Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജഗ്മോഹനെ ഒപ്പം കൂട്ടാനുള്ള ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങൾക്ക് പച്ചക്കൊടി കാട്ടി വൈഎസ്ആർ കോൺഗ്രസ്; രാജ്യസഭാ ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്കോ സഖ്യകക്ഷികൾക്കോ വോട്ടില്ലെന്ന പ്രഖ്യാപനം തിരിച്ചുവരവിന്റെ തുടക്കം; ആന്ധ്രയിലെ കോൺഗ്രസിന്റെ പരമാധികാരം നൽകിയാൽ മടങ്ങാമെന്ന് സമ്മതിച്ചതായി റിപ്പോർട്ടുകൾ: മോദി വിരുദ്ധ സഖ്യത്തിനൊരുങ്ങുന്ന കോൺഗ്രസിന് വൻ പ്രതീക്ഷ

ജഗ്മോഹനെ ഒപ്പം കൂട്ടാനുള്ള ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങൾക്ക് പച്ചക്കൊടി കാട്ടി വൈഎസ്ആർ കോൺഗ്രസ്; രാജ്യസഭാ ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്കോ സഖ്യകക്ഷികൾക്കോ വോട്ടില്ലെന്ന പ്രഖ്യാപനം തിരിച്ചുവരവിന്റെ തുടക്കം; ആന്ധ്രയിലെ കോൺഗ്രസിന്റെ പരമാധികാരം നൽകിയാൽ മടങ്ങാമെന്ന് സമ്മതിച്ചതായി റിപ്പോർട്ടുകൾ: മോദി വിരുദ്ധ സഖ്യത്തിനൊരുങ്ങുന്ന കോൺഗ്രസിന് വൻ പ്രതീക്ഷ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരബാദ്: കേരളത്തിലെ കോൺഗ്രസ് അമരത്ത് നിന്നും കേന്ദ്ര നേതൃത്വം എന്ന ഉത്തരവാദിത്വത്തിലേക്ക് സ്ഥാനകയറ്റം ലഭിച്ച ഉമ്മൻ ചാണ്ടി തന്റെ രാഷ്ട്രീയ മികവ് ദേശീയ തലത്തിലും തെളിയിക്കുകയാണെന്നതിന് ഉദാഹരണമാവുകയാണ് ആന്ധ്രാ പ്രദേശിലെ കോൺഗ്രസിൽ നിന്നും വരുന്ന വാർത്തകൾ. മുൻ മുഖ്യമന്ത്രി വൈഎസ്ആർ റെഡ്ഡിയുടെ മകനായ ജഗ്മോഗൻ റെഡ്ഡിയും താമസിയാതെ കോൺഗ്രസിൽ മടങ്ങിയെത്തും. ഇതോടെ ആന്ധ്രയിലെ പ്രധാന പ്രതിപക്ഷമായി കോൺഗ്രസ് മാറും.

ഇതിന് ശേഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രയിൽ നിന്ന് പരമാവധി സീറ്റുകൾ. ഇതാണ് ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം. രാജ്യസഭാ ഉപാധ്യക്ഷനായുള്ള തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് വൈ എസ് ആർ കോൺഗ്രസ് അറിയിച്ചു കഴിഞ്ഞു. ഇതും ഉമ്മൻ ചാണ്ടിയുടെ ഇടപെടലിന്റെ ഫലമാണ്. ഇത് ദേശീയ തലത്തിൽ ബിജെപി വിരുദ്ധ സഖ്യമെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നീക്കങ്ങൾക്ക് പുതിയ ആവേശം നൽകും.

കോൺഗ്രസ് നേതാക്കളെ അടർത്തിയെടുത്താണ് നോർത്ത് ഈസ്റ്റിൽ ബിജെപി മുന്നേറ്റം നടത്തിയത്. ത്രിപുരയെ കാവി പുതപ്പിച്ചതും അങ്ങനെ തന്നെ. ഈ തന്ത്രമാണ് ആന്ധ്രയിലും പുറത്തെടുക്കാൻ പോകുന്നത്. പഴയ പ്രതാപത്തിലേക്കു കോൺഗ്രസിനെ എത്തിക്കുകയെന്ന ദൗത്യവുമായി ഉമ്മൻ ചാണ്ടി ആന്ധ്രപ്രദേശിലെത്തുമ്പോൾ വെല്ലുവിളി കനത്തതാകുമെന്ന് ബിജെപിക്ക് അറിയാം. എന്നാൽ ഇത്രയും ചുരുങ്ങിയ ദിവസം കൊണ്ട് ഉമ്മൻ ചാണ്ടി ചെയ്തത് രാഹുൽ ഗാന്ധി ആഗ്രഹിച്ചതിലും അപ്പുറത്താണ്.

ഒരു രൂപ പിരിവുമായി കോൺഗ്രസ് പ്രവർത്തകർ ആന്ധ്രയിലെ മുഴുവൻ വീട്ടിലും പോകും. ഈ പ്രചരണ തന്ത്രത്തിന് കരുത്ത് പകരാൻ ആദ്യം കിരൺ കുമാർ റെഡ്ഡിയെ എത്തിച്ചു. ഇനി അടുത്ത ലക്ഷ്യം വി എസ് ആർ കോൺഗ്രസാണ്. ആന്ധ്രയിൽ കോൺഗ്രസ് അതിശക്തമായിരുന്നു. വൈ എസ് രാജശേഖര റെഡ്ഡിയായിരുന്നു മുഖ്യമന്ത്രി. വൈ എസ് ആർ ഹെലികോപ്ടർ അപകടത്തിൽ മരിച്ചതോടെ കഷ്ടകാലം തുടങ്ങി. വൈ എസ് ആറിന്റെ മകൻ ജഗ്മോഹൻ റെഡ്ഡിയെ അംഗീകരിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം തയ്യാറായില്ല. കേസുകളിൽ കുടുക്കി ജഗ്മോഹനെ പീഡിപ്പിച്ചു.

ഇതോടെ വൈ എസ് ആർ കോൺഗ്രസുമായി ജഗൻ എത്തി. ഇതോടെ കോൺഗ്രസ് നാമവശേഷമായി. ആന്ധ്രയിലെ മുഖ്യപ്രതിപക്ഷം ഇന്ന് വൈ എസ് ആറാണ്. ഈ സാഹചര്യത്തിലാണ് കോൺഗ്രസിലെ ബാക്കിയുള്ള നേതാക്കളെ മുഴുവൻ അടർത്തിയെടുക്കാൻ അമിത് ഷാ കരുക്കൾ നീക്കുന്നത്. 2014ൽ ടിഡിപിയുമായി ചേർന്നുണ്ടാക്കിയ സഖ്യം തിരഞ്ഞെടുപ്പുഫലത്തിൽ ഗുണം ചെയ്തെങ്കിലും പാർട്ടിക്കു നേട്ടമായില്ലെന്ന വിലയിരുത്തലിലാണു ബിജെപി. 2019ൽ ഇതു മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു ചാക്കിട്ടു പിടിത്തം.

ഇത് മനസ്സിലാക്കിയാണ് കോൺഗ്രസിന്റെ നേതൃത്വം ജഗ്മോഹൻ റെഡ്ഡിക്ക് നൽകാനുള്ള ഉമ്മൻ ചാണ്ടിയുടെ നീക്കം. ആന്ധ്രയിൽ കോൺഗ്രസിന്റെ പരമ്പരാഗത വൈരികളാണു ടിഡിപി. അതുകൊണ്ടുതന്നെ ടിഡിപിയുമായി ഇപ്പോൾ സഖ്യമില്ലെന്ന് ആവർത്തിച്ചുപറഞ്ഞു കോൺഗ്രസ് നേതാക്കളെ ആകർഷിക്കാനുള്ള അടവും ബിജെപി പയറ്റുന്നു. ടിഡിപിക്കെതിരെയും മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിനെതിരെയും രാഷ്ട്രീയ പ്രചാരണത്തിനും തുടക്കമിട്ടു. പ്രധാന പ്രതിപക്ഷമാക്കാനാണ് പുതിയ നീക്കങ്ങൾ. ജഗ്മോഹൻ റെഡ്ഡി ബിജെപിക്കൊപ്പം ചേർന്നാൽ കോൺഗ്രസിന്റെ പ്രതീക്ഷ തകരും. ഇത് മനസ്സിലാക്കിയാണ് ഉമ്മൻ ചാണ്ടി കരുനീക്കം നടത്തുന്നത്.

വൈ എസ് ആർ കോൺഗ്രസിനെ അടുപ്പിക്കാനാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം. ഇതിന് മുന്നോടിയായാണ് കിരൺ കുമാർ റെഡ്ഡിയെ പാർട്ടിയിലേക്ക് കൊണ്ടു വരുന്നത്. ജഗ്മോഹൻ റെഡ്ഡിയുമായി ഉമ്മൻ ചാണ്ടി നേരിട്ട് ചർച്ച നടത്തുമെന്നാണ് സൂചന. അതിന് ശേഷം ബിജെപിയെ തോൽപ്പിക്കുകെയന്ന വിശാല സഖ്യത്തിന്റെ ഭാഗമാക്കി ജഗ്മോഹനെ മാറ്റും. ജഗ്മോഹനെ കോൺഗ്രസിലെത്തിച്ച് നേതൃത്വവും കൈമാറിയേക്കും.

ഇതിനുള്ള നീക്കമാണ് നടക്കുന്നത്. ഇത് സാധ്യമായാൽ ആന്ധ്രയിൽ കോൺഗ്രസിന് പുതു ജീവൻ നൽകും. ചന്ദ്രബാബു നായിഡുവിൽ നിന്ന് ഭരണം പിടിച്ചെടുക്കാനും സാധിക്കും. കോൺഗ്രസ് കോട്ടയായിരുന്ന ആന്ധ്രപ്രദേശ് 2014നു ശേഷമാണു കോൺഗ്രസിനെ പൂർണമായി കൈവിട്ടത്. ഇതു തിരിച്ചുപിടിക്കാനും സഖ്യസാധ്യതകൾ വിപുലപ്പെടുത്താനുമാണു മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയെ പാർട്ടി നിയോഗിച്ചിട്ടുള്ളത്. ഇതിനുള്ള സാധ്യതകൾ തുറന്നു കാട്ടുന്നതാണ് രാജ്യസഭാ ഉപാധ്യക്ഷ പദവിയിലേക്ക് ബിജെപിയെ പിന്തുണയ്ക്കില്ലെന്ന വൈഎസ് ആർ കോൺഗ്രസിന#്റെ പ്രഖ്യാപനം,

നിയമസഭയിലെ 175 സീറ്റിലും മൽസരിക്കാൻ കോൺഗ്രസിനെ തയാറാക്കുന്നതിനൊപ്പം ബിജെപിയുടെ നീക്കങ്ങളെ തടയുകയെന്നതും ഉമ്മൻ ചാണ്ടിയെ കാത്തിരിക്കുന്ന വെല്ലുവിളിയാണ്. ഇതിന് ജഗ്മോഹനെ വീണ്ടും കോൺഗ്രസുകാരനാക്കുകയാണ് നല്ലതെന്ന തിരിച്ചറിവ് ഉമ്മൻ ചാണ്ടിക്കും വന്നു കഴിഞ്ഞു.

വൈ എസ് ആർ തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും വിഷയങ്ങളെ തുറന്ന മനസോടെ കാണുമെന്നും ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. ജഗ്മോഹൻ റെഡ്ഡിയെ തന്നോട് അടുപ്പിക്കാൻ തന്നെയാണ് ഇതിലൂടെ ഉമ്മൻ ചാണ്ടി ലക്ഷ്യമിടുന്നത്. രണ്ട് മാസം മുമ്പാണ് ആന്ധ്രയിലെ എഐസിസി ചുമതലയുള്ള ജനറൽ സെക്രട്ടറി പദം ഉമ്മൻ ചാണ്ടി ഏറ്റെടുത്തത്.

ആന്ധ്രാപ്രദേശ് മുന്മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഢി കോൺഗ്രസിൽ മടങ്ങിയെത്തിയത് ഉമ്മൻ ചാണ്ടിയുടെ നയതന്ത്ര പാടവത്തിന്റെ ഉത്തമ ഉദാഹരണമായി വിലയിരുത്തിയിരുന്നു. ആന്ധ്രപ്രദേശിന്റെ മുഖ്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി എന്ന സ്ഥാനത്ത് നിന്നുകൊണ്ട് ഉമ്മൻ ചാണ്ടി നടത്തിയിരിക്കുന്ന ഈ കന്നി ചുവട് വയ്പ് കോൺഗ്രസിന്റെ ശക്തി ആന്ധ്രയിൽ ഇരട്ടിപ്പിക്കുന്നതാണെന്നത് ഉറപ്പിച്ചു കഴിഞ്ഞു.

ഉമ്മൻ ചാണ്ടി ഈ സ്ഥാനത്തേക്ക് വന്ന ശേഷം ആദ്യം തയാറാക്കിയത് കോൺഗ്രസിലേക്ക് മടക്കിക്കൊണ്ട് വരാൻ സാധിക്കുന്ന നേതാക്കളുടെ പട്ടികയാണ്. അതിൽ തന്നെ പ്രധാനിയായ മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഢിയെ കോൺഗ്രസിലേക്ക് അടുപ്പിക്കാൻ സാധിച്ച ഉമ്മൻ ചാണ്ടിക്ക് പട്ടികയിലെ ബാക്കി ആളുകളെയും കോൺഗ്രസിലേക്ക് അടുപ്പിക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല.

രണ്ടു തവണ റെഡ്ഢിയുമായി നടത്തിയ ചർച്ച വിഫലമായില്ലെന്ന് മാത്രമല്ല. ഒരു ഉപാധികളുമില്ലാതെയാണ് തന്റെ മടങ്ങിവരവെന്ന് കിരൺകുമാർ റെഡ്ഢി രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കു ശേഷം വ്യക്തമാക്കിയിരുന്നു. 2014ൽ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച ശേഷമാണ് ജയ് സമൈക്യാന്ധ്ര എന്ന പാർട്ടി അദ്ദേഹം ആരംഭിച്ചത്. കിരൺ കുമാർ റെഡ്ഢി കോൺഗ്രസിലേക്ക് മടങ്ങി വന്നിരിക്കുന്ന സമയം അടുത്തതായി ഉയരുന്നത് വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഢിയെ മടക്കിക്കൊണ്ട് വരുന്നതിനെപറ്റിയാണ്.

ബിജെപിയെ തറപറ്റിക്കാൻ കോൺഗ്രസ് നടപ്പിലാക്കുന്ന ഈ ചുവട് വയ്‌പ്പുകളിൽ സഖ്യം ചേരാനായി ആരൊക്കെയെത്തും എന്നതിലും സംശയങ്ങൾ ഉയരുകയാണ്. വിഭജിച്ച് നിൽക്കുന്നവരെ ഐക്യതയുടെ ചരടിൽ ഒന്നിച്ച് നിറുത്താൻ സാധിക്കുന്ന ഉമ്മൻ ചാണ്ടി മാജിക്ക് ആന്ധ്രയിൽ പൂർണമായും ഫലപ്രാപ്ത്തിയിലെത്താനായി ഇനി എന്ത് തന്ത്രങ്ങളാകും മെനയുക എന്നതാണ് ജനമനസുകളിലെ പ്രധാന ചോദ്യം.

ജില്ലകൾതോറും നേരിട്ടെത്തിയും യുവാക്കളുടെ നേതൃത്വത്തിൽ ബൈക്ക് റാലി നടത്തിയും ജനഹൃദയങ്ങളിൽ സ്ഥിര പ്രതിഷ്ഠ നേടാൻ ശ്രമിക്കുന്ന ഉമ്മൻ ചാണ്ടി തന്ത്രത്തെ തളർത്താൻ ബിജെപി സഖ്യം ആധുധങ്ങൾ ഒരുക്കി തുടങ്ങിയോ എന്നതും മറ്റൊരു പ്രധാന ചോദ്യമായി തന്നെ അവശേഷിക്കുന്നു. വൈഎസ് ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഢി ഇപ്പോൾ ഉമ്മൻ ചാണ്ടി നടത്തുന്ന ശ്രമങ്ങൾക്ക് പച്ചക്കൊടി കാണക്കുമെന്ന സൂചനകളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. ആന്ധ്രയിൽ കോൺഗ്രസ് ലക്ഷ്യമിടുന്ന ശാക്തീകരണത്തിനുള്ള അടിത്തറ ഒരുക്കുന്നതിൽ ഉമ്മൻ ചാണ്ടി പ്രഥമ ചുവട് വെയ്‌പ്പ് വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു. ഇനി വരാനിരിക്കുന്ന വാർത്തകൾ പുറത്ത് വിടേണ്ടത് വൈഎസ്ആർ കോൺഗ്രസ് നേതൃത്വമാണ്.

വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയ പഥത്തിലെത്തിക്കാൻ ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തുന്ന ശ്രമങ്ങൾക്ക് ഊർജം പകരുന്നത് തന്നെയാണ് ഉമ്മൻ ചാണ്ടിയുടെ തന്ത്രങ്ങൾ. ആന്ധ്ര വിഭജന സമയത്ത് കിരൺ കുമാർ റെഡ്ഢിക്കൊപ്പം തന്നെ പാർട്ടി വിട്ടവർ തിരികെയെത്തിയിട്ടില്ലെന്ന ആശങ്ക ചെറുതായി കോൺഗ്രസിന് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ഉമ്മൻ ചാണ്ടിയുടെ നയതന്ത്ര പാടവം ഇവരെയും എത്രയും വേഗം തിരികെയെത്തിക്കുമെന്നാണ് പ്രതീക്ഷ.

കേരളത്തിലെ കോൺഗ്രസിന് മികച്ച നേതൃത്വം നൽകിയ ഉമ്മൻ ചാണ്ടിയുടെ കേരള മോഡൽ പ്രവർത്തനത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച ആന്ധ്രപ്രദേശ് വരുന്ന മുഖ്യതിരഞ്ഞെടുപ്പിലും കോൺഗ്രസിനെ വിജയത്തിലെത്തിക്കാൻ ഉമ്മൻ ചാണ്ടിക്കൊപ്പം നിൽക്കുമെന്ന് ഉറപ്പിച്ച് പറയുന്നതോടൊപ്പം ബിജെപി ഇതുവരെ പടുത്തുയർത്തിയ രാഷ്ട്രീയ തിളക്കത്തിന് മങ്ങൽ വരുത്തുമോ എന്നും ജനമനസുകളിൽ സംശയമുണരാം.

വരുന്ന തിരഞ്ഞെടുപ്പിലും ഭരണം പിടിച്ചടക്കാൻ ശ്രമിക്കുന്ന മോദി സഖ്യത്തിനെതിരെ കോൺഗ്രസ് ഇനി നടപ്പിലാക്കാൻ പോകുന്ന രാഷ്ട്രീയ തന്ത്രങ്ങൾ എന്താണെന്ന് കണ്ടു തന്നെ അറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP