Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

300 കോടിയുടെ അഴിമതി നടത്തിയത് പൊതുമരാമത്ത് മന്ത്രി; ബാർകോഴയിൽ മാണിയെ വെല്ലുന്ന തുക വാങ്ങിയത് മൂന്ന് കോൺഗ്രസ് മന്ത്രിമാർ; സരിതയും മുഖ്യമന്ത്രിയും തമ്മിൽ കൂടുതൽ ബന്ധമെന്ന് വെളിപ്പെടുത്തൽ; പിസി ജോർജിന്റെ ബോംബുകൾക്ക് കാത്തിരുന്ന സർക്കാരിനെതിരെ ഒറ്റദിവസം മൂന്ന് അണുബോംബുകൾ

300 കോടിയുടെ അഴിമതി നടത്തിയത് പൊതുമരാമത്ത് മന്ത്രി; ബാർകോഴയിൽ മാണിയെ വെല്ലുന്ന തുക വാങ്ങിയത് മൂന്ന് കോൺഗ്രസ് മന്ത്രിമാർ; സരിതയും മുഖ്യമന്ത്രിയും തമ്മിൽ കൂടുതൽ ബന്ധമെന്ന് വെളിപ്പെടുത്തൽ; പിസി ജോർജിന്റെ ബോംബുകൾക്ക് കാത്തിരുന്ന സർക്കാരിനെതിരെ ഒറ്റദിവസം മൂന്ന് അണുബോംബുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയിച്ച് കയറാനായി തന്ത്രങ്ങൾ ഒരുക്കിയത് പിസി ജോർജ്ജെന്ന ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്നു. എന്നാൽ അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ ജോർജ് വില്ലന്റെ റോളിലാണ്. എങ്ങനേയും ജോർജിനെ മെരുക്കി വിവാദങ്ങളിൽ നിന്ന് തടിയൂരാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. ഗൾഫ് യാത്ര കഴിഞ്ഞ് മടങ്ങിയത്തുമ്പോൾ എല്ലാം ശരിയാകുമെന്നും കരുതി. പക്ഷേ കുരക്ക് കൂടുകയാണ്. ബാർകോഴയിൽ കെ ബാബുവെന്ന വിശ്വസ്തനും പെടുന്നു. കെബി ഗണേശ് കുമാറിന്റെ അഴിമതി ആരോപണത്തിന് വ്യക്തമായ മറുപടിയില്ലാതെ പൊതു മരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ്. അതിലെല്ലാം ഉപരി സരിതയും സോളാറും വീണ്ടുമെത്തുന്നു. സോളാർ കമ്മീഷണ് മുന്നിൽ എത്തുന്ന തെളിവുകളെല്ലാം മുഖ്യമന്ത്രിക്ക് എതിരാണ്. ഇവരെ എങ്ങനെ മറികടക്കുമെന്ന് ഉമ്മൻ ചാണ്ടിക്കും വ്യക്തതയില്ല. കമ്മീഷനിൽ നിന്നുള്ള ചെറിയ പരാമർശം പോലും തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം.

സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിന് കൂടുതൽ തെളിവുകൾ സോളാർ കമ്മീഷന് റിപ്പോർട്ടർ ടി.വി. മാനേജിങ് ഡയറക്ടർ എം വി നികേഷ്‌കുമാർ കൈമാറി. ഇതോടെ പ്രശ്‌നങ്ങൾ സങ്കീർണ്ണമാവുകയാണ്. റിപ്പോർട്ടർ ടി. വി.യുടെ ഡൽഹി പ്രതിനിധിയായ രാധാകൃഷ്ണനുമായി മുഖ്യമന്ത്രിയുടെ സഹായി തോമസ് കുരുവിള നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ പകർപ്പാണ് കമ്മീഷന് നികേഷ് കെമാറിയത്. 2012 ഡിസംബർ 27 ന് ഡൽഹിയിൽ നടന്ന ദേശീയ ആസൂത്രണ സമിതിയുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി, സരിതയുമായി വിജ്ഞാൻഭവനിൽ കൂടിക്കാഴ്ച നടത്തിയെന്ന് തോമസ് കുരുവിള പറഞ്ഞിരുന്നു. കൂടാതെ 27 ന് നടന്ന ആസൂത്രണ സമിതിയുടെ യോഗത്തിൽ പങ്കെടുക്കാനായി മാദ്ധ്യമ പ്രവർത്തകർക്ക് പ്രസ് ഇൻഫർമേഷൻ ബ്യൂറോ നൽകിയ ക്ഷണക്കത്തും കമ്മീഷന് നൽകി.

സോളാർ പദ്ധതിക്ക് അംഗീകാരം നൽകണമെങ്കിൽ കോടികൾ വേണമെന്ന് മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടതായി ബംഗളുരുവിലെ വ്യവസായി എം.കെ. കുരുവിളയും നേരത്തെ മൊഴിനൽകിയിരുന്നു. തവണകളായി കൈക്കൂലി നൽകണമെന്നു പല തവണ ഫോണിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്നും പദ്ധതിയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രിയുമായി പലവട്ടം സംസാരിച്ചെന്നും മൊഴിയിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ബന്ധുവെന്ന് അവകാശപ്പെട്ട ആൻഡ്രൂസ് മുഖേനയാണ് താൻ സോളാർ ഇടപാടിൽ ബന്ധപ്പെട്ടത്. കേരളത്തിലെ സോളാർ പദ്ധതിക്കു വേണ്ടി ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനി 4000 കോടി രൂപ നിക്ഷേപിക്കുന്നുണ്ടെന്നും ഇതിൽ പങ്കാളിയാകാൻ ആൻഡ്രൂസ് തന്നെ നിർബന്ധിച്ചെന്നും കുരുവിള പറയുന്നു.

ആൻഡ്രൂസ് വഴി മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്തു വച്ച് 45 മിനിറ്റ് കൂടിക്കാഴ്ച നടത്തി. പദ്ധതിക്ക് അംഗീകാരം കിട്ടാൻ മുഖ്യമന്ത്രി കോടികൾ കോഴയായി നൽകണമെന്ന് ആവശ്യപ്പെട്ടു. വിശദാംശങ്ങൾ സംസാരിക്കുന്നതിനായി രണ്ട് ഫോൺ നമ്പറുകളും നൽകി. മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന സലിംരാജിന്റേതായിരുന്നു നമ്പറുകൾ. ഇതിൽ വിളിച്ചാൽ സലിംരാജ് ഫോണെടുത്ത് മുഖ്യമന്ത്രിക്കു കൈമാറുകയായിരുന്നു പതിവ്. പിന്നീട് പദ്ധതിയെക്കുറിച്ചു സംശയം തോന്നിയപ്പോൾ മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് പരാതി നൽകി. പരാതി അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നു പൊലീസ് തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു എന്ന് കുരുവിള ആരോപിച്ചു. കേസിന്റെ നിജസ്ഥിതി വെളിപ്പെടാൻ മുഖ്യമന്ത്രിയേയും അന്നത്തെ ഡി.ജി.പിയേയുംകമ്മിഷൻ വിസ്തരിക്കണമെന്നും എം.കെ. കുരുവിള ആവശ്യപ്പെട്ടിരുന്നു. ഇതിനൊപ്പമാണ് പുതിയ വെളിപ്പെടുത്തലുകൾ.

മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും വിശ്വാസത്തിലെടുത്താണ് പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരനായ പത്തനംതിട്ട സ്വദേശി ശ്രീധരൻ നായർ റിപ്പോർട്ടർ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ അഭിമുഖത്തിന്റെ കോപ്പി കമ്മീഷന് നൽകി. കേന്ദ്ര മന്ത്രി കെ.സി. വേണുഗോപാലുമായി ആലപ്പുഴയിലെ വസതിയിൽ െവച്ച് നിരവധി തവണ കൂടിക്കാഴ്ച നടത്തിയതായി സരിത പറഞ്ഞതായി ഇന്ത്യാ ടുഡേയുടെ പ്രതിനിധി ബിന്ദുരാജും തിങ്കളാഴ്ച കമ്മീഷൻ മുമ്പാകെ മൊഴി നൽകി. ഇതിനൊപ്പം മുഖ്യമന്ത്രിയേയും കോൺഗ്രസ് നേതാക്കളേയും നേരിട്ട് ബന്ധിപ്പിക്കുന്ന പല തെളിവും കമ്മീഷന് കിട്ടിക്കഴിഞ്ഞു. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ വിളിക്കുന്നുണ്ട്. എല്ലാത്തിനും ഒടുവിൽ കമ്മീഷന്റെ നിഗമനങ്ങൾ അത് യുഡിഎഫ് സർക്കാരിനെ ബാധിക്കും. അതിലെല്ലാം ഉപരി ബാർകോഴയും ഗണേശ് കുമാറിന്റെ വെളിപ്പെടുത്തലുമെല്ലാം ഉമ്മൻ ചാണ്ടിക്ക് തലവേദനയാണ്.

അതിവേഗം സുതാര്യഭരണം ലക്ഷ്യമിട്ടെത്തിയ ഉമ്മൻ ചാണ്ടിക്ക് കാര്യങ്ങൾ പിഴയ്ക്കുകയാണ്. ബാർ കോഴയിൽ എക്‌സൈസ് മന്ത്രി കെ.ബാബുവിനും ധനമന്ത്രി കെ.എം.മാണിയുടെ മകൻ ജോസ് കെ.മാണിക്കുമെതിരെ തെളിവു നൽകിയിട്ടുണ്ടെന്നാണ് ബിജു രമേശ് എടുത്തു പറഞ്ഞിട്ടുള്ളത്. മൂന്നു മന്ത്രിമാർക്കെതിരെ കൂടി തെളിവ് നൽകിയെന്നും അദ്ദേഹം സൂചന നൽകുന്നു. ബാറുടമകളുടെ പരസ്പര സംഭാഷണത്തിനപ്പുറം ശക്തമായ തെളിവുകൾ ബിജു രമേശ് നൽകിയിട്ടുണ്ടെങ്കിൽ സ്ഥിതി ഗുരുതരമാവും. തന്നെ സ്വാധീനിക്കാൻ എത്തിയവരുടെ ദൃശ്യങ്ങളും നൽകിയതായി പറയുന്നു. എല്ലാത്തിനുപരി മജിസ്‌ട്രേട്ടിന് മുന്നിൽ നൽകിയ മൊഴിയായതിനാൽ ആർക്കും തള്ളിക്കളയാനാകില്ല. നിയമ സാധുത ഏറെയുമാണ്. അങ്ങനെ വന്നാൽ കെ ബാബുവിനെതിരെ കേസുമെടുക്കേണ്ടിവരും. എലഗൻസ് ബിനോയുമായുള്ള ബാബുവിന്റെ ബന്ധം തുറന്നുകാട്ടിയത് മറുനാടൻ മലയാളിയാണ്. അതെല്ലാം ശരിവയ്ക്കുന്നതരത്തിലാണ് ബാർകോഴയിൽ ബിജു രമേശിന്റെ മൊഴി നൽകൽ. വലിയ അഴിമതി ബാബു കാട്ടിയെന്ന് ആരോപണം ഉയരുമ്പോൾ മുഖ്യമന്ത്രി പ്രതിരോധത്തിലാകും.

മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വിശ്വസ്തനാണ് ബാബു. ജീവിതത്തിൽ മദ്യം കൈകൊണ്ട് പോലും തൊടാത്ത ബാബു എല്ലാം ചെയ്യുന്നത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നത് ഏവർക്കും അറിയാവുന്നതാണ്. അതുകൊണ്ട് തന്നെയാണ് ബാബുവിനെതിരായ കുടുക്ക് മുഖ്യമന്ത്രിയേയും ബാധിക്കുന്നത്. ബാർകോഴയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സമർത്ഥമായി കളിച്ചു മുന്നേറിയിരുന്നു. എന്നാൽ ചെന്നിത്തലയുടേയും ശിവകുമാറിന്റേയും പേര് കൂടി ബിജു രമേശ് പറഞ്ഞതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. അപ്പോഴും രമേശിനും ശിവകുമാറിനും നൽകിയത് പാർട്ടി ഫണ്ടാണെന്ന വ്യാഖ്യാനത്തിന് വഴിയുണ്ട്. എന്നാൽ ബാബു എക്‌സൈസ് മന്ത്രിയാണ്. അതുകൊണ്ട് തന്നെ ആ വാദം ഈ കേസിൽ നടക്കുകയുമില്ല. മാണി വാങ്ങിയെന്ന് പറയുന്ന കോഴയുടെ എത്രയോ ഇരട്ടി ബാബുവിലൂടെ മറിഞ്ഞെന്ന മറുനാടൻ വെളിപ്പെടുത്തലുകളേയും പുതിയ സംഭവങ്ങൾ ശരിവയ്ക്കുന്നു.

പൊതുമരാമത്ത് മന്ത്രിക്കെതിരെ ഗണേശ്കുമാർ ലോകായുക്തയ്ക്ക് നൽകിയ മൊഴിയും തുല്യഗൗരവമർഹിക്കുന്നു. കേരളാ കോൺഗ്രസിനു പുറമെ മുസ്‌ളീം ലീഗിനെക്കൂടി കുരുക്കിലാക്കുന്നതാണ് ഗണേശ് നൽകുന്ന തെളിവുകളും ഉന്നയിക്കുന്ന ആരോപണങ്ങളും. വയനാട്ടിലെ റോഡ് അപകടമുക്തമാക്കുന്നതിന് നൽകിയ കരാറിലെ അഴിമതിയാണ് അതിലൊന്ന്. എന്തൊക്കെയോ മറുപടി പറഞ്ഞുവെന്നല്ലാതെ കൃത്യമായ ഉത്തരം പൊതുമരാമത്ത് മന്ത്രിക്കില്ല. കാര്യമായ ജോലിയൊന്നും ചെയ്തിട്ടില്ലാത്ത മന്ത്രി എങ്ങനെ ഇത്ര സ്വത്ത് വാരിക്കൂട്ടി എന്ന ഗണേശിന്റെ ചോദ്യമാണ് പ്രസക്തം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP