Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവർത്തക സമിതി അംഗമായാലും പ്രവർത്തന മണ്ഡലം കേരളത്തിൽ മതി; ആളും പേരും ഇല്ലാത്ത യാത്ര നടത്തുന്ന ഹസനെ മാറ്റിയേ മതിയാകൂ; കെപിസിസി അധ്യക്ഷനാകേണ്ടത് എ ഗ്രൂപ്പ് പ്രതിനിധിയും; ചെങ്ങന്നൂരിന് ശേഷം ബെന്നി ബെഹന്നാനെ പ്രസിഡന്റാക്കാൻ അരയും കച്ചയും മുറുക്കി ഉമ്മൻ ചാണ്ടി; കരുതലോടെ നീങ്ങി ഐ ഗ്രൂപ്പ്; ആന്റണിയിലൂടെ രാഹുലിനെ പിടിക്കാൻ ഉറച്ച് സ്ഥാനമോഹികളും

പ്രവർത്തക സമിതി അംഗമായാലും പ്രവർത്തന മണ്ഡലം കേരളത്തിൽ മതി; ആളും പേരും ഇല്ലാത്ത യാത്ര നടത്തുന്ന ഹസനെ മാറ്റിയേ മതിയാകൂ; കെപിസിസി അധ്യക്ഷനാകേണ്ടത് എ ഗ്രൂപ്പ് പ്രതിനിധിയും; ചെങ്ങന്നൂരിന് ശേഷം ബെന്നി ബെഹന്നാനെ പ്രസിഡന്റാക്കാൻ അരയും കച്ചയും മുറുക്കി ഉമ്മൻ ചാണ്ടി; കരുതലോടെ നീങ്ങി ഐ ഗ്രൂപ്പ്; ആന്റണിയിലൂടെ രാഹുലിനെ പിടിക്കാൻ ഉറച്ച് സ്ഥാനമോഹികളും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : ദേശീയ രാഷ്ട്രീയത്തേക്കാൾ തനിക്ക് താൽപ്പര്യം കേരളമാണെന്ന് അറിയിക്കാൻ ഉമ്മൻ ചാണ്ടി. കെപിസിസി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്നും എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഉമ്മൻ ചാണ്ടി അറിയിക്കും. പ്രവർത്തക സമിതിയിലേക്ക് തന്നെ ഉൾപ്പെടുത്തിയാലും കേരളത്തിൽ തന്നെ പ്രവർത്തിക്കാനാണ് ആഗ്രഹമെന്നാകും രാഹുൽ ഗാന്ധിയോട് ഉമ്മൻ ചാണ്ടി വിശദീകരിക്കുക. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നേതാക്കളെ അടിച്ചേൽപ്പിക്കരുതെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെടും. അധ്യക്ഷ സ്ഥാനത്ത് എംഎം ഹസൻ തുടരുന്നതിനെ ഉമ്മൻ ചാണ്ടി അനുകൂലിക്കില്ല. കേരളത്തിൽ പ്രതിപക്ഷം ദുർബലമാണ്. അതുകൊണ്ട് തന്നെ സംഘടനാ തലത്തിൽ സ്വാധീനം ചെലുത്താൻ വണ്ണം അണികളുള്ള നേതാവിനെ അധ്യക്ഷനാക്കണമെന്നാണ് ആവശ്യം.

വിഡി സതീശനെയോ വിഷ്ണുനാഥിനേയോ കെപിസിസി അധ്യക്ഷനാക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കെ സി വേണുഗോപാൽ എംപിക്കും സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടി ഡൽഹിയിലെത്തുന്നത്. കെപിസിസി അഴിച്ചുപണി ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനുശേഷം മതിയെന്ന് രാഹുൽ ഗാന്ധിയോട് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടേക്കും. ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനിരിക്കെ സംഘടനയിൽ മാറ്റമുണ്ടാകുന്നതു ഗുണകരമാവില്ലെന്നു പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്. കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ ജനമോചനയാത്ര നടത്തിക്കൊണ്ടിരിക്കുകയുമാണ്. ഇതിൽ ജനപങ്കാളിത്തം കുറവാണ്. ഈ സാഹചര്യത്തിൽ ഹസനെ തുടരാൻ അനുവദിക്കേണ്ടെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഇന്നു 11നു കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ഇന്നു വൈകിട്ടോ നാളെയോ കൂടിക്കാഴ്ച നടന്നേക്കും. ഇതിനിടെ, മുതിർന്ന നേതാവ് എ.കെ. ആന്റണിയുമായി ഇരുവരും ചർച്ച നടത്തി. 'ഡൽഹിയിലെത്താൻ ആവശ്യപ്പട്ടു, കാര്യപരിപാടിയെന്തെന്നു പറഞ്ഞില്ലെ'ന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. കെപിസിസി അധ്യക്ഷ നിയമനമാണ് പ്രധാന അജണ്ട. പ്രതിപക്ഷ നേതൃസ്ഥാനത്ത് ഉമ്മൻ ചാണ്ടിയെ നിയോഗിച്ച് കെപിസിസി തലപ്പത്ത് ചെന്നിത്തല അനുകൂലിയെ നിയോഗിക്കുന്നതും ഹൈക്കമാണ്ടിന്റെ പരിഗണനയിലുണ്ട്. ചെന്നിത്തലയെ വീണ്ടും ദേശീയ നേതാവാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ചർച്ചകൾക്ക് ഡൽഹിയിലെത്തുന്നത്.

കേരളത്തിലെ കലുഷിത രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങൾ എന്നിവയും ചർച്ചയായേക്കും. എന്നാൽ, രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ ജൂൺ അവസാനം കാലാവധി പൂർത്തിയാക്കുന്നതോടെ രാജ്യസഭയിലേക്കു വരുന്ന ഒഴിവും ചർച്ചയാകും. താൽക്കാലികമായി നിയമിതനായ ഹസൻ, കെപിസിസി അധ്യക്ഷസ്ഥാനത്ത് ഒരു വർഷം പൂർത്തിയാക്കി കഴിഞ്ഞു. ഉമ്മൻ ചാണ്ടിയുടെ പിന്തുണയോടെയാണ് ഹസൻ കെപിസിസി അധ്യക്ഷനാകുന്നത്. എന്നാൽ ചെന്നിത്തല പക്ഷത്തേക്ക് പതിയെ കൂടുമാറി എ ഗ്രൂപ്പിൽ നിന്ന് ഹസൻ അകന്നു. ഈ സാഹചര്യത്തിലാണ് ഹസനെ ഉമ്മൻ ചാണ്ടി എതിർക്കുന്നത്. ബെന്നി ബെഹന്നാനെ കെപിസിസി അധ്യക്ഷനാക്കണമെന്നതാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. കെസി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരേയും ഉയർത്തിക്കാട്ടുന്നു.

എഐസിസി, പിസിസി അഴിച്ചുപണികൾ നടക്കുകയുമാണ്. യുവാക്കളും മുതിർന്നവരുമായ അനവധി നേതാക്കൾ കെപിസിസി അധ്യക്ഷ പദവിക്ക് ഒളിഞ്ഞും തെളിഞ്ഞും അവകാശവാദമുന്നയിക്കുന്നു. വി എം സുധീരനെ നേരത്തെ രാഹുൽ ഗാന്ധി നേരിട്ടാണ് കെപിസിസി അധ്യക്ഷനാക്കിയത്. എന്നാൽ സുധീരൻ എത്തിയതോടെ ഗ്രൂപ്പിസം പുതിയ തലത്തിലെത്തി. സുധീരന് പ്രവർത്തിക്കാൻ പോലും കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ കേരളത്തിലെ അധ്യക്ഷന് ഗ്രൂപ്പ് പരിഗണനകൾ ആവശ്യമാണെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. ഇക്കാര്യം രാഹുൽ ഗാന്ധിയെ അറിയിക്കും. തീരുമാനം എടുക്കുക രാഹുൽ ഗാന്ധി തന്നെയാകും. ഇക്കാര്യത്തിൽ ആന്റണിയുടെ നിലപാടുകളും നിർണ്ണായകമാകും.

കെപിസിസി. പ്രസിഡന്റിന്റെ കേരള മോചനയാത്ര നടക്കുന്ന വേളയിൽ തന്നെയാണ് പാർട്ടിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ആലോചന ഹൈക്കമാൻഡ് ശക്തമാക്കിയത്. അടുത്ത മാസത്തോടെ പുതിയപ്രസിഡന്റ് വന്നേക്കുമെന്ന സൂചനയാണ് രാഹുൽ നൽകുന്നത്. സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതാക്കൾ പ്രാഥമികമായി ആശയവിനിമയം നടത്തിയിരുന്നു. രാഹുൽ കോൺഗ്രസ് അധ്യക്ഷനായതിനെത്തുടർന്ന് സംസ്ഥാനങ്ങളിൽ അദ്ദേഹത്തിന്റെ താത്പര്യത്തിനനുസരിച്ചുള്ള നേതൃമാറ്റം നടക്കുകയാണ്. മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ യഥാക്രമം ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ് തുടങ്ങിയവർ പി.സി.സി. അധ്യക്ഷന്മാരായി. ഈ സംസ്ഥാനങ്ങളിലൊക്കെ അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാനും ഭരണം ലഭിച്ചാൽ ഇവർക്ക് മുഖ്യമന്ത്രിസ്ഥാനം നൽകാനുമാണ് ഉദ്ദേശ്യം.

കേരളത്തിൽ ശക്തമായ പാർട്ടിഘടന നിലവിലുള്ളതിനാൽ ഇത്തരം പരീക്ഷണങ്ങൾക്ക് രാഹുൽ മുതിരില്ലെന്നാണ് കരുതുന്നത്. 50 വയസ്സിൽ താഴെയുള്ളവരെ പി.സി.സി. പ്രസിഡന്റാക്കുകയെന്ന നയമാണ് രാഹുലിന്റേത്. പ്രായം എന്നത് ലംഘിക്കാൻ കഴിയാത്ത മാനദണ്ഡമായി മാറ്റരുതെന്നാണ് കേരളത്തിലെ നേതാക്കൾ ഹൈക്കമാൻഡിനോട് ആവശ്യപ്പെടുന്നത്. പ്രായത്തിന്റെ ആനുകൂല്യവും രാഹുലിന്റെ താത്പര്യവുംകൂടി കണക്കിലെടുക്കുമ്പോൾ വി.ഡി. സതീശനാണ് മുൻതൂക്കം. കെ. സുധാകരന്റെ പേരും പരിഗണിക്കപ്പെടുന്നുണ്ട്. കൊടിക്കുന്നിൽ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.വി. തോമസ് തുടങ്ങിയവരും കേന്ദ്രനേതൃത്വത്തിന്റെ ആലോചനകളിൽ സജീവമാണ്.

കേരളത്തിലെ പ്രധാന നേതാക്കളായ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ദേശീയ തലത്തിലേക്ക് കൊണ്ടുവരാനാണ് അദ്ദേഹത്തിന്റെ ആലോചന. കോൺഗ്രസിന്റെ പ്രവർത്തക സമിതിയിലേക്ക് തന്നെ ഇരുവരെയും എത്തിക്കാനാണ് രാഹുലിന്റെ ആഗ്രഹം. നിലവിൽ എകെ ആന്റണിയാണ് പ്രവർത്തക സമിതിയിലുള്ളത്. എന്നാൽ, അദ്ദേഹം അനാരോഗ്യം കാരണം പലപ്പോഴും പാർട്ടിയിൽ സജീവമാകുന്നില്ല. ഇതിനിടെയാണ് കേരളത്തിലെ മുതിർന്ന നേതാക്കളെ ദേശീയ നേതാക്കളാക്കിയും യുവനേതാക്കളെ പുതിയ കോൺഗ്രസിന്റെ മുഖമായി അവതരിപ്പിക്കാനും ശ്രമം നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP