Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്‌ലിംലീഗിന്റെ പ്രവാസി സമ്മേളനത്തിൽ വനിതാ ലീഗ് നേതാവിനെ 'ഇരുത്തം പഠിപ്പിച്ച്' ലീഗ് സമസ്ത നേതാവിന്റെ പ്രസംഗം; പ്രതിഷേധിച്ച് വനിതാ ലീഗ് നേതാവ് അഡ്വ. നൂർബീന റഷീദ് വേദി വിട്ടു; ഐക്യദാർഢ്യം പ്രഖ്യാപിച്ച് പി കുൽസു ടീച്ചറും ചടങ്ങ് ബഹിഷ്‌കരിച്ചു; സ്ത്രീകൾ ഇരിക്കേണ്ടിടത്ത് ഇരുന്നാൽ മതിയെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂർ

മുസ്‌ലിംലീഗിന്റെ പ്രവാസി സമ്മേളനത്തിൽ വനിതാ ലീഗ് നേതാവിനെ 'ഇരുത്തം പഠിപ്പിച്ച്' ലീഗ് സമസ്ത നേതാവിന്റെ പ്രസംഗം; പ്രതിഷേധിച്ച് വനിതാ ലീഗ് നേതാവ് അഡ്വ. നൂർബീന റഷീദ് വേദി വിട്ടു; ഐക്യദാർഢ്യം പ്രഖ്യാപിച്ച് പി കുൽസു ടീച്ചറും ചടങ്ങ് ബഹിഷ്‌കരിച്ചു; സ്ത്രീകൾ ഇരിക്കേണ്ടിടത്ത് ഇരുന്നാൽ മതിയെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂർ

കെ സി റിയാസ്

കോഴിക്കോട്: മുസ്‌ലിം ലീഗിന് വനിതകളോടുള്ള കലിപ്പ് തീരുന്നില്ല. കോഴിക്കോട് കടപ്പുറത്ത് നടന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൽ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷയെ അധിക്ഷേപിച്ചവർ, വീണ്ടുമത് ആവർത്തിച്ചു. ഇതേ തുടർന്ന് വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും സംസ്ഥാന വനിതാ കമ്മിഷൻ അംഗവുമായ അഡ്വ. നൂർബീന റഷീദ് വേദി വിട്ടിറങ്ങി പ്രതിഷേധിച്ചു. ഇവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സദസ്സിലുണ്ടായിരുന്ന വനിതാ കമ്മിഷൻ മുൻ അംഗവും പയ്യോളി മുൻസിപ്പൽ ചെയർപേഴ്‌സണുമായ അഡ്വ. പി കുൽസു ടീച്ചറും ചടങ്ങ് ബഹിഷ്‌കരിച്ചു.

മുസ്‌ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെ എം സി സി സൗദി അറേബ്യ ഘടകം വെള്ളിയാഴ്ച കോഴിക്കോട്ട് സംഘടിപ്പിച്ച ജീവകാരുണ്യ സഹായ വിതരണ ചടങ്ങിനിടെയുള്ള പ്രവാസി സംഗമത്തിലാണ് സംഭവം. പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത പരിപാടിയുടെ രാവിലത്തെ പ്രവാസി സെഷനിൽ വേദിയിൽ വനിതാ ലീഗ് നേതാവ് അഡ്വ. നൂർബീന റഷീദിനെയും സംഘാടകർ ക്ഷണിച്ചിരുന്നു. അതിൽ പങ്കെടുക്കാനായാണവർ എത്തിയത്. പ്രവാസി സംഗമം മുൻ മന്ത്രി ഡോ. എം കെ മുനീറിന്റെ അധ്യക്ഷതയിൽ മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി എം പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്ത ശേഷമാണ് സംഭവം. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ലീഗിന്റെ തീപ്പൊരി പ്രസംഗികനും സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂരാണ് സ്ത്രീകളെ അവഹേളിക്കുന്നവിധം പരാമർശങ്ങൾ നടത്തിയത്.

സ്ത്രീകൾ ഇരിക്കേണ്ടിടത്ത് ഇരിക്കണമെന്നു ആവർത്തിച്ച് അധിക്ഷേപിച്ച ഇയാൾ, ഇവരെയൊക്കെ വേദിയിലേക്കു ക്ഷണിച്ച സംഘാടകരെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും പറഞ്ഞു. ഉടനെ സമ്മേളന പ്രതിനിധികളിൽ കുറച്ചു പേർ നിറഞ്ഞ കയ്യടി നൽകുകയുമുണ്ടായി. ഇതോടെ പ്രതിഷേധാർത്ഥം നൂർബീന റഷീദ് വേദി വിട്ടിറങ്ങുകയായിരുന്നു. ഒപ്പം സദസ്സിലുണ്ടായിരുന്ന വനിതാ ലീഗ് നേതാവ് കൂടിയായ പി കുൽസു ടീച്ചറും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

എന്നാൽ സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്ന് വേദി വിട്ടിറങ്ങിയ നൂർബിന റഷീദ് സംഭവം പരസ്യപ്പെടുത്താൻ തയ്യാറല്ല. 12 മണിയായതിനാൽ പള്ളിയിൽ പോകേണ്ട സമയമായിരുന്നു അതിനാലാണ് താൻ വേദി വിട്ടതെന്നാണ് അവരുടെ ന്യായീകരണം. എന്നാൽ പ്രസംഗിക്കുന്ന സമസ്ത നേതാവിന് ഈ വെള്ളിയാഴ്ചയും പള്ളിക്കാര്യവുമൊന്നും ഇല്ലെന്ന് വനിതാ ലീഗ് നേതാവിനോട് തൽക്കാലം ആരും ചോദിക്കരുതെന്നു മാത്രം. ലീഗ് വേദികളിൽ സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം ഇടപെടലുകളെ ഈ അതീവ ഗൗരവപരമായാണ് പരിപാടിയിൽ പങ്കെടുത്ത പലരും വിലയിരുത്തിയത്. ഇത് വരുംദിവസങ്ങളിൽ പാർട്ടിയിൽ ചർച്ചയാക്കുമെന്നും ഇവർ പറയുന്നു.

ഈയിടെ കോഴിക്കോട് സമാപിച്ച യൂത്ത്‌ലീഗിന്റെ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളന വേദിയിലും ലീഗിന്റെ സ്ത്രീവിരുദ്ധ സമീപനം അരക്കിട്ടുറപ്പിക്കുന്ന സംഭവം അരങ്ങേറിയിരുന്നു. കെ എം ഷാജി എം എൽ എ സംസാരിച്ച ശേഷം പ്രസംഗിക്കാനെഴുന്നേറ്റ വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നിസ അൻവറിനെ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിൻ ഹാജി വിലയ്ക്കുന്നതായിരുന്നു പ്രസ്തുത സംഭവം. 'മുസ്‌ലിംലീഗ് വേദിയിൽ ആണുങ്ങൾക്കു മുമ്പിൽ സ്ത്രീകൾ പ്രസംഗിക്കുന്ന പതിവില്ലെന്നു പറഞ്ഞു' ഖമറുന്നിസ അൻവറിനെ മായിൻഹാജി വിലക്കുകയായിരുന്നു.

'ഇത് ചരിത്രത്തിലില്ലാത്തതാണ്. സ്ത്രീകൾ ആണുങ്ങളോടു പ്രസംഗിക്കുന്നത്. മുജാഹിദ് പ്രസ്ഥാനം പോലും ചെയ്യില്ല' എന്നു ഖമറുന്നീസയോട് മായിൻഹാജി പറഞ്ഞ ദൃശ്യങ്ങളും അതിന് ഖമറുന്നീസയുടെ മറുപടിയും വാർത്തയായിരുന്നു. വേദിയിൽ ഇത്തരമൊരു സംഭവമുണ്ടായിട്ട് മറ്റുള്ള നേതാക്കളാരും അതോട് പ്രതികരിക്കാനും തയ്യാറായിരുന്നില്ല.

ഇത് വിവാദമായപ്പോൾ സംഭവം സത്യമാണെന്നും എന്നാൽ തനിക്കതിൽ പരാതിയൊന്നുമില്ലെന്നുമുള്ള നിലപാടാണ് ഖമറുന്നിസ അൻവർ സ്വീകരിച്ചത്. വിളിക്കുമെന്ന് വിചാരിച്ച് കാത്തിരുന്നിരുന്നു. അവർ ക്ഷണിച്ചിട്ട് പോയി. കണ്ടു മടങ്ങി. അത്രയേ ഉള്ളൂ എന്ന നിലയിൽ പ്രതിഷേധം പുറംലോകം അറിയിക്കാതെ തണുപ്പിക്കുകയായിരുന്നു അവർ. 'താൻ തന്റെ അഭിപ്രായവും ഖമറുന്നിസ അവരുടെ അഭിപ്രായവുമാണ് പറഞ്ഞതെന്നാണ് ഇതോട് മായിൻ ഹാജി പ്രതികരിച്ചിരുന്നത്. മുസ്‌ലിം ലീഗിൽ പുരുഷന്മാരേ ഉള്ളൂ. വനിതാ ലീഗ് വേറെയുണ്ട്. അവർക്കുള്ള എല്ലാ സൗകര്യവും ചെയ്തു കൊടുക്കുന്നുണ്ടെന്നും മായിൻ ഹാജി ചൂണ്ടിക്കാട്ടി.

എന്നാൽ വനിതാ ലീഗ് നേതാവിനെ ലീഗിന്റെ ചരിത്രം പറഞ്ഞ് അധിക്ഷേപിച്ച ആ യുവതുർക്കികളുടെ മൂന്നു ദിവസത്തെ സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിൽ ഇതേ മായിൻ ഹാജിയെ ഇരുത്തി വനിതാ ലീഗ് നേതാവ് പ്രസംഗിച്ച കാര്യം തൽക്കാലം മറക്കുക. ലീഗിന്റെ സമുന്നത നേതാക്കൾ വനിതാ രത്‌നത്തിന്റെ പ്രസംഗം കണ്ണടക്കാതെ, ചെവി പൊത്താതെ അവരുടെ പിന്നിലിരുന്നും ആയിരങ്ങൾ മുന്നിലിരുന്നും ശാന്തമായിരുന്ന് കേട്ടത് സമാപന സമ്മേളനത്തിലാണ് മായിൻ ഹാജിക്കു ചൊറിച്ചിലുണ്ടാക്കിയത്. പാർട്ടിയുടെ ദേശീയ സംസ്ഥാന നേതാക്കളായ ഇ ടി മുഹമ്മദ് ബഷീർ, പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് തങ്ങൾ, കെ പി എ മജീദ്, പി കെ കെ ബാവ, പി വി അബ്ദുൽ വഹാബ് എം പി, ഉമ്മർ പാണ്ടികശാല തുടങ്ങിയ നേതാക്കളെല്ലാം വേദിയിലിരിക്കെയാണ് യൂത്ത്‌ലീഗിന്റെ കോഴിക്കോട് സമ്മേളനം തുടങ്ങിയത്. ഒരേ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിൽ വനിതാ ലീഗ് നേതാവിന് പ്രസംഗിക്കാമെന്നും സമാപനത്തിൽ പറ്റില്ലെന്നും പറയുന്നതിന്റെ ലോജിക്കാണ് പ്രശ്‌നം. സമാപന സമ്മേളനത്തിന്റെ മാദ്ധ്യമങ്ങൾക്കു നൽകിയ പ്രോഗ്രാം ലിസ്റ്റിൽ പ്രാസംഗികയായി ഖമറുന്നീസ അൻവറിന്റെ പേര് ഉണ്ടായിരുന്നില്ല എന്ന സത്യമാണ്. ഇനി അവരോട് പ്രസംഗിക്കാൻ സംഘാടകർ ആവശ്യപ്പെട്ടിരുന്നുവോ എന്നറിയില്ല. എന്തായാലും സമാപന സമ്മേളന വേദിയിൽ വച്ച് വനിതാ ലീഗ് നേതാവും മൂത്ത ലീഗ് നേതാവും തമ്മിൽ വാക്കേറ്റം ഉണ്ടായിട്ടുണ്ട്. അതിനു ശേഷമാണിപ്പോൾ മറ്റൊരു ലീഗ് വേദിയിൽ വനിതാ ലീഗ് നേതാവിനെ ഇരുത്തം പഠിപ്പിക്കാൻ ഒരാൾ ഇറങ്ങി പുറപ്പെട്ടതെന്നതും വസ്തുത മാത്രം.

എന്നാൽ, ഒരുകാലത്ത് സ്ത്രീകൾക്ക് അക്ഷരവിദ്യ പഠിക്കൽ മതവിരുദ്ധമാക്കിയ(ഹറാം) സമുദായത്തിൽ, മുസ്‌ലിം വനിതകളെ പൊതുവേദികളിൽനിന്ന് എത്ര നാൾ മുസ്‌ലിംലീഗിന് അകറ്റിനിർത്താനാവുമെന്നും പൊതുസമൂഹത്തിൽ അത് ഏറെ ക്ഷീണമുണ്ടാക്കുമെന്നുമുള്ള നിലപാട് പാർട്ടിക്കുള്ളിൽ ഒരു വലിയ വിഭാഗത്തിനുണ്ട്. മുസ്്‌ലിംകളിൽ മുജാഹിദുകൾ, ജമാഅത്തെ ഇസ്്‌ലാമി തുടങ്ങിയവരാണ് പൊതുവെ സ്ത്രീ വിഷയങ്ങളിൽ ഉൾപ്പെടെ പുരോഗമനാശയക്കാരായി പറയപ്പെടുന്നത്. ഈ വിഭാഗങ്ങൾക്കെല്ലാം സ്ത്രീകൾക്കായി പ്രത്യേകം ബഹുജന സംഘടനകളും വിദ്യാർത്ഥികൾക്കായി പ്രത്യേകം കൂട്ടായ്മകളുമുണ്ട്. ഇവർ സ്ത്രീകളുടെ പള്ളിപ്രവേശം, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുൾപ്പെടെയുള്ള പൊതു പ്രവേശത്തിനും അനുകൂലമാണ്. മുസ്‌ലിം സ്ത്രീകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ മതവിരുദ്ധമല്ലെന്നാണ് ഇവരുടെ നിലപാട്. പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് വനിതകൾ പൊതുരംഗത്ത് സജീവമായിരുന്നുവെന്നും സ്ത്രീകളെ വീടിന്റെ നാലു ചുവരുകളിൽ തളച്ചിടുന്നത് സമുദായത്തെ പിറകോട്ടു പിടിച്ചുവലിക്കലാണെന്നും ഇവർ ചുണ്ടിക്കാട്ടുന്നു.

മുജാഹിദ് ഗ്രൂപ്പുകളും ജമാഅത്തെ ഇസ്‌ലാമിയുമെല്ലാം അവരുടെ സമ്മേളനങ്ങളിലും മറ്റും സ്ത്രീകൾക്കു സംസാരിക്കാൻ അവസരം നൽകാറുണ്ട്. അവർക്കു മാത്രമായി പ്രത്യേകം വനിതാ സെഷനുകളും സമ്മേളനങ്ങളിൽ ഉൾപ്പെടുത്താറുണ്ട്. വിവിധ ഇസ്‌ലാമിക നേതാക്കളോടൊപ്പം വനിതകൾ വേദി പങ്കിടുകയും പ്രസംഗിക്കുന്നതുമൊക്കെ പുത്തരിയല്ലെങ്കിലും സുന്നികൾ ഇത് അനുവദിക്കാറില്ല. മുജാഹിദ് പിളർപ്പിനു ശേഷം ജിന്ന് വിഭാഗവും പുരുഷന്മാരോടൊപ്പം സ്ത്രീകൾക്ക് വേദിയിൽ പ്രസംഗിക്കാൻ അവസരം നൽകുന്നത് പ്രോത്സാഹിപ്പിക്കാറില്ല. എന്നാൽ മുജാഹിദിലെ ഡോ. ഹുസൈൻ മടവൂരും സി പി ഉമർ സുല്ലമിയും നേതൃത്വം നൽകുന്ന മർക്കസുദ്ദഅ്‌വ വിഭാഗവും ടി പി അബ്ദുല്ലക്കോയ മദനിയും പി പി ഉണ്ണീൻകുട്ടി മൗലവിയും നേതൃത്വം നൽകുന്ന മുജാഹിദ് സെന്റർ വിഭാഗവും ഇതിന് എതിരല്ല. ഒന്നര പതിറ്റിണ്ടു കാലത്തോളം പരസ്പരം ഭിന്നിച്ചുനിന്ന ഇവരുടെ ഐക്യസമ്മേളനം നാളെ കോഴിക്കോട് കടപ്പുറത്ത് ചേരുന്നുണ്ടെങ്കിലും അതിന്റെ പൊതസമ്മേളന വേദിയിൽ വനിതകൾക്കാർക്കും പ്രസംഗിക്കാൻ സംഘാടകർ പ്രോഗ്രാമിൽ ഇടം നൽകിയിട്ടില്ലെന്നത് വേറെ കാര്യം.

മുസ്‌ലിം മതവിഭാഗങ്ങളിൽ വനിതകൾക്കു മാത്രമായി പ്രത്യേകം സംഘടനകളുണ്ടെങ്കിലും സുന്നികൾക്കിടയിൽ അത്തരമൊരു വനിതാ കൂട്ടായ്മയില്ല. എന്നാൽ വിവിധ മുസ്‌ലിം സംഘടനകളിലെ ബഹുഭൂരിപക്ഷം പേരും അംഗങ്ങളായിട്ടുള്ള മുസ്‌ലിംലീഗ് വനിതകൾക്കായി പ്രവർത്തിക്കാൻ വനിതാ ലീഗ് എന്ന പേരിൽ പ്രത്യേകം സംഘടന ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അത് തദ്ദേശ തെരഞ്ഞെടുപ്പുകളിലും മറ്റു സംവരണ സീറ്റുകളിലും മാത്രമായി ഒതുങ്ങുകയാണ് പതിവ്. എല്ലാ വിഭാഗങ്ങളുടെയും പ്രീതി പിടിച്ചുപറ്റിയ യശ്ശശരീരനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മുസ്‌ലിംലീഗിന്റെ മുൻ സംസ്ഥാന പ്രസിഡന്റായിരിക്കെ, കടുത്ത എതിർപ്പുകൾ അവഗണിച്ചാണ് പാർട്ടി, ചരിത്രത്തിലാദ്യമായി മുസ്‌ലിം സ്ത്രീകൾക്ക് നിയമസഭയിൽ മത്സരിക്കാൻ സീറ്റ് അനുവദിച്ചത്. അതിന്റെ പേരിൽ അദ്ദേഹത്തിന് ഒട്ടേറെ എതിർപ്പുകൾ നേരിടേണ്ടി വന്നു. സ്ത്രീകളുടെ പൊതുപ്രവേശവുമായി ബന്ധപ്പെടുത്തി സുന്നികൾ അതിനെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ചതോടെ പിന്നീട് സീറ്റ് അനുവദിക്കാനുള്ള ആർജവം ലീഗ് നേതൃത്വം ഇതുവരെയും കാണിച്ചിട്ടുമില്ല.

സ്ത്രീകൾക്കു പള്ളികളും മറ്റും വിലക്കുമ്പോഴും രാത്രി കാലങ്ങളിൽ പള്ളിക്കാടുകളിലും മൈതാനങ്ങളിലും മറ്റും നടത്തുന്ന പാതിരാ പ്രസംഗങ്ങളിൽ സ്ത്രീകളെ ഇവരാറും വിലക്കാറില്ല. പാതിരാ വഅളുകളിൽ (പ്രഭാഷണം) നടക്കുന്ന ലേലം വിളികളിൽ സ്ത്രീ മനസ്സ് ചൂഷണം ചെയ്യാനുള്ള ഒരു പ്രത്യേക മിടുക്കു മതപൗരോഹിത്യം കാണിക്കാറുണ്ട്. പള്ളിയുടെയും മദ്രസയുടെയുമെല്ലാം പേരിൽ സംഭാവനയായി ഇവർ സ്ത്രീകളുടെ മാലയും വളയും മോതിരവും കമ്മലും ഉൾപ്പെടെയുള്ള വിവിധ സ്വാർണാഭരണങ്ങളും പണവും ചടങ്ങിൽ നിന്ന് പരസ്യമായി ഇവരെക്കൊണ്ട് ഓഫർ ചെയ്യിക്കാറുണ്ട്. ലേലം വിളിക്കുന്നവർക്കും കമ്മിറ്റിക്കാർക്കുമെല്ലാം ഇതിൽ കമ്മീഷൻ ഈടാക്കുന്ന രീതിയും ചില സ്ഥലങ്ങളിലുണ്ട്. എന്തായാലും യൂത്ത് ലീഗ് സമ്മേളന വേദിയിൽ നേതാക്കളുടെ മുന്നിൽ വച്ച് വനിതാ ലീഗ് നേതാവിനെ അധിക്ഷേപിച്ചവർ തന്നെ വീണ്ടും കെ എം സി സിയുടെ വേദിയിലും ഇതാവർത്തിച്ചത് വരും നാളുകളിൽ കൂടുതൽ ചർച്ചയാവാനാണ് സാധ്യത. സ്ത്രീകൾ പൊതുരംഗത്ത് പ്രവർത്തിച്ചതിനെ കുറിച്ച് ഇസ്‌ലാമിക ചരിത്രത്തിൽ നിരവധി സ്ഥലത്ത് പറയുന്നുണ്ടെങ്കിലും അതൊക്കെയും ഏട്ടിൽതന്നെ കിടത്താനാണ് പലരുടെയും വ്രഥാശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP