Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യോഗം വിളക്കരുതെന്ന് പൊതുഭരണ ചട്ടം; യോഗം വിളിച്ചില്ലെങ്കിൽ പ്രോസിക്യൂട്ട് ചെയ്യുമെന്ന് കമ്പനി നിയമം; നിയമം ലംഘിച്ചു 'മന്ത്രിയായ' പിള്ളക്ക് ഏറെ വൈകാതെ വീട്ടിൽ ഇരിക്കേണ്ടി വരും

യോഗം വിളക്കരുതെന്ന് പൊതുഭരണ ചട്ടം; യോഗം വിളിച്ചില്ലെങ്കിൽ പ്രോസിക്യൂട്ട് ചെയ്യുമെന്ന് കമ്പനി നിയമം; നിയമം ലംഘിച്ചു 'മന്ത്രിയായ' പിള്ളക്ക് ഏറെ വൈകാതെ വീട്ടിൽ ഇരിക്കേണ്ടി വരും

തിരുവനന്തപുരം: മകനെ പോലെ അച്ഛനും പണി പോവും. അച്ഛന് പണി പോയാൽ അത് മകൻ തുണയാകുമോ? എല്ലാമിനി യുഡിഎഫിന്റെ കൈയിൽ. തന്ത്രപരമായി എന്തും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് പുതി വെല്ലുവിളിയാണ് ബാലകൃഷ്ണ പിള്ളയും കെ.ബി ഗണേശ് കുമാറും ഉയർത്താൻ പോകുന്നത്. നിയമസഭയിലെ അംഗബലത്തിൽ ഭീഷണിയില്ല. പക്ഷേ കേരളാ കോൺഗ്രസ് മാണി വിഭാഗം അസ്വാരസ്യങ്ങൾ കാട്ടുന്നതിനാൽ പിള്ളയേയും ഗണേശിനേയും കൈവിടാൻ മുഖ്യമന്ത്രിക്ക് കഴിയുകയുമില്ല. 

പക്ഷേ നിയമം കടുകട്ടിയാണ്. അഴിമതിക്കേസിൽ ശിക്ഷിച്ച ജയലളിത മുഖ്യമന്ത്രി സ്ഥാനവും നഷ്ടമായി ജയിലിലാണ്. ബാലകൃഷ്ണ പിള്ളയ്ക്കും പുറത്താണെങ്കിലും ക്യാബിനറ്റ് പദവിക്ക് അർഹതയില്ലെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. അതിനാൽ അധികം വൈകാതെ പിള്ളയ്ക്ക് പണി നഷ്ടമാകും. 

പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദന്റെ നിയമപോരാട്ടത്തിനൊടുവിൽ ബാലകൃഷ്ണ പിള്ള ജയിലിലായി. എന്നാൽ രണ്ട് അംഗങ്ങളുടെ മാത്രം പിന്തുണയുണ്ടായിരുന്ന ഉമ്മൻ ചാണ്ടി സർക്കാരിന് അന്ന് പിള്ളയെ കൈവിടാൻ കഴിയുമായിരുന്നില്ല. നിയമപരമായി തന്നെ തടവ് ശിക്ഷ കുറച്ച് പിള്ളയെ പുറത്തിറക്കി. ഇതോടെ മന്ത്രി ഗണേശും പിള്ളയും തർക്കവും തുടങ്ങി. ഗണേശിന് കുടുംബപ്രശ്‌നങ്ങൾ കാരണം മന്ത്രി സ്ഥാനം പോയി. ഇതിനിടെയിൽ പിള്ളയെ മുന്നോക്ക് കോർപ്പറേഷന്റെ ചെയർമാൻ പദവിയിൽ ക്യാബിനറ്റ് റാങ്കോടെ എത്തിച്ചു. 

കുടുംബക്കേസെല്ലാം തീർന്നു. ഗണേശിന് മന്ത്രി സഭയിലെത്തണം. ഇതിന് കോൺഗ്രസിലെ ഐ വിഭാഗം എതിരുമാണ്. യു.ഡി.എഫിലെ ചെറുപാർട്ടിയായ കേരളാ കോൺഗ്രസ് ബിക്ക് പിള്ളയുടെ മുന്നോക്ക കോർപ്പറേഷൻ സ്ഥാനം ക്യാബിനറ്റ് പദവിയായി കാണാമെന്ന് ഐ ഗ്രൂപ്പ് പറയുന്നു. ഗണേശിനെ മന്ത്രിസഭയിൽ കൊണ്ടുവരാനുള്ള ഉമ്മൻ ചാണ്ടിയുടെ നീക്കത്തെ അവർ പ്രതിരോധിക്കുകയും ചെയ്തു. ഇതിനിടെയിലാണ് പുതിയ പ്രശ്‌നമെത്തുന്നത്. ആർ.ബാലകൃഷ്ണപിള്ളയുടെ കാബിനറ്റ് റാങ്കോടുകൂടിയുള്ള മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം നിയമപരമായി നഷ്ടമാകുമെന്നാണ് സൂചന. 

മന്ത്രിപദവിയോടെ ചെയർമാൻസ്ഥാനത്തുതുടരാൻ നിയമപരമായി പിള്ളയ്ക്ക് അർഹതയില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജിയുമുണ്ട്. അഴിമതിക്കേസിൽ ശിക്ഷിക്കെപ്പെട്ട ആൾക്ക് കാബിനറ്റ് റാങ്കുള്ള അധികാര സ്ഥാനങ്ങളിൽ തുടരാൻ പാടില്ലെന്നാണ് വ്യവസ്ഥ. എന്നാൽ കമ്പനി നിയമപ്രകാരം രൂപീകരിച്ച കോർപ്പറേഷനിൽ ഡയറക്ടർ ബോർഡ് യോഗം ചേർന്നേ മതിയാകൂ. ഒരു വർഷം കുറഞ്ഞത് നാല് തവണയെങ്കിലും ചേരണം. ഇതിന് നേതൃത്വം നൽകേണ്ടത് അധ്യക്ഷനാണ്. നിയപരമായ പ്രശ്‌നങ്ങളുടെ പേരിൽ ചെയർമാൻ പദവിയിലിരുന്നുകൊണ്ട് പിള്ള മുന്നോക്ക കോർപറേഷന്റെ ഡയറക്ടർ ബോർഡ് യോഗം വിളിച്ചുചേർക്കാനോ അതിൽ അധ്യക്ഷതവഹിക്കാനോ പാടില്ലെന്നു കാട്ടി പൊതുഭരണ (ഏകോപനം) സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഉത്തരവിറക്കിയിട്ടുണ്ട്. 

ഇത് ലംഘിച്ച് ഡയറക്ടർ ബോർഡ് യോഗം വിളിച്ചിരിക്കുകയാണ് പിള്ള. ഈ മാസം 19ന് ചേരുന്ന യോഗത്തിൽ സർക്കാർ സെക്രട്ടറിമാരായ ജ്യോതിലാലും വി എം ഗോപാലമോനോനും പങ്കെടുക്കാൻ ഇടയില്ല. നിയപരമായ പ്രശ്‌നങ്ങളുടെ പേരിൽ ചെയർമാൻ പദവിയിലിരുന്നുകൊണ്ട് പിള്ള മുന്നോക്ക കോർപറേഷന്റെ ഡയറക്ടർ ബോർഡ് യോഗം വിളിച്ചുചേർക്കാനോ അതിൽ അധ്യക്ഷതവഹിക്കാനോ പാടില്ലെന്ന സർക്കുലർ കണക്കിലെടുത്താണ് ഇത്. ബോർഡ് യോഗത്തിൽ അധ്യക്ഷതവഹിക്കാൻ സർക്കാർ അയോഗ്യനാക്കിയ വ്യക്തിയെ അനുവദിച്ചാൽ അത് നിയമപ്രശ്‌നങ്ങൾ സജീവമാക്കും. 

19ന് പിള്ള ഡയറക്ടർ ബോർഡ് യോഗത്തിൽ അധ്യക്ഷതവഹിച്ചാൽ അത് നിയമലംഘനമാകും, ചേർക്കാതിരുന്നാൽ അത് കമ്പനിച്ചട്ടങ്ങൾക്കു വിരുദ്ധവും. ചെയർമാൻ സ്ഥാനത്ത് പിള്ള അയോഗ്യനാണെന്ന് സർക്കാരിനും അറിയാം. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പിള്ളയെ പിണക്കാനും കഴിയില്ല. ഗണേശ് കുമാറിനെ മന്ത്രിയാക്കാൻ തടസ്സങ്ങളുമുണ്ട്. എല്ലാം കൊണ്ട് മുന്നോക്ക കോർപ്പറേഷനിലെ പിള്ളയുടെ ക്യാബിനറ്റ് പദവിയോടെയുള്ള ചെയർമാൻ പദവി യു.ഡി.എഫിന് ഊരാകുടുക്കാവുകയാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP