Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദിവാസി- ദളിത് വിഭാഗങ്ങളിൽനിന്നു സി കെ ജാനു ഒറ്റപ്പെടുന്നു; സ്വന്തം വേരു മറന്നും ഉയർച്ച തേടുന്നതായി ആക്ഷേപം; പുതിയ നീക്കങ്ങളിൽ സ്വന്തം സമുദായത്തിൽ നിന്നു പോലും ജാനുവിന് എതിർപ്പ്

ആദിവാസി- ദളിത് വിഭാഗങ്ങളിൽനിന്നു സി കെ ജാനു ഒറ്റപ്പെടുന്നു; സ്വന്തം വേരു മറന്നും ഉയർച്ച തേടുന്നതായി ആക്ഷേപം; പുതിയ നീക്കങ്ങളിൽ സ്വന്തം സമുദായത്തിൽ നിന്നു പോലും ജാനുവിന് എതിർപ്പ്

രഞ്ജിത് ബാബു

കണ്ണൂർ: ആദിവാസി -ദളിത് വിഭാഗങ്ങളിൽനിന്നും സി.കെ. ജാനു ഒറ്റപ്പെടുന്നു. ജാനുവിന്റെ പുതിയ നീക്കത്തിന് സ്വന്തം സമുദായത്തിൽനിന്നുപോലും പടനീക്കം ശക്തമാവുകയാണ്. ഏതു സമൂഹത്തിൽനിന്നാണോ താൻ വന്നതെന്നോ അതിലൂടെ എത്രമാത്രം താൻ വളർന്നുവെന്നോ നോക്കാതെ ജാനുവിന്റെ പുതിയ ബാന്ധവത്തെ അംഗീകരിക്കാനാവാത്ത നിലയിലാണ് ആദിവാസി - ദളിത് വിഭാഗങ്ങൾ.

ആദിവാസികളെ ആദിമ നിവാസികളായി അംഗീകരിക്കാത്തവരാണ് എൻ.ഡി.എ. യെ നയിക്കുന്ന ബിജെപി. അവർക്ക് ആദിവാസികൾ വനവാസികൾ മാത്രമാണ്. ആദിമനിവാസികളെന്നു പറയുമ്പോൾ അവർ ഈ രാജ്യത്തിന്റെ അവകാശികൾ എന്ന് സ്ഥാപിക്കപ്പെടും.

ഇതൊന്നും അംഗീകരിക്കാത്തവരോടൊപ്പമുള്ള ജാനുവിന്റെ കൂട്ട് കേരളത്തിലെ ആദിവാസി- ദളിത് വിഭാഗങ്ങളിൽ ശൂന്യത സൃഷ്ടിച്ചിരിക്കയാണ്. ജാനുവിന്റെ ഭദ്രത മാത്രമാണ് അവരുടെ ഇപ്പോഴത്തെ നയവ്യതിയാനത്തിന് പ്രധാന കാരണമായതെന്ന് സ്വസമുദായമായ അടിയ വിഭാഗത്തിൽനിന്നു തന്നെ ആക്ഷേപമുയർന്നിട്ടുണ്ട്.

സംഘടനയേക്കാൾ താൻ വളർന്നുവെന്ന തോന്നൽ മുത്തങ്ങ സമരത്തിനുശേഷവും ഉണ്ടായിരുന്നു. സംഘടനക്കകത്ത് ആദിവാസി - ദളിത് വിഭാഗീയത സൃഷ്ടിക്കാൻ ജാനു പലപ്പോഴും കരുനീക്കം നടത്തിയിരുന്നു. എന്നാൽ എം. ഗീതാന്ദനെപ്പോലുള്ള സൈദ്ധാന്തിക തലത്തിലുയർന്ന നേതാക്കൾ തന്ത്രപരമായി സംഘടനക്കകത്തു തന്നെ ഈ നീക്കത്തെ തളർത്തുകയായിരുന്നു. ജാനുവിന്റെ ഈ നീക്കത്തിനെതിരെ അധികകാലം കാത്തു നിൽക്കാതെ ശ്രീരാമൻ കോയ്യോൻ സംഘടന ഉപേക്ഷിച്ച് ആദിവാസി ജനസഭ രൂപീകരിച്ച് പ്രവർത്തിക്കുകയായിരുന്നു.

എൻ.ഡി.എ. നേതാക്കളും വെള്ളാപ്പള്ളി നടേശനും ജാനുവിനെ വാനോളം ഉയർത്തി ബത്തേരി നിയമസഭാ മണ്ഡലം നൽകി സന്തോഷിപ്പിച്ചതോടെ ജാനു സ്വന്തം സംഘടനയെ ഒറ്റു കൊടുക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ബത്തേരിയിൽ ജയിച്ചില്ലെങ്കിലും ജാനുവിന് ഉന്നത സ്ഥാനം നൽകുമെന്ന് ഉറപ്പും ലഭിച്ചിട്ടുണ്ട്. പട്ടികവർഗ ക്ഷേമ കമ്മീഷൻ അംഗത്വം നൽകുമെന്നാണ് സൂചന. ചുകന്ന ലൈറ്റ്്് ഘടിപ്പിച്ച കേന്ദ്രമുദ്രയുള്ള ആധുനിക കാറും അവർക്ക് ലഭിച്ചേക്കാം. എന്നാൽ അതോടെ സ്വന്തം ചരിത്രത്തെത്തന്നെ ജാനു റദ്ദാക്കുന്ന അവസ്ഥയിലേക്കെത്തും. കക്ഷി രാഷ്ട്രീയത്തിന്റെ കാപട്യത്തെ തുറന്നുകാട്ടി ആദിവാസികളേയും ദളിതരേയും പുതിയ മുന്നേറ്റത്തിന് വഴി തെളിച്ച ജാനു അതോടെ സൈദ്ധാന്തികമായി വിസ്മരിക്കപ്പെടും.

വലിയൊരു പോരാട്ടത്തിനിടയിലാണ് ജാനു ആയുധംവച്ച് കീഴടങ്ങിയത്. ആദിവാസി ഗോത്രമഹാസഭയെന്ന മഹത്തായ പ്രസ്ഥാനത്തെ അവരുടെ കീഴടങ്ങലിലൂടെ തളർത്തിയിട്ടുണ്ട്. ഈ സംഘടനയ്ക്കകത്ത് ജാനു ഒരു ഗോത്ര വർഗീയത കൊണ്ടുവരാനും ശ്രമം തുടങ്ങിയിരുന്നു. 2003 ലെ മുത്തങ്ങസമരത്തിലൂടെ പ്രശസ്തയായതോടെ ആദിവാസികളുടെ കാര്യങ്ങൾ പറയാൻ ആദിവാസികൾ മതിയെന്ന അവസ്ഥയിലേക്ക് ജാനു വളർന്നിരുന്നു. എന്നാൽ എം. ഗീതാനന്ദനേയും ശ്രീരാമൻ കോയ്യോനേയും പോലുള്ള ദളിത് നേതാക്കൾ ഈ നീക്കത്തെ അവഗണിക്കുകയായിരുന്നു. മുത്തങ്ങസമരത്തിൽ പങ്കെടുത്ത് ജയിൽവാസം വരെ അനുഭവിച്ച ദളിതർക്ക് ജാനുവിന്റെ നിലപാടിൽ അമർഷമുണ്ടായിരുന്നു. സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കരുതെന്ന് കരുതി ആരും പ്രതികരിച്ചില്ല. എന്നാൽ ശ്രീരാമന്റെ ഇറങ്ങിപ്പോക്ക് ഇതേത്തുടർന്നായിരുന്നു. ജാനുവിനോട് മൃദുസമീപനം സ്വീകരിച്ച് സംഘടനക്ക് ക്ഷീണം വരുത്താതെ നോക്കിയത് ഗീതാനന്ദനായിരുന്നു.
ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നതിനു കേരളത്തിലെ രാഷ്ട്രീയകക്ഷികളെല്ലാം മടിച്ചു നിന്നപ്പോൾ അതിനെതിരെ മുത്തങ്ങയിൽ പോരാട്ടം നടത്തിയത് കേരളീയർ മറന്നിട്ടില്ല. ഇതേത്തുടർന്നാണ് 350 ആദിവാസിക്കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചത്. പഴയ മുത്തങ്ങ കേസ് ഇപ്പോഴും എറണാകുളം സി.ജെ.എം. കോടതിയിൽ നടക്കുന്നുണ്ട്. അതിൽ ഒന്നാം പ്രതി എം. ഗീതാനന്ദനും രണ്ടാം പ്രതി തിരുവനന്തപുരത്തെ അശോകനുമാണ്. സി.കെ.ജാനുവിന്റെ പേരിൽ ഗൂഢാലോചനാ കേസും നിലവിലുണ്ട്. പൊലീസുകാരനായ വിനോദിനെ കൊലപ്പെടുത്തൽ, ഗൂഢാലോചന, വനഭൂമി കത്തിക്കൽ, ആയുധങ്ങൾ കൊണ്ട് അക്രമിക്കൽ എന്നിവയും കേസിൽപ്പെടുന്നു. ഈ കേസിൽ സി.കെ. ജാനു മൊഴി മാറ്റിപ്പറഞ്ഞാൽ കുടുങ്ങുന്നത് ദളിത് നേതാക്കൾ ഉൾപ്പെടെയുള്ളവരായിരിക്കാം.

ആദിവാസി -ദളിത വിഭാഗത്തിന് പുതിയൊരു സംഘടന എന്ന ആശയം അണിയറയിൽ രൂപപ്പെടുന്നുണ്ട്. ഗോത്ര മഹാസഭാ നേതാവ് എം. ഗീതാനന്ദനും ഗോത്ര ജനസഭാ നേതാവ് ശ്രീരാമൻ കോയ്യോനും വീണ്ടും കൈകോർക്കുമെന്നാണ് അറിയുന്നത്. ഈ മാസം 29, 30 തീയ്യതികളിൽ തൃശൂരിൽ നടക്കുന്ന ഒരു ചടങ്ങിൽ ഇരുവരും സംബന്ധിക്കുന്നുണ്ട്. അതേക്കുറിച്ച് അന്ന് ചർച്ച നടക്കുമെന്നാണ് കരുതുന്നത്. ജാനുവിനോടുള്ള വിയോജിപ്പ് വയനാട് ഉൾപ്പെടെയുള്ള ആദിവാസി മേഖലകളിൽ ശക്തമായിട്ടുണ്ട്. ഇത്രയും പെട്ടെന്നു തന്നെ ആദിവാസികളിൽ കാര്യബോധമുണ്ടായതാണ് പഴയ നേതാക്കളെ വീണ്ടും ഒരുമിപ്പിക്കാൻ പ്രേരകമാവുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP