Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻഎസ്എസിന് താൽപ്പര്യം പിപി മുകുന്ദനെ; സുകുമാരൻ നായരുടെ ശ്രമം ബിജെപിയിലെ ഗ്രൂപ്പ് പോരിന് പുതിയ മുഖം നൽകാനോ? കുമ്മനത്തിന്റെ അനുനയ നീക്കങ്ങൾ പാളുമോ?

എൻഎസ്എസിന് താൽപ്പര്യം പിപി മുകുന്ദനെ; സുകുമാരൻ നായരുടെ ശ്രമം ബിജെപിയിലെ ഗ്രൂപ്പ് പോരിന് പുതിയ മുഖം നൽകാനോ? കുമ്മനത്തിന്റെ അനുനയ നീക്കങ്ങൾ പാളുമോ?

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ബിജെപിയുമായി ഇടഞ്ഞു നിൽക്കുകയാണ് എൻഎസ്എസ്. ബിജെപി നേതാക്കൾക്ക് മേധാവിത്തമുള്ള കരോയോഗങ്ങളുടെ പ്രമേയാവതരണമാണ് എൻഎസ്എസിനെ ചൊടുപ്പിക്കുന്നത്. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കൊച്ചാക്കി പ്രമേയം പോലും പാസാക്കി. ഒ രജഗോപാലിനെ പോലുള്ള നേതാക്കൾ സമസ്ത നായർ സമാജത്തിന്റെ സമ്മേളനത്തിൽ പങ്കെടുത്തു. സുരേഷ് ഗോപിയെ അപമാനിച്ച് ഇറക്കി വിട്ടതിന് ബിജെപി പ്രസിഡന്റായ വി മുരളീധരൻ അതി രൂക്ഷമായി പ്രതികരിച്ചു. ഇതോടെ ബന്ധം വഷളായി. വെള്ളാപ്പള്ളി നടേശനേയും എസ്എൻഡിപിയേയും ബിജെപി പാളയത്തിലെത്തിച്ചതും സുകുമാരൻ നായരെ പ്രകോപിപ്പിച്ചുവെന്നാണ് വിലയിരുത്തലുകൾ. ഇതിനെല്ലാം പരിഹാരമുണ്ടാക്കാൻ കൂടിയാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കുമ്മനം രാജശേഖരനെ നിയോഗിച്ചത്. എന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എൻഎസ്എസ് നേതൃത്വത്തെ അടുപ്പിക്കാൻ കഴിയില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ.

എൻഎസ്എസുമായി ഏറെ അടുപ്പമുള്ള ബിജെപി നേതാവ് പിഎസ് ശ്രീധരൻപിള്ളയാണ്. സാധാരണ മന്നം ജയന്തിയിലും മറ്റും പ്രാധാന്യത്തോടെ എൻഎസ്എസ് ക്ഷണിക്കുന്നത് ശ്രീധരൻ പിള്ളയെയൊണ്. എന്നാൽ ഇത്തവണ ശ്രീധരൻപള്ളിയക്കും മുകളിൽ എൻഎസ്എസ് ഒരു നേതാവിനെ ആദരിച്ചു. അതാണ് ബിജെപിയെ ചിന്തിപ്പിക്കുന്നത്. മന്നം ജയന്തിയാഘോഷ ചടങ്ങിലേക്ക് എൻ.എസ്.എസ് നേതൃത്വം ബിജെപിയിൽ നിന്ന് ക്ഷണിച്ചത് പാർട്ടി നേതൃത്വം അകറ്റി നിറുത്തിയിരിക്കുന്ന പി.പി.മുകുന്ദനെ മാത്രം. എൻ.എസ്. എസ്. നേതൃത്വത്തെയും സമുദായത്തെയും ആർ. എസ്.എസ്, ബിജെപി സംഘടനകളുമായി അടുപ്പിക്കുന്നതിൽ വിജയിച്ച നേതാക്കളിലൊരാളാണ് മുകുന്ദൻ. അത്തരമൊരു നേതാവിന്റെ കുറവ് ബിജെപിയിലുണ്ടെന്ന സന്ദേശം നൽകാനാണ് എൻഎസ്എസ് ഈ നടപടി സ്വീകരിച്ചത്. മുകുന്ദൻ മുന്നിട്ടിറങ്ങിയാൽ മാത്രം ബിജെപിയുമായി സഹകരണം എന്നാണ് എൻഎസ്എസിന്റെ നിലപാട്.

എൻ.എസ്.എസുമായി ചർച്ച നടത്താൻ നേതാക്കളായ പി.എസ്.ശ്രീധരൻ പിള്ളയെയും പി.കെ.കൃഷ്ണദാസിനെയുമാണ് ബിജെപി ചുമലതപ്പെടുത്തിയത്. ഡിസംബർ 28 ന് ഇരുനേതാക്കളും എൻ. എസ്.എസ് ജനറൽ സെക്രട്ടറിയുമായി സംസാരിച്ചെങ്കിലും വിജയിച്ചില്ല. മന്നം ജയന്തിചടങ്ങിൽ പി.എസ്. ശ്രീധരൻ പിള്ള അനൗപചാരികമായി പങ്കെടുത്തെങ്കിലും പരിഗണന നൽകിയുമില്ല. ഇതിന് ഒപ്പമാണ് പിപി മുകുന്ദനെ എൻഎസ്എസ് അംഗീകരിക്കുക. ചർച്ചകൾ നടത്തുന്നുവെങ്കിൽ പിപി മുകുന്ദനുമായി ആവാമെന്നാണ് എൻഎസ്എസ് നിലപാട്. എന്നാൽ ഇതിന് ബിജെപി നേതൃത്വത്തിന് നിലവിൽ കഴിയില്ല. മുകുന്ദനുമായി ഇനിയും അടുക്കാത്ത ആർഎസ്എസ് അതുകൊണ്ട് തന്നെ ചിന്തയിലുമാണ്. പിപി മുകുന്ദനേയും കെ രാമൻപിള്ളയേയും പോലുള്ളവരെ ബിജെപിയിൽ തിരിച്ചു കൊണ്ടു വരുന്നതിൽ ഇനിയും അഭിപ്രായ രൂപീകരണം ഉണ്ടയാട്ടില്ല. ഇത് മനസ്സിലാക്കിയാണ് പിപി മുകുന്ദനെ ആദരിച്ച് എൻഎസ്എസ് ബിജെപിയേയും ആർഎസ്എസിനേയും വെട്ടിലാക്കിയത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പെരുന്നയിലെത്തി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായരെ കണ്ട് സംസാരിച്ചിട്ടും അകൽച്ചയുടെ പ്രശ്‌നങ്ങൾ തീരുന്നില്ല. ബിജെപി നേതാക്കളിൽ ചിലർ എൻ.എസ്.എസിനെ നിരന്തരം ആക്ഷേപിക്കുന്നതിലുള്ള കടുത്ത അതൃപ്തി പ്രകടിപ്പിച്ച ജനറൽ സെക്രട്ടറി അഖില കേരള നായർ മഹാസമ്മേളനത്തിൽ പറഞ്ഞ വിമർശനങ്ങൾ ആവർത്തിച്ചു. പാർട്ടിക്കോ ഏതെങ്കിലും നേതാക്കൾക്കോ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്താമെന്ന് ബിജെപി പ്രസിഡന്റ് അറിയിച്ചിട്ടും ആരോപണങ്ങളിൽ ഉറച്ചു നില്ക്കുകയാണെന്ന മറുപടിയാണ് സുകുമാരൻ നായർ നല്കിയത്. സുകുമാരൻനായരുമായി ഏറെ അടുപ്പമുള്ള വ്യക്തിയായിരുന്നു കുമ്മനം. എന്നിട്ടും എൻഎസ്എസ് നിലപാട് കടുപ്പിക്കുന്നത് ബിജെപിക്ക് തലവേദനയാണ്.

സുകുമാരൻനായരെ അനുനയിപ്പിക്കാനും ബന്ധം മെച്ചപ്പെടുത്താനും മന്നം ജയന്തി ദിവസമായ ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു കുമ്മനം രാജശേഖരൻ മന്നം സമാധി മണ്ഡപത്തിൽ വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, രാധാകൃഷ്ണമേനോൻ, എ.എൻ. രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കൾക്കൊപ്പം പുഷ്പാർച്ചനയ്ക്ക് എത്തിയത്. അവിടെ ഉണ്ടായിരുന്ന സുകുമാരൻനായരുടെ കൈകൾ കുമ്മനം ചേർത്തുപിടിച്ച് സൗഹൃദം പുതുക്കി. സൗഹൃദം പങ്കിട്ട സുകുമാരൻ നായർ ബിജെപിയിലെ ചില നേതാക്കൾ എൻ.എസ്.എസിനെ അപകീർത്തിപ്പെടുത്തുന്നതായും അലോസരപ്പെടുത്തുന്നതായും ഇതിൽ മനം നൊന്താണ് പ്രതികരിച്ചതെന്നും പറഞ്ഞു. പത്തുമിനിട്ടോളം അവർ നിന്നു സംസാരിച്ചു. പി.പി. മുകുന്ദൻ ഇതിനിടയിൽ മന്നം സമാധി മണ്ഡപത്തിലെത്തിയപ്പോൾ സുകുമാരൻനായർ അങ്ങോട്ടു തിരിഞ്ഞു. അതായത് മുകുന്ദനോടാണ് താൽപ്പര്യമെന്ന് പറയാതെ വ്യക്തമാക്കുകയായിരുന്നു എൻഎസ്എസ്.

പെരുന്നയിലെത്തി പുഷ്പാർച്ചന നടത്തിയ കുമ്മനം ജയന്തി സമ്മേളനത്തിന് നില്ക്കാതെ തിരുവനന്തപുരത്തിനു മടങ്ങി. സുകുമാരൻ നായരുടെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്. എൻ.എസ്.എസ് നേതൃത്വവുമായി ബന്ധമില്ലാതിരുന്ന സ്ഥിതി മാറ്റി നല്ല ബന്ധത്തിന് തുടക്കമിടാൻ കഴിഞ്ഞുവെന്നാണ് ബിജെപിയുടെ പൊതു നിലപാട്. എന്നാൽ മുകുന്ദന് നൽകിയ പ്രധാന്യം ആർഎസ്എസിനെ അലോസരപ്പെടുത്തുന്നുമുണ്ട്. ബിജെപി നേതൃത്വത്തിൽ മുകുന്ദനെ എത്തിക്കുന്നതിൽ രണ്ട് തരം നിലപാടുകൾ പരിവാറിലുണ്ട്. ഇത് മനസ്സിലാക്കിയാണ് എൻഎസ്എസ്, മുകുന്ദന് വലിയ പ്രാധാന്യം പെരുന്നിയിൽ നൽകിയത്. ഇതിലൂടെ പാർട്ടിക്കുള്ളിൽ മുകുന്ദനെ അനുകൂലിക്കുന്നവർക്ക് കരുത്ത് പകരാനാണ് എൻഎസ്എസ് ശ്രമിച്ചതെന്നാണ് ആർഎസ്എസ് വിലയിരുത്തൽ.

എൻഎസ്എസുമായി സൗഹൃദം ഊട്ടിയുറപ്പിക്കാനാണ് കുമ്മനത്തെ ബിജെപി അധ്യക്ഷനാക്കിയതെന്നാണ് പിരവാർ കേന്ദ്രങ്ങൾ നൽകിയ സൂചന. ഇതിന് അനുസരിച്ചുള്ള രാഷ്ട്രീയ വിലയിരുത്തലും വന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറിയുമായി ആത്മബന്ധമാണുള്ളതെന്ന് കുമ്മനവും പറഞ്ഞു. ഇതോടെ എല്ലാം ശുഭാമാകുമെന്ന് ബിജെപി പ്രതീക്ഷിക്കുകയും ചെയ്തു. അതിനിടെയാണ് എൻഎസ്എസ്, മന്നം ജയന്തിക്ക് മുകുന്ദനെ വിളിച്ചത്. എൻഎസ്എസിന് ഏറ്റവും വേണ്ടപ്പെട്ട ബിജെപിക്കാരൻ മുകുന്ദനാണെന്ന സന്ദേശമാണ് ഇതിലൂടെ പങ്കുവച്ചതെന്നും വ്യക്തമാണ്. ഇതോടെ എൻഎസ്എസിനെ അനുനയിപ്പിക്കാൻ കുമ്മനത്തിന് ഉടൻ കഴിയില്ലെന്ന് കൂടിയാണ് വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP