Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലായിൽ താനും പൂഞ്ഞാറിൽ മകനും ജയിച്ചു കാണിക്കാമെന്ന് ജോർജ്; ചീഫ് വിപ്പിന്റെ ഇടതുമുന്നണി പ്രവേശനത്തിനുള്ള അണിയറ ചർച്ചകൾ സജീവം; കുലം മുടിക്കുന്ന ജോർജിനെ വേണ്ടെന്നു ജില്ലാ നേതൃത്വം

പാലായിൽ താനും പൂഞ്ഞാറിൽ മകനും ജയിച്ചു കാണിക്കാമെന്ന് ജോർജ്; ചീഫ് വിപ്പിന്റെ ഇടതുമുന്നണി പ്രവേശനത്തിനുള്ള അണിയറ ചർച്ചകൾ സജീവം; കുലം മുടിക്കുന്ന ജോർജിനെ വേണ്ടെന്നു ജില്ലാ നേതൃത്വം

ബി രഘുരാജ്

കോട്ടയം: പി സി ജോർജിന്റെ അടുത്ത നീക്കം എന്ത്? കേരളം ഒരുപോലെ നോക്കി ഇരിക്കുന്ന കാര്യമാണിത്. മാണിക്കെതിരെ പുലഭ്യം വിളി ആരംഭിക്കുമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ ശ്രദ്ധേയമായ എന്തെങ്കിലും അഴിമതി രേഖകൾ പുറത്ത് വിടുമോ എന്നതാണ് പ്രധാന ചോദ്യം. അത് പ്രതീക്ഷിച്ചാണ് ഇടത് മുന്നണി ഇരിക്കുന്നത്. ജോർജിലൂടെ മാണിക്കെതിരെയുള്ള സമരം കൂടുതൽ സജീവമാക്കാം എന്ന ആലോചന സിപിഎമ്മിൽ ഉണ്ട്. എന്നാൽ ഇടത് മുന്നണി പ്രവേശനം ഉറപ്പ് വരുത്താനുള്ള തീവ്ര ശ്രമത്തിലാണ് ജോർജ്. ആദ്യം പുറത്ത് വരൂ, അത് കഴിഞ്ഞ് നിലപാട് വ്യക്തമാക്കൂ. എന്നിട്ട് തീരുമാനിക്കാം എന്ന സമീപനമാണ് സിപിഎമ്മിന്റേത്. കോടിയേരി ബാലകൃഷ്ണന് ജോർജിനോട് പിണറായിയേക്കാൾ താൽപ്പര്യം ഉണ്ട് എന്നാണ് റിപ്പോർട്ട്. പിണറായി മുതലാളി എന്നൊക്കെ വിളിച്ച് ആക്ഷേപിച്ച് പുറത്ത് പോയ ജോർജിനോട് പിണറായിക്ക് വലിയ താൽപ്പര്യം ഇല്ല.

രണ്ട് എംഎൽഎമാരുമായി എത്തുക അല്ലെങ്കിൽ സ്‌കറിയ തോമസ് കേരള കോൺഗ്രസ്സിൽ ചേരുക എന്നതായിരുന്നു സിപിഐ(എം) ആദ്യം വച്ച ഫോർമുല. എന്നാൽ ആദ്യത്തേത് നടക്കില്ല എന്നുറപ്പായി. സ്‌കറിയ തോമസിന്റെ പാർട്ടിയിൽ ചേരാൻ ജോർജ് ഒരുക്കവുമല്ല. തുടർന്നാണ് സെക്കുലർ രൂപീകരിച്ച് രണ്ട് സീറ്റിലും ജയിക്കാം എന്ന വെല്ലുവിളി ജോർജ് നടത്തിയിരിക്കുന്നത്. പൂഞ്ഞാറിൽ മകൻ നിന്നാൽ തോൽക്കുമെന്ന് ജോർജിന് അറിയാം. എന്നാലും മകനെ ഒരു മുന്നണി സ്ഥാനാർത്ഥിയാക്കാൻ കഴിഞ്ഞാൽ അവന്റെ ഭാവി സുരക്ഷിതം എന്ന തോന്നലാണ് ജോർജിന്റേത്. അതിനുള്ള നീക്കങ്ങൾ ആണ് ജോർജ് നടത്തുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായി അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ജോർജ് തോറ്റ് പോകും എന്നത് തന്നെയാണ് ഇടത് മുന്നണിയിലേക്കുള്ള നീക്കത്തിന്റെ പ്രധാന കാരണം. എന്നാൽ, ജില്ലയിലെ സിപിഐ(എം) നേതൃത്വത്തിന് ജോർജ് കടന്ന് വരുന്നതിനോടു താൽപ്പര്യം ഇല്ല. അവർ അതു സംസ്ഥാന നേതൃത്വത്തെ അറിയിച്ചും കഴിഞ്ഞു. എന്നാൽ സിപിഎമ്മിൽ പാർട്ടി എടുക്കുന്ന നിലപാടിനോട് ആരും യോജിക്കില്ല എന്നതാണ് സത്യം.

ഇടതുപക്ഷത്തു നിന്ന് കേരള കോൺഗ്രസിലേക്കു നേരത്തെ ചാടിയ പി സി ജോർജ് അവിടെ നിന്ന് ഇടതുപക്ഷത്തെ നേതാക്കളെ പരമാവധി പുലഭ്യം പറഞ്ഞിരുന്നയാളാണ്. അതിനാൽ തന്നെ മറുകണ്ടം ചാടിയ പി സി ജോർജിനെ ഇടതു പാളയത്തിൽ എത്തിക്കുന്നതിനോട് ഭൂരിപക്ഷം പേർക്കും അനുകൂല അഭിപ്രായമില്ല. എന്നാൽ, ജോർജിനെക്കൂടി ഇടതുപക്ഷത്തേക്ക് ആനയിക്കാനുള്ള നീക്കത്തിന് കോടിയേരി ബാലകൃഷ്ണന് അനുകൂല നിലപാടുകളാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ യുഡിഎഫ് വിട്ട് പുറത്തേക്കു വന്നതിനു ശേഷം മാത്രമാകും ഇക്കാര്യത്തിൽ മനസുതുറക്കാൻ നേതാക്കൾ തയ്യാറാകൂ.

പലകുറി കെ എം മാണിയുടെ വാക്കുകൾ തള്ളി പി സി ജോർജ്ജ് രംഗത്തെത്തിയത് മാണിയെ വിട്ട് ഇടതുപക്ഷത്തേക്കു ചേക്കേറാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ബാർ കോഴക്കേസിന്റെ കാര്യം ചൂണ്ടിക്കാട്ടി ഒടുവിൽ മാണിയുമായി പരസ്യപ്പോരാട്ടത്തിനു തന്നെ ജോർജ് തുനിഞ്ഞു. ഏറ്റവും ഒടുവിലായി കേരളാ കോൺഗ്രസ് പാർട്ടി ഭൂമിയിൽ ആണെന്ന അഭിപ്രായം പാർട്ടി ചെയർമാനും ധനമന്ത്രിയുമായ കെ എം മാണിയുടേത് മാത്രമാണെന്ന് പറഞ്ഞും മാണിക്കെതിരെ ജോർജ് ആഞ്ഞടിച്ചു.

പാർട്ടി ഇപ്പോഴും നടുക്കലിൽ ആണെന്നും നടുക്കടലിൽ ആക്കിയത് ആരെല്ലാമെന്ന് മാണി തന്നെ പറയണമെന്നുമാണ് ജോർജ് പറഞ്ഞത്. ചീഫ് വിപ്പ് സ്ഥാനം ആർക്കും ഏറ്റെടുക്കാം. തന്നെ എതിർക്കുന്നവർ അഴിമതിക്കാരാണ്. താൻ വി.ആർ.എസ് എടുക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. എന്നാൽ പോവേണ്ടവർക്ക് പോവാം എന്നാണ് തനിക്ക് പറയാനുള്ളത്. കോട്ടയത്ത് മാണിക്ക് സ്വീകരണം നൽകിയ പരിപാടിയിൽ പങ്കെടുക്കാൻ പോവാത്തത് കൂവൽ കേൾക്കാൻ വയ്യാത്തതു കൊണ്ടാണെന്നും ജോർജ് പറഞ്ഞിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയും ജോർജ് ആഞ്ഞടിച്ചിരുന്നു. ബുദ്ധിമാനും കുശാഗ്ര ബുദ്ധിക്കാരനുമാണ് ഉമ്മൻ ചാണ്ടി. ആരു വിചാരിച്ചാലും നശിപ്പിക്കാനാവില്ല. കരുണാകരനെ പോലും മര്യാദ പഠിപ്പിച്ചയാളാണെന്നും ഉമ്മൻ ചാണ്ടിയെന്നും ജോർജ് പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് ഇടതുപക്ഷത്തിന്റെ പിന്തുണ നേടി അവർക്കൊപ്പം മത്സരിക്കാൻ ജോർജിന്റെ നീക്കം. തന്റെ തട്ടകത്തിൽ താൻതന്നെ ജയിക്കുമെന്ന വിശ്വാസം പി സി ജോർജിനുണ്ട്. എന്നാൽ, മകനെ ഒറ്റയ്ക്കു മത്സരിപ്പിച്ച് ജയിപ്പിക്കാം എന്ന വ്യാമോഹം ജോർജിനില്ല. അതിനാലാണ് പൂഞ്ഞാറിൽ മകനെ മത്സരിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തുമ്പോഴും ഇടതുമുന്നണിയിലേക്കു നീങ്ങാനുള്ള ചരടുവലികൾ ഊർജിതമാക്കുന്നത്. ഇടതു പിന്തുണയുണ്ടെങ്കിൽ മാത്രമേ ഇനി തെരഞ്ഞെടുപ്പു വിജയം സാധ്യമാകൂ എന്ന അവസ്ഥയാണുള്ളതെന്നും ജോർജിന് നന്നായി അറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP