ഉറപ്പുനൽകിയതായി ആർഎസ്എസിന്റെ ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസ് അധ്യക്ഷൻ ദീനാനാഥ് ബത്ര പ്രഖ്യാപിച്ചത് കർദിനാൾ മറന്നു പോയോ എന്നും ആർഎസ്എസ് പ്രത്യയശാസ്ത്രപ്രകാരമുള്ള സിലബസ് വരുന്നത് സ്വീകരിക്കാനാകുമോ കാതോലിക്കാ ബാവയ്ക്ക്? എന്നു പിണറായി ലേഖനത്തിൽ പരാമർശിച്ചിക്കുന്നു.

ക്ലീമീസ് ബാവ മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തുന്നതിന് മുമ്പ് അദ്ദേഹം രക്ഷാധികാരിയായ സൺഡേ ശാലോമിൽ മോദിയെ ക്രിസ്തുദാസനോട് ഉപമിച്ച് മുഖപ്രസംഗം എഴുതിയിരുന്നു. മോദിയെ സ്തുതിച്ചുകൊണ്ടുള്ള ലേഖനം വിവാദമായതിന് ശേഷമാണ് ഡൽഹിയിലെത്തി ക്ലീമീസ് ബാവ മോദിയ കണ്ടത്. ഇന്ത്യൻ പ്രധാനമന്ത്രിയെ കാണാനാണ് താൻ പോയതെന്നാണ് വിവാദമായപ്പോൾ കർദിനാൾ പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP