Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'കിണറ്റിൽ ചാടലും' സോഷ്യൽ മീഡിയയിലെ അമിതാവേശവും തിരച്ചടിയായി; ചെക്ക് കേസുകളും തോൽവിക്ക കാരണമായി; പ്രാദേശിക നേതൃത്വത്തിന്റെ അതൃപ്തിയും വില്ലനായി; അഴിക്കോട് നികേഷ് കുമാറിന്റെ തോൽവിയിൽ സിപിഐ(എം) കണ്ടെത്തെലുകൾ ഇങ്ങനെ

'കിണറ്റിൽ ചാടലും' സോഷ്യൽ മീഡിയയിലെ അമിതാവേശവും തിരച്ചടിയായി; ചെക്ക് കേസുകളും തോൽവിക്ക കാരണമായി; പ്രാദേശിക നേതൃത്വത്തിന്റെ അതൃപ്തിയും വില്ലനായി; അഴിക്കോട് നികേഷ് കുമാറിന്റെ തോൽവിയിൽ സിപിഐ(എം) കണ്ടെത്തെലുകൾ ഇങ്ങനെ

കെവി നിരഞ്ജൻ

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെയുണ്ടായ ഇടതുതരംഗത്തിനിടയിലും തങ്ങൾ ഉറപ്പിച്ച കണ്ണൂരിലെ അഴീക്കോട് സീറ്റ് നഷ്ടമായത് സിപിഎമ്മിൽ വിവാദമാവുന്നു. ഇവിടുത്തെ സ്ഥാനാർത്ഥിയും മാദ്ധ്യമപ്രവർത്തകനുമായ എം വി നികേഷ്‌കുമാറിന്റെ സോഷ്യൽ മീഡിയയിൽ അടക്കമുള്ള പ്രചാരണങ്ങൾ പാളിയെന്നും പ്രാദേശിക നേതൃത്വത്തിനുള്ള അതൃപ്തി തിരിച്ചറിയാനായില്‌ളെന്നുമാണ് പാർട്ടി ഇപ്പോൾ വിലയിരുത്തുന്നത്.തെരഞ്ഞെടുപ്പിനുശേഷം കണ്ണൂർ ജില്ലാകമ്മറ്റി ചേർന്നിട്ടില്ലെങ്കിലും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യത്തിൽ വിശദാംശങ്ങൾ ആരാഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം, പുതിയ മന്ത്രിമാരെ തീരുമാനിക്കാനായി തിരുവനന്തപുരത്ത് ചേർന്ന സിപിഐ.(എം) സംസ്ഥാന സമിതിയിൽ അഴീക്കോട് അടക്കമുള്ള നാലിടങ്ങളിലെ തോൽവി അപ്രതീക്ഷിതമെന്നായിരുന്നു കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. 

സംസ്ഥാനമൊട്ടാകെയുള്ള ഇടതുസ്ഥാനാർത്ഥികൾക്കായി പ്രചാരണം നിശ്ചയിച്ചിരുന്നുത് എൽ.ഡി.എഫിന്റെ സംസ്ഥാന നേതൃത്വവും അതാത് ജില്ലാക്കമ്മറ്റികളും നേരിട്ടായിരുന്നു. കേഡർ പാർട്ടിയായ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ മറികടന്നതും സ്വന്തം നിലയിലുള്ള പ്രചാരണ പരിപാടികളിലൂടെ സോഷ്യൽ മീഡിയയിൽ സജീവമായതും നികേഷിന് തിരിച്ചടിയായി. തുടക്കം മുതൽ ഫേസ്‌ബുക്കിലൂടെ 'ഗുഡ് മോണിങ്ങ് അഴീക്കോട്' എന്നപേരിൽ വ്യത്യസ്തമായ പ്രചാരണം തുടരുകയായിരുന്നു നികേഷ് ചെയ്ത്. ആദ്യഘട്ടത്തിൽ ഇതിന് നല്ല പ്രചാരണം കിട്ടിയെങ്കിലും അവസാന ഘട്ടത്തിൽ നികേഷിന്റെ 'കിണറ്റിൽ ചാടൽ' വീഡിയോ അടക്കമുള്ള യുവജനങ്ങളിലടക്കം വലിയ അവമതിപ്പാണ് ഉണ്ടാക്കിയത്.

എതിർ സ്ഥാനാർത്ഥി കെ.എം ഷാജിയും ലീഗ് പ്രവർത്തകരുമാവട്ടെ ഇവ വലിയ പ്രചാരണ ആയുധമാക്കുകയും ചെയതു. പുതിയ വോട്ടർമാരിൽ നല്ലൊരു വിഭാഗത്തെ സ്വാധീനിക്കാൻ ഈ പ്രചാരണത്തിന് കഴിഞ്ഞുവെന്നാണ് സിപിഐ.എം ഇപ്പോൾ വിലയിരുത്തുന്നത്. നികേഷിന്റെ സഹോദരൻ അടക്കമുള്ള ബന്ധുക്കളെ രംഗത്തിറക്കി ഷാജി നടത്തിയ പ്രചാരണങ്ങൾക്കും കൃത്യമായ മറുപടി നൽകാനായില്ല. കടം കയറി ചാനൽ നഷ്ടത്തിലായപ്പോൾ അവസാനത്തെ അഭയമെന്ന നിലയിലാണ് നികേഷ് രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്ന് ചൂണ്ടിക്കാട്ടുന്ന ലഘുലേഖകളാണ് അവസാനഘട്ടത്തിൽ ലീഗ് പ്രവർത്തകൾ വ്യാപകമായി വിതരണം ചെയ്തത്. നികേഷിനെതിരെയുള്ള ചെക്ക് കേസുകൾ ക്രിമിനൽ കേസുകളാക്കി തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രചാരണം.

എന്നാൽ നികേഷിനുള്ള അമിതമായ ആത്മവിശ്വാസം മൂലം ഇവയെ ഒന്നും അക്കമിട്ട ് ഖണ്ഡിക്കാൻ ഇടതുപക്ഷം ശ്രമിച്ചതുമില്ല. എന്നാൽ ഇവിടെ പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടായിട്ടില്‌ളെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പാർട്ടിവോട്ടുകൾക്ക് പുറമെ നിഷ്പക്ഷരും ചെറുപ്പക്കാരും സ്ത്രീകളും അടക്കമുള്ള വലിയൊരു വിഭാഗത്തെ അനുകൂലമാക്കുകയെന്ന ദൗത്യം വച്ചാണ് ഇവിടെ നികേഷിനെ സ്ഥാനാർത്ഥിയാക്കിയത്.എന്നാൽ സോഷ്യൽ മീഡിയയിലൂടെ പരിഹാസ കഥാപാത്രമായതോടെ ആ മേൽക്കൈ നികേഷിന് നഷ്ടമായെന്നാണ് സിപിഐ.എം നേതാക്കൾ ഇപ്പോൾ രഹസ്യമായി സമ്മതിക്കുന്നത്.

1977ൽ നിലവിൽ വന്നത് മുതൽ രണ്ടുതവണ മാത്രം നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ സിപിഐ.എമ്മിന്റെ പഴയ പടക്കുതിരയും പിന്നീട് എതിരാളിയുമായ എം വി രാഘവന്റെ മകനും മാദ്ധ്യമപ്രവർത്തകനുമായ എം വി നികേഷ്‌കുമാറിനെ പാർട്ടി രംഗത്തിറക്കിയത്.പാർട്ടിയിൽനിന്ന് തെറ്റിപ്പിരിഞ്ഞ് സി.എംപി രൂപവത്കരിച്ചശേഷം 1987ൽ യു.ഡി.എഫ് പിന്തുണയോടെ അഴീക്കോട്ട് മത്സരിച്ച എം വി രാഘവൻ നിലവിൽ സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി. ജയരാജനെ പരാജയപ്പെടുത്തിയാണ് ആദ്യം ഇടതുകോട്ട പിടിച്ചത്. ഇതിനുശേഷം ദീർഘകാലം എൽ.ഡി.എഫ് മേൽക്കൈ നേടിയെങ്കിലും 2011ൽ വയനാടൻ ചുരമിറങ്ങി വന്ന യൂത്ത്‌ലീഗ് നേതാവ് കെ.എം. ഷാജി അഴീക്കോടിനെ പച്ചപ്പട്ടണിയിച്ചു. നേരിയ വോട്ടിന് ഷാജി പിടിച്ചെടുത്ത മണ്ഡലം ഇത്തവണ അനുകൂലമാക്കമെന്നായിരുന്നു സിപിഐ(എം) കണക്കുകൂട്ടൽ.

നികേഷിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകൾ ആരംഭിച്ച ഉടൻതന്നെ പാർട്ടിയിൽ എതിർ അഭിപ്രായങ്ങൾ ഉയർന്നിരുന്നു. കൂത്തുപറമ്പ് വെടിവെപ്പിൽ രക്തസാക്ഷികളായ അഞ്ച് സഖാക്കളോട് പാർട്ടി കാണിക്കുന്ന കടുത്ത അപരാധമാകും ഇതെന്ന് സോഷ്യൽ മീഡിയയിലും ചർച്ച സജീവമായി.എന്നാൽ, ഇതെല്ലാം മറികടന്ന് സിപിഐ(എം) സംസ്ഥാന കമ്മിറ്റി നികേഷ്‌കുമാറിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ ഇരുകൈയും നീട്ടി സ്വീകരിച്ചങ്കെിലും അണികൾക്കിടയിലെ മൗനം നേതൃത്വം കണ്ടതായി നടിച്ചില്ല. ഇതിനുശേഷം നികേഷ്‌കുമാർ പഠനകാലത്ത് കെ.എസ്.യു പാനലിൽ മത്സരിച്ചതുൾപ്പെടെയുള്ള വിവരങ്ങളും എം വി രാഘവനോടുള്ള പാർട്ടി അണികളിലെ പ്രതിഷേധവും പുറത്തുവന്നു.എന്നാൽ, തന്റെ മനസ്സ് എന്നും ഇടതുപക്ഷത്തോടൊപ്പമായിരുന്നുവെന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി തനിക്ക് പൊക്കിൾക്കൊടി ബന്ധമുണ്ടെന്നും പ്രസംഗിച്ച് നികേഷും സിപിഐ.എമ്മും ഇതിനെ മറികടക്കാൻ നടത്തിയ ശ്രമങ്ങൾ വേണ്ടത്ര വിലപ്പോയില്ല.

അതേസമയം, ചില സിപിഐ(എം) അനുഭാവികൾതന്നെ നികേഷിന്റെ പരാജയം കാണാൻ കൊതിക്കുന്നതായി സോഷ്യൽ മീഡിയയിൽ കുറിക്കുകയും ചെയ്തു. പാപ്പിനിശ്ശേരി, അഴീക്കോട് മേഖലകളിൽ നികേഷ്‌കുമാറിന് വോട്ട് കുറഞ്ഞതും ഇതിന്റെ ഭാഗമാണെന്ന് വിലയിരുത്തുന്നു. അവസാന നിമിഷംവരെ അഴീക്കോട് മൂവായിരം വോട്ടിനെങ്കിലും ജയിക്കുമെന്നായിരുന്ന നേതൃത്വം കണക്കുകൂട്ടിയത്. പാർട്ടി ജില്ലാകമ്മറ്റി നൽകിയ ബൂത്തുതല റിപ്പോർട്ടിലും ഈ കണക്കാണുണ്ടായത്. എന്നാൽ പാർട്ടി വോട്ടുകളിൽ ഇടതുപക്ഷത്തിന് ചോർച്ച വന്നിട്ടില്ലെന്ന് സിപിഐ.എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ 'മറുനാടൻ മലയാളിയോട്' പറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയം പാളിയോയെന്ന് ഇപ്പോൾ പറയാൻ കഴിയില്‌ളെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP