Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞാൻ പോയതു രാഹുൽ ക്ലബിൽ അംഗത്വം എടുക്കാൻ; നാലു മാസമെങ്കിലും വീട്ടുകാർ അറിയാതെ വിദേശത്തേക്കു മുങ്ങിയാലേ അംഗത്വം തരൂ എന്നു പറഞ്ഞതിനാൽ മടങ്ങി: എംഎൽഎയെ കാണാനില്ലെന്നു പറഞ്ഞു യൂത്ത് കോൺഗ്രസുകാർ നൽകിയ പരാതിയിൽ മുകേഷിന്റെ പ്രതികരണം ഇങ്ങനെ

ഞാൻ പോയതു രാഹുൽ ക്ലബിൽ അംഗത്വം എടുക്കാൻ; നാലു മാസമെങ്കിലും വീട്ടുകാർ അറിയാതെ വിദേശത്തേക്കു മുങ്ങിയാലേ അംഗത്വം തരൂ എന്നു പറഞ്ഞതിനാൽ മടങ്ങി: എംഎൽഎയെ കാണാനില്ലെന്നു പറഞ്ഞു യൂത്ത് കോൺഗ്രസുകാർ നൽകിയ പരാതിയിൽ മുകേഷിന്റെ പ്രതികരണം ഇങ്ങനെ

കൊല്ലം: എംഎൽഎയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകിയ യൂത്ത് കോൺഗ്രസിന് മറുപടിയുമായി മുകേഷ് രംഗത്ത്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ കൂട്ടുപിടിച്ചാണ് മുകേഷിന്റെ മറുപടി. കൊല്ലത്തുനിന്ന് പോയത് രാഹുൽ ക്ളബിൽ അംഗത്വമെടുക്കാനാണെന്നും എന്നാൽ, നാലുമാസമെങ്കിലും വീട്ടിൽ പറയാതെ വിദേശത്ത് പോയാലേ അംഗത്വം തരൂ എന്നുപറഞ്ഞ് മടക്കിയയച്ചെന്നും പറഞ്ഞാണ് അദ്ദേഹം യൂത്ത് കോൺഗ്രസുകാരെ പരിഹസിച്ചത്.

തന്നെ കാണാനില്ലെന്ന് പറഞ്ഞ് നൽകിയ പരാതിയെ ഒരു തമാശയായേ കാണാൻ സാധിക്കൂവെന്നും മുകേഷ് പറഞ്ഞു. അപ്പോൾ ഞാൻ പറയുന്ന തമാശ അവരും കേൾക്കേണ്ടിവരും. രാജിവയ്ക്കാനും ഉദ്ദേശിക്കുന്നില്ല. സ്ഥാനാർത്ഥിയാവാൻ യു.ഡി.എഫുകാർ കൂട്ടയടി നടത്തുന്നത് ഒഴിവാക്കാനാണതെന്നും മുകേഷ് പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രകടനം നടത്തുകയും പരാതി നൽകുകയും ചെയ്ത ദിവസം താൻ ആനന്ദവല്ലീശ്വരത്തെ എംഎൽഎ ഓഫീസിൽ ഉണ്ടായിരുന്നു. പാർട്ടി ഓഫീസിൽ തിരക്കിയാൽ താൻ എവിടെയാണെന്നറിയാം. അവിടെ പറഞ്ഞിട്ടേ പോവുകയും വരുകയും ചെയ്യാറുള്ളു. നാലഞ്ച് ദിവസമല്ലേ സ്ഥലത്തില്ലാതിരുന്നുള്ളു. ഒരുകൊല്ലമൊന്നും കാണാതിരുന്നില്ലല്ലോ. ഒരു കലാകാരനുംകൂടിയാണ് താൻ എന്നും മുകേഷ് ഓർമ്മിപ്പിച്ചു.

ബോംബ് സ്ഫോടനമുണ്ടായ ദിവസം പൊലീസ് കമ്മിഷണറോട് വിവരങ്ങൾ തിരക്കിയിരുന്നു. വൈകീട്ട് കൊല്ലത്ത് മുഖ്യമന്ത്രി വന്ന ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. തന്നെ കാണാതായെന്ന പരാതി സ്വീകരിച്ച പൊലീസിന്റെ നടപടിയുടെ നിയമവശം പാർട്ടി പരിശോധിക്കും. ജനനന്മയ്ക്കുവേണ്ടി പ്രവർത്തിച്ചുവേണം നേതാവാകേണ്ടത്. ഇത്തരം വിവാദങ്ങളുടെ കുറുക്കുവഴി തേടുന്നത് മോശമാണെന്നും യൂത്ത് കോൺഗ്രസുകാരെപ്പറ്റി മുകേഷ് പറഞ്ഞു.

കൊല്ലം എംഎ‍ൽഎ. മുകേഷിനെ കാണാനില്ലെന്ന് കാണിച്ച് വ്യാഴാഴ്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തുകയും വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. വെസ്റ്റ് പൊലീസ് പരാതി സ്വീകരിച്ച് രസീതും നൽകിയിരുന്നു. കൊല്ലത്തിന്റെ തീരദേശ മേഖലയിൽ പ്രകൃതിക്ഷോഭങ്ങൾ മൂലം വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടും മുകേഷിനെ കാണാനോ പരാതി പറയാനോ പൊതുജനങ്ങൾക്ക് കഴിഞ്ഞില്ലെന്നായിരുന്നു പരാതി നൽകിയ യൂത്ത് കോൺഗ്രസുകാർ പറഞ്ഞത്. കൊല്ലത്ത് കളക്‌റ്റ്രേറ്റിൽ ബോംബ് സ്ഫോടനം ഉണ്ടായപ്പോൾ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ അവിടെ സന്ദർശനം നടത്തിയെങ്കിലും സ്ഥലം എംഎൽഎയെ അവിടെയെങ്ങും കണ്ടില്ല. കൊല്ലത്ത് മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടിയിലും എംഎൽഎ മുകേഷിനെ കണ്ടില്ലെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചിരുന്നു

പരാതി സ്വീകരിച്ച പൊലീസ് വെട്ടിലായി

അതേസമയം മുകേഷ് എംഎ‍ൽഎ.യെ കാണാനില്ലെന്ന യൂത്ത് കോൺഗ്രസ്സിന്റെ പരാതി സ്വീകരിച്ച പൊലീസ് ശരിക്കും വെട്ടിലായി. സംഭവത്തിൽ സിപിഐ(എം). ജില്ലാ നേതൃത്വം സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. ഇതെപ്പറ്റി അന്വേഷിക്കുമെന്ന് കമ്മിഷണർ ഉറപ്പുനൽകി. വെസ്റ്റ് എസ്.ഐ.യാണ് പരാതി സ്വീകരിച്ചത്. അടിസ്ഥാനമില്ലാത്ത പരാതി സ്വീകരിച്ച് പൊലീസ് രസീത് നൽകിയത് ശരിയായോ എന്നതാണ് സിപിഐ(എം) ഉയർത്തുന്ന ആക്ഷേപം. ആര് പരാതിനൽകിയാലും സ്വീകരിച്ച് രസീത് നൽകണമെന്നാണ് ചട്ടം. എന്നാൽ ഇതിൽ സാമാന്യയുക്തികൂടി പ്രയോഗിക്കണമായിരുന്നെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.

പരാതിക്ക് അടിസ്ഥാനമുണ്ടോ എന്ന് നോക്കണം. കാണാതെപോയയാൾ പരാതിക്കാരന്റെ ബന്ധുവാണോ, ആളെ കാണാതായതിൽ പരാതിക്കാരന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കണം. മാത്രമല്ല മുകേഷ് താമസിക്കുന്ന വീടിന്റെ പരിധിയിൽവരുന്ന സ്റ്റേഷനിലല്ല പരാതി സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരാതിക്കാരനെ പിന്തിരിപ്പിക്കാമായിരുന്നു. അല്ലാത്തപക്ഷം കോടതിയിൽ പോകാൻ നിർദ്ദേശിക്കാം. ഇതൊന്നും പാലിക്കാതെയാണ് രസീത് നൽകിയത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. ബ്ലോക്ക് കമ്മിറ്റി കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP