Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പകൽ കോൺഗ്രസും രാത്രിയിൽ ആർഎസ്എസും....', ഏകെ ആന്റണി ഭയന്നതു പോലെ സംഭവിച്ചു; പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ കോൺഗ്രസ്-ബിജെപി സഖ്യം ഭരണം പിടിച്ചു; ഒളിച്ചു കളിച്ച് ഇരുപാർട്ടികളുടെയും ജില്ലാ നേതൃത്വം; നടന്നത് കുതിരക്കച്ചവടമെന്ന് ആരോപണം

'പകൽ കോൺഗ്രസും രാത്രിയിൽ ആർഎസ്എസും....', ഏകെ ആന്റണി ഭയന്നതു പോലെ സംഭവിച്ചു; പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ കോൺഗ്രസ്-ബിജെപി സഖ്യം ഭരണം പിടിച്ചു; ഒളിച്ചു കളിച്ച് ഇരുപാർട്ടികളുടെയും ജില്ലാ നേതൃത്വം; നടന്നത് കുതിരക്കച്ചവടമെന്ന് ആരോപണം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കഴിഞ്ഞ മാസം നടന്ന കെപിസിസി നിർവാഹകസമിതി യോഗത്തിൽ ഏ കെ ആന്റണി പ്രവചിച്ചതു പോലെയാണ് കേരളത്തിൽ കാര്യങ്ങൾ നീങ്ങുന്നത്. പകൽ കോൺഗ്രസും രാത്രിയിൽ ആർഎസുഎസുമായി പ്രവർത്തിക്കരുതെന്നായിരുന്നു ആന്റണിയുടെ പരാമർശം.
ഇതിനെതിരേ ശക്തമായി രംഗത്തു വന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായിരുന്നു. ഇപ്പോഴിതാ ആന്റണി ഭയന്നത് സംഭവിച്ചിരിക്കുന്നു. ഒറ്റ രാത്രി കൊണ്ട് നടന്ന ലക്ഷങ്ങളുടെ കുതിരക്കച്ചവടത്തിൽ കോൺഗ്രസ്-ബിജെപി സഖ്യം നാരങ്ങാനം പഞ്ചായത്തിന്റെ ഭരണം പിടിച്ചു. ഇതറിഞ്ഞ് തങ്ങൾ ഞെട്ടിയെന്ന് കോൺഗ്രസ്-ബിജെപി നേതൃത്വം പറയുന്നുണ്ടെങ്കിലും ഇതെല്ലാം അറിയേണ്ടവരെ അറിയിച്ചു തന്നെയാണെന്നുള്ള വാർത്തയാണ് പുറത്തു വരുന്നത്.

ഇന്നലെ നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ ശ്രീകാന്ത് കളരിക്കൽ പ്രസിഡന്റും ബിജെപിയിലെ അമ്പിളി ഹരിദാസ് വൈസ്പ്രസിഡന്റുമായി.  തികച്ചും നാടകീയമായ നീക്കത്തിലൂടെയാണ് കോൺഗ്രസ്-ബിജെപി അംഗങ്ങൾ ചേർന്ന് അധികാരം പങ്കിട്ടത്. വിപ്പു ലംഘിച്ച ശ്രീകാന്തിനെ ഡി.സി.സി പുറത്താക്കി. ബിജെപി അംഗങ്ങൾക്കെതിരേ നടപടിയെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് അറിയിച്ചു. ഇരുപാർട്ടികളുടെയും പ്രതികരണം തികച്ചും സൗമ്യമായിട്ടാണെന്നുള്ളതാണ് ഇവരുടെ രഹസ്യ ബാന്ധവം നേതൃതലത്തിലുള്ളതാണെന്ന് സംശയിക്കാൻ കാരണം.

പഞ്ചായത്തിൽ ആകെയുള്ള 14 വാർഡുകളിൽ എൽഡിഎഫ്-ആറ്, കോൺഗ്രസ്-നാല്, ബിജെപി-നാല് എന്നിങ്ങനെയാണ് കക്ഷിനില. ഒരു മുന്നണിക്കും ഒറ്റയ്ക്ക് ഭരിക്കാൻ കഴിയാത്ത അവസ്ഥയിൽ എൽഡിഎഫിലെ കടമ്മനിട്ട കരുണാകരൻ, ജിനി ജോസ് എന്നിവർ യഥാക്രമം പ്രസിഡന്റും വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു. ഇവർക്കെതിരേ കോൺഗ്രസും ബിജെപിയും ചേർന്ന് കൊണ്ടുവന്ന അവിശ്വാസപ്രമേയം കഴിഞ്ഞ മാസം 17 ന് ചർച്ച ചെയ്യുകയും ആറിനെതിരേ എട്ടു വോട്ടുകൾക്ക് പാസാകുകയും ചെയ്തു. ഇതേ തുടർന്നാണ് ഇന്നലെ വീണ്ടും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.

മറ്റു രണ്ടു മുന്നണികളുടെയും പിന്തുണ സ്വീകരിക്കരുതെന്നും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കണമെന്നുമാണ് കോൺഗ്രസ് അംഗങ്ങൾക്ക് ഡിസിസി വിപ്പു നൽകിയിരുന്നത്. എൽഡിഎഫ് അംഗങ്ങൾക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് കടമ്മനിട്ട കരുണാകരനും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജിനി ജോസിനും വോട്ട് ചെയ്യാൻ വിപ്പ് നൽകി. ബിജെപിയാകട്ടെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കുന്ന കെജി സുരേഷ്, അമ്പിളി ഹരിദാസ് എന്നിവർക്ക് വോട്ടു ചെയ്യാനും നിർദ്ദേശിച്ചു.

രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ, വിട്ടു നിൽക്കാനുള്ള വിപ്പ് ലംഘിച്ച്  കോൺഗ്രസ് അംഗങ്ങൾ ഹാജരാവുകയും ശ്രീകാന്ത് കളരിക്കലിന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയ്‌മോൻ നിർദ്ദേശിക്കുകയും ജെസി മാത്യു പിന്താങ്ങുകയും ചെയ്തു. ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി കെജി സുരേഷിനെ ജിജിൻ തുണ്ടിയിൽ നിർദ്ദേശിച്ചു. അമ്പിളി ഹരിദാസ് പിന്താങ്ങി. 

എൽഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി കടമ്മനിട്ട കരുണാകരന്റെ പേര് റോസമ്മ രാജൻ നിർദ്ദേശിക്കുകയും അഭിലാഷ് കെ നായർ പിന്താങ്ങുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കോൺഗ്രസിലെ  ശ്രീകാന്ത് കളരിക്കൽ ബിജെപിയുടെ മൂന്ന് അംഗങ്ങളുടേത് ഉൾപ്പെടെ ഏഴു വോട്ട് നേടി പ്രസിഡന്റായി. ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് സ്വന്തം വോട്ട് മാത്രം ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ആറു വോട്ടും കിട്ടി. ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗങ്ങൾ ഹാജരായെങ്കിലും മൽസരിച്ചില്ല. എൽഡിഎഫിന്റെ ജിനി ജോസിന്റെ പേര് ശാരുകുമാർ നിർദ്ദേശിക്കുകയും ഷീബാ കരുണാകരൻ പിന്താങ്ങുകയും ചെയ്തു. ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി അമ്പിളി ഹരിദാസിനെ നിർദ്ദേശിച്ചത് ഇന്ദുവും പിന്താങ്ങിയത് ജിജിനുമാണ്. ബിജെപിയുടെ നാല് അംഗങ്ങളുടെ കൂടി പിന്തുണ കിട്ടിയതോടെ എട്ടു വോട്ട് നേടി അമ്പിളി ഹരിദാസ് വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ആറു വോട്ടും കിട്ടി.

നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ ബിജെപി സഹായത്തോടെ ഭരണത്തിലേറിയ ശ്രീകാന്ത് കളരിക്കലിനെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിർദ്ദേശ പ്രകാരം ആറ് വർഷത്തേക്ക് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു. സംഭവത്തിൽ പങ്കാളികളായ മുഴുവൻ പേർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ബാബു ജോർജ് അറിയിച്ചു. പാർട്ടി വിപ്പ് ലംഘിച്ചവർക്കെതിരെ എന്തായാലും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട അറിയിച്ചു. 

ഇതിനിടെ ബിജെപിയുമായി ചേർന്ന് കോൺഗ്രസ് ഭരണം പങ്കിട്ടതിനെ ചൊല്ലി ഡിസിസിയിൽ പ്രതിഷേധം ഉയർന്നു കഴിഞ്ഞു. ഡിസിസി പ്രസിഡന്റും ഏതാനും ചിലരും ചേർന്ന് മറ്റുള്ളവരെ അറിയിക്കാതെയും കൂടിയാലോചന നടത്താതെയുമെടുക്കുന്ന തീരുമാനങ്ങളുടെ ബാക്കി പത്രമാണ് നാരങ്ങാനം സംഭവമെന്ന ആരോപണവുമായി ഐ വിഭാഗം രംഗത്തുവന്നു. നാരങ്ങാനത്ത് ബിജെപിയുമായി ചേർന്ന് ഭരണം പിടിക്കാനുള്ള നീക്കം മുൻകൂട്ടി കണ്ട് അതിന് തടയിടാനോ, പഞ്ചായത്തംഗങ്ങളെ വിളിച്ചു വരുത്തി ചർച്ച ചെയ്യാനോ ഡിസിസി നേതൃത്വം തയാറായില്ലത്രേ.

പകരം, ഡിസിസി പ്രസിഡന്റ് ബാബു ജോർജ് നാരങ്ങാനത്തിന്റെ ചുമതല  വൈസ് പ്രസിഡന്റ് എ. സുരേഷ്‌കുമാർ, ജനറൽ സെക്രട്ടറി എംഎസ് സിജു എന്നിവർക്ക് നൽകി. ഇവരാകട്ടെ തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന് രാത്രിയാണ് വിപ്പ് നൽകിയതെന്നും ഐ വിഭാഗം ആരോപിക്കുന്നു. ബിജെപിയുമായി ചേർന്ന് ഭരണം പിടിക്കാനുള്ള എല്ലാ വിധ ഒത്താശയും ജില്ലാ നേതൃത്വം ചെയ്തുവെന്നാണ് ആരോപണം. നാരങ്ങാനത്ത് കോൺഗ്രസുമായി ചേർന്ന് ഭരണം പിടിച്ചതിലൂടെ ബിജെപി നടപ്പാക്കിയത് ആർഎസ്എസ് അജണ്ടയാണെന്ന് സൂചന.

കൂടുതൽ പഞ്ചായത്തുകളിൽ അധികാരത്തിലെത്തുന്നതിന് ആരുമായും കൂട്ടുകൂടുകയെന്ന നയമാണ് ആർഎസ്എസ് സ്വീകരിച്ചിരിക്കുന്നത്. ലക്ഷങ്ങളുടെ കുതിരക്കച്ചവടമാണ് നാരങ്ങാനത്ത് നടന്നിരിക്കുന്നത് എന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP