Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവ്; മുടക്കമിടാൻ ഒരു വിഭാഗം നടത്തിയ തന്ത്രങ്ങൾ ഫലിച്ചില്ല; പേരു നിർദേശിച്ചത് ഉമ്മൻ ചാണ്ടി; കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ ഉപനേതാവാകും

ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവ്; മുടക്കമിടാൻ ഒരു വിഭാഗം നടത്തിയ തന്ത്രങ്ങൾ ഫലിച്ചില്ല; പേരു നിർദേശിച്ചത് ഉമ്മൻ ചാണ്ടി; കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ ഉപനേതാവാകും

തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയിൽ മുസഌംലിഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ പ്രതിപക്ഷ ഉപനേതാവായും തിരഞ്ഞെടുത്തിട്ടുണ്ട്. ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കുന്നതിനാൽ മുതിർന്ന മറ്റൊരു നേതാവ് കെസി ജോസഫിനെ പ്രതിപക്ഷ ഉപനേതാവാക്കുമെന്നും പ്രചാരണമുണ്ടായെങ്കിലും ഈ സ്ഥാനം ലീഗിനുതന്നെ വിട്ടുനൽകി. കോൺഗ്രസ്, ലീഗ് കക്ഷികളുടെ പാർലമെന്ററി പാർട്ടിയോഗത്തിലാണ് പുതിയ തീരുമാനം. അതേസമയം ഉമ്മൻ ചാണ്ടിയെ യുഡിഎഫ് ചെയർമാനാക്കുമെന്ന് പ്രചാരണമുണ്ടെങ്കിലും ഇപ്പോൾ ഇക്കാര്യം തീരുമാനിച്ചിട്ടില്ല. 

യോഗത്തിൽ ഉമ്മൻ ചാണ്ടിയാണ് രമേശ് ചെന്നിത്തലയുടെ പേര് നിർദേശിച്ചത് വി ടി ബൽറാം, അടൂർ പ്രകാശ്, വി ഡി സതീശൻ എന്നിവർ പിൻതാങ്ങി. അതേസമയം ഉമ്മൻ ചാണ്ടിയെ ചെയർമാനാക്കുന്നതു സംബന്ധിച്ചുള്ള തീരുമാനം അടുത്ത യുഡിഎഫ് യോഗത്തിലേ ഉണ്ടാവൂ.

ചെന്നിത്തല സ്ഥാനമേൽക്കുന്നതു മുടക്കാനായി ഒരു വിഭാഗം നടത്തിയ തന്ത്രങ്ങൾ ഫലം കാണാതെ വന്നതോടെ ഹൈക്കമാൻഡു പ്രതിനിധികളുടെ സമ്മതത്തോടെ തീരുമാനം ഉറപ്പിക്കുകയായിരുന്നു. നേരത്തെ, രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചതിനെതിരെ ഐഗ്രൂപ്പിൽത്തന്നെ പടയിളക്കം നടന്നിരുന്നു. എങ്കിലും ഹൈക്കമാൻഡ് പ്രതിനിധികൾക്ക് ദൗത്യം വലിയ പരിക്കുകളില്ലാതെ പൂർത്തിയാക്കി മടങ്ങാൻ സാധിച്ചു. പാർലമെന്ററി പാർട്ടി ചേരുന്നതിനു മുന്നേ പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതിൽ കെ. മുരളീധരൻ അതൃപ്തി രേഖപ്പെടുത്തിയതോടെയാണ് ചെന്നിത്തലയുടെ പ്രതിപക്ഷ നേതൃസ്ഥാനം ചോദ്യം ചെയ്യപ്പെട്ടത്.
ഈ ആവശ്യമുന്നയിച്ച് മുരളി കെപിസിസി പ്രസിഡന്റിന് കത്തുനൽകിയിരുന്നു.

രമേശിനെത്തന്നെ പ്രതിപക്ഷ നേതാവാക്കാനായിരുന്നു നേതൃതലത്തിൽ നേരത്തെയുണ്ടാക്കിയ ധാരണ. ഉപനേതൃസ്ഥാനത്തേക്ക് മുതിർന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫിനെ നിർദ്ദേശിക്കാനും ധാരണയായിരുന്നു. എ ഗ്രൂപ്പിന് ജയിച്ചുവന്ന എംഎൽഎമാർ കുറവാണെന്നതിനാലാണ് ഇക്കുറി പ്രതിപക്ഷ നേതൃസ്ഥാനം ഐഗ്രൂപ്പിന് ലഭിക്കുന്നത്. ഈ വാദം മുൻകൂട്ടിക്കണ്ട ഉമ്മൻ ചാണ്ടി താൻ പ്രതിപക്ഷ നേതാവാകാനില്ലെന്ന് നേരത്തെ പ്രസ്താവിക്കുകയും ചെയ്തതോടെ കാര്യങ്ങൾ എളുപ്പമായെന്ന മട്ടിലായിരുന്നു ചെന്നിത്തലയും സംഘവും. എന്നാൽ ഇപ്പോൾ മുരളീധരൻ പ്രതിഷേധവുമായെത്തിയതോടെ കാര്യങ്ങൾ വീണ്ടും സങ്കീർണമായി. ഐ ഗ്രൂപ്പിന്റെ കൂടി പിൻതുണയോടെയായിരുന്നു മുരളിയുടെ നീക്കം. എങ്കിലും അത് ഫലംകണ്ടില്ല.

ഉമ്മൻ ചാണ്ടിയെ യുഡിഎഫ് ചെയർമാൻ സ്ഥാനത്തേക്ക് നിർദ്ദേശിക്കാനും ധാരണയായിരുന്നു. എന്നാൽ ഹൈക്കമാൻഡ് പ്രതിനിധികൾ എത്തും മുൻപുതന്നെ മൂന്നുപേരെ ഇവിടെ തീരുമാനിച്ച് നേതൃസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയത് തീരെ ശരിയായില്ലെന്നായിരുന്നു എതിർക്കുന്നവരുടെ പക്ഷം. അങ്ങനെയെങ്കിൽ പിന്നെന്തിനാണ് ഹൈക്കമാൻഡ് പ്രതിനിധികൾ ഇങ്ങോട്ട് കൂടിയാലോചനയ്ക്ക് വരുന്നതെന്നും അവർ ചോദിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചില നേതാക്കൾ നേരത്തെ തന്നെ ഹൈക്കമാൻഡിന് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അതൃപ്തി അറിയിച്ച് മുരളീധരനും സുധീരന് കത്തുനൽകിയത്.

നേരത്തെ, തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത പ്രതിപക്ഷനേതാവാകാനില്ലെന്ന് നേതൃത്വത്തെ അറിയിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതൃസ്ഥാനം വിട്ടുകൊടുക്കരുതെന്ന് എ ഗ്രൂപ്പ് നേതാക്കൾ വാദിച്ചെങ്കിലും ഉമ്മൻ ചാണ്ടി വഴങ്ങിയില്ല. ഒരു തർക്കത്തിലൂടെ പുറത്താകുന്നതിന് മുൻപ് സ്വയം ഒഴിഞ്ഞ് രക്ഷപ്പെടുന്ന തന്ത്രമായിരുന്നു ഉമ്മൻ ചാണ്ടി സ്വീകരിച്ചത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരിൽ ഐ ഗ്രൂപ്പിനാണ് മേധാവിത്തം. 14 എംഎൽഎമാർ ഐ ഗ്രൂപ്പിനെ പിൻതുണയ്ക്കുന്നുണ്ട്. കുന്നംകുളത്തുനിന്ന് വിജയിച്ച അനിൽ അക്കരയും, അരുവിക്കരയിൽ നിന്ന് ജയിച്ചെത്തിയ ശബരീനാഥും ഗ്രൂപ്പുകളിൽ പെടാതെ നിലകൊളുന്നവരാണ്. ബാക്കിയുള്ളവരാണ് എ ഗ്രൂപ്പിന്റേതായുള്ളത്. ഇതെല്ലാം രമേശിന് കാര്യങ്ങൾ എളുപ്പമാക്കുമെന്നാണ് കഴിഞ്ഞദിവസംവരെ ഉണ്ടായിരുന്ന ധാരണയെങ്കിലും പിന്നീട് സ്ഥിതി മാറുകയായിരുന്നു.

പ്രതിപക്ഷനേതാവാകുന്നയാൾ തന്നെ യു.ഡി.എഫ് ചെയർമാനാകുന്നതായിരുന്നു ഇതുവരെയുള്ള രീതിയെങ്കിലും ഇപ്പോൾ ഉമ്മൻ ചാണ്ടിയെ ആ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇക്കാര്യവും ഇനി പ്രശ്‌നമായേക്കും. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ കെ.സി ജോസഫ് പ്രതിപക്ഷ ഉപനേതാവുമാകുമെന്നായിരുന്നു ഇതുവരെ ധാരണയെങ്കിൽ അത് ലീഗിന് വിട്ടുകൊടുക്കേണ്ടിവന്നു. കാരണം ഘടകകക്ഷികളിലെ രണ്ടാം സ്ഥാനക്കാരായ ലീഗിനാണ് ഈ സ്ഥാനം പൊതുവേ നൽകാറ് എന്നതിനാൽത്തന്നെ സ്വാഭാവികമായും അവർ കുഞ്ഞാലിക്കുട്ടിക്കായി വാദമുയർത്തുകയായിരുന്നു.

വി.ഡി സതീശൻ, കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ പേരുകളും പാർലമെന്ററി പാർട്ടി നേതൃസ്ഥാനത്തേക്ക് ചില കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നുവന്നിരുന്നു. എന്നാൽ ചെന്നിത്തലയുടെ പേരിനായിരുന്നു ആദ്യം സ്വീകാര്യത കിട്ടിയത്. പിന്നീട് മറുത്തൊരു വിചാരം വന്ന സ്ഥിതിക്ക് മുരളീധരന് സാധ്യത തെളിഞ്ഞേക്കാമെന്നും വിലയിരുത്തപ്പെട്ടു. ഘടകകക്ഷികൾക്കും മുരളിയോട് അനിഷ്ടമില്ലെന്നതു തന്നെയായിരുന്നു ഇതിന്റെ അടിസ്ഥാനം. മാത്രമല്ല, ചെന്നിത്തലയെ വെട്ടാൻ എ ഗ്രൂപ്പും ഇക്കാര്യത്തിൽ മുരളിക്ക് അനുകൂല നിലപാട് എടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP