Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇല്ലാത്ത ബൂത്തു കമ്മിറ്റികൾ പുനർജനിപ്പിച്ചു; നിരാശരായ പ്രവർത്തകരെ തിരികെ എത്തിച്ചു; കിരൺ കുമാറിന് പിന്നാലെ ജഗൻ മോഹൻ റെഡ്ഡിയും തിരിച്ചെത്തുമെന്ന പ്രതീക്ഷ വലുതാകുന്നു; രാഹുൽ ഗാന്ധിയെ പോലും ഞെട്ടിച്ച് ഉമ്മൻ ചാണ്ടിയുടെ തേരോട്ടം; ദേശീയ രാഷ്ട്രീയത്തിൽ കുഞ്ഞൂഞ്ഞിന് താരത്തിളക്കം; ആന്ധ്ര ദൗത്യത്തിന്റെ വിജയത്തിൽ കേരളത്തിലെ കോൺഗ്രസിന്റെ നിയന്ത്രണവും വൈകാതെ മുൻ മുഖ്യമന്ത്രിയിലേക്ക്

ഇല്ലാത്ത ബൂത്തു കമ്മിറ്റികൾ പുനർജനിപ്പിച്ചു; നിരാശരായ പ്രവർത്തകരെ തിരികെ എത്തിച്ചു; കിരൺ കുമാറിന് പിന്നാലെ ജഗൻ മോഹൻ റെഡ്ഡിയും തിരിച്ചെത്തുമെന്ന പ്രതീക്ഷ വലുതാകുന്നു; രാഹുൽ ഗാന്ധിയെ പോലും ഞെട്ടിച്ച് ഉമ്മൻ ചാണ്ടിയുടെ തേരോട്ടം; ദേശീയ രാഷ്ട്രീയത്തിൽ കുഞ്ഞൂഞ്ഞിന് താരത്തിളക്കം; ആന്ധ്ര ദൗത്യത്തിന്റെ വിജയത്തിൽ കേരളത്തിലെ കോൺഗ്രസിന്റെ നിയന്ത്രണവും വൈകാതെ മുൻ മുഖ്യമന്ത്രിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ തുടർഭരണം കൊണ്ടുവരാനുള്ള തന്ത്രങ്ങൾ പിഴച്ചെങ്കിലും ആന്ധ്രയിൽ ഉമ്മൻ ചാണ്ടി താരമാകുന്നു. എ കെ ആന്റണിക്ക് ബദലായി ഹൈക്കമാൻഡിൽ കേരളത്തിൽ നിന്നുള്ള തലയെടുപ്പുള്ള നേതാവായി അദ്ദേഹം മാറുന്നുവെന്ന വ്യക്തമായി സൂചനയാണ് പുറത്തുവരുന്നത്. ആന്ധ്രപ്രദേശിന്റെ ചുമതല നൽകിയ അദ്ദേഹം അതിവേഗമാണ് കാര്യങ്ങൾ നീക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള ചുമതല ഏറ്റെടുത്ത ഉമ്മൻ ചാണ്ടി രാഹുലിനെ പോലും അമ്പരപ്പിച്ചു.

എ.ഐ.സി.സി ജനറൽസെക്രട്ടറിയായി ആന്ധ്രപ്രദേശിന്റെ ചുമതലയേറ്റെടുത്ത അദ്ദേഹം അവിടെ ചലനങ്ങളുണ്ടാക്കാനായത് ദേശീയതലത്തിൽ പാർട്ടിയിൽ ഉമ്മൻ ചാണ്ടിയുടെ ഗ്രാഫുയർത്തുന്നു. ഉമ്മൻ ചാണ്ടിയുടെ തുറുപ്പുചീട്ടായ ജനകീയശൈലി ആന്ധ്രയിലും വിജയകരമായി പരീക്ഷിക്കാനായതാണ് മരവിച്ചുകിടന്ന കോൺഗ്രസിന് അവിടെ ജീവൻ വയ്പിക്കാനായതെന്ന് ദേശീയ മാധ്യമങ്ങളടക്കം വിലയിരുത്തുകയാണ്. കിരൺകുമാർ റെഡ്ഢിയുടെ കോൺഗ്രസിലേക്കുള്ള മടക്കവും ആന്ധ്രയുടെ ജനനേതാവായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൻ ജഗന്മോഹൻ റെഡ്ഡിയുമായി ചർച്ച നല്ലനിലയിൽ പുരോഗമിക്കുന്നതും ഉമ്മൻ ചാണ്ടിയെ ശ്രദ്ധാകേന്ദ്രമാക്കി.

അടുത്ത വർഷം ആന്ധ്രയിലേക്ക് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സംസ്ഥാനത്ത് പാർട്ടിയുടെ ചുമതല ഉമ്മൻ ചാണ്ടിക്ക് കൈമാറാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. മരവിച്ചു കിടക്കുന്ന കോൺഗ്രസിനെ ഉണർത്താൻ താഴേതട്ട് മുതൽ സംഘടനാപ്രവർത്തനം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളാണ് ഉമ്മൻ ചാണ്ടി നടത്തിയത്. നേതാക്കളോട് ജനങ്ങളിലേക്കിറങ്ങാനാണ് ആദ്യമേ അദ്ദേഹം ആഹ്വാനം ചെയ്തത്. പ്രവർത്തകരുടെ ആത്മവിശ്വാസം ഉയർത്തുന്ന തരത്തിൽ, അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന പ്രഖ്യാപനവും നടത്തി.

44,000 ബൂത്ത് കമ്മിറ്റികളും 618 മണ്ഡൽ കമ്മിറ്റികളും 175 നിയോജക മണ്ഡലങ്ങളിലും കോ-ഓർഡിനേഷൻ കമ്മിറ്റികളും രൂപീകരിക്കുന്ന പ്രവർത്തനങ്ങളിലേക്ക് കോൺഗ്രസ് നേതൃത്വം കടന്നിരിക്കുകയാണ്. താഴേതട്ടിലുള്ള നേതാക്കളുമായും പ്രവർത്തകരുമായും ഉമ്മൻ ചാണ്ടി നേരിട്ട് ആശയവിനിമയം നടത്തുന്നതും പ്രവർത്തകരെ ഉണർത്തിയിട്ടുണ്ട്. ഒക്ടോബർ രണ്ട് മുതൽ ഗൃഹസന്ദർശന പരിപാടികളിലേക്ക് കടക്കുമെന്നാണ് ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചത്. പ്രവർത്തകരോടൊപ്പം മോട്ടോർസൈക്കിളിൽ സഞ്ചരിച്ചും പലേടത്തും കാൽനടയായി നീങ്ങിയും ആളുകളെ കൈയിലെടുക്കുന്ന ഉമ്മൻ ചാണ്ടിയുടെ തന്ത്രം ആന്ധ്രയിൽ കോൺഗ്രസിൽ മാറ്റങ്ങളുണ്ടാക്കിത്തുടങ്ങിയെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.

സാധാരണക്കാരോട് ഇടപഴകുന്ന ഉമ്മൻ ചാണ്ടി ശൈലി തന്നെയാണ് ആന്ധ്രയിൽ ഹിറ്റായത്. വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ മാത്രമാണ് അദ്ദേഹം കാർ ഉപയോഗിച്ചത്. പ്രവർത്തനത്തിൽ സജീവമായത് മുതൽ ഓട്ടോറിക്ഷയും ബൈക്കും കാൽനടയുമൊക്കെയായി അദ്ദേഹം സാധാരണക്കാരിൽ സാധാരണക്കാരനാകുന്നു. ഈ ശൈലി അധികം പരിചയമില്ലാത്ത ഇവിടുത്തെ കോൺ്ഗ്രസ് പ്രവർത്തകരും ആവേശത്തിലാണ്. പാർട്ടി പരിപാടികളിലെ വൻജനപങ്കാളിത്തം ഹൈക്കാൻഡിനും പ്രതീക്ഷ നൽകുന്നു.

ആന്ധ്രയിൽ കോൺഗ്രസിന്റെ പരമ്പരാഗത വൈരികളാണു ടിഡിപി. അതുകൊണ്ടുതന്നെ ടിഡിപിയുമായി ഇപ്പോൾ സഖ്യമില്ലെന്ന് ആവർത്തിച്ചുപറഞ്ഞു കോൺഗ്രസ് നേതാക്കളെ ആകർഷിക്കാനുള്ള അടവ് ബിജെപി പയറ്റിക്കൊണ്ടിരിക്കുമ്പോഴാണ് ഉമ്മൻ ചാണ്ടിയുടെ ജനകീയ ശൈലി കോൺഗ്രസിന് പ്രതീക്ഷ നൽകുന്നത്. ബിജെപിക്കു താരതമ്യേന ശക്തി കുറഞ്ഞ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രയോഗിച്ച അടവാണ് ഇവിടെയും അവർ പുറത്തെടുക്കുന്നത്. ടിഡിപിക്കെതിരെയും മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിനെതിരെയും രാഷ്ട്രീയ പ്രചാരണത്തിനും തുടക്കമിട്ടു.

കോട്ടയായിരുന്ന ആന്ധ്രപ്രദേശ് 2014നു ശേഷമാണു കോൺഗ്രസിനെ പൂർണമായി കൈവിട്ടത്. ഇതു തിരിച്ചുപിടിക്കാനും സഖ്യസാധ്യതകൾ വിപുലപ്പെടുത്താനുമാണു മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയെ പാർട്ടി നിയോഗിച്ചിട്ടുള്ളത്. നിയമസഭയിലെ 175 സീറ്റിലും മൽസരിക്കാൻ കോൺഗ്രസിനെ തയാറാക്കുന്നതിനൊപ്പം ബിജെപിയുടെ നീക്കങ്ങളെ തടയുകയെന്നതും ഉമ്മൻ ചാണ്ടിയെ കാത്തിരിക്കുന്ന വെല്ലുവിളിയാണ്. പഴയ ശൈലിയിൽ നിന്ന മാറിയതോടെ പാർട്ടി ്അണികളിൽ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നതാണ് ഹൈക്കമാൻഡിനെ സന്തോഷിപ്പിക്കുന്നത്. മുൻ മുഖ്യമന്ത്രി കിരൺകുമാർ റെഡ്ഡിയുടെ പാർട്ടിയിലേക്കുള്ള മടക്കം ഇതിനുദാഹരണമാണ്. ജഗൻ മോഹന്റെ മടങ്ങി വരവിന്റെ കാര്യത്തിൽ ധാരണ ആകുന്നതുവരെ തെലുങ്ക് ദേശം നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുമായുള്ള സഖ്യ ചർച്ചകൾ മാറ്റിവയ്ക്കാനാണ് ഉമ്മൻ ചാണ്ടിയുടെ തീരുമാനം.

48 വർഷം എംഎൽഎ ആയ ഉമ്മൻ ചാണ്ടി നിലവിലുള്ള 11 ജനറൽ സെക്രട്ടറിമാരിൽ ഏറ്റവും മുതിർന്ന നേതാവ് എന്ന വിലാസത്തോടെയാണു ദേശീയ രാഷ്ട്രീയത്തിലേക്കു കളം മാറിയത്.. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യകക്ഷി കൂട്ടുകെട്ടുകൾക്ക് ഒരുങ്ങുന്ന കോൺഗ്രസിന്റെ നീക്കങ്ങൾക്ക് ഊർജം പകരാൻ ലക്ഷ്യമിട്ടുള്ളതാണ് ഉമ്മൻ ചാണ്ടിയുടെ നിയമനം. മൂന്നാം തവണയാണ് ആന്ധ്രയിലേക്ക് ഉമ്മൻ ചാണ്ടിയെ കോൺ്ഗ്രസ് അയയ്ക്കുന്നത്. '1988ലെ വരൾച്ചക്കാലത്തും 1989ലെ തിരഞ്ഞെടുപ്പുകാലത്തും രാജീവ് ഗാന്ധി അങ്ങോട്ട് അയച്ചിരുന്നു. യാദൃച്ഛികമായി വീണ്ടും ആന്ധ്രയുടെ ചുമതല ഏൽപിച്ചതു പൂർണമനസ്സോടെ സ്വീകരിക്കുന്നു. വലിയൊരു ദൗത്യമാണ്, ഈ 'ചലഞ്ചിങ് ജോബ്' ഏറ്റെടുക്കുന്നു. അടുത്ത ഒരു വർഷം പാർട്ടിക്കു നിർണായകമായിരിക്കുമെന്നും ഉമ്മൻ ചാണ്ടി ചുമതയേറ്റപ്പോൾ പറഞ്ഞിരുന്നു. ആ ചലഞ്ചാണ് ഇപ്പോൾ അദ്ദേഹം തന്റെ ജനപ്രിയ ശൈലിയിലൂടെ നിർവഹിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം ആന്ധ്രയിലെ ചലനങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡിലും ഉമ്മൻ ചാണ്ടിയിലുള്ള വിശ്വാസ്യത കൂട്ടിയെന്നാണ് സൂചന. കേരളത്തിൽ പുതിയ പി.സി.സി പ്രസിഡന്റിനെ തീരുമാനിക്കുന്നതിൽ ഉമ്മൻ ചാണ്ടിയുമായും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായും ഒന്നുകൂടി ആലോചിച്ചശേഷം മതിയെന്ന് രാഹുൽഗാന്ധി നിശ്ചയിച്ചതും പുതിയ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്. മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരിന് മുൻതൂക്കം നൽകി കേരളത്തിന്റെ ചുമതലയുള്ള ജനറൽസെക്രട്ടറി മുകുൾ വാസ്‌നിക് നൽകിയ പാനലിൽ അന്തിമതീരുമാനം നീളുന്നത് ഇതേത്തുടർന്നാണെന്നറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP