Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായി ശക്തനായ ഭരണാധികാരിയും പാർട്ടി നേതാവും; വിഭ്രാന്തിയും അസ്വസ്ഥതയുമുള്ള ചെന്നിത്തലയ്ക്കു പ്രതിപക്ഷ നേതാവിനുള്ള ഗുണവുമില്ല; ഗ്രൂപ്പിസം ഇല്ലാതാക്കണമെങ്കിൽ ബിജെപിയിലെ കളകൾ പറിച്ചു മാറ്റണം; ഞാൻ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യുവെന്നും രാജഗോപാൽ; അഭിമുഖത്തിൽ നീരസവുമായി പരിവാർ നേതൃത്വവും

പിണറായി ശക്തനായ ഭരണാധികാരിയും പാർട്ടി നേതാവും; വിഭ്രാന്തിയും അസ്വസ്ഥതയുമുള്ള ചെന്നിത്തലയ്ക്കു പ്രതിപക്ഷ നേതാവിനുള്ള ഗുണവുമില്ല; ഗ്രൂപ്പിസം ഇല്ലാതാക്കണമെങ്കിൽ ബിജെപിയിലെ കളകൾ പറിച്ചു മാറ്റണം; ഞാൻ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യുവെന്നും രാജഗോപാൽ; അഭിമുഖത്തിൽ നീരസവുമായി പരിവാർ നേതൃത്വവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ശക്തനായ ഭരണാധികാരിയും പാർട്ടി നേതാവുമെന്നു ബിജെപി എംഎൽഎ ഒ രാജഗോപാൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു തകരുന്ന പാർട്ടിയുടെ നേതാവെന്നതിലുള്ള വിഭ്രാന്തിയും അസ്വസ്ഥതയുമെന്നും രാജഗോപാൽ പറഞ്ഞു. മംഗളത്തിനു നൽകിയ അഭിമുഖത്തിലാണു രാജഗോപാലിന്റെ പരാമർശം. ജിനേഷ് പൂനത്താണ് മംഗളത്തിന് വേണ്ടി ഈ അഭിമുഖം തയ്യാറാക്കിയത്.

രാഷ്ട്രീയ എതിരാളികൾക്കെതിരായി മാത്രമല്ല, സ്വന്തം പാർട്ടിയിലെ പ്രശ്‌നങ്ങളെക്കുറിച്ചും അഭിമുഖത്തിൽ രാജഗോപാൽ മനസുതുറന്നു. ബിജെപിയിൽ ഗ്രൂപ്പിസമുണ്ടെന്നും ഗ്രൂപ്പിസം ഇല്ലാതാക്കണമെങ്കിൽ പാർട്ടിയിലെ കളകൾ പറിച്ചു മാറ്റണമെന്നും ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണു താനെന്നും രാജഗോപാൽ  പറഞ്ഞു.

എന്നാൽ, രാജഗോപാലിന്റെ അഭിമുഖം അവമതിപ്പുണ്ടാക്കുന്നതാണെന്നാണ് ആർഎസ്എസ് നിലപാട്. നേരത്തെ കണ്ണൂരിലെ അക്രമുവമായി ബന്ധപ്പെട്ട് രാജഗോപാൽ നടത്തിയ നിയമസഭാ പ്രസംഗം ആർ എസ് എസിനെ അലോസരപ്പെടുത്തുന്നതായിരുന്നു. കൊലപാതകങ്ങൾക്ക് ആർ എസ് എസിനെ മാത്രം പഴി പറയേണ്ടെന്നായിരുന്നു രാജഗോപാലിന്റെ പ്രസംഗം. ഇത് കോൺഗ്രസുകാരുടെ നിലപാടാണെന്നാണ് പരിവാറുകാർ വിലയിരുത്തുന്നത്. അക്രമത്തിന് സിപിഎമ്മിനേയും ആർ എസ് എസിനേയും കുറ്റപ്പെടുത്തുന്ന കോൺഗ്രസ് സമീപനമാണ് രാജഗോപാൽ നടത്തിയത്. സിപിഎമ്മുകാർ മാത്രമാണ് അക്രമത്തിന് ഉത്തരവാദികളെന്ന വാദമായിരുന്നു ബിജെപി അംഗം സ്ഥാപിക്കേണ്ടത്. അല്ലാതെ ആർഎസ്എസ് തെറ്റു ചെയ്യുന്നുവെന്നായിരുന്നില്ലെന്നായിരുന്നു പരിവാറിന്റെ വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് സിപിഎമ്മിനെ അനുകൂലിക്കുന്ന പിണറായിയെ പുകഴ്‌ത്തുന്ന അഭിമുഖം രാജഗോപാലിന്റേതായി വരുന്നത്.

നിയമസഭയിലേക്ക് രാജഗോപാലിനെ വിജയിപ്പിക്കാൻ വിയർപ്പൊഴുക്കിയത് ആർ എസ് എസുകാരാണ്. അവർ വലിയ ഭീഷണിയാണ് പിണറായി സർക്കാരിൽ നിന്നും നേരിടുന്നത്. ഈ സമയം ഇത്തരമൊരു അഭിമുഖം നൽകുന്നത് ഒപ്പം നിന്നവരെ തള്ളിപ്പറയാനാണെന്നാണ് വിലയിരുത്തൽ. ബിജെപി നേതൃത്വത്തെ അനുസരിക്കാതെ രാജഗോപാൽ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുന്നുവെന്നും ആർഎസ്എസ് വിലയിരുത്തുന്നുണ്ട്.

മംഗളത്തിലെ വിവാദ ഇന്റർവ്യൂ ഇങ്ങനെ:

  • കന്നി അംഗമെന്ന നിലയിൽ നിയമസഭാ നടപടികളെ എങ്ങിനെ വിലയിരുത്തുന്നു.

രാഷ്ട്രീയത്തിന്റെ അതിപ്രസരമാണു നിയമസഭാ നടപടികളിൽ ദൃശ്യമാകുന്നത്. സാധാരണക്കാർക്കു ഗുണകരമായ നിയമനിർമ്മാണം നടത്തുന്നതിലൊന്നും ആർക്കും താൽപ്പര്യമില്ല.

ഏതെങ്കിലും ഒരംഗത്തിന്റെ പ്രസംഗത്തിനിടയിൽ വീണുകിട്ടുന്ന ഒരു വാക്കിൽ പിടിച്ചുപോലും മണിക്കൂറുകൾ നീളുന്ന കോലാഹലവും ഇറങ്ങിപോക്കും... മുഖ്യധാരയിലേക്ക് ഇനിയും കടന്നുവന്നിട്ടില്ലാത്തവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള നിയമനിർമ്മാണങ്ങളിലേക്ക് അംഗങ്ങൾ മാറേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു.

  • കണ്ണൂരിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയിട്ടും അങ്ങ് സഭയിൽ തുടർന്നത് വിവാദമായല്ലോ. സഭയിൽ മൃദുസമീപനം സ്വീകരിക്കുന്നെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

പ്രതിപക്ഷം ഇറങ്ങിപ്പോയി എന്നു പറയുന്നതു ശരിയല്ല. യു.ഡി.എഫ്. എംഎ‍ൽഎമാർ ഇറങ്ങിപ്പോയി എന്നു പറയാം. അവർക്കൊപ്പം ഞാനും ഇറങ്ങിപ്പോയിരുന്നെങ്കിൽ എനിക്കു സഭയ്ക്കകത്ത് സംസാരിക്കാൻ അവസരം കിട്ടുമായിരുന്നില്ല. ഇതൊന്നും മനസിലാക്കാതെയാണു വിമർശനം.

  • റേഷൻ സന്പ്രദായം നിർത്തലാക്കണമെന്ന നിയമസഭാ പരാമർശം വിവാദമായപ്പോൾ പാർട്ടിയുടെ പിന്തുണ ലഭിച്ചില്ലല്ലോ

യുദ്ധകാലത്തെ പട്ടിണി മാറ്റാനായി നടപ്പാക്കിയ റേഷൻ സന്പ്രദായം നിർത്തലാക്കേണ്ട കാലം കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളിലൊന്നും ഈ സന്പ്രദായമില്ല. റേഷൻ നിർത്തലാക്കി പകരം സാധാരണ കർഷകർക്കു സബ്‌സിഡി നൽകി കാർഷികോൽപ്പാദനം വർധിപ്പിക്കുകയാണു വേണ്ടത്. റേഷൻ അരിയും മറ്റും കരിഞ്ചന്തയിൽ വിറ്റു ലാഭം കൊയ്ുയന്നവരാണു ഇന്നും ഈ സന്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിനു റേഷൻ തുടരണമെന്നുണ്ടെങ്കിൽ ആകാം. ബിജെപിയുടെ നിലപാട് തന്നെയാണ് ഞാൻ നിയമസഭയിലും പറഞ്ഞത്. നിർഭാഗ്യവശാൽ ഇക്കാര്യത്തിൽ പിന്തുണയ്‌ക്കേണ്ട പാർട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായില്ല.

  • പാർട്ടിയുമായി കൂടിയാലോചിച്ചാണോ ഇത്തരം സന്ദർഭങ്ങളിൽ തീരുമാനമെടുക്കുന്നത്.

നിയമസഭയിൽ ഇടപെടേണ്ട രീതിയെ കുറിച്ചു പാർട്ടിയുമായി ചർച്ചചെയ്യേണ്ട കാര്യമൊന്നുമില്ല. എംഎ‍ൽഎ. എന്ന നിലയിൽ ബിജെപിയുടെ നയപരിപാടികൾക്കൊത്തുള്ള പ്രവർത്തനവും നിലപാടുകളുമാണ് ഞാൻ സഭയിൽ സ്വീകരിക്കുന്നത്. പാർലമെന്റിലും കേന്ദ്ര മന്ത്രിയായിരുന്നപ്പോഴുമെല്ലാം ഇത്തരത്തിൽ തന്നെയാണു പ്രവർത്തിച്ചിട്ടുള്ളത്.

  • പാർട്ടിയും അങ്ങും നിയമസഭാ പ്രവർത്തനത്തിന്റെ കാര്യത്തിൽ രണ്ട് വഴിക്കാണെന്നും ഒ. രാജഗോപാൽ സഭയിൽ ഫലപ്രദമായി ഇടപെടുന്നില്ലെന്നും പാർട്ടിയിൽ വിമർശനമുയരുന്നുണ്ട്

ചക്രവ്യൂഹത്തിൽ പെട്ട അഭിമന്യുവിനെപോലെയാണ് എന്റെ അവസ്ഥ. നിയമസഭാ തെരഞ്ഞെടുപ്പിൽ ശത്രുപക്ഷത്തിന്റെ പ്രചാരണ തന്ത്രങ്ങളെയെല്ലാം ഭേദിച്ചു നിയമസഭയിലെത്തി. 139 എംഎ‍ൽഎമാർക്കിടയിൽ ഒറ്റപ്പെട്ടുപോകുന്ന സങ്കീർണാവസ്ഥയിലാണ് ഞാൻ. പാർലമെന്റ് അംഗമായി പ്രതിപക്ഷത്തും ഭരണപക്ഷത്തും ഇരുന്നപ്പോഴും പിന്തുണയ്ക്കാൻ ഒരുപാട് അംഗങ്ങൾ ഒപ്പമുണ്ടായിരുന്നു. നിയമസഭയിൽ ഞാൻ ഏകനാണ്. ഒരു പ്രമേയം അവതരിപ്പിക്കണമെങ്കിൽ പിന്താങ്ങാൻ പോലും ഒപ്പം ആളില്ല.

ഒന്നും രണ്ടും മണിക്കൂർ നീളുന്ന ചർച്ചയിൽ ഒരു മിനിറ്റ് മാത്രമാകും സംസാരിക്കാൻ അവസരം കിട്ടുക. പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും എത്ര സമയം വേണമെങ്കിലും സംസാരിക്കാം. അവർ പ്രസംഗിക്കാൻ എഴുന്നേൽക്കുമ്പോൾ സഹകരിക്കുകയെന്നതാണു സഭാ മര്യാദ. എന്നാൽ ഏകാംഗം മാത്രമായ എനിക്കതിനുള്ള അവസരം ഉണ്ടാകുന്നില്ല. സ്പീക്കർക്കും സഭാ കീഴ്‌വഴക്കങ്ങൾക്കൊത്ത് മാത്രമേ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ.

രണ്ട് പാർട്ടികൾ മാത്രമുള്ള ബ്രിട്ടനിലെ പാർലമെന്ററി സംവിധാനം കടമെടുത്തതിന്റെ കുഴപ്പമാണിത്. സഭാ നടപടികളെ കുറിച്ച് അറിയാവുന്ന ആരും എന്നെ കുറ്റപ്പെടുത്തില്ല. ഇതേകുറിച്ച് ഒന്നും അറിയാത്ത ചിലരാണു പാർട്ടിക്കകത്ത് എന്നെ വിമർശിക്കുന്നത്.

  • ബിജെപിയിൽ അങ്ങ് ഏത് ഗ്രൂപ്പിനൊപ്പമാണ്.

ഞാൻ ഒരു ഗ്രൂപ്പിലുമില്ല. പ്രവർത്തനം തുടങ്ങിയ കാലത്ത് ഗ്രൂപ്പ് പ്രവർത്തനത്തെക്കുറിച്ചു കേട്ടുകേൾവിപോലും ഇല്ലായിരുന്നു. തോൾ സഞ്ചിയിൽ ഒരു ജോഡി വസ്ത്രങ്ങളും ബസ് യാത്രയ്ക്കു മാത്രമുള്ള കാശുമായാണ് അന്നത്തെ സഞ്ചാരം. ഇന്നു കാലം മാറി. പാർട്ടി അംഗീകരിക്കപ്പെട്ടുതുടങ്ങി. പത്രസമ്മേളനങ്ങളിലും ടിവി ചർച്ചകളിലുമൊക്കെ മുഖം കാണിച്ചു നേതാക്കൾക്കും പബ്ലിസിറ്റി പലവിധത്തിൽ കിട്ടിത്തുടങ്ങി. വൻതോതിലുള്ള പണപ്പിരിവിനു നേതാക്കൾക്ക് അവസരം കിട്ടി. ഇതോടെ സ്ഥാനം ഭദ്രമാക്കാനായി ശ്രമം. സ്ഥാനത്തിനായി ശ്രമിക്കുന്നവർ സ്ഥാനത്തിരിക്കുന്നവർക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ച് പരസ്യമായും രഹസ്യമായും പ്രവർത്തിച്ചുതുടങ്ങി. ഇങ്ങനെ പാർട്ടിയിൽ ഗ്രൂപ്പുകളും രൂപപ്പെട്ടു.

  • മറ്റ് പാർട്ടികളിലേതുപോലെ ഗ്രൂപ്പ് പോര് മുറുകിയതിനെ എങ്ങനെ ന്യായീകരിക്കും.

വേറിട്ട പാർട്ടിയാകാനുള്ള ശ്രമമാണു ബിജെപി. നടത്തുന്നത്. പാർട്ടിയിൽ വളർന്നുവരുന്ന കളകൾ നീക്കം ചെയ്യണം. അതോടെ വിളവ് കൂടും. കളകൾ പുറത്താകുന്നതോടെ ബിജെപി. വേറിട്ട പാർട്ടിയുമാകും.ബിജെപി. കമ്മിറ്റികളിൽ 20 ശതമാനത്തോളം പുതുമുഖങ്ങളെ ഉൾപ്പെടുത്തണമെന്നു നിർദ്ദേശമുണ്ടാകാനുള്ള കാരണവും ഇതുതന്നെയാണ്.

  • 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടർന്നുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്കു കഴിഞ്ഞ തവണത്തേക്കാൾ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നു കരുതുന്നുണ്ടോ.

ഇക്കാര്യത്തിൽ സംശയത്തിന്റെ ആവശ്യമില്ല. ഇതിനായി പാർട്ടിയിലെ കളകൾ നീക്കം ചെയ്ത് ശുദ്ധീകരിക്കേണ്ടതുണ്ട്. ഇതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. ഈ സാഹചര്യത്തിൽ ചിലർ മാറിനിൽക്കാനുള്ള പ്രവണത പ്രകടിപ്പിക്കുന്നുണ്ടാകാം. അതൊന്നും കാര്യമാക്കേണ്ടതില്ല. രാഷ്ട്രീയ പ്രവർത്തനത്തെകുറിച്ച് അറിയാവുന്ന സംഘ നേതൃത്വം ബിജെപിയിലെ ഈ ശുദ്ധീകരണത്തിനു നേതൃത്വം കൊടുക്കണം.

  • മുഖ്യ രാഷ്ട്രീയശത്രുവായ സിപിഐ(എം). നേതൃത്വം നൽകുന്ന സർക്കാരിനോട് സമരസപ്പെട്ട് പോകാൻ താങ്കൾക്ക് എങ്ങനെ സാധിക്കുന്നെന്നാണു പാർട്ടിയിലെ വിമർശകൾ ഉന്നയിക്കുന്ന ചോദ്യം

ആദ്യ ഇ.എം.എസ്. മന്ത്രിസഭയെ പുറത്താക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ പ്രക്ഷോഭം നയിക്കുന്ന കാലം. ജനസംഘത്തിനു സഭയിൽ പ്രതിനിധികളില്ലെങ്കിലും പുറത്തെ പ്രക്ഷോഭത്തിന് അവരും ചേർന്നു. ഈ സമയത്ത് കേരളത്തിലെത്തിയ ആർഎസ്എസ്. സർസംഘചാലകായിരുന്ന ഗുരുജി ഗോൾവാക്കർ ജനസംഘം നേതാക്കളെ വിളിച്ചുവരുത്തി നിർദ്ദേശിച്ചത് സർക്കാരിനെതിരായ സമരത്തിൽനിന്നു പിന്മാറാനാണ്. അഞ്ച് വർഷം ഭരിക്കാനുള്ള അവസരമാണു തെരഞ്ഞെടുപ്പിലൂടെ സർക്കാരിനു നൽകിയിട്ടുള്ളത്.

ഇതിനെ അട്ടിമറിക്കാൻ ആർക്കും അവകാശമില്ല. ഇതേ നിലപാടാണു സഭാംഗമെന്ന നിലയിൽ എനിക്കുമുള്ളത്. സർക്കാരിന്റെ നല്ല പ്രവർത്തനങ്ങൾക്കു രാഷ്ട്രീയം തടസമാകാതെ പിന്തുണ നൽകും. മോശമായ നടപടികളെ വിമർശിക്കും. അല്ലാതെ സഭയിൽ കലിതുള്ളാനും ഇറങ്ങിപോകാനുമെന്നും ഉദേശമില്ല. സഭയിൽ പ്രതിപക്ഷത്തല്ല നിഷ്പക്ഷത്തായിരിക്കും എന്റെ സ്ഥാനം.

  • പിണറായി വിജയനോടുള്ള സൗഹൃദം ഇത്തരമൊരു നിലപാടെടുക്കുന്നതിനു കാരണമായിട്ടുണ്ടോ.

എല്ലാ രാഷ്ട്രീയ നേതാക്കളുമായും സൗഹൃദമുണ്ട്. നല്ല സൗഹൃദങ്ങളെ രാഷ്ട്രീയത്തിനതീതമായി വളർത്തുകയും പുതുക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. ഇത്തമൊരു സൗഹൃദം മാത്രമാണു പിണറായി വിജയനുമായിട്ടുള്ളതും.

  • പിണറായി വിജയന്റെ പ്ലസ് പോയിന്റ്.

കരുത്തനായ നേതാവാണു പിണറായി വിജയൻ. സർക്കാരിന്റെ ഇത്രയും നാളത്തെ പ്രവർത്തനം വിലയിരുത്തുന്‌പോഴും പിണറായി എന്ന ഭരണാധികാരിയുടെ മിടുക്ക് പ്രകടമാകും. വിഭാഗീയത അതിശക്തമായിരുന്ന കാലത്തുപോലും സിപിഎമ്മിന് ഒരു പോറൽപോലും ഏൽക്കാതെ സംരക്ഷിച്ചു നിർത്താനുള്ള വൈഭവം അദ്ദേഹം പ്രകടിപ്പിച്ചു.

  • സിപിഎമ്മിലെ വിഭാഗീയതയ്ക്ക് അറുതി വരുത്താൻ പിണറായിക്കു സാധിച്ചെന്നാണോ.

വി എസ്. പക്ഷം ക്രമേണ ഇല്ലാതായതോടെ പാർട്ടി പൂർണമായും പിണറായിയിൽ കേന്ദ്രീകൃതമായി.

  • പിണറായിയുടെ മൈനസ് പോയിന്റ്.

അദേഹം ഒരു മാർക്‌സിസ്റ്റ്കാരനാണ് എന്നതാണു പ്രധാന കോട്ടം. ഒരു മാർക്‌സിസ്റ്റിന് ഒരിക്കലും സമവായത്തിന്റെ പാത സ്വീകരിക്കാനാകില്ല. അതുകൊണ്ടാണു പിണറായി ആഭ്യന്തരവകുപ്പ് ഭരിക്കുന്‌പോഴും സംസ്ഥാനത്ത് സെൽഭരണത്തിന് സമാനമായ സ്ഥിതിഗതികൾ ഉണ്ടാകുന്നത്. രാഷ്ട്രീയ എതിർപക്ഷത്തുള്ളവർക്കു പൊലീസിന്റെ ഭാഗത്തുനിന്നുപോലും നീതി ലഭ്യമാകുന്നില്ല. മാത്രമല്ല, വോട്ട് ബാങ്കായ മുസ്ലിം ന്യൂനപക്ഷത്തിന്റെ ഒരു പങ്ക് മുസ്ലിംലീഗ് സ്വന്തമാക്കുന്‌പോൾ ബാക്കി ഭാഗം പോക്കറ്റിലാക്കാനുള്ള അതിരുകടന്ന പ്രീണനനയം തന്നെയാണു പിണറായിയും സിപിഎമ്മും അനുവർത്തിക്കുന്നത്. ഹിന്ദുവിരുദ്ധമായി മാറുന്നതാണു മുഖ്യമന്ത്രിയുടെ പ്രധാന പോരായ്മയായി വിലയിരുത്തേണ്ടത്.

  • ഹിന്ദുശാക്തീകരണത്തിനായി ബിജെപി. ശ്രമം നടത്തുന്‌പോഴും ദളിത് സമൂഹം കൂടുതൽ പാർശ്വവൽക്കരിക്കപ്പെടുകയാണല്ലൊ.

ഹിന്ദു സമൂഹത്തിന്റെ ആകമാനമുള്ള ഉന്നമനവും ശാക്തീകരണവുമായിരുന്നു സംഘം ലക്ഷ്യമാക്കിയത്. ആദിവാസി മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി സംഘടനകൾ സംഘത്തിനുണ്ടെങ്കിലും സംഘടനാ രംഗത്ത് പരിമിതികളുള്ളതിനാൽ സംസ്ഥാനത്ത് ഫലപ്രദമായി പ്രവർത്തിക്കാൻ സാധിച്ചിട്ടില്ല. കുമ്മനം രാജശേഖരൻ ബിജെപി അധ്യക്ഷനായതോടെ ഇത്തരം പ്രവർത്തനങ്ങൾക്കു വേഗത കൂടിയിട്ടുണ്ട്. സി.കെ. ജാനു അടക്കമുള്ള ആദിവാസി നേതാക്കൾ ബിജെപിക്കൊപ്പം ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്. എസ്.എൻ.ഡി.പി. അണികളും ബിജെപിക്കൊപ്പം അണിചേർന്നുകഴിഞ്ഞു.

  • ബി.ഡി.ജെ.എസിന്റെ പിന്തുണ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്കു പ്രതീക്ഷിച്ച രീതിയിൽ ഗുണം ചെയ്തിട്ടുണ്ടോ.

എസ്.എൻ.ഡി.പി. എന്നത് വലിയൊരു പ്രസ്ഥാനമാണ്. ആ സംഘടനയുടെ പിന്തുണയിൽ ലഭിക്കാവുന്ന വോട്ടുകൾ കണക്കുകൂട്ടുന്‌പോൾ പ്രതീക്ഷിച്ച രീതിയിലുള്ള നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ടാകില്ല. ആദ്യമായി ഒരു രാഷ്ട്രീയ പാർട്ടിക്ക് പ്രത്യക്ഷപിന്തുണ നൽകുന്‌പോൾ അതുമായി പൊരുത്തപ്പെടാൻ എസ്.എൻ.ഡി.പി. അണികൾക്കു സമയമെടുക്കും. ഇതുകൊണ്ടാണു വലിയനേട്ടം ഉണ്ടാക്കാൻ സാധിക്കാതെ പോയത്. ഇപ്പോൾ എസ്.എൻ.ഡി.പി. പൂർണമായും ബി.ഡി.ജെ.എസിന്റെ തീരുമാനവുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. പലരും ബി.ഡി.ജെ.എസിൽ അല്ലാതെ നേരിട്ട് ബിജെപിയുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിക്കുകയാണ്.
അടുത്ത തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ കുതിപ്പിന് സഹായകരമാകുന്ന പ്രധാനഘടകമായി ഇതു മാറും.

  • പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ പ്രവർത്തനം എങ്ങനെ വിലയിരുത്തുന്നു.

അനുദിനം തകരുന്ന ഒരു പാർട്ടിയുടെ നേതാവെന്ന നിലയിലുള്ള വിഭ്രാന്തിയും അസ്വസ്ഥതയും അദ്ദേഹം സഭയിലും പ്രകടിപ്പിക്കുന്നു. ഒന്നു പറഞ്ഞു രണ്ടാമത്തേതിന് ഇറങ്ങിപോകുകയും സഭാ നടപടികളുമായി സഹകരിക്കാതിരിക്കുകയും ചെയ്യുന്നതും ഇതുകൊണ്ടാണ്. ഒരു നല്ല പ്രതിപക്ഷ നേതാവിനു ചേർന്ന ഗുണങ്ങളല്ല അദ്ദേഹത്തിനുള്ളത്.

കടപ്പാട്: മംഗളം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP