Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാന്തപുരവും വെള്ളാപ്പള്ളിയുടെ പാതയിലോ? സ്ത്രീകളെ ഒഴിവാക്കി രൂപീകരിക്കുന്ന പുതിയ സംഘടനയുടെ പ്രഖ്യാപനം മറ്റന്നാൾ മലപ്പുറത്ത്; കേരളാ മുസ്ലിം ജമാഅത്ത് രൂപീകരണത്തിന്റെ പിന്നിൽ രാഷ്ട്രീയ ലക്ഷ്യം തന്നെ

കാന്തപുരവും വെള്ളാപ്പള്ളിയുടെ പാതയിലോ? സ്ത്രീകളെ ഒഴിവാക്കി രൂപീകരിക്കുന്ന പുതിയ സംഘടനയുടെ പ്രഖ്യാപനം മറ്റന്നാൾ മലപ്പുറത്ത്; കേരളാ മുസ്ലിം ജമാഅത്ത് രൂപീകരണത്തിന്റെ പിന്നിൽ രാഷ്ട്രീയ ലക്ഷ്യം തന്നെ

കോഴിക്കോട്: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രാഷ്ട്രീയ പാർട്ടി രൂപവൽക്കരിക്കുന്നുവെന്ന ചർച്ചകൾ സജീവമാകുന്നതിനിടെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും പുതിയ സംഘടനയ്ക്കു രൂപം നൽകുന്നു. കേരള മുസ്ലിം ജമാ അത്ത് എന്നു പേരിട്ട സംഘടന രാഷ്ട്രീയ ലക്ഷ്യം മുന്നിൽ കണ്ടാണെന്ന ആരോപണം ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്.

കേരളാ മുസ്ലിം ജമാ അത്ത് എന്ന പുതിയ സംഘടനയുടെ പ്രഖ്യാപനം മറ്റന്നാൾ മലപ്പുറത്തുണ്ടാകും. മുസ്ലിം സമൂഹത്തിന്റെ അജണ്ടകൾ കൈകാര്യം ചെയ്യുന്ന പൊതുവേദിയെന്ന നിലയിലാണ് കേരളാ മുസ്ലിം ജമാ അത്ത് എന്ന പേരിൽ പുതിയ സംഘടനക്ക് രൂപം നൽകുന്നതെന്നാണു വിവരം.

കേരള മുസ്ലിം ജമാ അത്തിനും കാന്തപുരം സുന്നി വിഭാഗത്തിന്റെ അതേ ഘടനയായിരിക്കും. അതുകൊണ്ട് തന്നെ സ്ത്രീകൾക്ക് അംഗത്വം നൽകേണ്ടെന്നാണ് തീരുമാനം എടുത്തിരിക്കുന്നത്.

മുസ്ലിം മത, രാഷ്ട്രീയ സംഘടനകളിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം ഉള്ളപ്പോഴാണ് വ്യത്യസ്ത നിലപാടുകളുമായി കാന്തപുരത്തിന്റെ സംഘടന എത്തുന്നത്. അതേസമയം, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സംഘടനയുടെ രൂപീകരണമെങ്കിൽ ഇക്കാര്യം തങ്ങളെ ഏതു രീതിയിൽ ബാധിക്കുമെന്ന ആശങ്കയിലാണ് എൽഡിഎഫ്, യുഡിഎഫ് നേതാക്കൾ. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സമയത്തു തന്നെയാണ് കാന്തപുരവും പുതിയ സംഘടനയുമായി രംഗത്തെത്തുന്നത്.

തൊഴിലാളികൾ, കർഷകർ, സർക്കാർ ഉദ്യോഗസ്ഥർ, അന്യസംസ്ഥാന തൊഴിലാളികൾ, ഐടി പ്രൊഫഷണലുകൾ തുടങ്ങിയവരുടെ പോഷക ഘടകങ്ങൾ ഇതിനകം രൂപീകരിക്കുകയും ചെയ്തു.

മുമ്പും കാന്തപുരത്തിന്റെ നിലപാടുകൾ കടുത്ത എതിർപ്പുകൾക്ക് ഇടയാക്കിയിട്ടുണ്ട്. എപി സുന്നികൾക്കൊപ്പം മറ്റ് മുസ്ലിം സംഘടനകളുടെ പിന്തുണയും കാന്തപുരം തേടുന്നുണ്ട്. സംഘടനക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, തെരഞ്ഞെടുപ്പുകൾ അടുത്തു വരുന്ന സാഹചര്യത്തിൽ സമ്മർദ്ദശക്തിയാകാൻ തന്നെയാണ് നീക്കം.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ലീഗുമായി കാന്തപുരം വിഭാഗം ഇടഞ്ഞു നിൽക്കുകയാണ്. ഇകെ സുന്നി വിഭാഗം ലീഗിനെ നിയന്ത്രിക്കുന്നുവെന്നാണ് കാന്തപുരം വിഭാഗം ഉന്നയിക്കുന്ന ആക്ഷേപം.
മാത്രമല്ല ഇടതുമുന്നണിയുമായി ഈ തെരഞ്ഞെടുപ്പിൽ എ പി സുന്നികൾ സഹകരിച്ചേക്കുമെന്ന പ്രചരണവും ഇതിനോടകം ഉണ്ടായിട്ടുണ്ട്. ഇടത് എംഎൽഎമാരായ പിടിഎ റഹീമും, കെ ടി ജലീലും കാന്തപുരവുമായി അനൗദ്യോഗിക ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ സംഘടനയുമായി കാന്തപുരത്തിന്റെ രംഗപ്രവേശം. എന്നാൽ തിരുകേശ വിവാദത്തിൽ പിണറായി വിജയനുമായി ഇടഞ്ഞു നിന്നിരുന്ന കാന്തപുരം ഏതുതരത്തിലാകും നിലപാടു സ്വീകരിക്കുമെന്നത് മറ്റന്നാൾ പുതിയ സംഘടന രൂപീകരണത്തോടെ വ്യക്തമാകുമെന്നാണു പ്രതീക്ഷ.

വെൽഫെയർ പാർട്ടി പോലെ ഒരു സാമുദായിക പാർട്ടി രൂപീകരിക്കാനാണ് കാന്തപുരം ലക്ഷ്യമിടുന്നതെന്നാണു സൂചന. ലീഗിന് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നതാണ് കാന്തപുരത്തിന്റെ തീരുമാനം. എന്നാൽ, പുതിയ പാർട്ടി ലീഗിന് ഒരുതരത്തിലും വെല്ലുവിളിയാകില്ലെന്ന നിലപാടിലാണ് ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ്. ഇത്തരം മതാധിഷ്ഠിത പാർട്ടികൾക്ക് സമുദായം ഇടം നൽകില്ലെന്നാണ് മുസ്ലിം ലീഗ് നേതാവു പറയുന്നത്.

കേരളത്തിലെ സുന്നി വിഭാഗത്തിന്റെ ആധികാരിക സംഘടനയായ സമസ്തയിൽനിന്ന് രാഷ്ട്രീയ പാർട്ടിയോട് അടുപ്പം കാണിക്കുന്നുവെന്ന് ആക്ഷേപിച്ചാണ് കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ ബന്ധം വിച്ഛേദിച്ചത്. തുടർന്ന് രൂപീകരിച്ച എപി വിഭാഗം സമസ്ത സ്ഥലവും കാലവും നോക്കി ഓരോ രാഷ്ട്രീയ പാർട്ടികളെ പിന്തുണച്ചുപോന്നു. രാഷ്ട്രീയ പ്രവർത്തനം എന്നും മതവിരുദ്ധമായിക്കണ്ടിരുന്ന കാന്തപുരത്തിന്റെപുതിയ ബഹുജന രാഷ്ട്രീയ പാർട്ടി കേരളത്തിലെ സുന്നികൾ ഞെട്ടലോടെയാണ് കാണുന്നത്. ഇത്തരം ശ്രമങ്ങൾ കേരളത്തിൽ വിജയിക്കില്ലെന്നും കെ പി എ മജീദ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP