Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദേ ഇതാണു നമ്മൾ പറഞ്ഞ ചാണക്യൻ! സഭാനേതാക്കളെ തമ്മിൽത്തല്ലിച്ചു കൂട്ടിൽ കയറ്റി; മാണിയുടെ കോഴ കോംപ്രമൈസാക്കി; താൻ വരച്ച വഴിയിലൂടെ എല്ലാവരേയും നയിച്ചു മുഖ്യമന്ത്രി

ദേ ഇതാണു നമ്മൾ പറഞ്ഞ ചാണക്യൻ! സഭാനേതാക്കളെ തമ്മിൽത്തല്ലിച്ചു കൂട്ടിൽ കയറ്റി; മാണിയുടെ കോഴ കോംപ്രമൈസാക്കി; താൻ വരച്ച വഴിയിലൂടെ എല്ലാവരേയും നയിച്ചു മുഖ്യമന്ത്രി

തിരുവനന്തപുരം: ഇതാണ് ഉമ്മൻ ചാണ്ടി! ഏതു മലവെള്ളപ്പാച്ചിലിനേയും ഉജ്വലതയോടെ അതിജീവിക്കാൻ പഠിച്ച ചാണക്യൻ. സരിത-സോളാർ വിവാദത്തിൽനിന്ന് ഉമ്മൻ ചാണ്ടി തലയൂരിയപ്പോഴാണ് ലോകം ഈ കരുത്ത് ആദ്യം അറിഞ്ഞത്. ബാർ വിവാദത്തിൽ ഒടുവിൽ താൻ വരച്ച വരയിലേക്കു എല്ലാവരെയും എത്തിച്ചപ്പോൾ ഉമ്മൻ ചാണ്ടി വീണ്ടും തന്ത്രങ്ങളുടെ തമ്പുരാനാകുന്നു. സാക്ഷാൽ കരുണാകരനുപോലും അസൂയപ്പെടാൻ മാത്രം കഴിയുന്ന നയതന്ത്രവിജയം.

മദ്യനയത്തിന്റെ കാര്യത്തിൽ സർക്കാരും കെപിസിസി പ്രസിഡന്റും തമ്മിൽ ഇടഞ്ഞപ്പോഴും കോഴ വിവാദത്തിൽ മന്ത്രിസഭയിലെ പ്രധാനി മുങ്ങിയപ്പോഴും എല്ലാത്തിനെയും ഒതുക്കാനുള്ള തന്ത്രങ്ങൾ മെനയുകയായിരുന്നു കേരള മുഖ്യൻ. സർക്കാരിന്റെ മദ്യനയം മാറ്റിയതിന്റെ പേരിൽ ഇടഞ്ഞ വിവിധ ക്രൈസ്തവ സഭകളെയും വശത്താക്കാൻ നേരിട്ടു കളത്തിലിറങ്ങിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ തന്ത്രങ്ങൾ വീണ്ടും വിജയിക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്.

എതിർപ്പുമായി വന്ന എസ്എൻഡിപിയെയും എൻഎസ്എസിനെയും മാത്രമല്ല, ക്രൈസ്തവസഭയിലെ പ്രബല വിഭാഗങ്ങളുടെയും എതിർപ്പില്ലാതാക്കി സർക്കാരിനെതിരായ മദ്യവിരുദ്ധ സമരത്തിന്റെ മുനയൊടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി പ്രവർത്തിച്ചത്. മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരി, വരാപ്പുഴ ആർച്ച് ബിഷപ്പ് ഫ്രാൻസിസ് കല്ലറയ്ക്കൽ എന്നിവർക്കൊപ്പം കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കബാവയുടെയും പിന്തുണയും ഈ ദൗത്യത്തിലൂടെ മുഖ്യമന്ത്രിക്ക് ഉറപ്പിക്കാനായി. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ എൻഎസ്എസ് ആസ്ഥാനത്തെത്തിയ സിബിസിഐ പ്രസിഡന്റ് മാർ ക്ലീമിസ് മദ്യവിരുദ്ധ സമരത്തിന് സഭയുടെ പിന്തുണയില്ലെന്ന് വ്യക്തമാക്കി സർക്കാർ അനുകൂല നിലപാട് പ്രഖ്യാപിക്കുകയായിരുന്നു.

കെ.സി.ബി.സിയും കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയും രണ്ടാണെന്നു പറഞ്ഞ ക്ലീമിസ് സഭയ്‌ക്കോ മെത്രാൻ സമിതിക്കോ സമരവുമായി ബന്ധമില്ലെന്നു പറഞ്ഞതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രി മദ്യവിരുദ്ധ സമിതിചെയർമാനും താമരശ്ശേരി രൂപത ബിഷപ്പുമായ റമിജിയോസ് ഇഞ്ചനാനിയെ സന്ദർശിച്ചത്. സന്ദർശനം തൃപ്തികരമെന്നാണ് മുഖ്യമന്തി മാദ്ധ്യമങ്ങളോട് പറഞ്ഞത്. മാത്രമല്ല എതിർനിലപാടുമായി താമരശേരി ബിഷപ്പ് മാദ്ധ്യമങ്ങളെ കാണാതിരുന്നതും മുഖ്യമന്ത്രിയുടെ സന്ദർശനം വിജയിച്ചതിന്റെ തെളിവായി. മദ്യവർജനം, മദ്യലഭ്യത കുറയ്ക്കൽ, മദ്യത്തിനെതിരായ പ്രബോധനം എന്നിവയാണ് കെ.സി.ബി.സി ലക്ഷ്യമിടുന്നതെന്ന് മാർ ക്ലീമിസ് പറഞ്ഞു. യു.ഡി.എഫ് ലക്ഷ്യമിടുന്നതും ഇതു തന്നെയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

മദ്യനയത്തിൽ പ്രായോഗികത വേണമെന്ന എൻ.എസ്.എസ് നിലപാടിലേക്ക് സർക്കാർ എത്തിയെന്നാണ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിശദമാക്കിയത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സർക്കാർ നിലപാടിനൊപ്പമെന്ന് നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
ജനുവരി രണ്ടിന് എൻ.എസ്.എസ് ആസ്ഥാനത്തു നടക്കുന്ന മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. അടുത്തകാലം വരെ ഇടഞ്ഞു നിന്ന എൻ.എസ്.എസ് നേതൃത്വത്തിന്റെ പിന്തുണ ഉറപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞതാണ് ഇക്കാര്യത്തിൽ ശ്രദ്ധേയം. ബാർ കോഴ വിവാദത്തിൽ വിജിലൻസിനു മുന്നിൽ ബാറുടമകൾ മൊഴി നൽകാൻ തയ്യാറാകാത്തത് കേസിന്റെ മുന്നോട്ടുപോക്കു തടയുമെന്നതും മുഖ്യമന്ത്രിയുടെ ദൗത്യങ്ങൾ വിജയിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ്.

അടുത്തു നടക്കുന്ന നിയമസഭാകക്ഷിയോഗത്തിലും മദ്യവിഷയത്തിൽ പ്രതികൂലമായി ഒന്നും സംഭവിക്കില്ലെന്ന ഉറപ്പുനേടാനും മുഖ്യമന്ത്രിക്കായിട്ടുണ്ട്. സുധീരനെ വെട്ടാൻ ഒറ്റയടിക്കു ബാറുകൾ അടച്ചുപൂട്ടിയതിലെ അബദ്ധം തന്ത്രപൂർവം തിരുത്തുക എന്ന ഉമ്മൻ ചാണ്ടി ഫോർമുല ഇതോടെ ഫലത്തിൽ നടപ്പാകും. ഇടഞ്ഞുനിന്ന സഭയെയും, ലീഗിനെയും അനുനയിപ്പിക്കുക എന്ന ദൗത്യം ഏറെക്കുറെ വിജയമായതിനാൽ സുധീരന്റെ എതിർപ്പു മാത്രമാണു സർക്കാരിനും മുഖ്യമന്ത്രിക്കും മുന്നിലുള്ള വെല്ലുവിളി. എന്നാൽ ഡ്രൈ ഡേ പിൻവലിക്കൽ, പൂട്ടിയ ബാറുകൾക്ക് ബിയർവൈൻ ലൈസൻസ് എന്നിവയടക്കം മദ്യനയം തിരുത്തിയ പ്രഖ്യാപനമുണ്ടായ പിറ്റേന്നുതന്നെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച സുധീരന്റെ ഭാഗത്ത് കഴിഞ്ഞദിവസങ്ങളിലുണ്ടായ മൗനവും കാര്യങ്ങൾ മുഖ്യമന്ത്രിയുടെ വരുതിയിൽതന്നെ വരുമെന്നതിന്റെ സൂചനയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP