Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാവി ജുബയിട്ട് നടന്നെത്തിയത് ലീഗ് മടയിൽ; ഇരിപ്പിടം ലഭിച്ചത് മുൻനിരയിൽ ഉമ്മൻ ചാണ്ടിയുടെ തൊട്ടടുത്ത്; സത്യപ്രതിജ്ഞയ്ക്ക് ശേഷം വാച്ച് നോക്കി സമയം ഉറപ്പിക്കൽ; എല്ലാം കണ്ട് വിഐപി നിരയിൽ കുമ്മനം; ഗാലറിയിൽ നിറയെ ബിജെപി മയം; നിയമസഭയിൽ രാജഗോപാൽ താമര വിരിയിച്ചത് ഇങ്ങനെ

കാവി ജുബയിട്ട് നടന്നെത്തിയത് ലീഗ് മടയിൽ; ഇരിപ്പിടം ലഭിച്ചത് മുൻനിരയിൽ ഉമ്മൻ ചാണ്ടിയുടെ തൊട്ടടുത്ത്; സത്യപ്രതിജ്ഞയ്ക്ക് ശേഷം വാച്ച് നോക്കി സമയം ഉറപ്പിക്കൽ; എല്ലാം കണ്ട് വിഐപി നിരയിൽ കുമ്മനം; ഗാലറിയിൽ നിറയെ ബിജെപി മയം; നിയമസഭയിൽ രാജഗോപാൽ താമര വിരിയിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭയിൽ അങ്ങനെ താമര വിരിഞ്ഞു. പതിനാലാം നിയമസഭയിൽ ദേശീയ രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായി നേമത്ത് നിന്ന് ജയിച്ച ഒ രാജഗോപാൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആദ്യമായാണ് ബിജെപി അംഗം നിയമസഭയുടെ ഭാഗമാകുന്നത്. നൂറുകണക്കിന് പ്രവർത്തകർക്കൊപ്പമാണ് രാജഗോപാൽ സഭയിലെത്തിയത്. ഗാലറിയിൽ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ബിജെപി സംസ്ഥാന നേതാക്കളുടെ നീണ്ട നിര ഗാലറയിൽ സന്നിഹിതരായിരുന്നു. ബിജെപിയെ അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ലെന്ന ഇടത്-വലത് മുന്നണികളുടെ പ്രഖ്യാപനങ്ങളെ ബാലറ്റിലൂടെ തോൽപ്പിച്ചെത്തിയ രാജഗോപാലിന് നിയമസഭയുടെ ആദ്യ നിരയിൽ തന്നെ സ്ഥാനവും ലഭിച്ചു,

നിയമസഭയിൽ രാജഗോപാലിന്റെ കന്നി വരവാണ്. അതുകൊണ്ട് തന്നെ പിൻ സീറ്റിലായിരിക്കണം സീറ്റ്. എന്നാൽ ബിജെപിയുടെ പ്രതിനിധിയാണ് രാജഗോപാൽ. ഒരു അംഗമാത്രമുള്ളതിനാൽ പാർലമെന്ററീ പാർട്ടിയുടെ നേതാവ്. ഇന്ത്യയിലെ പ്രധാന ദേശീയ കക്ഷിയായ ബിജെപിയുടെ നേതാവിന് മുൻനിരയിൽ സ്ഥാനം നൽകേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് ഒറ്റ അംഗമായിട്ടും രാജഗോപാൽ ആദ്യ സ്ഥാനത്ത് എത്തിയത്. പ്രതിപക്ഷ നിരയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ തൊട്ടടുത്താണ് രാജഗോപാലിന്റെ ഇരിപ്പിടം. സഭയിലെത്തിയ മുതിർന്ന നേതാവിനെ രാഷ്ട്രീയം മറന്ന് എല്ലാവരും സ്വീകരിക്കുകയും ചെയ്തു. ഇതിനെല്ലാം സാക്ഷിയായി ബിജെപി നേതാക്കളുടെ നീണ്ട നിര ഗാലറിയിലും.

കവടിയാറിലെ വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു നിയമസഭയിലേക്കുള്ള രാജഗോപാലിന്റെ യാത്ര. സഭയിൽ കാവി നിറത്തിലെ ജുബയും കഴുത്തിൽ പാർട്ടി പതാകയുടെ നിറമുള്ള ഷാളുമണിഞ്ഞ് ഒറ്റയ്ക്ക് സഭയ്ക്കുള്ളിലേക്ക് രാജഗോപാൽ എത്തി. രാവിലെ എട്ട് അൻപതോടെയായിരുന്നു അത്. പ്രതിപക്ഷ നിരയെ ലക്ഷ്യമാക്കിയായിരുന്നു നടത്തം. എത്തിയത് മുസ്ലിം ലീഗ് എംഎൽഎമാരുടെ മുന്നിൽ. എല്ലാവരും കൈകൊടുത്ത് രാജഗോപാലിനെ സ്വീകരിച്ചു. സ്വന്തം ഇരിപ്പടം ചോദിച്ചു മനസ്സിലാക്കി മുൻനിരയിൽ ഗൗരവം വിടാതെ സത്യപ്രതിജ്ഞയ്ക്കായി തന്റെ ഊഴം കാത്ത് രാജഗോപാൽ ഇരുന്നു.

ബിജെപിക്ക് ഇത് ചരിത്ര മുഹൂർത്തമാണ്. കേരള നിയസഭയിൽ നേമത്തെ പ്രതിനിധിയായി രാജഗോപാൽ എത്തിയത് അതുകൊണ്ട് തന്നെ ചാനലുകൾക്കും പ്രിയപ്പെട്ടതായി. ഓരോ അംഗത്തിന്റേയും സത്യപ്രതിജ്ഞയുടെ ഇടവേളകളിൽ രാജഗോപാലിനെ ചാനലുകൾ താരമാക്കി കാട്ടി. ഗാലറിയിലെ ബിജെപി നേതാക്കളെ എടുത്തു കാട്ടി. സത്യപ്രതിജ്ഞയ്ക്കായി ഒന്നര മണിക്കൂർ രാജഗോപാലിന് കാത്തിരിക്കേണ്ടി വന്നു. അക്ഷരമാലാ ക്രമത്തിൽ നിയമസഭാ സെക്രട്ടറി രാജഗോപാലിന്റെ പേരു വിളിച്ചത് പത്ത് മുപ്പത്തിയാറോടെയായിരുന്നു. കന്നിക്കാരന്റെ പതർച്ചയില്ലാതെ രാജഗോപാൽ നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് ഒപ്പിട്ട് അംഗവുമായി. സഗൗരവവും ദൈവനാമത്തിലുമാണ് അദ്ദേഹം സത്യപ്രതിജ്ഞാ ചെയ്തത്.

ഇതേ സമയം വിഐപി ഗാലറിയിൽ എല്ലാം വീക്ഷിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ബിജെപിയുടെ ചരിത്ര നിമിഷത്തിന് സാക്ഷിയായി. ബിജെപി നേതാക്കളായ പികെ കൃഷ്ണദാസ്, എംടി രമേശ്, വിവി രാജേഷ്, സി ശിവൻകുട്ടി, ജെആർ പത്മകുമാർ തുടങ്ങിയ നേതാക്കളുടെ നിര ഗാലറിയിലും. നിയമസഭയുടെ ചട്ടമെല്ലാം പാലിച്ച് സന്തോഷം ഉള്ളിലൊതുക്കി നേതാക്കൾ ഗാലറിയിൽ നിശബ്ദ സാന്നിധ്യമായി. ഇടത്-വലത് മുന്നണികൾക്കെതിരെ ബിജെപിയുടെ ശബ്ദം ഇനി രാജഗോപാലിലൂടെ നിയമസഭയിൽ ഉയരും. മുൻനിരയിലെ സാന്നിധ്യം തന്നെ ഇതിന് കരുത്ത് കൂട്ടുമെന്ന് ബിജെപി കരുതുന്നു.

നിയമനിർമ്മാണ സഭയിൽ രാജഗോപാൽ ഇതിന് മുമ്പും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. എബി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കെ അന്ന് ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്ന രാജഗോപാലിനെ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ അംഗമാക്കി. അന്ന് രാജ്യസഭയിൽ സത്യപ്രതിജ്ഞ. പിന്നീട് കേന്ദ്ര സഹമന്ത്രിയാക്കിയപ്പോഴും രാജഗോപാൽ സത്യപ്രതിജ്ഞ ചെയ്താണ് അധികാരമേറ്റെടുത്തത്. മന്ത്രിയായും രാജ്യസഭാ അംഗമായും കേരളത്തിന്റെ ശബ്ദമായി പാർലമെന്റിൽ രാജഗോപാൽ നിറയുകയും ചെയ്തു. അന്ന് ചെയ്ത പ്രവർത്തനങ്ങൾ രാജഗോപാലിനെ മലയാളിയുടെ ജനകീയ നേതാവാക്കി. ഇതിനുള്ള അംഗീകാരമാണ് 86-ാം വയസ്സിൽ നേമത്തെ ജനവിധിയിലൂടെ രാജഗോപാലിന് ലഭിച്ചത്.

നേമം നിയോജക മണ്ഡലത്തിൽ നിന്ന് 8,671 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജഗോപാൽ വിജയിച്ചത്. നിയമസഭയിൽ ബിജെപിക്കാർ പാസ് എടുത്ത് കയറണമെന്ന് പറഞ്ഞവർക്കുള്ള ചുട്ട മറുപടി കൂടിയാകുന്നു ഇന്നത്തെ സത്യപ്രതിജ്ഞയെന്നാണ് ബിജെപിയും രാജഗോപാലും പറയുന്നത്. ഒരാൾ സഭയിൽ ഉള്ളുവെങ്കിലും കോൺഗ്രസിനെയും കടത്തിവെട്ടി സംസ്ഥാനത്തെ മുഖ്യപ്രതപക്ഷ പാർട്ടിയായി പ്രവർത്തിക്കാൻ വേണ്ടി ബിെജപിയും ആർഎസ്എസും ഒരുമിച്ച് നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. നിയമസഭയിൽ ഒ രാജഗോപാൽ എംഎൽഎ ഒറ്റയാൾ പോരാട്ടം നടത്തുമ്പോൾ അദ്ദേഹത്തെ പിന്തുണച്ച് കേരളത്തിന്റെ മറ്റിടങ്ങളിലെല്ലാം പ്രക്ഷോഭങ്ങളുമായി കളം നിറയാനാണ് ബിജെപി ഒരുങ്ങുന്നത്. ആറന്മുള സമരത്തിന്റെ മോഡലിൽ ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് കോൺഗ്രസിനേക്കാൾ ഒരുമുഴും മുമ്പേ എത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP