Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൽപ്പറ്റയിൽ തോൽപ്പിച്ചത് പ്രവാചകനിന്ദാ ലേഖനമെന്ന് ഡിസിസിയും ജെ.ഡി.യുവും; മുസ്ലിം വോട്ടുകൾ കൂട്ടത്തോടെ എതിരായി; ശ്രോയംസിന്റെ കോപം ഭയന്ന് മാതൃഭൂമി ജീവനക്കാർ; തെറ്റായ വിലയിരുത്തലെന്ന് രാഷ്ട്രീയ നിരീക്ഷകർ

കൽപ്പറ്റയിൽ തോൽപ്പിച്ചത് പ്രവാചകനിന്ദാ ലേഖനമെന്ന് ഡിസിസിയും ജെ.ഡി.യുവും; മുസ്ലിം വോട്ടുകൾ കൂട്ടത്തോടെ എതിരായി; ശ്രോയംസിന്റെ കോപം ഭയന്ന് മാതൃഭൂമി ജീവനക്കാർ; തെറ്റായ വിലയിരുത്തലെന്ന് രാഷ്ട്രീയ നിരീക്ഷകർ

കെ വി നിരഞ്ജൻ

കോഴിക്കോട്: ഒരു ഫേസ്‌ബുക്ക് പോസ്റ്റ് എടുത്തുകൊടുത്തതിന്റെ പേരിൽ ഇത്രയേറെ പൊല്ലാപ്പുകൾ ഉണ്ടാവുമെന്ന് മാതൃഭൂമി പത്രത്തിലെ ജീവനക്കാർ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിക്കുന്നരീതിയിലുള്ള ഒരു ഫേസ്‌ബുക്ക് പോസ്റ്റ് മാതൃഭൂമി പത്രത്തിന്റെ നഗരം പേജിൽ വന്നതിനാലാണ് അവർക്ക് കോടികളുടെ പരസ്യവരുമാനവും, അരലക്ഷത്തോളം കോപ്പികളും നഷ്ടമായത്. നിരവധി തവണ പത്രം മാപ്പുപറഞ്ഞിട്ടും പ്രമുഖരായ മുസ്ലിം നേതാക്കളെകോണ്ട് പ്രസ്താവന ഇറക്കിച്ചിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടിരുന്നില്ല. ഇപ്പോൾ കൽപ്പറ്റയിൽ ജെ.ഡി.യു നേതാവും, യു.ഡി.എഫ് സ്ഥാനർഥിയും മാതൃഭൂമി ഡയറക്ടറുമായ എം.വി ശ്രേയാംസ് കുമാറിന്റെ തോൽവിക്ക് പ്രധാന കാരണമായി പറയുന്നതും ഇതേ വിഷയമാണ്.ലേഖനത്തെ തുടർന്നുണ്ടായ വിവാദങ്ങളാണ് തങ്ങൾക്ക് കൽപ്പറ്റയിൽ മുസ്ലിം വോട്ടുകൾ നഷ്ടമാവാൻ ഇടയാക്കിയതെന്നാണ് ജെ.ഡി.യുവും,ഡി.സി.സിയും വിലയിരുത്തുന്നത്.

ഇതോടെ മാതൃഭൂമിയിലെ ജീവനക്കാരാണ് അക്ഷരാർഥത്തിൽ ഭീതിയിലായിരുക്കുന്നത്. തോറ്റ് മാനംപോയി വരുന്ന ശ്രോയാംസ്‌കുമാർ തന്റെ വീഴ്ചകളെല്ലാം മറച്ചുപിടക്കാൻ ഇത് ഉപയോഗിക്കുമെന്നും അതിനാൽ മാതൃഭൂമിയിൽ ഇനിയും തലകൾ ഉരുളുമെന്നുമാണ് അവർ ഭയക്കുന്നത്. നേരത്തെ നഗരം സപ്‌ളിമെന്റിന്റെ ചുമതലയുള്ള നാലുപേരെ മാതൃഭൂമി സസ്‌പെൻഡ് ചെയ്തിരുന്നു. ശ്രേയാംസിന്റെ തോൽവിയോടെ ഈ സസ്‌പെൻഷൻ, ഡിസ്മിസലാവുമെന്നാണ് ജീവനക്കാർ ഭയക്കുന്നത്. കുറച്ചകാലം മുമ്പ് ഇതേ പ്രശ്‌നത്തെചൊല്ലി മുതിർ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഡോ.ടി ശ്രീകുമാറിനെ വീരേന്ദ്രകുമാറും ശ്രേയാംസും അപമാനിക്കയും മനംമടുത്ത് അദ്ദേഹം അതേചൊല്ലി രാജിവെക്കുകയും ചെയ്തിരുന്നു.ഇതുപോലുള്ള പ്രശ്‌നങ്ങൾ ഇനിയും ഉണ്ടാകുമെന്ന പേടിയിലാണ് മാതൃഭൂമി ജീവനക്കാർ.

എന്നാൽ പ്രവാചകനിന്ദ ഒരു വിഷയമാവില്‌ളെന്നും, ലീഗ് സംസ്ഥാന നേതാക്കൾവരെ ഇറങ്ങിയതിനാൽ അത് പരിഹരിച്ചുമെന്നുമായിന്ന യു.ഡി.എഫ് നേതാക്കൾ വോട്ടെണ്ണലിന്റെ തലേന്നുവരെ പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പിന്റെ കോലാഹലങ്ങൾ തുടങ്ങുന്നതിന് തൊട്ടു മുമ്പായിരുന്നു പത്രത്തിൽ വിവാദ കുറിപ്പ് പ്രസിദ്ധീകരിച്ചത്. കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ശ്രേയാംസിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടന ചടങ്ങിൽ ലീഗ് നേതാവ് പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ പ്രസംഗം പ്രവാചക നിന്ദ വിഷയത്തിലുള്ളതായിരുന്നു. ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ ഖേദം പ്രകടിപ്പിച്ചന്നെും ഇത് മുതലെടുക്കാൻ ആരെയും അനുവദിക്കരുതെന്നും പ്രവാചക മാതൃകയാണ് പിൻപറ്റണ്ടേതെന്നും മുനവറലി പറഞ്ഞു. പിന്നീട് മുസ്ലിം കേന്ദ്രങ്ങളിൽ കുടുംബയോഗങ്ങൾ വിളിച്ച് പാണക്കാട് കുടുംബത്തിലെ അംഗങ്ങളെ തന്നെ അതിലേക്ക് ക്ഷണിച്ച് വിഷയത്തിൽ സംസാരിപ്പിച്ചു. ഇതോടെ ആദ്യഘട്ടത്തിലുണ്ടായ എതിർപ്പ് മറികടക്കാനായി എന്നായിരുന്നു യു.ഡി.എഫിന്റെ കണക്കുകൂട്ടൽ.പ്രവാചക കേശം സംബന്ധിച്ച് പിണറായി വിജയൻ നടത്തിയ 'ബോഡി വേസ്റ്റ്' പ്രയോഗം ഉപയോഗിച്ച് സിപിഎമ്മുകാർ ഇതിനേക്കാൾ വലിയ പ്രവാചക നിന്ദ നടത്തിയിട്ടുണ്ടെന്നും അവരാണിപ്പോൾ വ്യാജ പ്രവാചക സ്‌നേഹം കാണിക്കുന്നതെന്നും യു.ഡി.എഫും ലീഗും മറുപ്രചാരണവും നടത്തി.

വെള്ളിയാഴ്ച പള്ളിവിട്ട് വരുന്നവർക്ക് വായിക്കാനായി ഈ വിഷയത്തിൽ ഹൈദരലി തങ്ങളുടെ പ്രത്യേക നോട്ടീസും യു.ഡി.എഫ് വിതരണം ചെയ്തു. ഇതിനുപുറമെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കളും ശ്രേയാംസിനായി സജീവമായിരുന്നു.എന്നിട്ടും തോറ്റപ്പോൾ ഈ വിഷയം എടുത്തിടുന്നത് അപക്വമാണെന്നും, രാഷ്ട്രീയ പോരാട്ടം തന്നെയാണ് കൽപ്പറ്റയിൽ ഉണ്ടായതെന്നുമാണ് സാംസ്കാരിക രംഗത്തെ പ്രമുഖർ വിലയിരുത്തുന്നത്. ഇത്രയും തിളക്കമാർന്നൊരു ജയം എൽ.ഡി.എഫും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സ്ഥാനാർത്ഥികൾ തമ്മിലുള്ള അന്തരം വോട്ടിങ്ങിൽ കാര്യമായി സ്വാധീനം ചെലുത്തിയെന്ന് നിഷ്പക്ഷരായ ആരും സമ്മതിക്കുന്നതാണ്. കൽപറ്റയിൽ ഭരണവിരുദ്ധ വികാരത്തിലുപരി ശശീന്ദ്രൻ തരംഗമാണ് വിധി നിർണയിച്ചത്. സിപിഐ(എം) ജില്ലാ സെക്രട്ടറി സ്ഥാനത്തിരുന്ന് സമരങ്ങളുടെ മുന്നണി പോരാളിയായി മാറിയ സി.കെ. ശശീന്ദ്രന്റെ ലളിത ജീവിതവും വ്യക്തിപ്രഭാവവും വലിയ അളവിൽ എൽ.ഡി.എഫിന് നേട്ടമായി. പ്രചാരണത്തിന്റെ മിക്ക ഘട്ടങ്ങളിലും ഈ സാധ്യത സിപിഐ(എം) വിനിയോഗിച്ചു.

ഫ്‌ളക്‌സുകളിലും ബോർഡുകളിലും ചെരിപ്പിടാതെ നടക്കുന്ന, പാൽ കറക്കുന്ന, സാധാരണക്കാരോട് ഇടപഴകുന്ന സി.കെ. ശശീന്ദ്രന്റെ ചിത്രമാണ് വ്യാപകമായി ഉപയോഗിച്ചത്. രാഷ്ട്രീയമായ പ്രചാരണങ്ങളേക്കാളുപരി സ്ഥാനാർത്ഥികളുടെ വ്യക്തിമഹിമ ഉയർത്തിക്കാട്ടിയാണ് കൽപറ്റയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. യു.ഡി.എഫ് സർക്കാറിന്റെ ജനവിരുദ്ധ നയങ്ങളെ വിമർശിക്കുന്നതിനെക്കാൾ സ്ഥാനാർത്ഥിയുടെ ലളിതജീവിതവും പ്രവർത്തന പാരമ്പര്യവും ജനങ്ങൾക്ക് ബോധ്യപ്പെടുത്തുന്ന പ്രചാരണരീതികൾക്കാണ് മുന്നണി ഊന്നൽനൽകിയത്. ന്യൂനപക്ഷ കേന്ദ്രങ്ങളിൽ ലീഗിനെ പരിധിവിട്ട് വിമർശിക്കാതിരിക്കാൻ പ്രസംഗകർക്ക് പ്രത്യേക നിർദേശവും നൽകിയിരുന്നു. അത് ഗുണം ചെയ്തുവെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. ഫലപ്രഖ്യാപനത്തിനുശേഷവും ലീഗിനെതിരായ മുദ്രാവാക്യങ്ങൾ എൽ.ഡി.എഫ് ആഘോഷപ്രകടനത്തിൽ നിന്ന് ഉയർന്നുകേട്ടത് വിരളമായിരുന്നു.

അതേമസയം ജെ.ഡി.യുവിന് മണ്ഡലം നൽകുന്നതിൽ കോൺഗ്രസിലെ ചില നേതാക്കൾക്ക് എതിർപ്പുണ്ടായിരുന്നു. ജെ.ഡി.യു ഇടതുമുന്നണിയിൽ ചേക്കേറുമെന്ന് പ്രതീക്ഷിച്ച് കൽപറ്റയിൽ കണ്ണുവച്ച ഒരുപിടി നേതാക്കളും കോൺഗ്രസിലുണ്ട്. ഇവരും ശ്രേയാംസിന്റെ പരാജയത്തിൽ പങ്കുവഹിച്ചിട്ടുണ്ടെന്ന ആക്ഷേപമുയർന്നു കഴിഞ്ഞു. ഫ്‌ളക്‌സുകളിലും ബോർഡുകളിലും കോടിക്കണക്കിന് രൂപയുടെ വികസന പ്രവൃത്തികൾ നടത്തിയെന്ന് പറയുമ്പോാഴും മണ്ഡലത്തിലെ പ്രധാന റോഡുകൾ പോലും തകർന്ന് തരിപ്പണമായ സ്ഥിതിയായിരുന്നു.മേപ്പാടികൽപറ്റ റോഡ്, പടിഞ്ഞാറത്തറമാനന്തവാടി റോഡ് എന്നിവ മോശമായ അവസ്ഥയിലായിരുന്നു. ഒടുവിൽ മേപ്പാടി റോഡുപണി തുടങ്ങിയെങ്കിലും പണി എങ്ങുമത്തെിയില്ല. ഇതിനിടയിൽ പണിപൂർത്തിയായ ഭാഗം ചെറിയ മഴയിൽ തകരുകയും ചെയ്തു. ഇക്കാര്യങ്ങളും ശ്രേയാംസിന് എതിരായി ഭവിച്ചു. മെഡിക്കൽ കോളജ്, ചുരം ബദൽ റോഡ് തുടങ്ങിയ വിഷയങ്ങളിലും ആത്മാർഥമായ ഇടപെടൽ ഉണ്ടായില്‌ളെന്ന് എൽ.ഡി.എഫ് ശക്തമായ പ്രചാരണം നടത്തി. മെഡിക്കൽ കോളജിന് സൗജന്യമായാണ് ട്രസ്റ്റ് സ്ഥലം നൽകിയതെങ്കിലും ഇതിൽ നിന്ന് മരങ്ങൾ വെട്ടിമാറ്റി ലാഭമുണ്ടാക്കിയെന്ന പ്രചാരണവും വ്യാപകമായിരുന്നു.

യു.ഡി.എഫ് തങ്ങൾക്ക് മേൽക്കോയ്മ കിട്ടുമെന്ന് കരുതിയ പഞ്ചായത്തുകളിൽ അണികൾ കൂട്ടത്തോടെ തിരിച്ചുകുത്തി. 2011ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു വാർഡിൽ പോലും ഇടതുമുന്നണി ജയിക്കാത്ത പടിഞ്ഞാറത്തറ പഞ്ചായത്ത് ഒരു ഉദാഹരണം മാത്രം. 2500 വോട്ട് പ്രതീക്ഷിച്ച പഞ്ചായത്തിൽ 335 വോട്ടിന് മുന്നണി പിന്നിലായത് വോട്ടെണ്ണലിന്റെ തുടക്കത്തിൽതന്നെ യു.ഡി.എഫിനെ ഞെട്ടിച്ചു.ഒന്നോ രണ്ടോ പഞ്ചായത്തുകൾ ഒഴിച്ചുനിർത്തിയാൽ മറ്റല്‌ളൊയിടത്തും അപ്രമാദിത്വം സ്ഥാപിക്കുന്ന യു.ഡി.എഫിന് മണ്ഡലത്തിൽ ഇക്കുറി ലീഡ് നേടാൻ കഴിഞ്ഞത് കണിയാമ്പറ്റ, കോട്ടത്തറ പഞ്ചായത്തുകളിൽ മാത്രം. കണിയാമ്പറ്റ, മുട്ടിൽ, മേപ്പാടി, തരിയോട് എന്നീ പഞ്ചായത്തുകളിലും മികച്ച ലീഡ് പ്രതീക്ഷിച്ച സ്ഥാനത്ത് വൻ തിരിച്ചടിയാണ് നേരിട്ടത്. 4000 വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ച കണിയാമ്പറ്റയിൽ കിട്ടിയത് ആകെ 789 വോട്ടുകളുടെ മുൻതൂക്കം മാത്രം. കോട്ടത്തറയിൽ 300 വോട്ട് ലീഡ് നേടിയത് മാത്രമാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടലുകൾക്കൊത്ത് അൽപമെങ്കിലും എത്തിയത്.കൽപറ്റ നഗരസഭയിൽ 2572 വോട്ടിന് ലീഡ് നേടിയ ശശീന്ദ്രന് മേപ്പാടി പഞ്ചായത്ത് സമ്മാനിച്ച 3829 വോട്ടിന്റെ ലീഡാണ് യു.ഡി.എഫിനെ ഇപ്പോഴും കുഴക്കുന്നത്. സിഐടി.യു.വിന്റെ തോട്ടം തൊഴിലാളി സമരം പരാജയപ്പെട്ട സാഹചര്യത്തിൽ തൊഴിലാളികളുടെ വികാരം ഇടതുപക്ഷത്തിനെതിരാകുമെന്ന കണക്കുകൂട്ടലുകൾ കാറ്റിൽപറത്തി ചരിത്രത്തിലെ ഏറ്റവുംവലിയ ഭൂരിപക്ഷമാണ് പഞ്ചായത്ത് ശശീന്ദ്രന് നൽകിയത്.

ഇതോടൊപ്പം വൈത്തിരിയിൽ 1577ഉം വെങ്ങപ്പള്ളിയിൽ 1299ഉം പൊഴുതനയിൽ 1199ഉം വോട്ടുകളുടെ ഭൂരിപക്ഷം ശശീന്ദ്രൻ സ്വന്തമാക്കിയതോടെ യു.ഡി.എഫിന്റെ സകല നിഗമനങ്ങളും തെറ്റി.എക്കാലവും യു.ഡി.എഫിനൊപ്പം നിന്ന മൂപ്പൈനാട് പഞ്ചായത്തിൽ യു.ഡി.എഫ് മികച്ച ലീഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഏറ്റവും അവസാനം വോട്ടെണ്ണിയ ഇവിടെ 741 വോട്ടിന്റെ മുൻതൂക്കം അപ്രതീക്ഷിതമായി ഇടതുമുന്നണിയെ തേടിയത്തെിയപ്പോൾ ശശീന്ദ്രന്റെ ഭൂരിപക്ഷം 13,000 കടന്നു. അതായത് ഏതെങ്കിലും ഒരു മേഖലയിലെ വോട്ടുകൊണ്ടല്ല ശ്രോയംസ് തോറ്റതെന്ന് വ്യക്തം. എന്നിട്ടും ഈ രീതിയിൽ പ്രചാരണം നടത്തുന്നത് തോൽവിയുടെ ജാള്യം മറച്ചുവെക്കാനാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.പ്രവാചക നിന്ദ മാത്രമല്ല ഇവിടെ വിഷയമായതെന്ന് ചൂണ്ടിക്കാട്ടി കേരള കോൺഗ്രസ്എം കഴിഞ്ഞ ദിവസം രംഗത്തത്തെിയിരുന്നു.വയനാട്ടിൽ യു.ഡി.എഫിനേറ്റ കനത്ത തിരിച്ചടിയുടെ കാരണം വ്യക്തമാക്കാൻ ജില്ലയിൽ മുന്നണിയെ നയിക്കുന്ന കോൺഗ്രസ്, ലീഗ് നേതൃത്വങ്ങൾ തയാറാകണമെന്ന് കേരള കോൺഗ്രസ്എം ജില്ലാ സ്റ്റിയറിങ് കമ്മിറ്റി ആവശ്യപ്പെട്ടു.

യു.ഡി.എഫ് കോട്ടയായിരുന്ന ജില്ലയിൽ മുന്നണി സ്ഥാനാർത്ഥികൾ തോറ്റത് കാലുവാരലും കുതികാൽ വെട്ടലും കൊണ്ട് മാത്രമാണ്.തദ്ദേശ തെരഞ്ഞെടുപ്പുകളിലും നിരവധിതവണ മുന്നണി സ്ഥാനാർത്ഥികളെ കുതികാൽവെട്ടി പരാജയപ്പെടുത്തി. സ്വന്തം സ്ഥാനാർത്ഥികളെ കൂടെ നിന്നും മാറിനിന്നും ചതിച്ചതിന്റെ തുടർച്ചയാണ് ഇത്തവണ കൽപറ്റയിലും മാനന്തവാടിയിലും സംഭവിച്ചതെന്നും യോഗം ചൂണ്ടിക്കാട്ടി. കൽപറ്റയിലെ തോൽവിക്ക് കാരണമായത് പ്രവാചകനിന്ദയും കേരളത്തിലെ മൊത്തം തോൽവിയുടെ ഭാഗമായി വന്നതാണെന്നും പറഞ്ഞ് നിസ്സാരവത്കരിക്കുന്നത് ശരിയല്ല. മുന്നണി സ്ഥാനാർത്ഥികളെ പോയകാലത്ത് ലീഗ് കാലുവാരാറില്ലായിരുന്നു. എന്നാൽ, ഇക്കുറി മുസ്ലിം ഭൂരിപക്ഷ പഞ്ചായത്തുകളിൽ ലീഗ് പിറകോട്ടുപോയി.18,000ൽ പരം വോട്ടിന് ജയിച്ച ജെ.ഡി.യു സ്ഥാനാർത്ഥിയെ 13,000ൽ പരം വോട്ടിന് തോൽപിക്കാൻ ഉശിരുകാണിച്ച കോൺഗ്രസ്‌ലീഗ് ഒത്തുകളി മാപ്പർഹിക്കുന്നില്‌ളെന്നും, ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ച കേരളാകോൺഗ്രസ് യോഗം ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP