Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും ലക്ഷ്മണരേഖ കടന്ന പി സി ജോർജ്ജിനോട് വിട്ടുവീഴ്‌ച്ചയില്ല; പാർട്ടി നൽകിയ സ്ഥാനങ്ങൾ തിരിച്ചെടുക്കുന്നു': കർശന നിലപാടിൽ കെ എം മാണി; ശിക്ഷിക്കാൻ മാണി തന്റെ അപ്പനാണോ എന്ന് ചോദിച്ച് ജോർജ്ജിന്റെ മറുപടി; യുഡിഎഫിലെ അനുരജ്ഞന സാധ്യതകൾ മങ്ങി

'പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും ലക്ഷ്മണരേഖ കടന്ന പി സി ജോർജ്ജിനോട് വിട്ടുവീഴ്‌ച്ചയില്ല; പാർട്ടി നൽകിയ സ്ഥാനങ്ങൾ തിരിച്ചെടുക്കുന്നു': കർശന നിലപാടിൽ കെ എം മാണി; ശിക്ഷിക്കാൻ മാണി തന്റെ അപ്പനാണോ എന്ന് ചോദിച്ച് ജോർജ്ജിന്റെ മറുപടി; യുഡിഎഫിലെ അനുരജ്ഞന സാധ്യതകൾ മങ്ങി

തിരുവനന്തപുരം: സർക്കാർ ചീഫ്‌വിപ്പ് സ്ഥാനത്തു നിന്നും പി സി ജോർജ്ജിനെ മാറ്റണമെന്ന ഉറച്ച നിലപാടിൽ കെ എം മാണി എത്തിയതോടെ യുഡിഎഫിലെ പ്രതിസന്ധി ഉന്നതിയിലെത്തി. ജോർജ്ജിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ഉടൻ തീരുമാനം വേണമെന്ന നിലപാടിലാണ് മാണി. മുഖ്യമന്ത്രിക്ക് കത്തു നൽകിയ ശേഷം വൈകുന്നേരത്തോടെ തന്റെ നിലപാട് വിശദീകരിച്ച് മാദ്ധ്യമങ്ങളെ കണ്ട മാണി ജോർജ്ജിനെതിരെ പരസ്യമായി പ്രതികരിച്ചു. അതേസമയം മാണിക്ക് മറുപടിയുമായി ജോർജ്ജും രംഗത്തെത്തിയതോടെ കാര്യങ്ങൽ കൂടുതൽ വഷളായി.

പി സി ജോർജ്ജിന് ശിക്ഷ വേണമെന്നാണ് കെ എം മാണി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. പാർട്ടി ജോർജ്ജിന് നൽകിയ സ്ഥാനങ്ങൾ തിരിച്ചെടുക്കുമെന്ന് മാണി വ്യക്തമാക്കി. ചീഫ് വിപ്പ് സ്ഥാനവും യുഡിഎഫ് ഉന്നതാധികാര സമിതിയിലെ അംഗത്വവുമാണ് പാർട്ടി തിരിച്ചെടുക്കുന്നത്. എല്ലാ മര്യാദകളും ലംഘിച്ച ജോർജ്ജിനുള്ള ശിക്ഷയാണിത്. പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും ലക്ഷ്മണ രേഖ ലംഘിച്ചാണ് ജോർജ്ജ് മുന്നോട്ടുപോയത്. ഇനിയും ഇത് അംഗീകരിക്കാൻ സാധിക്കില്ല. കഴിഞ്ഞ നാല് വർഷമായി യുഡിഎഫിനെ ശിഥിലമാക്കാനാണ് ജോർജ്ജ് ശ്രമിച്ചത്. മന്ത്രിമാർ അടക്കമുള്ളവർക്ക് ജോർജ്ജിനെ കൊണ്ട് ബുദ്ധിമുട്ടാണ് ഉണ്ടായത്. അതുകൊണ്ടാണ് സ്ഥാനങ്ങൾ തിരിച്ചെടുക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം മാദ്ധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കി.

എല്ലാവരും എന്നോടും ചോദിക്കുന്നു പി.സി. ജോർജിനെ ഒന്നു നിയന്ത്രിച്ചുകൂടെ. എന്തിനാണ് ഇങ്ങനെ കയറൂരി വിടുന്നതെന്ന്. എനിക്കും പാർട്ടിക്കും നേരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചു. എന്നെ കള്ളനായി ചിത്രീകരിക്കാൻ വരെ ശ്രമിച്ചു. ജോർജ് എല്ലാ മര്യാദകളുടെയും അതിർവരമ്പ് ലംഘിച്ചുവെന്നും മാണി പറഞ്ഞു.

അതേസമയം കെ എം മാണിയുടെ വാക്കുകൾക്ക് രൂക്ഷമായ മറുപടിയുമായാണ് ജോർജ്ജ് രംഗത്തെത്തിയത്. കെ എം മാണി മര്യാദയ്ക്ക് പോകണമെന്ന് പി സി ജോർജ്ജ് മറുപടി പറഞ്ഞു. തന്നെ ശിക്ഷിക്കാൻ മാണി ആരാണ്? തന്റെ അപ്പനാണോ എന്നും ജോർജ്ജ് ചോദിച്ചു. തന്നെ ശിക്ഷിക്കാൻ മാണിക്ക് അധികാരമില്ല. മാണിക്ക് ഗുരുത്വദോഷമില്ല, കൈയിലിരിപ്പാണ് ദോഷം. ചീഫ് വിപ്പ് സ്ഥാനം മാണി തനിക്ക് തന്നതല്ല. മാണി മാന്യനാണെങ്കിൽ മാന്യമായി പിരിയാം. മാണി എന്തിനാണ് എന്നെ പീഡിപ്പിക്കുന്നത്. തന്നെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും ജോർജ്ജ് പറഞ്ഞു.

പി സി ജോർജ്ജിനെ മാറ്റാൻ തയ്യാറാകാത്ത പക്ഷം മുന്നണി വിടാനുള്ള കടുത്ത തീരുമാനം പോലും മാണി എടുക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. മാണിയുടെ കടുത്ത തീരുമാനത്തിൽ ചർച്ചകളൊക്കെ വഴിമുട്ടി അമ്പരന്ന് നിൽക്കുകയാണ് യുഡിഎഫ് ക്യാമ്പ്. നേരത്തെ പി സി ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ എം മാണി കത്തു നൽകിയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ചൂടുള്ള രാഷ്ട്രീയ ചർച്ചകൾക്കാണ് വേദിയായത്. പി സി ജോർജ്, പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് മാദ്ധ്യമങ്ങൾക്കു മുന്നിൽ മുഖ്യമന്ത്രിയുടെ കത്തുകിട്ടിയ കാര്യം പരസ്യമായി പറഞ്ഞത്.

അതിനിടെ, മാണിക്കൊപ്പം ചേർന്നത് അബദ്ധമെന്ന് ജോർജ്ജ് രാവിവെ വ്യക്തമാക്കിയത്. യുഡിഎഫിൽ തന്നെ നിൽക്കാനാണ് തന്റെ ആഗ്രഹം. കേരള കോൺഗ്രസ് എമ്മിൽ ചേർന്നത് തനിക്ക് പറ്റിയ അബദ്ധമാണെന്നും ജോർജ് പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള രണ്ടാം കൂടിക്കാഴ്ചയ്ക്കു മുമ്പാണ് പി സി ജോർജ് നയം വ്യക്തമാക്കിയത്. ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കാൻ തയാറാണെന്ന് മുഖ്യമന്ത്രിയുമായി രാവിലെ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പി സി ജോർജ് മാദ്ധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്നാൽ രാജിക്കത്ത് നൽകിയത് സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. കെ എം മാണിക്കു മാത്രമാണ് തന്നോട് എതിർപ്പെന്നും പി സി ജോർജ് പറഞ്ഞു.

ക്ലിഫ് ഹൗസിൽ നടന്ന ചർച്ചയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു പുറമെ രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തിരുന്നു. പിന്നീട് പി കെ കുഞ്ഞാലിക്കുട്ടി കെ എം മാണിയുമായും ചർച്ച നടത്തി. ഇതിനെല്ലാം ശേഷമാണ് വീണ്ടും മുഖ്യമന്ത്രിയുമായി പി സി ജോർജ് ചർച്ച നടത്തിയത്. അരുവിക്കര തെരഞ്ഞെടുപ്പ് അടുത്ത അവസരത്തിൽ കൈവിട്ട കളിക്ക് യുഡിഎഫ് നേതൃത്വം തയ്യാറാകില്ലെന്ന സൂചനയാണ് നേതാക്കൾ നൽകിത്. ജോർജിനു പണികൊടുത്താൽ അരുവിക്കരയിൽ യുഡിഎഫിനു കിട്ടേണ്ടുന്ന നാടാർ വോട്ടുകൾ ലഭിക്കില്ലെന്ന വി എസ്ഡിപിയുടെ ഭീഷണി നിലനിൽക്കുകയും ചെയ്യുന്നത് കടുത്ത നടപടിയിൽ നിന്ന് നേതാക്കളെ മാറ്റിനിർത്തുകയായിരുന്നു.

നേരത്തെ മുഖ്യമന്ത്രിയെ കാണാൻ ജോർജ്ജ് ഔദ്യോഗിക കാറിൽ വരുന്നതിനു പകരം വി എസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ കാറിലാണ് പി സി ജോർജ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയത്. തിരികെ വി എസ്ഡിപി പ്രവർത്തകരുടെ ഇടയിലേക്കാണ് ജോർജ് ചർച്ച കഴിഞ്ഞ് തിരികെ എത്തിയതും. നാടാർ വിഭാഗത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് അരുവിക്കര. അതിനാൽ തന്നെ ജോർജിനൊപ്പം അണിനിരക്കുന്ന വി എസ്ഡിപിയെ പിണക്കിയാൽ അരുവിക്കര സീറ്റ് നിലനിർത്താനുള്ള യുഡിഎഫ് മോഹങ്ങൾക്ക് തിരിച്ചടിയാകും.

വി എസ്ഡിപിക്കൊപ്പം ചേർന്ന് സംസ്ഥാനമൊട്ടാകെ അഴിമതി വിരുദ്ധ പോരാട്ടത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് പി സി ജോർജ്. നേരത്തെ യൂത്ത് ഫ്രണ്ടുകാർ ജോർജിന്റെ കോലം കത്തിക്കാൻ തിരുവനന്തപുരത്ത് സെക്രട്ടറിയറ്റു പടിക്കൽ എത്തിയപ്പോൾ തടയാൻ വി എസ്ഡിപി പ്രവർത്തകർ എത്തിയിരുന്നു. ജോർജിന് പിന്തുണ പ്രഖ്യാപിച്ചാണ് വി എസ്ഡിപിക്കാർ അന്ന് എത്തിയത്.

കഴിഞ്ഞ ദിവസം രാത്രിവരെ മാണിയുടെ നിർദ്ദേശപ്രകാരം പി സി ജോർജിനെ പുറത്താക്കാൻ തന്നെ ഒരുങ്ങിയിരുന്ന മുഖ്യമന്ത്രിയും യുഡിഎഫ് നേതാക്കളും ഇന്ന് നിലപാട് മയപ്പെടുത്തിയത് വി എസ്ഡിപിയുടെ സ്വാധീനത്തിന്റെ പേരിലാണെന്നാണ് സൂചന. ഇവരെ പിണക്കിവിട്ടാൽ അരുവിക്കര തെരഞ്ഞെടുപ്പിലെ തോൽവിയുൾപ്പെടെ സർക്കാരിനെ പ്രതികൂലമായി ബാധിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ടാകാമെന്ന പേടി മുഖ്യമന്ത്രിക്കും സംഘത്തിനുമുണ്ട്. അതിനാലാണ് മാണിയുടെ നിരന്തര അഭ്യർത്ഥനയുണ്ടായിട്ടും ജോർജിനെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തത്. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ പി സി ജോർജിന്റെ നിലപാടിനനുസരിച്ചു വോട്ടു ചെയ്യുമെന്നു വി എസ്ഡിപി വ്യക്തമാക്കിയിട്ടുമുണ്ട്. അതിനിടെ ഡിഎച്ച്ആർഎമ്മും പി സി ജോർജിനെ അനുകൂലിച്ചു രംഗത്തെത്തിയിട്ടുണ്ട്.

അഴിമതിക്കെതിരായി തന്നെ തന്റെ പോരാട്ടം തുടരും എന്ന് ജോർജ് ഇന്ന് മാദ്ധ്യമപ്രവർത്തകരെ രണ്ടു തവണ കണ്ടപ്പോഴും ആവർത്തിച്ചിരുന്നു. വി എസ്ഡിപിയുമായി ചേർന്നുള്ള അഴിമതി വിരുദ്ധ ശൃംഖലയ്ക്കു നേതൃത്വം നൽകാനൊരുങ്ങുന്ന ജോർജ് കെ എം മാണി ബാർ കേസിൽ കോഴ വാങ്ങിയത് അഴിമതിതന്നെയെന്ന നിലപാടിലാണ് ഉറച്ചുനിൽക്കുന്നത്. മാണിയുമായി ഇനി ഒത്തുപോകാനാകില്ലെന്ന് ഉറപ്പായതോടെ ജോർജിന്റെ കാര്യത്തിൽ യുഡിഎഫ് എന്തു നിലപാട് സ്വീകരിക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.

ജോർജിനെ ചീഫ് വിപ് സ്ഥാനത്തു നിന്നു നീക്കണമെന്നു മന്ത്രിമാരായ കെ എം മാണിയും പി ജെ ജോസഫും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ട് ആവശ്യപ്പെട്ടിരുന്നതിന്റെ പശ്ചാത്തലത്തിലാണ് പി സി ജോർജ് ഇന്നു രാവിലെ മുഖ്യമന്ത്രിയെ കണ്ടത്. പി സി ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കുന്നതു സംബന്ധിച്ച് പരസ്യമായ അഭിപ്രായ പ്രകടനത്തിന് താനില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു. ഇക്കാര്യം ഘടകകക്ഷികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നോക്കിക്കോളുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP