Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരിച്ചടി മനസ്സിലാക്കി മുസ്ലിംലീഗും മാറ്റത്തിന്; സ്ത്രീകളെ പൊതുരംഗത്തേക്ക് ഇറക്കും; എസ് ഡിപിഐയോടും വർഗീയ ശക്തികളോടും വിട്ടുവീഴ്ചയില്ല; വെള്ളാപ്പള്ളിയെ ശക്തമായി എതിർക്കും; കോൺഗ്രസ് മൃദുഹിന്ദുത്വം വെടിയണമെന്നും ആവശ്യം

തിരിച്ചടി മനസ്സിലാക്കി മുസ്ലിംലീഗും മാറ്റത്തിന്; സ്ത്രീകളെ പൊതുരംഗത്തേക്ക് ഇറക്കും; എസ് ഡിപിഐയോടും വർഗീയ ശക്തികളോടും വിട്ടുവീഴ്ചയില്ല; വെള്ളാപ്പള്ളിയെ ശക്തമായി എതിർക്കും; കോൺഗ്രസ് മൃദുഹിന്ദുത്വം വെടിയണമെന്നും ആവശ്യം

കെ വി നിരഞ്ജൻ

കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മുസ്ലീലീഗും കുറച്ചൊന്നുമല്ല ഞെട്ടിയത്. തങ്ങളുടെ കോട്ടകളിൽ പലതും വീണതും, സമകാലീന കേരളത്തിൽ ഉണ്ടാകുന്ന രാഷ്ട്രീയ മാറ്റങ്ങളും മുസ്ലീലീഗിനെയും ഇരുത്തി ചിന്തിപ്പിക്കുകയാണ്. അതിന്റെ ഭാഗമായുള്ള മുഖംമിനുക്കൾ പ്രക്രിയകൾ ലീഗ് നേതൃത്വം തുടങ്ങിക്കഴിഞ്ഞു.

മതേരതരത്വത്തിൽ അടിയുറച്ച് നിൽക്കുക, എസ്.ഡി.പി.ഐ അടക്കമുള്ള വർഗീയ കക്ഷികളെ തുറന്ന്കാട്ടുക, വെള്ളാപ്പാള്ളിയും സംഘപരിവാറും ഉയർത്തുന്ന ആശയങ്ങളെ പ്രതിരോധിക്കുക, കൂടുതൽ സ്ത്രീകളെ പൊതുരംഗത്തേക്ക് കൊണ്ടുവരിക തുടങ്ങിയ കാര്യങ്ങളാണ് മുസ്ലീലീഗ് ഗൗരവമായി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന വനിതാലീഗ് ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച യോഗങ്ങളിൽ ലീഗ് നേതാക്കൾ ഈ വിഷയങ്ങളാണ് ഉയർത്തിപ്പിടിച്ചത്.പാർട്ടി അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളും ,മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടുമുണ്ട്.അതോടൊപ്പം യു.ഡി.എഫിലെ തന്നെ കക്ഷിബന്ധങ്ങൾ മെച്ചപ്പെടുത്താനും ലീഗ് ശ്രമിക്കും. കോൺഗ്രസുമായി ചേരിതിരഞ്ഞ് മൽസരിച്ചതുപോലുള്ള കാര്യങ്ങൾ ഇനി ഉണ്ടാവരുതെന്നാണ് പാർട്ടി തീരുമാനം.

മുസ്ലിം ന്യൂനപക്ഷങ്ങൾ അനർഹമായി സ്വത്തുവാരിക്കൂട്ടുന്നു എന്ന രീതിയിൽ വെള്ളാപ്പള്ളി നടേശനും സംഘപരിവാറും നടത്തുന്ന കൊണ്ടുപിടിച്ച പ്രചരണങ്ങളെ ശക്തമായി മറുപടി പറയാൻ ഇനി മുതൽ ലീഗ് തയാറാവും. നേരത്തെ ലീഗുകൂടി ഇതിലൊക്കെ തലവച്ചുകൊടുത്ത് സാമുദായിക ധ്രൂവീകരണം വർധിപ്പിക്കാൻ ഇടവരുത്തേണ്ടതില്ല എന്നായിരുന്നു പാർട്ടി നിലപാട്. എന്നാൽ വെള്ളാപ്പള്ളിയുടെ പ്രചാരണം എല്ലാ സീമകളും ലംഘിക്കുകയും, അതിനോട് വി എം സുധീരൻ ഒഴികെയുള്ള കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മൃദു സമീപനം പുലർത്തുകയും ചെയ്യുന്നതോടെയാണ് ലീഗ് നിലപാട് മാറ്റിയത്.

സംഘപരിവാറിനെ രാഷ്ട്രീയമായി നേരിടാൻ യു.ഡി.എഫിനേക്കാൾ നല്ലത് എൽ.ഡി.എഫ് ആണെന്ന ധാരണയിൽ ന്യൂനപക്ഷവോട്ടുകൾ ഇത്തവണ മുന്നണിയിൽനിന്ന് നഷ്ടമായതായി ലീഗ് നേരത്തെ വിലയിരുത്തിയിരുന്നു.കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനം വെടിയണമെന്നും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ കോഴിക്കോട്ട് മാൻഹോളിൽ കുടുങ്ങിമരിച്ച നൗഷാദിനെതിരെ വെള്ളാപ്പള്ളി രംഗത്തെതിയപ്പോൾ ശക്തമായി പ്രതികരിച്ച് മന്ത്രി എം.കെ മുനീർ അടക്കമുള്ളവർ ലീഗിന്റെ മാറുന്ന മുഖമാണ് ചൂണ്ടിക്കാട്ടുന്നത്.

അതേസമയം എസ്.ഡി.പി.ഐ അടക്കമുള്ള തീവ്ര സ്വഭാവമുള്ള മുസ്ലിം സംഘടനകൾ ഈ സാമുദായിക ധ്രൂവീകരണത്തിന് ആക്കംകൂട്ടുമെന്ന് ലീഗ് വിലയിരുത്തുന്നു. അതിനാൽ അതി തീവ്രമായി ലീഗ് ഇനി ഇത്തരം സംഘടനകളെയും വിമർശിക്കും. നേരത്തെ ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗും എസ്.ഡി.പി.ഐ അടക്കമുള്ള സംഘടനകളോട് മൃദുസമീപനം പുലർത്തുകയാണെന്ന് പാർട്ടിക്ക് അകത്തുനിന്നുതന്നെ വിമർശനം ഉയർന്നിരുന്നു.

വനിതാ പ്രാധിനിത്യത്തിന്റെ പേരിൽ ഏറെ പഴികേട്ട ലീഗ് സ്ത്രീകളുടെ പൊതുപ്രാധിനിത്യം വർധിപ്പിക്കാനും ശ്രമിക്കുന്നുണ്ട്.വനിതാലീഗിന്റെ യോഗത്തിൽ ഹൈദരലി തങ്ങൾതന്നെ ഇക്കാര്യം ഉറപ്പു നൽകി.പക്ഷേ പാർട്ടിയിൽ സ്ഥാനമനങ്ങൾ ഒന്നും നൽകാതെ വനിതാലീഗിനെ പ്രത്യേക സംഘടനയായി വച്ചുകൊണ്ടിരിക്കുന്ന ലീഗിന് സ്ത്രീശാക്തീകരണത്തിൽ എന്തുചെയ്യാൻ കഴിയുമെന്ന ചോദ്യവും ഇതോടൊപ്പമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP