Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവശിഷ്ട കേരളാ കോൺഗ്രസുകളെ തൂത്തുവാരിയെടുത്ത് സെക്യുലർ ബലപ്പെടുത്താൻ പി.സി. ജോർജ്; ചോർച്ചയുണ്ടാകുന്നത് ജേക്കബ്- പി.സി. തോമസ് വിഭാഗങ്ങളിൽ; എൽ.ഡി.എഫ് ഘടകകക്ഷിയാക്കുമെന്നും പ്രചാരണം

അവശിഷ്ട കേരളാ കോൺഗ്രസുകളെ തൂത്തുവാരിയെടുത്ത് സെക്യുലർ ബലപ്പെടുത്താൻ പി.സി. ജോർജ്; ചോർച്ചയുണ്ടാകുന്നത് ജേക്കബ്- പി.സി. തോമസ് വിഭാഗങ്ങളിൽ; എൽ.ഡി.എഫ് ഘടകകക്ഷിയാക്കുമെന്നും പ്രചാരണം

പത്തനംതിട്ട: മാണിയും പിള്ളയും മനസിൽ കാണുമ്പോൾ പി.സി. ജോർജ് മാനത്തു കാണും. കേരളാ രാഷ്ട്രീയത്തിലെയും കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെയും തരികിടകൾ ഒന്നും ആരും ജോർജിനെ പഠിപ്പിക്കണ്ട. ഇടത്തു നിന്ന് വലത്തേക്കും അവിടെനിന്നു വീണ്ടും ഇടത്തേക്കും ചാടാൻ ജോർജിനല്ലാതെ മറ്റാർക്ക് പെട്ടെന്നു കഴിയും. എന്തായാലും പി.സി. ജോർജ് ഉറപ്പിച്ചു തന്നെയാണ്.

കെ.എം. മാണിയുടെ പാലംവലിയിൽ എംഎ‍ൽഎ സ്ഥാനം പോയാലും ഇനി പൂഞ്ഞാർ അച്ചായന് ഒരു ചുക്കുമില്ല. സ്വന്തം പാർട്ടിയായ കേരളാ കോൺഗ്രസ് (സെക്യുലർ) ശക്തമാക്കാൻ ജോർജ് രംഗത്തു വന്നുകഴിഞ്ഞു. അവശിഷ്ട കേരളാ കോൺഗ്രസുകളിൽ കുരുങ്ങിക്കിടന്ന് 'ഭാവി തുലയ്ക്കുന്ന' മുതിർന്ന നേതാക്കളെ ഒന്നടങ്കം തനിക്കൊപ്പം നിർത്താനുള്ള സൂത്രപ്പണികൾ ജോർജ് ആരംഭിച്ചു കഴിഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഘടകകക്ഷിയാകും സെക്യുലർ എന്നാണ് ജോർജ് ചെയ്യുന്ന വാഗ്ദാനം. ജേക്കബ്, പിള്ള, പി.സി. തോമസ് വിഭാഗങ്ങളിലെ മുതിർന്ന നേതാക്കളെയാണ് ജോർജ് നോട്ടമിടുന്നത്. ഇവരിലൂടെ മറ്റുള്ളവരെയും ഒപ്പം കൊണ്ടുവരാൻ കഴിയുമെന്ന് ജോർജിന് ഉറപ്പാണ്. ഇതിനായി പത്തനംതിട്ട ജില്ലയിൽ നിന്നും ഒരു മുതിർന്ന നേതാവിനെ ജോർജ് ചാക്കിലാക്കിക്കഴിഞ്ഞു. കേരളാ കോൺഗ്രസ് (ജേക്കബ്) മുൻ സംസ്ഥാന വൈസ് പ്രസിഡന്റും നിലവിൽ കേരളാ കോൺഗ്രസ് (പി.സി. തോമസ് വിഭാഗം) സംസ്ഥാന വൈസ്പ്രസിഡന്റുമായ ജോർജ് കുന്നപ്പുഴയാണ് ജോർജിന്റെ ചാക്കിൽ കയറിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുല്ലാട്ട് എത്തിയ പി.സി. ജോർജ് കുന്നപ്പുഴയുമായി ഇക്കാര്യം ചർച്ച ചെയ്തു. കേരളാ കോൺഗ്രസ് സെക്യുലർ പാർട്ടി വിപുലീകരിക്കുകയും സജീവമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചർച്ച. മറ്റ് കേരളാ കോൺഗ്രസ് ഗ്രൂപ്പുകളിലെ അസംതൃപ്തരെ നേരിൽ കണ്ട് സംസാരിച്ച് തനിക്കൊപ്പം ചേർക്കുക എന്നതാണ് പി.സി ജോർജ് ലക്ഷ്യമിടുന്നത്. ടി.എം. ജേക്കബ് ജീവിച്ചിരുന്നപ്പോൾ പാർട്ടിയിലുണ്ടായിരുന്ന മുതിർന്ന നേതാക്കൾ പലരും ഇപ്പോഴുള്ള പാർട്ടി നേതൃത്വവുമായി അകൽച്ചയിലാണ്. ഇവരെ സെക്യുലറിലേക്ക് നയിക്കാനുള്ള ചുമതലയാണ് കുന്നപ്പുഴയെ പി.സി ജോർജ് ഏൽപ്പിച്ചിരിക്കുന്നത്.

വരും ദിനങ്ങളിൽ സമാനചിന്താഗതിയുള്ള നേതാക്കളുമായി ഇരുവരും ബന്ധം പുലർത്തും. പി. സി. തോമസ് വിഭാഗം എൻ.ഡി.എയുമായി ചേരുന്നതോടെ ആ പാർട്ടിയിലെ അസംതൃപ്തരെ ഇടതു മുന്നണിക്കൊപ്പം നിർത്താനും കഴിഞ്ഞേക്കുമെന്നാണ് പി.സി. ജോർജ് പ്രതീക്ഷിക്കുന്നത്. ഒരു മന്ത്രിയുണ്ടെന്ന ഒറ്റക്കാരണം കൊണ്ടാണ് ജേക്കബ് ഗ്രൂപ്പിൽ ആളു കൂടുന്നത്. ഇങ്ങനെ കൂടുന്നവരൊക്കെ റേഷനരിയും മണ്ണെണ്ണയും വരെ കോഴയായി സ്വീകരിക്കുന്നുണ്ട് താനും. ഭരണം പോയാൽ പിന്നെ ജേക്കബ് എന്ന പേര് പോലും പുറത്തുപറയാൻ മടിക്കും. ഇതേ അവസ്ഥ തന്നെയാണ് പിള്ളയുടെ പാർട്ടിയിൽ ഉള്ളവർക്കും. ഗണേശ് മന്ത്രിയായിരുന്നപ്പോൾ മറ്റു ബ്രാക്കറ്റ് കോൺഗ്രസുകളിൽ നിന്ന് പിള്ളയുടെ പാർട്ടിയിലേക്ക് ഒഴുക്കായിരുന്നു. ഇപ്പോൾ ഇതേ വേഗതയിൽ തന്നെയാണ് കൊഴിഞ്ഞു പോക്കും.

പിള്ളയുടെ പാർട്ടിയിൽ നിന്നുള്ളവർ നേരെ പോയിരിക്കുന്നത് പി.സി. തോമസിനൊപ്പമാണ്. അവിടെ നിന്നാണ് ഇപ്പോൾ പലരും പി.സി. ജോർജിനൊപ്പം വരാൻ തുടങ്ങുന്നത്. എൽ.ഡി.എഫിൽ തങ്ങളെ ഘടകകക്ഷിയാക്കുമെന്നാണ് ജോർജിന്റെയും അവകാശവാദം. തമ്മിൽ ഭേദം ജോർജാണ് എന്ന ചിന്താഗതിക്കാരാണ് ഇപ്പോൾ സെക്യുലറിലേക്ക് വരാൻ ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP