Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഖ്യമന്ത്രി ഇരട്ടചങ്കനല്ല; വെറും ശിക്കാരി ശംഭു! ഇടത് സർക്കാർ പ്രവർത്തിക്കുന്നത് ഭുമി കൈയേറ്റക്കാരുടെ ഹിതമനുസരിച്ച്; കോടതി ഇടപെടലുകൾ തെളിയിക്കുന്നത് സർക്കാരിന്റെ ദൗർബല്യം; പിണറായിയോടുള്ള കുഞ്ഞാലിക്കുട്ടിയുടെ മൃദുസമീപനം മുനീർ പൊളിച്ചടുക്കുന്നത് ഇങ്ങനെ

മുഖ്യമന്ത്രി ഇരട്ടചങ്കനല്ല; വെറും ശിക്കാരി ശംഭു! ഇടത് സർക്കാർ പ്രവർത്തിക്കുന്നത് ഭുമി കൈയേറ്റക്കാരുടെ ഹിതമനുസരിച്ച്; കോടതി ഇടപെടലുകൾ തെളിയിക്കുന്നത് സർക്കാരിന്റെ ദൗർബല്യം; പിണറായിയോടുള്ള കുഞ്ഞാലിക്കുട്ടിയുടെ മൃദുസമീപനം മുനീർ പൊളിച്ചടുക്കുന്നത് ഇങ്ങനെ

കെ സി റിയാസ്

കോഴിക്കോട്: നീണ്ട 11 മാസത്തെ ഇടതു ഭരണത്തിലെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സഭക്കകത്തും പുറത്തും മുഖംനോക്കാതെ പ്രതികരിക്കാൻ അറച്ചുനിന്ന മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മൃദു സമീപനങ്ങൾ പാർട്ടി സംസ്ഥാന ഘടകം പൊളിച്ചടക്കുന്നു. മലപ്പുറത്തു നിന്നും കുഞ്ഞാലിക്കുട്ടി പാർല്ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ അനന്തപുരിയിൽ അദ്ദേഹത്തിന്റെ ചുമതലകളിലേക്ക് നിയോഗിക്കപ്പെട്ട പ്രതിപക്ഷ ഉപനേതാവും ലീഗ് നിയമസഭാ കക്ഷി നേതാവുമായ ഡോ. എം കെ മുനീറാണ് മുഖ്യമന്ത്രി പിണറായിയെ പേരെടുത്ത് വിമർശിച്ച് രാഷ്ട്രീയ ആയുധങ്ങൾക്ക് മൂർച്ച കൂട്ടുന്നത്.

ഐസ്‌ക്രിം പാർലർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സി പി എം ഔദ്യോഗിക നേതൃത്വം കുഞ്ഞാലിക്കുട്ടിയോട് കാണിച്ച മമതക്കുള്ള പ്രത്യുപകാരമെന്നോണം മുഖ്യമന്ത്രി പിണറായിയെയോ സി പി എം സെക്രട്ടറിയെ കോടിയേരി ബാലകൃഷ്ണനെയോ കടന്നാക്രമിക്കാനോ രൂക്ഷമായ വിമർശന ശരങ്ങൾ തൊടുക്കാനൊ കുഞ്ഞാലിക്കുട്ടി മുതിരാറില്ല. തിരിച്ചും അങ്ങനെത്തന്നെയാണ് ഉണ്ടാകാറ്. എന്നാൽ ഇതാണിപ്പോൾ മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് ഭേദിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ ശിക്കാരി ശംഭുവാണെന്നാണ് മുനീറിന്റെ പരിഹാസം. മറ്റുള്ളവർ ചെയ്യുന്നതിന്റെ അംഗീകാരം ശിക്കാരി ശംഭുവിനെ പോലെ മുഖ്യമന്ത്രിയിൽ വന്നു പെടുകയാണ്. അദ്ദേഹത്തിന് ഉദ്യോഗസ്ഥരെ തന്നെ പേടിയാണെന്നും പറയും പോലെ പിണറായി ഇരട്ടച്ചങ്കനല്ലെന്നും മുനീർ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ അദ്ദേഹത്തോട് മുഖ്യമന്ത്രിയെ യു ഡി എഫിന് പേടിയുണ്ടോ എന്ന് മാധ്യമപ്രവർത്തകർ തിരക്കിയപ്പോഴാണ് ഇപ്രകാരം പ്രതികരിച്ചത്. സംസ്ഥാനത്ത് നീതിപൂർവമായ ഭരണം കാഴ്‌ച്ചവെക്കുന്നതിൽ സർക്കാർ കൂടുതൽ ദുർബലമാകുന്നതിന്റെ തെളിവാണ് ഇടക്കിടെയുള്ള ജുഡീഷ്യറിയുടെ ഇടപെടൽ. പൊലീസ് ചിലയിടങ്ങളിൽ അമിത ഇടപെടൽ നടത്തുമ്പോൾ മറ്റു ചിലപ്പോൾ നിഷ്‌ക്രിയമാണ്. ഇപ്പോൾ സർക്കാർ തീരുമാനങ്ങളെ
നിഷ്പ്രഭമാക്കി കോടതിയും ഇടപെടുകയാണ്. ഭരണനിർവ്വഹണത്തിൽ സർക്കാർ ദുർബലമാവുമ്പോൾ ജുഡീഷ്യറിയുടെ ഇടപെടൽ സ്വാഭാവികമാണ്. അതാണ് സെൻകുമാറിന്റെയും മന്ത്രി മണിയുടെയും അടക്കമുള്ള കാര്യങ്ങളിൽ ഉണ്ടായത്.

മൂന്നാറിൽ കയ്യേറ്റത്തിന് കൂട്ടുനിൽക്കുന്നവരോട് ചോദിച്ചിട്ടു മതി കയ്യേറ്റത്തിനെതിരെ തീരുമാനം എടുക്കാൻ എന്ന സന്ദേശമാണ് മുഖ്യമന്ത്രി പിണറായിയും അദ്ദേഹത്തിന്റെ പാർട്ടിയും നൽകുന്നത്. റവന്യൂ മന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രി മാണിയുടെ വേണ്ടാത്തരങ്ങൾ തിരുത്തുന്നതിനു പകരം അത് പേറാനാണ് മുഖ്യമന്ത്രി താൽപര്യം കാണിക്കുന്നത്. എം എം മണിയെ നിയന്ത്രിക്കാൻ പാർട്ടിക്കാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയ്ക്കകത്ത് വലിയ പ്രശ്നങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സർക്കാരിന്റെ എല്ലാ തീരുമാനങ്ങളും കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയാണ്. എക്സിക്യൂട്ടീവ് ദുർബലമാവുമ്പോഴാണ് ജുഡീഷ്യറി ഇടപെടാറ്. സംസ്ഥാന സർക്കാർ ദുർബലമായിരിക്കുന്നു എന്നാണ് അതിന് അർത്ഥം. പൊലീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സെൻകുമാർ വിഷയത്തിൽ ധൃതിപിടിച്ചെടുത്ത തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെട്ടതായി അദ്ദേഹം വിശദീകരിച്ചു.

മൂന്നാറിൽ ഇപ്പോഴുള്ള കൈയേറ്റവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സംഘടനയെ കുറിച്ച് മന്ത്രി എം എം മണി നടത്തിയ പരാമർശം സ്ത്രീത്വത്തെ അപമാനിക്കലാണ്. മൂന്നാറിലെ നാട്ടിലോ കാട്ടിലോ എം എം മണി പറഞ്ഞതു പോലൊരു നാട്ടുഭാഷയില്ല. എം എം മണിയെ പാർട്ടിക്ക് പോലും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇങ്ങനെ ഒരാൾ മന്ത്രിയായി തുടരേണ്ടതുണ്ടോ എന്ന് സി പി എം ആണ് തീരുമാനിക്കേണ്ടത്. താക്കീതുകൾ മണി ശീലമാക്കി മാറ്റിയിരിക്കുകയാണ്. യു ഡി എഫ് ഭരണകാലത്ത് പെമ്പിളൈ ഒരുമൈയുമായി ഉണ്ടാക്കിയ ഒത്തുതീർപ്പു രേഖയിൽ പറയുന്ന കാര്യങ്ങളൊന്നും എൽ ഡി എഫ് സർക്കാർ നടപ്പാക്കിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വേങ്ങരയിലെ പാർട്ടി സ്ഥാനാർത്ഥി ആരാണെന്നത് പാർല്ലമെന്ററി ബോർഡ് തീരുമാനിക്കുമെന്നും ചോദ്യങ്ങൾക്കായി അദ്ദേഹം മറുപടി നൽകി. വനിതകളോട് മുസ്ലിംലീഗിന് അസ്പൃശ്യതയില്ലെന്നും പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും മുനീർ ഉറപ്പു നൽകി. കേരള കോൺഗ്രസ് നേതാവ് കെ എം മാണിയെ യു ഡി എഫ് പറഞ്ഞു വിട്ടതല്ലെന്നിരിക്കെ, അദ്ദേഹം മുന്നണിയിലേക്ക് തിരിച്ചുവരുന്നതിൽ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മാണി വരുന്നതിൽ പാർട്ടിക്ക് ഒട്ടും ദുഃഖമില്ല. ഇക്കാര്യത്തിൽ സന്തോഷകരമായ തീരുമാനം എടുക്കേണ്ടത് അദ്ദേഹമാണെന്നും മുനീർ വ്യക്തമാക്കി.

സംഘപരിവാരത്തോടെന്ന പോലെ, മുസ്ലിം തീവ്രവാദ ധാരകളോടും എൻ ഡി എഫിന്റെ രാഷ്ട്രീയ രൂപമായ എസ് ഡി പി ഐ, ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ബദലായ വെൽഫെയർ പാർട്ടി പോലുള്ള പാർട്ടികളോടും കടുത്ത വിയോജിപ്പുള്ള ആളാണ് ഡോ. എം കെ മുനീറും അഴീക്കോട് എം എൽ എയും യൂത്ത് ലീഗ് മുൻ സാരഥിയുമായ കെ എം ഷാജിയും മറ്റും അടങ്ങുന്ന ഒരു വലിയ വിഭാഗം. അതേസമയം, ഇത്തരം ധാരണകളെ തള്ളിപ്പറയുമ്പോഴും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കൾ ഇവരോട് മൃദു സമീപനമാണ് സ്വീകരിക്കാറുള്ളത്.

എന്നാൽ പാർട്ടിയുടെ നിയമസഭയിലെ താക്കോൽ സ്ഥാനങ്ങളിലേക്കുള്ള മുനീറിന്റെ വരവ് അദ്ദേഹത്തിന്റെയും കൂട്ടാളികളുടെയും പഴയ നിലപാട് ആവർത്തിച്ച് ശക്തമായി മുന്നോട്ടുപോകാനാണോ, അതോ പാർട്ടിയിൽ സമവായത്തിന്റെയും വിട്ടുവീഴ്‌ച്ചയുടെയും അനുരണന സ്വരമാണോ ഉണ്ടാക്കുകയെന്നു കാലം തെളിയിക്കേണ്ടിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP