Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിസിയെ എല്ലാവരും കൈവിട്ടു; സമ്മർദ്ദത്തിലൂടെ ചീഫ് വിപ്പായി തുടരാനുള്ള നീക്കം ഫലിച്ചില്ല; മാണിയുടെ എല്ലാ ആവശ്യവും അംഗീകരിച്ച് ജോർജ്ജിനെ പുറത്താക്കുകയാണെന്ന് മുഖ്യമന്ത്രി; യുഡിഎഫിലും ഇനി പങ്കെടുക്കാനാകില്ല; ഒറ്റയ്ക്കും മുന്നണിയിൽ തുടരാനാകില്ല; ധനമന്ത്രിയ്‌ക്കെതിരെ അഴിമതിക്ക് തെളിവില്ലെന്നും ഉമ്മൻ ചാണ്ടി

പിസിയെ എല്ലാവരും കൈവിട്ടു; സമ്മർദ്ദത്തിലൂടെ ചീഫ് വിപ്പായി തുടരാനുള്ള നീക്കം ഫലിച്ചില്ല; മാണിയുടെ എല്ലാ ആവശ്യവും അംഗീകരിച്ച് ജോർജ്ജിനെ പുറത്താക്കുകയാണെന്ന് മുഖ്യമന്ത്രി; യുഡിഎഫിലും ഇനി പങ്കെടുക്കാനാകില്ല; ഒറ്റയ്ക്കും മുന്നണിയിൽ തുടരാനാകില്ല; ധനമന്ത്രിയ്‌ക്കെതിരെ അഴിമതിക്ക് തെളിവില്ലെന്നും ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പി സി ജോർജിനെ നീക്കി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാദ്ധ്യമങ്ങളെ അറിയിക്കുകയായിരുന്നു ഇക്കാര്യം. കേരളാ കോൺഗ്രസിന്റെ ആവശ്യം അംഗീകരിച്ചാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. രണ്ട് മണിക്കൂറോളം നടന്ന കൂടിയാലോചനകളിൽ ധനമന്ത്രി കെ എം മാണി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ജോർജിനെ കൈവിടാനുള്ള തീരുമാനം. ഇതോടെ ഫലത്തിൽ യുഡിഎഫിന് പുറത്താവുകയാണ് ജോർജ്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ മുഖ്യമന്ത്രി തയ്യാറായില്ല. ബാർ കോഴയിൽ മാണിയെ പ്രതിയാക്കാനുള്ള ഒരു തെളിവും കിട്ടിയിട്ടില്ല. അതുകൊണ്ട് ധനമന്ത്രിയെ അഴിമതിക്കാരനെന്ന് വിളിക്കുന്നതിനോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജോർജ് മുന്നണിയിൽ തുടരുന്ന കാര്യത്തിലേക്ക് ചർച്ചകൾ വന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജോർജിനെ നീക്കണമെന്ന് ചൂണ്ടിക്കാട്ടി മാർച്ച് 26ന് മാണി തനിക്ക് കത്ത് നൽകിയിരുന്നു. ഒരാളെ നിർദ്ദേശിക്കേണ്ടതും പിൻവലിക്കേണ്ടതും ആ പാർട്ടിയുടെ താത്പര്യമാണ്. മുന്നണിയിലെ പൊതുതത്വം പാലിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഏറെ നേരത്തെ ചർച്ചക്കൊടുവിൽ സമന്വയത്തിൽ എത്താൻ സാധിക്കാത്ത സാഹചര്യത്തിൽ കേരള കോൺഗ്രസ് നേതാവ് കെ.എം മാണിയുടെ ആവശ്യം അംഗീകരിക്കാൻ മാത്രമേ യു.ഡി.എഫിന് കഴിയൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്നണി മര്യാദ അനുസരിച്ച് മാണിയുടെ ആവശ്യം അംഗീകരിച്ചേ കഴിയൂ എന്ന് മുഖ്യമന്ത്രി വിശദീകിരിച്ചു.

ജോർജ് എന്തുചെയ്യണമെന്ന് ജോർജ് തീരുമാനിക്കട്ടെ എന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കെ എം മാണിക്കെതിരെ ഒരു തെളിവും ഇതുവരെ വന്നിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. സരിതയുടെ കത്ത് സംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. പി.സി ജോർജും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വൈകുന്നേരം 7.30 മുതൽ നടത്തിയ കൂടിക്കാഴ്‌ച്ചക്കൊടുവിലാണ് മുഖ്യമന്ത്രി തീരുമാനമറിയിച്ചത്. കുറുമാറ്റ നിയമത്തിന്റെ പരിധിയിൽ വരാതെ എംഎ‍ൽഎ സ്ഥാനം പരിരക്ഷിക്കപ്പെടണമെങ്കിൽ പി.സി ജോർജിനെ മാണി പാർട്ടിയിൽ നിന്ന് പുറത്താക്കിയേ പറ്റൂ. പക്ഷെ മാണി അതിന് തയ്യാറല്ലെന്ന നിലപാടാണ് മാണി ഇന്നും സ്വീകരിച്ചത്.

മുന്നണി സംവിധാനത്തിൽ ഒരു പാർട്ടി പറഞ്ഞാൽ അത് അനുസരിക്കേണ്ട സാഹചര്യമാണ് ഉള്ളത്. സമവായത്തിന് ശ്രമിച്ചെങ്കിലും മാണി വഴങ്ങാത്തതു കൊണ്ടാണ് ജോർജ്ജിനെ പുറത്താക്കിയതെന്ന് വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. ജോർജിന് അനുകൂലമായി നിന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഇതോടെ മറ്റ് വഴികളില്ലാതെയായി. മാണിയുടെ രണ്ട് തീരുമാനവും ഫലത്തിൽ അംഗീകരിക്കപ്പെട്ടു. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താകുന്ന ജോർജിന് യുഡിഎഫ് യോഗത്തിലും പങ്കെടുക്കാൻ കഴിയില്ല. കേരളാ കോൺഗ്രസ് സെക്യുലർ പുനർജീവിപ്പിച്ച് യുഡിഎഫിൽ തുടരാൻ അനുവദിക്കുന്ന കാര്യത്തിലും ധാരണയായില്ല. ഇതിനും മാണി സമ്മതം മൂളിയില്ല. ജോർജിന് അനുകൂലമായി എന്തെങ്കിലും തീരുമാനം ഉണ്ടെങ്കിൽ കേരളാ കോൺഗ്രസിന്റ് എട്ട് എംഎൽഎമാരും മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് മാണി നിലപാട് എടുത്തതാണ് ജോർജിന് വിനയായത്.

എന്നാൽ, തന്റെ നിലപാടുകളിൽ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് രാത്രി ഒമ്പതരയോടെ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചകൾക്കുശേഷം പുറത്തിറങ്ങിയ പി സി ജോർജ് പറഞ്ഞു. രാജിവക്കില്ലെന്ന് മാദ്ധ്യമങ്ങൾക്കു മുമ്പിൽ ജോർജ് ആവർത്തിച്ചു. വേണമെങ്കിൽ തന്നെ പുറത്താക്കിക്കോട്ടെ എന്നാണ് ജോർജ് പറഞ്ഞത്. ഒമ്പതാം തീയതി ജനങ്ങളോട് എല്ലാം തുറന്നു പറയുമെന്ന് പി സി ജോർജ് പറഞ്ഞു. മുഖ്യമന്ത്രിക്ക് മാണിയുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങാതിരിക്കാൻ സാധിക്കില്ലെന്നും ജോർജ് വിശദീകരിച്ചു. പാലായിൽ മത്സരിക്കാൻ താൻ മാണിയെ വെല്ലുവിളിക്കുകയാണെന്നും പി.സി ജോർജ് പറഞ്ഞു. ആരുടെയും ചവിട്ട് തനിക്ക് കൊള്ളേണ്ടതില്ലെന്നും ഒരുപരിധി കഴിഞ്ഞാൽ ചവിട്ടുന്നയാളുടെ കാലിൽപ്പിടിച്ച് നിലത്തടിക്കാൻ താൻ നിർബന്ധിതനാവുമെന്നും പി.സി ജോർജ് പറഞ്ഞു. മാണിയുമായുള്ള പ്രശ്‌നം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നാളെ കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷമാണ് മുഖ്യമന്ത്രി പുറത്തു വന്നത്. നാടകീയതയൊന്നുമില്ലാതെ തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു.

സോളാർ കത്ത് പുറത്തുവന്നതോടെയാണ് ആർക്കും ജോർജിനെ രക്ഷിക്കാൻ കഴിയാത്ത സ്ഥിതി വന്നത്. അഞ്ചേകാലോടെ മുഖ്യമന്ത്രിയെ കാണാൻ ജോർജ് സെക്രട്ടറിയേറ്റിലെത്തിയിരുന്നു. വ്യവവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടേയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടേയും സാന്നിധ്യത്തിൽ ചർച്ച നടത്തി തീരുമാനം അറിയിക്കുകയായിരുന്നു. ഏതെങ്കിലും സാഹചര്യത്തിൽ രാജി നൽകിയില്ലെങ്കിൽ ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന ഉറപ്പ് മാണിക്ക് മുഖ്യമന്ത്രി നൽകി കഴിഞ്ഞു. ഇനിയും സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ജോർജിന്റെ നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന മാണിയുടെ നിലപാട് ഉമ്മൻ ചാണ്ടിയും അംഗീകരിക്കുകയാണ്. ഇതിനെ ജോർജിനെ എന്നും പിന്തുണച്ച രമേശ് ചെന്നിത്തലയ്ക്കും തള്ളിക്കളയാൻ കഴിഞ്ഞില്ല.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫിൽ തന്നെ തുടരാനേ ജോർജിന് കഴിയൂ. അല്ലെങ്കിൽ എംഎൽഎ സ്ഥാനം രാജിവയ്‌ക്കേണ്ടി വരും. എംഎൽഎ സ്ഥാനം രാജിവയ്ക്കാതെ മുന്നണി വിട്ടാൽ കൂറുമാറ്റ നിരോധനത്തിന്റെ പരിധിയിൽ ജോർജ് വരും. അതുകൊണ്ട് മാണിയെ വിമർശിച്ചാലും യുഡിഎഫിനെ പിന്തുണയ്‌ക്കേണ്ട ബാധ്യത ജോർജിനുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യേണ്ടി വരും. ഇതെല്ലാം മനസ്സിലാക്കി തന്നെയാണ് ജോർജിനെ കൈവിടാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. ജോർജിനെതിരായ നിലപാട് എടുത്താലും മന്ത്രിസഭയ്ക്ക് ഭീഷണിയുണ്ടാകില്ല. എന്നാൽ മാണിയെ കൈവിട്ടാൽ മന്ത്രിസഭ വീഴുകയും ചെയ്യും. ഇതു തന്നെയാണ് ജോർജിന്റെ സമ്മർദ്ദങ്ങളുടെ മുനയൊടിച്ചത്.

ഇടതു പക്ഷത്തേക്ക് ജോർജിനെ എടുക്കില്ലെന്ന വ്യക്തമായ സൂചകൾ മുഖ്യമന്ത്രിക്ക് കിട്ടിക്കഴിഞ്ഞു. ഇനി ജോർജ് പിണങ്ങി എംഎൽഎ സ്ഥാനം രാജിവച്ചാലും രാജ്യസഭയിലേക്ക് രണ്ട് പേരെ ജയിപ്പിക്കാൻ യുഡിഎഫിന് കഴിയും. ഈ സാഹചര്യത്തിൽ മാണിയെ പിണക്കുന്നത് ഗുണകരമാകില്ലെന്ന് മുഖ്യമന്ത്രിക്ക് അറിയാം. തന്റെ തീരുമാനം കെപിസിസി അധ്യക്ഷൻ സുധീരനേയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും മുഖ്യമന്ത്രി നേരത്തെ തന്നെ അറിയിച്ചിരുന്നു. പരമാവധി ചർച്ചകൾ നടന്നുവെന്ന ധാരണ ഉണ്ടാക്കാനായിരുന്നു തീരുമാനം നീട്ടിക്കൊണ്ട് പോയത്. ഇന്നലെ നടന്ന ചർച്ചകളിൽ ജോർജിനെ മുന്നണിയിൽ നിലനിർത്താൻ ശ്രമം നടത്തണമെന്ന അഭിപ്രായം വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും മുന്നോട്ട് വച്ചിരുന്നു. മാണിയുമായി ഇതിനുള്ള സമവായ ചർച്ചയും നടത്തി. ഇത് പൊളിഞ്ഞതോടെ തന്നെ ജോർജിനെ കൈവിടാൻ മുഖ്യമന്ത്രി തീരുമാനം എടുക്കുകയായിരുന്നു.

മാണിയെ ജോർജ് ഇനി വിമർശിക്കില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഇന്നലെത്തെ പക്ഷം. ഇതൊന്നും നടക്കില്ലെന്ന് ജോർജിന്റെ ഇന്നത്തെ നിലപാടിലൂടെ വ്യക്തമായി. സോളാറിലെ കത്ത് പുറത്തുവന്നതും അതിനോട് അടുപ്പിച്ച് ജോർജ് നടത്തിയ പ്രതികരണങ്ങളും അതിര് വിട്ടു പോയെന്ന അഭിപ്രായം മുസ്ലിം ലീഗിനുമുണ്ട്. ഈ സാഹചര്യത്തിൽ ജോർജിന് അനുകൂമായ നിലപാടിൽ നിന്ന് കുഞ്ഞാലിക്കുട്ടിയും പിന്മാറി. ഇതോടെയാണ് ജോർജിന് അനുകൂലമായ സാധ്യതകളെല്ലാം അടഞ്ഞത്. രമേശ് ചെന്നിത്തലയ്ക്ക് ഒന്നും ചെയ്യാനില്ലാത്ത സാഹചര്യവുമായി. സോളാർ കത്തിലെ ജോർജിന്റെ വിമർശനങ്ങൾ എത്തിയതോടെ തന്നെ ഇനി ഞാൻ ചർച്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രിയെ വിളിച്ച് മാണി അറിയിച്ചിരുന്നു.

ജോർജിന്റെ ഒരു ബോംബിനേയും താൻ ഭയക്കുന്നില്ലെന്നും വ്യക്തമാക്കി. അതുകൊണ്ട് ഇന്ന് വൈകുന്നേരത്തിനുള്ളിൽ പ്രഖ്യാപനം വേണമെന്നും പറഞ്ഞു. മാണി പറയുന്നതാണ് ശരിയെന്ന് ആ ഘട്ടത്തിൽ തന്നെ മുഖ്യമന്ത്രി സമ്മതിക്കുകയും ചെയ്തു. ഇതെല്ലാം മനസ്സിലാക്കിയാണ് സോളാർ കത്തിൽ മാണിയേയും ജോസ് കെ മാണിയേയും കടന്നാക്രമിച്ച് ജോർജ് രാവിലെ മാദ്ധ്യമങ്ങളെ കണ്ടതെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP