Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഡിഎഫ് മണ്ഡലങ്ങളിൽ വോട്ട് കുറയാൻ കാരണം ലീഗ് വോട്ടു ചോർച്ചയും; മേലനങ്ങാതിരുന്ന നേതാക്കൾക്കെതിരേ നടപടിയെടുക്കാൻ മുസ്ലിം ലീഗ്

യുഡിഎഫ് മണ്ഡലങ്ങളിൽ വോട്ട് കുറയാൻ കാരണം ലീഗ് വോട്ടു ചോർച്ചയും; മേലനങ്ങാതിരുന്ന നേതാക്കൾക്കെതിരേ നടപടിയെടുക്കാൻ മുസ്ലിം ലീഗ്

രഞ്ജിത് ബാബു

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിൽ മേലനങ്ങാത്ത മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ നടപടി വരുന്നു. കഴിഞ്ഞ ദിവസം ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം ജില്ലാ നേതൃത്വങ്ങളോട് ഇത്തരക്കാരുടെ വിവരങ്ങൾ നല്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

നടപടി വരും മുമ്പേ ഔദ്യോഗിക സ്ഥാനങ്ങൾ രാജിവെക്കാൻ ചിലർ തയ്യാറായതായും വിവരമുണ്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് നടപടി ഭീഷണിയുള്ള നേതാക്കൾ ഏറെയുള്ളതെന്നാണ് വിവരം.

കാസർഗോഡ് ജില്ലയിൽനിന്നാണ് നടപടികൾക്കു തുടക്കമിടുക. ജില്ലയിലെ മുസ്ലിം ലീഗ് നിരീക്ഷകനായ അബ്ദുൾ റഹ്മാൻ കല്ലായി വിദേശയാത്രയിലാണ്. അദ്ദേഹം തിരിച്ചെത്തിയാലുടൻ പ്രവർത്തിക്കാത്ത ലീഗ് നേതാക്കൾക്കെതിരെ നടപടികൾ ആരംഭിക്കുമെന്നാണ് വിവരം.

കാസർഗോട്ടെ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ നിന്നും മുസ്ലിം ലീഗിലെ പി.സി. അബ്ദുൾ റസാക്ക് 89 വോട്ടിന് മാത്രമാണ് വിജയിച്ചത്. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പിലും 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 5,000 ലേറെ ലീഡ് നിലനിർത്തിയ മണ്ഡലത്തിൽ എങ്ങനെ ഇത്രയും ഭൂരിപക്ഷം കുറഞ്ഞു എന്നത് നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുകയാണ്. 32,000 ത്തോളം പുതിയ വോട്ടർമാരുള്ള ഈ മണ്ഡലത്തിൽ പുതിയ വോട്ടുകൾ ചേർത്തതിൽ യു.ഡി.എഫിനു പകുതിയോളം വരേണ്ടതായിരുന്നു. അത് കിട്ടിയില്ലെന്ന് മാത്രമല്ല നിലവിലുള്ള ഭൂരിപക്ഷത്തിൽനിന്നും കാര്യമായ ഇടിവ് ഉണ്ടായത് എങ്ങനെയെന്ന് കണ്ടെത്താനുമായില്ല. യു.ഡി.എഫിനകത്തുനിന്നു തന്നെ കാലുവാരൽശ്രമം നടന്നു എന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്. ലീഗ് കേന്ദ്രങ്ങളിൽനിന്നാണ് വോട്ട് ചോർച്ച ഉണ്ടായത്. ഇതേ നിലയിൽ പോയാൽ യു.ഡി.എഫിന്റെ ഉറച്ച ഈ മണ്ഡലം നഷ്ടപ്പെടുമെന്ന അവസ്ഥയിലേക്കാണ് പോക്ക്.

മഞ്ചേശ്വരം മണ്ഡലത്തിൽ മഞ്ചേശ്വരം, കുമ്പള, വോർക്കാടി, എന്നിവിടങ്ങളിലും കാസർഗോഡ് മണ്ഡലത്തിൽ കുമ്പടാജെ, ബെള്ളൂർ പഞ്ചായത്തുകളിലും നിന്നാണു വോട്ടുകൾ ചോർന്നതെന്ന് വ്യക്തമായിട്ടുണ്ട്. കണ്ണൂരിൽനിന്നും ഉദുമ പിടിച്ചെടുക്കാൻ കെ.സുധാകരനെ കൊണ്ടുവരാൻ താത്പര്യമെടുത്തത് മുസ്ലിം ലീഗ് നേതൃത്വമായിരുന്നു. ഏറെ പ്രതീക്ഷകൾ നൽകി സുധാകരനെ കൊണ്ടുവന്നതിലുള്ള ജാള്യത മുസ്ലിം ലീഗിനെ വേട്ടയാടുകയാണ്. സിപിഐ.(എം). കോട്ടകളായ കുറ്റിക്കോൽ, ബേഡകം എന്നീ പഞ്ചായത്തുകളിൽ നിന്നുപോലും സുധാകരന് അനുകൂലതരംഗമുണ്ടായപ്പോൾ ലീഗ് കേന്ദ്രങ്ങളായ ചെമ്മനാട്, മൂളിയാർ, പഞ്ചായത്തുകളിൽ നിന്നും പ്രതീക്ഷിച്ച ലീഡിന്റെ അടുക്കൽ പോലും എത്താനായില്ല. ഇത് കോൺഗ്രസ്സ് നേതൃത്വം തന്നെ ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ വോട്ട് ചോർച്ച ഉണ്ടായതായി ലീഗ് സമ്മതിക്കുന്നില്ലെങ്കിലും വസ്തുത ലീഗ് നേതൃത്വത്തിനറിയാം.

കണ്ണൂർ ജില്ലയിൽ എക്കാലത്തേയും യു.ഡി.എഫിന്റെ കോട്ടയായ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ ചരിത്രത്തിലെ ആദ്യ പരാജയം കോൺഗ്രസ്സിലെ സതീശൻ പാച്ചേനിക്കേറ്റുവാങ്ങേണ്ടി വന്നു. ലീഗ് കേന്ദ്രങ്ങളിൽനിന്നും പോളിങ് കുറഞ്ഞതാണ് സതീശന് പരാജയം നേടിക്കൊടുത്തത്. സാധാരണ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കു വേണ്ടി ഓടിനടന്നു പ്രവർത്തിക്കുന്ന പതിവ് ഇത്തവണ ലീഗ് അണികളിൽനിന്നും ഉണ്ടായിട്ടില്ല. 6,000 വോട്ടിനെങ്കിലും യു.ഡി.എഫ് ജയിച്ചു കയറുന്ന ഈ മണ്ഡലത്തിൽ 3,000 ൽ പരം വോട്ടിനാണ് രാമചന്ദ്രൻ കടന്നപ്പള്ളി ഇവിടെ ജയിച്ചത്. അദ്ദേഹം മന്ത്രിയാവുക കൂടി ചെയ്തതോടെ യു.ഡി.എഫിന്റെ എക്കാലത്തേയും കോട്ടയാണ് എതിരാളികൾക്ക് ലഭിച്ചത്. കണ്ണൂർ കേന്ദ്രീകരിച്ചുള്ള ലോക്‌സഭാംഗത്വവും കണ്ണൂർ കോർപ്പറേഷനും പിന്നാലെയാണ് കോൺഗ്രസ്സിന് കണ്ണൂർ മണ്ഡലവും നഷ്ടപ്പെട്ടത്. മുസ്ലിം ലീഗിന്റെ പ്രവർത്തന വൈകല്യത്തെ പരസ്യമായും രഹസ്യമായും കോൺഗ്രസ്സുകാർ കുറ്റപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ കോൺഗ്രസ്സിന്റെ സംഘടനാ പാളിച്ചയാണ് കണ്ണൂരിലെ പരാജയത്തിന് പ്രധാന കാരണമെന്ന് മുസ്ലിം ലീഗും എടുത്തു പറയുന്നുണ്ട്. എന്നിരുന്നാലും മുസ്ലിം ലീഗിന്റെ മണ്ഡലം നേതാക്കൾ ഉൾപ്പെടെയുള്ളവരോട് വിശദീകരണം ആവശ്യപ്പെടാൻ ലീഗ് നേതൃത്വം തയ്യാറായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP