Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പുകഞ്ഞ കൊള്ളി പുറത്തുതന്നെ; തെറ്റുതിരുത്തിയാൽ ജോർജിനെ കൂടെക്കൂട്ടാമെന്ന തോമസ് ഉണ്ണിയാടന്റെ നിലപാട് കേരള കോൺഗ്രസിനില്ല; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് പി സി ജോർജ് മാപ്പു പറയണമെന്നും കേരള കോൺഗ്രസ്

പുകഞ്ഞ കൊള്ളി പുറത്തുതന്നെ; തെറ്റുതിരുത്തിയാൽ ജോർജിനെ കൂടെക്കൂട്ടാമെന്ന തോമസ് ഉണ്ണിയാടന്റെ നിലപാട് കേരള കോൺഗ്രസിനില്ല; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് പി സി ജോർജ് മാപ്പു പറയണമെന്നും കേരള കോൺഗ്രസ്

തിരുവനന്തപുരം: പി സി ജോർജിന്റെ കാര്യത്തിൽ ഇനിയൊരു പുനരാലോചനയില്ലെന്ന് കേരള കോൺഗ്രസ്. പുകഞ്ഞ കൊള്ളി പുറത്തുതന്നെ. ജനങ്ങളോടു മാപ്പു പറഞ്ഞ് പി സി ജോർജ് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കണമെന്നും കേരള കോൺഗ്രസ് ആവശ്യപ്പെട്ടു.

ജോർജ് തെറ്റുതിരുത്തി തിരിച്ചുവന്നാൽ പരിഗണിക്കുന്ന കാര്യം അപ്പോൾ ആലോചിക്കാമെന്ന് നേരത്തെ സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ പറഞ്ഞിരുന്നു. ഈ നിലപാടിനെ തിരുത്തിയാണ് കേരള കോൺഗ്രസ് പിന്നീട് രംഗത്തെത്തിയത്.

നേരത്തെ വാർത്താസമ്മേളനം നടത്തിയ പി സി ജോർജ് അഴിമതി വിരുദ്ധ മുന്നണിയുമായി മുന്നോട്ട് പോകുന്നില്ലെന്ന നിലപാടിലായിരുന്നു. മുൻ ചീഫ് വിപ്പിന്റെ പത്രസമ്മേളനത്തിന് വലിയ പ്രാധാന്യം നൽകാൻ ചാനലുകൾ പോലും ഇന്നു തയ്യാറായില്ല.

നിയമസഭയിൽ അയോഗ്യത വരാതിരിക്കാൻ ജോർജ് എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന അഭ്യൂഹം പരത്തി വാർത്താ സമ്മേളനം നടത്തിയിട്ടും ചാനലുകളൊന്നും തൽസമയം പൂർണ്ണമായും നൽകിയതുമില്ല. തുടക്കം മാതൃഭൂമി മാത്രം കൊടുത്തു. വേഗത്തിൽ പിൻവലിക്കുകയും ചെയ്തു. ഇടതു പക്ഷ ആഭിമുഖ്യമുള്ള ചാനലായ കൈരളിയും അധികനേരം ജോർജിനെ തൽസമയം കാണിച്ചില്ല.

അരുവിക്കരയിലെ തന്റെ സ്ഥാനാർത്ഥിയുടെ തോൽവിയുടെ ജാള്യം മറയ്ക്കാൻ വിചിത്രമായ വിശദീകരണങ്ങളാണ് ഇന്നത്തെ വാർത്താസമ്മേളനത്തിൽ ജോർജ് നൽകിയത്. ഇതെല്ലാം മുൻകൂട്ടി അറിയാമെന്ന വണ്ണം തന്നെയാണ് പ്രധാന വാർത്തകളൊന്നും ഇല്ലാഞ്ഞിട്ടും ജോർജിന്റെ വാർത്ത സമ്മേളനത്തെ ചാനലുകൾ കൈകാര്യം ചെയ്തത്. അതിനിടെ അഴിമതി വിരുദ്ധ മുന്നണിയുടെ ചെയർമാൻ സ്ഥാനം രാജിവച്ചെന്ന് പിസി ജോർജ് അറിയിച്ചു. ജാതി സംഘടനകളുമായുള്ള കൂട്ടുകെട്ട് ഗുണം ചെയ്തില്ലെന്ന് തിരിച്ചറിഞ്ഞു. രാഷ്ട്രീയ കക്ഷികളുമായി സഹകരിക്കാനാണ് താൽപ്പര്യമെന്നും വിശദീകരിച്ചു.

എന്നാൽ അരുവിക്കരയിലെ തന്റെ പ്രവർത്തനങ്ങൾ ഫലം കണ്ടെന്നാണ് ജോർജിന്റെ പക്ഷം. അഴിമതി വിരുദ്ധ മുന്നണിയുടെ സ്ഥാനാർത്ഥിക്ക് വോട്ട് കിട്ടിയില്ലെങ്കിലും രണ്ട് ദിവസം കൊണ്ട് താനുയർത്തിയ പ്രശ്‌നങ്ങൾക്ക് പരിഹാരമായി. അരുവിക്കരയിലെ റോഡിന്റെ ശോചനീയത മാറ്റാൻ ശബരിനാഥൻ ഇടപെട്ടത് തന്റെ നേട്ടമായി ജോർജ് പറയുന്നു. ബോണക്കാട്ടെ തൊഴിലാളികൾക്ക് ആശ്വാസവുമായി യുവ എംഎൽഎ എത്തിയതും തന്റെ നേട്ടമാണെന്ന് വിശദീകരിക്കുന്നു. നാടാർ സമുദായത്തിലെ വിദ്യാർത്ഥിനകൾക്ക് സ്‌കോളർഷിപ്പ് തുക ഉയർത്താനുള്ള സെൽവരാജിന്റെ സബ്മിഷനും വഴിവച്ചത് അഴിമതി വിരുദ്ധ മുന്നണിയാണ്. അതുകൊണ്ട് സ്ഥാനാർത്ഥിയെ നിറുത്തിയതിൽ നഷ്ടമില്ലെന്നാണ് ജോർജിന്റെ വിശദീകരണം. എന്നിട്ടും അഴിമതി വിരുദ്ധ മുന്നണിയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നു.

അങ്ങനെ സ്വയം വിജയം അവകാശപ്പെടുമ്പോഴും ചെറിയ മനസ്സ് മാറ്റവും കാണാം. അരുവിക്കര തെരഞ്ഞെടുപ്പിലേക്കു പോകും മുമ്പ് താൻ ഇനി യുഡിഎഫിന് വോട്ട് ചെയ്യില്ലെന്നാണ് പറഞ്ഞിരുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിലെ വോട്ട് അവസാനത്തേതാണെന്നും വ്യക്തമാക്കി. എന്നാൽ ഇന്ന് അതിൽ നിന്ന് പിന്നോട്ട് പോകുന്നു.

താനിപ്പോഴും യുഡിഎഫുകാരനാണെന്നും മാണി ഗ്രൂപ്പുകാരനാണെന്നും ജോർജ് പറയുന്നു. തന്നെ അയോഗ്യനാക്കാൻ പറ്റില്ലെന്നാണ് മറ്റൊരു അവകാശവാദം. അങ്ങനെ പറയുന്ന തോമസ് ഉണ്ണിയാടന് തലയ്ക്ക് സുഖമില്ലെന്നും ജോർജ്ജ് കൂട്ടിച്ചേർത്തു. എന്തായാലും ജോർജിന്റെ വാക്കുകളിലെ മിതത്വം അരുവിക്കരയിലെ യുഡിഎഫ് ജയത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് സൂചന. എന്നാൽ, ജോർജിനെ അയോഗ്യനാക്കാനാണ് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP