Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യനയത്തിൽ പ്രായോഗിക മാറ്റം വരുത്തുന്ന കാര്യത്തിൽ യുഡിഎഫ് യോഗത്തിൽ തീരുമാനമായില്ല; ഗണേശ് കുമാറിനെതിരെ നടപടി; നിയമസഭാ കക്ഷിയോഗത്തിൽ നിന്നു മാറ്റിനിർത്തും

മദ്യനയത്തിൽ പ്രായോഗിക മാറ്റം വരുത്തുന്ന കാര്യത്തിൽ യുഡിഎഫ് യോഗത്തിൽ തീരുമാനമായില്ല; ഗണേശ് കുമാറിനെതിരെ നടപടി; നിയമസഭാ കക്ഷിയോഗത്തിൽ നിന്നു മാറ്റിനിർത്തും

തിരുവനന്തപുരം: മദ്യനയത്തിലെ പ്രായോഗിക തലത്തിൽ മാറ്റം വരുത്തലിനെക്കുറിച്ച് യുഡിഎഫ് യോഗത്തിൽ തീരുമാനമായില്ല. യുഡിഎഫ് യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാദ്ധ്യമങ്ങളെ അറിയിച്ചതാണിക്കാര്യം. കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിർദേശങ്ങൾക്കു വിലകൊടുക്കാതെ തീരുമാനമെടുക്കാനുള്ള ചുമതല മന്ത്രിസഭയ്ക്കു വിടുകയായിരുന്നു. ഗണേശ് കുമാറിനെതിരെ നടപടിയെടുക്കാനും യോഗത്തിൽ തീരുമാനമായി.

നേരത്തെ യോഗത്തിലേക്ക് എക്‌സൈസ് മന്ത്രി കെ ബാബുവിനെ വിളിച്ചുവരുത്തിയിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ യോഗത്തിൽ ചൂടുപിടിച്ചതോടെയാണ് ബാബുവിനെ വിളിച്ചുവരുത്തിയത്. എന്നാൽ, ചർച്ചകൾക്കൊടുവിൽ ഒരു തീരുമാനത്തിലെത്താൻ യുഡിഎഫിനു കഴിയാത്തതോടെയാണ് ഇക്കാര്യം മന്ത്രിസഭയ്ക്കു വിട്ടത്. ബിയർ, വൈൻ പാർലറുകളുടെ കാര്യത്തിലും മന്ത്രിസഭ തന്നെ തീരുമാനമെടുക്കും.

കെപിസിസി പ്രസിഡന്റ് വി എം സുധീരനു കനത്ത തിരിച്ചടി നൽകിയാണ് യുഡിഎഫ് യോഗം അവസാനിച്ചതെന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം അർഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കി. എടുത്ത നയത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും വരുത്തില്ലെന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞെങ്കിലും കൂടുതൽ പഠനം നടത്തി വേണം ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാനെന്ന വി എം സുധീരന്റെ നിർദ്ദേശം കണക്കിലെടുത്തില്ലെന്ന സൂചനയും മുഖ്യമന്ത്രി നൽകി.

പത്തുകൊല്ലത്തിനുള്ളിൽ സമ്പൂർണ മദ്യനിരോധനം എന്ന നയത്തിൽ തന്നെ ഉറച്ചുനിൽക്കുകയാണെങ്കിൽ എന്തിനാണ് ബിയർ, വൈൻ പാർലറുകളുടെ കാര്യത്തിൽ വീണ്ടും ചിന്തിക്കുന്നതെന്ന സംശയവും ഉയരുന്നുണ്ട്.

മദ്യനയത്തിലെ പ്രായോഗികമാറ്റങ്ങളെ എതിർക്കില്ലെന്നു കേരള കോൺഗ്രസ് അറിയിച്ചിരുന്നു. പാർട്ടിയുടെ പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനമെടുത്തത്. നേരത്തെ മുഖ്യമന്ത്രിയുമായി കേരള കോൺഗ്രസ് എംഎൽഎമാർ ചർച്ച നടത്തിയിരുന്നു.

പൊതുമരാമത്തു മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിനെതിരെ പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ച കെ ബി ഗണേശ് കുമാറിനെതിരെ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. നിയമസഭാ കക്ഷിയോഗങ്ങളിൽനിന്നു ഗണേശിനെ മാറ്റി നിർത്താനാണ് യോഗം തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP