Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിറചിരിയോടെ വി എസ് എത്തി; കുശലാന്വേഷണങ്ങളുമായി പിണറായി വിജയൻ; ഇടതുപക്ഷത്തെ അധികാരത്തിൽ എത്തിക്കാനാണ് ജാഥയെന്ന് പ്രതിപക്ഷ നേതാവ്; നേതാക്കൾ ഒരേ മനസോടെ വേദിയിലെത്തിയപ്പോൾ മനം നിറഞ്ഞ് അണികളും: ലാവലിന്റെ പിരിമുറുക്കത്തിലും നവകേരളാ മാർച്ചിന് ഉജ്ജ്വല തുടക്കം

നിറചിരിയോടെ വി എസ് എത്തി; കുശലാന്വേഷണങ്ങളുമായി പിണറായി വിജയൻ; ഇടതുപക്ഷത്തെ അധികാരത്തിൽ എത്തിക്കാനാണ് ജാഥയെന്ന് പ്രതിപക്ഷ നേതാവ്; നേതാക്കൾ ഒരേ മനസോടെ വേദിയിലെത്തിയപ്പോൾ മനം നിറഞ്ഞ് അണികളും: ലാവലിന്റെ പിരിമുറുക്കത്തിലും നവകേരളാ മാർച്ചിന് ഉജ്ജ്വല തുടക്കം

കാസർകോട്: യുഡിഎഫിൽ നിന്നും അധികാരം തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെ സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ചിന് ലാവലിന് കേസിന്റെ പിരിമുറുക്കത്തിനിടയിലും ആവശോജ്ജ്വലമായ തുടക്കം. പിണറായി വിജയൻ നയിക്കുന്ന ജാഥയ്ക്ക് ആശംസകൾ നേരാൻ പരിഭവങ്ങൾ ഏതുമില്ലാതെ പ്രതിപക്ഷ നേതാവ് എത്തുകയും ഇരുവരും പുഞ്ചിരി തൂകി ആശയ വിനിമയം നടത്തുകയും ചെയ്ത ഉദ്ഘാടന വേദിയിലെ കാഴ്‌ച്ച സിപിഐ(എം) അണികൾക്കും ആവേശമായി. നേതാക്കൾ ഒരേ മനസോടെ അണിനിരന്ന നവകേരളാ മാർച്ചിന് കാസർകോട് ജില്ലയിലെ ഉപ്പളയിലാണ് തുടക്കമായത്.

അഴിമതിക്കും ജനവിരുദ്ധ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരെ പുതിയ കേരള സൃഷ്ടിക്കായുള്ള ആഹ്വാനവുമായാണ് നവകേരളാ മാർച്ചിന് തുടക്കമായിത്. പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ചെങ്കൊടി പിണറായിക്ക് കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മറ്റി അംഗം പി കരുണാകരൻ അധ്യക്ഷനായ ചടങ്ങിൽ മുഖ്യപ്രഭാഷകനായ വി എസ് അച്യുതാനന്ദനായിരുന്നു ശ്രദ്ധാകേന്ദ്രം. ലാവലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സർക്കാർ നല്കിയ ഉപഹർജി സ്വീകരിച്ച വേളയിൽ വിഎസിൽ നിന്നും എന്തെങ്കിലും പരാമർശം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അദ്ദേഹം മൗനം തുടരുകയായിരുന്നു. മാത്രവുമില്ല പിണറായിയുടെ യാത്രയുടെ ഉദ്ദേശം കേരളത്തിൽ സിപിഎമ്മിനെ അധികാരത്തിൽ എത്തിക്കുക തന്നെയാണെന്ന് വി എസ് വ്യക്തമാക്കുകയും ചെയ്തു.

ഇടതു പക്ഷത്തെ അധികാരത്തിലെത്തിക്കാൻ വേണ്ടിയാണ് നവകേരളാ മാർച്ചെന്ന് ചടങ്ങിൽ വി എസ് അച്യുതാനന്ദൻ അഭിപ്രായപ്പെട്ടു. ഭരണമാറ്റം കേരളത്തിൽ നിന്നുതുടങ്ങി രാജ്യമൊട്ടാകെ പടരണമെന്ന് നവകേരള മാർച്ചിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു. പിണറായിയുടെ ജാഥ ഇടതുപക്ഷം അധികാരത്തിലെത്താനുള്ള പശ്ചാത്തലമൊരുക്കും. ലക്ഷങ്ങളെ അണിനിരത്തി ജാഥ വിജയിപ്പിക്കുമെന്നും നവകേരള വി എസ് പറഞ്ഞു. യുഡിഎഫ് സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശബ്ദം ഉയരേണ്ട സമയമാണിതെന്നും ബിജെപിയെയും യുഡിഎഫിനെയും ഒരുപോലെ വിമർശിച്ചു കൊണ്ടായിരുന്നു വിഎസിന്റെ പ്രസംഗം. എന്നാൽ ലാവ്‌ലിൻ കേസ് വിഷയം വി എസ് പ്രസംഗത്തിൽ പരാമർശിച്ചില്ല.

അതേസമയം സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ലാവലിൻ കേസിനെ കുറിച്ച് പ്രസംഗത്തിൽ വ്യക്താക്കി. ഇടതുപക്ഷത്തെ തകർക്കാനാവില്ലെന്ന് മനസിലാക്കിയ ഉന്മൻ ചാണ്ടി അവസാനമെടുത്ത പൂഴിക്കടകനാണ് ലാവലിൻ കേസെന്ന് കോടിയേരി പറഞ്ഞു. സിപിഐ(എം) മുന്നോട്ട് വച്ച വികസന അജണ്ട ചർച്ചയാകാതിരിക്കാൻ ഉമ്മൻ ചാണ്ടിയും ബിജെപിയും ചേർന്നുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.

നവകേരള ജാഥയുടെ ചർച്ച ലാവലനിലേക്ക് മാറ്റാനാണ് ശ്രമം. ആ കെണിയിൽ സി.പിഎം വീഴില്ല. ജാഥയിൽ അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സിപിഐ(എം) ആഗ്രഹിക്കുന്നില്ലെന്നും അതെല്ലാം കേരളത്തിലെ ജനങ്ങൾ കണ്ടു കഴിഞ്ഞതാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. ആർഎസ്.സിന്റെ വർഗീയത വളർത്താനുള്ള ശ്രമങ്ങളെ തകർക്കാൻ യുഡിഎഫിനെക്കൊണ്ടാവില്ലെന്നും ആർ.എസ്എസിന്റെ അജണ്ടയ്ക്ക് മുന്നിൽ അവർ വിറങ്ങലിച്ച് നിൽക്കുകയാണെന്നും കോടിയേരി ആരോപിച്ചു. അതേസമയം എല്ലാ മതനിരപേക്ഷ കക്ഷികളുടെയും പിന്തുണ നവകേരള യാത്രയ്ക്ക് വേണമെന്ന് പിണറായി വിജയൻ ചുരുങ്ങിയ വാക്കുകളിൽ രേഖപ്പെടുത്തി. വർഗീയയെ ചെറുക്കാൻ സിപിഎമ്മിനേ സാധിക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണം കേരള വികസനത്തെ പിന്നോട്ടടിച്ചിരിക്കുകയാണെന്ന് ജാഥ ഉദ്ഘാടനം ചെയ്ത പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ലാഭത്തിൽ പ്രവർത്തിച്ചിരുന്ന പൊതുമേഖല സ്ഥാപനങ്ങൾ ഇന്ന് തകർച്ചയുടെ വക്കിലാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

കേരളത്തിന്റെ അഞ്ച് വർഷത്തെ യുഡിഎഫ് ഭരണം കേരള വികസനത്തെ പിന്നോട്ടടിച്ചിരിക്കുകയാണ്. റബർവില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഏലം, കാപ്പി, തുടങ്ങിയ വിളകളുടെ വിലയിടവിൽ കർഷകൻ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാർ കാലത്ത് ലാഭത്തിലായിരുന്ന പൊതുമേഖല സ്ഥാപനങ്ങൾ ഇന്ന് വൻ തകർച്ചയുടെ വക്കിലാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ ജനജീവിതം ദുസഹമായിരിക്കുകയാണെന്നും കാരാട്ട് പറഞ്ഞു.

കേരളം കണ്ട ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്ന യുഡിഎഫ് സർക്കാർ. ബാർകോഴ,സോളാർ തുടങ്ങി അടിമുടി അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ് മന്ത്രിമാരും സർക്കാരും. എവിടെ അഴിമതിയുണ്ടോ അവിടെ വികസനം തടസ്സപെടും. നവകേരള മാർച്ചിലൂടെ അഴിമതിരഹിത കേരളമാണ് സിപിഐ എം പ്രധാനമായും മുന്നോട്ട് വയ്ക്കുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

യുഡിഎഫ് സർക്കാരിന്റെ വിജയത്തെ കുറിച്ച് ജനങ്ങളോട് പറയാനാണ് കെപിസിസി പ്രസിഡന്റ് ജനരക്ഷാ മാർച്ച് എന്ന പേരിൽ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ അത്് ജനരക്ഷാ മാർച്ചല്ല അഴിമതി രക്ഷാമാർച്ചാണ്. അഴിമതി നടത്തിയ മന്ത്രിമാരെ രക്ഷിക്കാനാണ് ഈ മാർച്ച്. ബാർ കോഴ കേസിൽ പ്രതിയായ മുൻ ധനമന്ത്രി കെ എം മാണിയെ വിജിലൻസിനെ ഉപയോഗിച്ച് ഇത്തരത്തിൽ രക്ഷിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. ഭാവിയിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ വരുന്ന ഒരു സർക്കാരിന് മാത്രമേ അഴിമതി രഹിത ഭരണം കേരളത്തിൽ കാഴ്‌ച്ചവെക്കാൻ സാധിക്കൂവെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.

ഡൽഹിയിലെ കേന്ദ്രഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് കേരളത്തിൽ വേരുറപ്പിക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. കേരളത്തിലെ മതസൗഹാർദ്ദ അന്തരീക്ഷത്തെ ചില ജാതി സംഘടനകളുമായി കൂട്ടുകൂടി തകർക്കാനാണ് ഇവരുടെ ശ്രമം. ആർഎസ്എസിന്റെ അജണ്ടയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ നടപ്പിലാക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയാണ് ഗോവധം എന്ന പ്രചരണായുധം. ഭീകരവാദത്തെ ചെറുക്കാനാകുന്ന ഏക സംവിധാനം തങ്ങളാണെന്നാണ് ബിജെപി നേതൃത്വത്തിന്റെ വാദം. എന്നാൽ ഇതിന് ലഭിച്ച കനത്ത തിരിച്ചടിയാണ് പത്താൻകോട്ട് വ്യോമസേന താവളത്തിൽ നടന്ന ഭീകരാക്രമണമെന്നും കാരാട്ട് പറഞ്ഞു.

'മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിത കേരളം' എന്ന മുദ്രാവാക്യം ഉയർത്തുന്ന മാർച്ച് ഫെബ്രുവരി 14 വരെ സംസ്ഥാനമാകെ പ്രയാണം നടത്തും. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എം വി ഗോവിന്ദൻ, കെ ജെ തോമസ്, എംപിമാരായ എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത്, സംസ്ഥാനകമ്മിറ്റി അംഗം പികെ സൈനബ, ഡോ. കെ ടി ജലീൽ എംഎൽഎ എന്നിവരാണ് മാർച്ചിലെ സ്ഥിരാംഗങ്ങൾ. നാളെ രാവിലെ കാസർകോട്ടുനിന്ന് ആരംഭിക്കുന്ന മാർച്ചിന് പത്തിന് ചട്ടഞ്ചാലിലും പകൽ മൂന്നിന് കാഞ്ഞങ്ങാട്ടും വൈകിട്ട് നാലിന് കാലിക്കടവിലും സ്വീകരണം നൽകും. അഞ്ചിന് പയ്യന്നൂരിൽ സമാപിക്കും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലൂടെയും നവകേരളാ മാർച്ച് കടന്നുപോകും. മാർച്ച് കടന്നുപോകുന്ന സ്ഥലങ്ങളിലെ പ്രമുഖരുമായി കൂടിക്കാഴ്‌ച്ചയും നിശ്ചയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP