Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലബാറിൽ ഒന്നാമനാകാൻ കുറുക്കു വഴി; പഞ്ചായത്തു വിഭജനം ലീഗ് സൗകര്യത്തിന്; തുടക്കത്തിലേ ഉടക്കുമായി സിപിഐ(എം); വൈകിയ ബുദ്ധിയുമായി കോൺഗ്രസും കലഹത്തിന്

മലബാറിൽ ഒന്നാമനാകാൻ കുറുക്കു വഴി; പഞ്ചായത്തു വിഭജനം ലീഗ് സൗകര്യത്തിന്; തുടക്കത്തിലേ ഉടക്കുമായി സിപിഐ(എം); വൈകിയ ബുദ്ധിയുമായി കോൺഗ്രസും കലഹത്തിന്

എം പി റാഫി

കോഴിക്കോട്: പുതിയ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വിഭജനത്തിലൂടെ മലബാറിൽ കോൺഗ്രസിനെ തള്ളി വൻ രാഷ്ട്രീയനേട്ടം കൊയ്യാനുള്ള കണക്കു കൂട്ടലിൽ മുസ്ലിം ലീഗ് നേതൃത്വം. പുതിയ വിഭജനത്തിലൂടെ ഏറെ കാര്യങ്ങളാണ് ലീഗ് ലക്ഷ്യം വയ്്ക്കുന്നത്. ലീഗിന്റെ സ്വാധീനമേഖലയായ മലബാറിൽ അധികാരം അരക്കിട്ടുറപ്പിക്കുകയും കൈപ്പിടിയിലൊതുങ്ങാത്ത പ്രദേശങ്ങൾ വെട്ടിപ്പിടിക്കുകയുമാണ് ഇതിൽ പ്രധാനം. ഇപ്പോൾ പ്രഖ്യാപിച്ച പകുതിയിലധികം പഞ്ചായത്തുകളും ലീഗിന് ഏറെ ഗുണം ചെയ്യുന്ന തരത്തിലാണ് വിഭജനം നടന്നിട്ടുള്ളത്. പലയിടത്തും സിപിഐ(എം) ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ വൈകിയാണെങ്കിലും കാര്യം പിടികിട്ടിയതോടെ കോൺഗ്രസിനകത്തും ഇതേചൊല്ലി കലഹത്തിന് തുടക്കമിട്ടിരിക്കുകയാണിപ്പോൾ.

ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് അദ്ധ്യക്ഷനായ ഉപസമിതിയായിരുന്നു വിഭജനം സംബന്ധിച്ച കരടുരേഖ സർക്കാറിൽ സമർപ്പിച്ചത്. ലീഗിന് സ്വാധീനമുള്ളയിടങ്ങളിൽ പഞ്ചായത്ത് രൂപീകരിക്കാനുള്ള ശുപാർശയിൽ ആര്യാടൻ മുഹമ്മദ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കിടയിൽ മുറുമുറുപ്പുണ്ടായിരുന്നു. എന്നാൽ മന്ത്രിസഭയിലെ എല്ലാ സ്വാധീനവും ഉപയോഗപ്പെടുത്തി ഉമ്മൺചാണ്ടിയെയും വരുതിയിലാക്കിയതോടെ വിഭജനരേഖക്ക് അംഗീകാരം നേടുകയായിരുന്നു. വെറും വിഭജനത്തിലൊതുക്കാതെ ഗോദയിലേക്ക് ഒരുമുഴം മുൻപേ ഇറങ്ങാനൊരുങ്ങുകയാണ് ലീഗ്. ചിട്ടയായ സംഘടനാ പ്രവർത്തനങ്ങൾക്കും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കുമുള്ള അണിയറനീക്കങ്ങളും രൂപരേഖയും ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.

പുതുതായി രൂപീകരിച്ച കണ്ണൂർ കോർപ്പറേഷൻ യു.ഡി.എഫിന് നേട്ടമുണ്ടാക്കുന്ന തരത്തിലാണ് വെട്ടിമുറിച്ചിരിക്കുന്നത്. എന്നാൽ ലീഗിന് സ്വാധീനമുള്ള പഞ്ചായത്തുകൾ കോർപ്പറേഷൻ പരിധിയിൽനിന്നും ഏറെ അകലെയാണെന്നത് കോൺഗ്രസിന് ഗുണം ചെയ്‌തേക്കും. അതേസമയം സിപിഐ(എം) സ്വാധീന മേഖലയായ തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളിൽ ലീഗിന് സ്വാധീനമുള്ള പഞ്ചായത്തുകൾ കൂട്ടിച്ചേർത്തതോടെ ഇവിടങ്ങളിൽ ഗുണം ചെയ്യുമെന്നാണ് ലീഗ് തട്ടകത്തിലെ കണക്കുകൂട്ടൽ. കാസർകോഡ് ജില്ലയിൽ നില മെച്ചപ്പെടുത്തുന്ന തരത്തിലാണ് വിഭജനം നടന്നിട്ടുള്ളത്. എന്നാൽ വയനാട്ടിൽ കോൺഗ്രസും ലീഗും ഒരേപോലെ നേട്ടമുണ്ടാക്കുന്ന തരത്തിലാണ് വിഭജനം. കോഴിക്കോട് കോർപ്പറേഷനിൽ വ്യക്തമായ സാന്നിധ്യമുറപ്പിച്ച് ഭരണം തിരിച്ചു പിടിക്കുക എന്നതാണു ലക്ഷ്യമെന്നു ലീഗിലെ ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു.

മുസ്ലിം ലീഗിന്റെ ഉരുക്കുകോട്ടയായ മലപ്പുറത്ത് ആധിപത്യം ഉറപ്പിക്കുന്നതോടൊപ്പം ഇടതുപക്ഷത്തിന് യാതൊരു പഴുതും നൽകാതെ കോൺഗ്രസിനെ പിന്നിലാക്കി ഒറ്റക്ക് ഭരണം കയ്യാളാനുള്ള നീക്കമാണുള്ളത്. പുതുതായി രൂപം കൊണ്ട മൂന്ന് നഗരസഭകളും പഞ്ചായത്തുകളും ലീഗിന്റെ മേധാവിത്വം വ്യക്തമാക്കുന്നതാണ്. നഗരസഭകൾകൊണ്ടും പഞ്ചായത്തുകളുടെ എണ്ണം കൊണ്ടും മലപ്പുറം മുന്നിൽ തന്നെയാണിപ്പോൾ. അടുത്ത കോർപ്പറേഷൻ രൂപീകരണത്തിന്റേയോ ജില്ലാ വിഭജനത്തിന്റേയോ സൂചനകൂടിയാണിത്. മലപ്പുറത്തെ നഗരസഭകളുടെ പെരുപ്പത്തിലൂടെ ലീഗ് പറയാതെ പറയുന്നതും ഇതുതന്നെയാണ്. മലപ്പുറത്ത് ലീഗിന് കൂടുതൽ സ്വാധീനമുള്ള തീരദേശ പ്രദേശങ്ങളിലാണ് മൂന്ന് നഗരസഭകൾ പുതുതായി ജ•മെടുത്തതെന്നതും ശ്രദ്ധേയമാണ്.

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഒറ്റക്ക് ഭരണം കയ്യാളാനുള്ള ശ്രമമായിരിക്കും ലീഗിന്റെ ഭാഗത്ത് നിന്നുമുണ്ടാകുക. പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും മലബാറിലെ മിക്കയിടങ്ങളിലും ലീഗ് കോൺഗ്രസ് ബന്ധം സുഖകരമല്ലെന്നുള്ളതാണ് ഇതിന് കാരണം. ലീഗ് ഭരിക്കുന്ന നിരവധി പഞ്ചായത്തുകളിൽ കോൺഗ്രസുകാർ പ്രതിപക്ഷത്താണുള്ളത്. ചിലയിടങ്ങളിൽ സിപിഐ(എം)-കോൺഗ്രസ് ഭരണമുന്നണിയും തിരിച്ചും അധികാരത്തിലുള്ള പഞ്ചായത്തുകളുണ്ട്. മുന്നണിയാണെങ്കിൽ തന്നെ പലപ്പോഴും കോൺഗ്രസുകാർക്ക് പ്രസിഡന്റ് സ്ഥാനം സ്വപ്നം മാത്രമായിരിക്കും.

കഴിഞ്ഞ വാർഡ് തിരഞ്ഞടുപ്പിന് മുന്നോടിയായി ഇടത് സർക്കാർ വിഭജനം നടത്തിയെങ്കിലും അത് അവർക്ക് തന്നെ തിരിച്ചടിയാകുകയാണുണ്ടായത്. എന്നാൽ ഇപ്പോഴുള്ള വിഭജനം തികച്ചും യു.ഡി.എഫിന് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. മലബാർ ജില്ലകളിൽ ലീഗ് ഒറ്റ കക്ഷിയായി മികച്ച നേട്ടം കൊയ്യുമെന്നാണ് കണക്കുകൂട്ടൽ. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ത്രിതല പഞ്ചായത്തുകളിലെ നേട്ടം മുൻനിർത്തി കൂടുതൽ സീറ്റ് നേടിയെടുക്കാനുള്ള വിലപേശൽ കൂടിയാണ് ഇതിലൂടെ ലീഗ് ലക്ഷ്യം വെയ്ക്കുന്നത്. ഇതിന്റെ ഭാഗമായാണ് അണിയറയിൽ ലീഗ് നേരത്തേ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. എന്നാൽ ലീഗിന്റെ നീക്കം തിരിച്ചറിഞ്ഞ കോൺഗ്രസ് വരും ദിവസങ്ങളിൽ വിഭജനത്തിലുള്ള പ്രതിഷേധം പരസ്യമാകാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP