Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആന്റണിയുടെ മധ്യസ്ഥത ഫലിച്ചില്ല; സുധീരനും ഉമ്മൻ ചാണ്ടിയും യുദ്ധത്തിന് തന്നെ; പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ല; മദ്യനയത്തിൽ ഹൈക്കമാണ്ടിനെ സുധീരൻ അതൃപ്തിയും അറിയിച്ചു; കെപിസിസി പ്രസിഡന്റിനെ കടന്നാക്രമിക്കാൻ എ ഗ്രൂപ്പ്; കോൺഗ്രസിൽ ഇനി കലാപകാലം

ആന്റണിയുടെ മധ്യസ്ഥത ഫലിച്ചില്ല; സുധീരനും ഉമ്മൻ ചാണ്ടിയും യുദ്ധത്തിന് തന്നെ; പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ല; മദ്യനയത്തിൽ ഹൈക്കമാണ്ടിനെ സുധീരൻ അതൃപ്തിയും അറിയിച്ചു; കെപിസിസി പ്രസിഡന്റിനെ കടന്നാക്രമിക്കാൻ എ ഗ്രൂപ്പ്; കോൺഗ്രസിൽ ഇനി കലാപകാലം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എകെ ആന്റണിയുടെ ഒത്തുതീർപ്പ് ശ്രമങ്ങൾ ഫലിച്ചില്ല. കോൺഗ്രസിൽ മദ്യനയത്തിലൂന്നിയുള്ള പരസ്യപ്രസ്താവനകളും ഏറ്റുമുട്ടലും തുടരും. സുധീരനെ കടന്നാക്രമിക്കാൻ എ, ഐ ഗ്രൂപ്പുകളും സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ സുധീരനെ പരസ്യ പ്രസ്താവനകൾ തുടരും. ഹൈക്കമാണ്ടിന്റെ നേരിട്ടുള്ള ഇടപെടൽ മാത്രമാണ് ഇനിയുള്ള പ്രതീക്ഷ. അതുടൻ ഉണ്ടാകുമെന്ന് എകെആന്റണി ബന്ധപ്പെട്ടവരെ അറിയിച്ചു കഴിഞ്ഞു. സുധീരനെതിരെ ആഞ്ഞടിച്ച് പരസ്യ പ്രസ്താവന തുടരാനാണ് എ ഗ്രൂപ്പിന്റെ തീരുമാനം. ഇതിന് ഐ ഗ്രൂപ്പ് പരോക്ഷ പിന്തുണയും നൽകും.

അതിനിടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്ന് സുധീരൻ വ്യക്തമാക്കി കഴിഞ്ഞു. സർക്കാരിനേയോ കോൺഗ്രസിനേയോ ദുർബ്ബലമാക്കുകയല്ല ലക്ഷ്യം. ജനവികാരമാണ് താൻ പ്രകടിപ്പിക്കുന്നതെന്നും സുധീരൻ വിശദീകരിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ് താനും പ്രകടിപ്പിക്കുന്നതെന്ന് സുധീരൻ പറയുന്നു. അതിനിടെ മദ്യനയത്തിൽ മാറ്റം വരുത്തിയ സംസ്ഥാന സർക്കാർ നടപടിയിലുള്ള അതൃപ്തി കോൺഗ്രസ് ഹൈക്കമാൻഡിനെ സുധീരൻ അറിയിച്ചു. വാക്കാലാണ് അതൃപ്തി അറിയിച്ചത്. മദ്യനയത്തിൽ വരുത്തിയ പൊളിച്ചെഴുത്ത് ജനങ്ങളിൽ സംശയത്തിന് വഴിവെക്കുമെന്നാണ് സുധീരൻ ചൂണ്ടിക്കാട്ടുന്നത്.

സുധീരന്റെ പരസ്യ പ്രസ്താവന സർക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നും പ്രശ്‌നത്തിൽ ഹൈക്കമാൻണ്ട് ഉടൻ ഇടപെടണമെന്നും ആവശ്യപെട്ട് എ,ഐ ഗ്രൂപ്പുകളും ഹൈക്കമാൻണ്ടിനെ സമീപിക്കും. സുധീരനെതിരെ ഹൈക്കമാൻണ്ടിൽ പരാതി നൽകാനും ഗ്രൂപ്പുകളിൽ രഹസ്യധാരണയായിട്ടുണ്ട്. എന്നാൽ വിശാല എക്‌സിക്യൂട്ടീവ് വിളിച്ച് ഗ്രൂപ്പുകളുടെ സമ്മർദ്ദതന്ത്രത്തെ അതിജീവിക്കാനാണ് സുധീര പക്ഷത്തുള്ളവരുടെ തന്ത്രം. ബാറുകൾ തുറക്കുന്നതിൽ സർക്കാർ പ്രഖ്യാപിത മദ്യനയത്തിൽ നിന്ന് പിന്നോട്ട് പോയത് കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ ഒരു വിഭാഗത്തേയും ചൊടിപ്പിച്ചിട്ടുണ്ട്.

അതേസമയം മദ്യനയത്തെ കുറിച്ച് സുധീരന്റെ നിലപാട് ചർച്ച ചെയ്യാൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം അടുത്ത തിങ്കളാഴ്ച ചേരും. മുഴുവൻ മന്ത്രിമാരും എംഎ‍ൽഎമാരും യോഗത്തിൽ പങ്കെടുക്കും. സുധീരന്റെ നിലപാട് സർക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് യോഗം. എ, ഐ ഗ്രൂപ്പുകൾ യോഗത്തിൽ സുധീരനെതിരായ നിലപാട് എടുക്കും. എന്നാൽ ടിഎൻ പ്രതാപന്റെ നേതൃത്വത്തിൽ സുധീരന് പ്രതിരോധവും ഉണ്ടാകും. ഈ യോഗത്തിൽ സുധീരൻ പങ്കെടുക്കുമോ എന്നതാണ് ശ്രദ്ധേയം. ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ എതിർപ്പും ഹൈക്കമാൻണ്ടിനെ ധരിപ്പിച്ച് ഗ്രൂപ്പുകളുടെ എതിർപ്പിനെ അവഗണിക്കാമെന്നാണ് സുധീരന്റെ പക്ഷത്തുള്ളവരുടെ ധാരണ.

അതിനിടെ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെപിസിസി ഉപാധ്യക്ഷൻ വി.ഡി സതീശൻ എന്നിവർ യു.ഡി.എഫ് കൺവീനർ പി.പി തങ്കച്ചനുമായി കൂടിക്കാഴ്ച നടത്തി. രാവിലെ തങ്കച്ചന്റെ പെരുമ്പാവൂരിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. മദ്യനയത്തിൽ വരുത്തിയ മാറ്റത്തെക്കുറിച്ച് സുധീരൻ നടത്തിയ പരസ്യ പ്രസ്താവന അടക്കമുള്ള കാര്യങ്ങളിലുള്ള അമർഷം തങ്കച്ചനെ ഇവർ അറിയിച്ചു. വിഷയത്തിൽ ഐ വിഭാഗം സുധീരനെതിരെ എടുക്കേണ്ട നിലപാടുകൾ തന്നെയാണ് ചർച്ച ചെയ്തത്.

മദ്യനയത്തിൽ സർക്കാരിനെതിരെ പരോക്ഷമായ വിമർശനവും ഇന്ന് സുധീരൻ നടത്തിയിട്ടുണ്ട്. ബാഹ്യശക്തികളാണ് സർക്കാരിന്റെ അജണ്ട നിശ്ചയിക്കുന്നത്. ഇത് പലപ്പോഴും ജനങ്ങളുടെ ഇഷ്ടങ്ങൾക്ക് വിരുദ്ധമായി തീരുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ബാഹ്യശക്തികളുടെ ഇടപെടലുണ്ടാവുന്‌പോൾ പല കാര്യങ്ങളിലും ജനങ്ങൾക്ക് നിരാശയാണ് ഫലം. ജനാധിപത്യത്തിലെ ഏറ്റവും വലിയ പോരായ്മയാണിതെന്നും സുധീരൻ പറഞ്ഞു. ബാർ കേസ് വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നുണ്ടായ വിധികളെയും സുധീരൻ വിമർശിച്ചു. ജുഡീഷ്യറിയുടെ ഭാഗത്ത് നിന്നും ജനവിരുദ്ധ നിലപാടുകൾ ഉണ്ടാവുന്നുണ്ടെന്നും സുധീരൻ പറഞ്ഞു.

എന്നാൽ സർക്കാരിന്റെ മദ്യനയത്തിൽ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ പരസ്യപ്രസ്താവന യുഡിഎഫ്‌സർക്കാരിനെ ദുർബലപെടുത്തുമെന്ന് കെപിസിസി വകതാവ് എംഎം ഹസ്സൻ പറഞ്ഞു. ചില അത്യാവശ്യ ഘട്ടങ്ങളിൽ പ്രായോഗിക നിലപാടെടുക്കയാണ് സർക്കാർ ചെയ്തതെന്നും ഹസ്സൻ മാദ്ധ്യപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ കഠിനാധ്വാനം ചെയ്താണ് സർക്കാറിനെ അധികാരത്തിലെത്തിച്ചത്. സർക്കാറിനെ നിലനിർത്താനുള്ള ഉത്തരവാദിത്തം കെപിസിസി പ്രസിഡന്റിനുണ്ട്. പ്രായോഗികതയുടെ പേരിലാണ് സർക്കാർ മദ്യനയത്തിൽ ചില മാറ്റങ്ങൾ വരുത്തിയത്. ഇത് മുഖ്യമന്ത്രി ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന കോൺഗ്രസ് പ്രവർത്തകരെ വിഷമിപ്പിച്ചെന്നും എം.എം ഹസൻ പറഞ്ഞു.

അതിനിടെ സർക്കാർ മദ്യ ലോബിക്കു കീഴടങ്ങിയിട്ടില്ലെന്ന് മന്ത്രി കെ.സി ജോസഫ്. മദ്യനയം അട്ടിമറിച്ചെന്ന സുധീരന്റെ പ്രസ്താവന വ്യക്തിപരമാണെന്നും മദ്യനയത്തിൽ ഇനി മാറ്റമുണ്ടാവില്ലെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP