Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പന്ന്യൻ രവീന്ദ്രന് സർവതും മടുത്തു; ഇനി എന്തായാലും പാർട്ടി സെക്രട്ടറിയാകാൻ കിട്ടില്ല; തുറന്നു പറച്ചിലുമായി സിപിഐ സെക്രട്ടറി

പന്ന്യൻ രവീന്ദ്രന് സർവതും മടുത്തു; ഇനി എന്തായാലും പാർട്ടി സെക്രട്ടറിയാകാൻ കിട്ടില്ല; തുറന്നു പറച്ചിലുമായി സിപിഐ സെക്രട്ടറി

തിരുവനന്തപുരം: സ്ഥാനാർഥി വിവാദം കത്തിനിൽക്കുന്നതിനിടെ ഇനി സെക്രട്ടറി സ്ഥാനത്തേക്ക് താനില്ലെന്ന വെളിപ്പെടുത്തലുമായി സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് സെക്രട്ടറി സ്ഥാനം മടുത്തതായി പന്ന്യൻ പറഞ്ഞത്. എന്നാൽ ഇപ്പോഴുള്ള വിവാദങ്ങളുടെയും സമ്മർദങ്ങളുടെയും പേരിൽ രാജിവയ്ക്കില്ലെന്നും വരുന്ന സംസ്ഥാന സമ്മേളനത്തിലാകും സ്ഥാനമൊഴിയുകയെന്നും പന്ന്യൻ പറഞ്ഞു. അടുത്ത വർഷം മാർച്ചിലാണ് സിപിഐ സംസ്ഥാന സമ്മേളനം.

കുറ്റം ചെയ്തവരെ പാർട്ടി സംരക്ഷിക്കില്ലെന്ന് പന്ന്യൻ പറഞ്ഞു. പിഴച്ചവരെ കൊണ്ടുനടക്കേണ്ട ബാധ്യത പാർട്ടിക്കില്ല. ചുരുങ്ങിയ കാലം കൊണ്ട് ചെയ്യാവുന്ന ശുദ്ധീകരണ പ്രക്രിയകൾ നടത്തും. സംസ്ഥാന കൗൺസിൽ തീരുമാനം സി ദിവാകരനും ബാധകമാണ്. ജില്ലാകൗൺസിലിന്റെ വികാരം സംസ്ഥാന നേതൃത്വത്തിൽ നിന്നും മറച്ചുവച്ചതിനാണ് ദിവാകരൻ ഉൾപ്പെടെ മൂന്ന് നേതാക്കൾക്കെതിരെ നടപടിയെടുത്തതെന്നും പന്ന്യൻ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബെനറ്റ് എബ്രഹാമിനെ സ്ഥാനാർഥിയാക്കിയതുമായി ബന്ധപ്പെട്ടാണ് സിപിഐയിൽ വൻ വിവാദം ഉയർന്നത്. ബെനറ്റിന്റേത് പേയ്‌മെന്റ് സീറ്റായിരുന്നുവെന്നാണ് ആരോപണം. സ്ഥാനാർഥിത്വത്തിനായി ഒരുകോടി രൂപ ബെനറ്റ് കൈമാറിയിരുന്നെന്നും ജില്ലാ നേതൃത്വത്തിന്റെ വാക്കുകൾക്ക് വിലനൽകാതെയാണ് സ്ഥാനാർഥിയെ തീരുമാനിച്ചതെന്നും ആരോപണങ്ങൾ ഉയർന്നു. തുടർന്ന് സിപിഐ നിയോഗിച്ച അന്വേഷണ കമ്മീഷൻ ആരോപണവിധേയരായ നേതാക്കൾക്കെതിരെ നടപടിയെടുത്തു.

സി ദിവാകരൻ, പി രാമചന്ദ്രൻനായർ, വെഞ്ഞാറമൂട് ശശി എന്നിവർക്കെതിരെയയിരുന്നു നടപടി. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന വെഞ്ഞാറമൂട് ശശി സ്ഥാനം നഷ്ടമായതിനെത്തുടർന്ന് സിപിഐ വിട്ട് ആർഎസ്പിയിലേക്ക് ചേക്കേറുകയും ചെയ്തു. സംസ്ഥാന കൗൺസിൽ യോഗത്തിലുൾപ്പെടെ പന്ന്യൻ രവീന്ദ്രനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്മേൽ നടപടികൾ സ്വീകരിച്ചതിനു പിന്നാലെ പന്ന്യൻ രവീന്ദ്രൻ അവധിയെടുത്തതായി വാർത്തകൾ പുറത്തുവന്നു. കേന്ദ്രനേതൃത്വം ഇക്കാര്യം ആദ്യം സ്ഥിരീകരിച്ചെങ്കിലും പിന്നീട് തിരുത്തി. ആരോഗ്യപരമായ കാരണങ്ങളാൽ കേന്ദ്രകമ്മിറ്റിയിൽ പങ്കെടുക്കുന്നതിൽ നിന്ന് മാത്രമാണ് പന്ന്യൻ അവധിയെടുത്തതെന്ന് പിന്നീട് ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി പറഞ്ഞു.

സി കെ ചന്ദ്രപ്പനുശേഷം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടായപ്പോഴാണ് ഒത്തുതീർപ്പ് സ്ഥാനാർഥിയെന്ന നിലയിൽ പന്ന്യൻ രവീന്ദ്രന് നറുക്കുവീണത്. എന്തായാലും അടുത്ത കാലത്ത് പാർട്ടിയിൽ അരങ്ങേറിയ സംഭവങ്ങൾ പന്ന്യന്റെ സെക്രട്ടറി സ്ഥാനത്തിന് തന്നെ ഭീഷണിയുയർത്തിയിരുന്നു. ഇതിനിടെയാണ് വരുന്ന സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് പന്ന്യൻ രവീന്ദ്രൻ വെളിപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP