Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപി തഴഞ്ഞിട്ടും പി പി മുകുന്ദൻ ആർഎസ്എസ് വേദികളിൽ സജീവം; പാർട്ടി പ്രവേശനം തടയാൻ ചിലർ ശ്രമിക്കുന്നുവെന്ന് പരാതി; പ്രായം പറഞ്ഞാണ് ചില സ്ഥാനങ്ങളിൽനിന്നു മാറ്റിനിർത്തപ്പെട്ടത്, അച്ഛനു പ്രായമായി എന്നു കരുതി അച്ഛൻ, അച്ഛനല്ലാതാവില്ലല്ലോയെന്ന് പി പി മുകുന്ദൻ

ബിജെപി തഴഞ്ഞിട്ടും പി പി മുകുന്ദൻ ആർഎസ്എസ് വേദികളിൽ സജീവം; പാർട്ടി പ്രവേശനം തടയാൻ ചിലർ ശ്രമിക്കുന്നുവെന്ന് പരാതി; പ്രായം പറഞ്ഞാണ് ചില സ്ഥാനങ്ങളിൽനിന്നു മാറ്റിനിർത്തപ്പെട്ടത്, അച്ഛനു പ്രായമായി എന്നു കരുതി അച്ഛൻ, അച്ഛനല്ലാതാവില്ലല്ലോയെന്ന് പി പി മുകുന്ദൻ

കെ വി നിരഞ്ജൻ

കോഴിക്കോട്: ഒരു കാലത്ത് സംഘരാഷ്ട്രീയത്തിൻെ കേരളത്തിലെ അജണ്ട നിശ്ചയിച്ചിരുന്ന നേതാവായിരുന്നു പി.പി മുകന്ദൻ. പക്ഷേ ഒരു ഘട്ടത്തിലത്തെിയപ്പോൾ ബിജെപി അദ്ദേഹത്തെ നിഷ്‌ക്കരുണം തഴഞ്ഞു. ഇപ്പോൾ കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതോടെ പി.പി മുകുന്ദന്റെ മടങ്ങിവരവ് തീരുമാനമായിരുന്നു. അതിനിടെ ദീർഘകാലത്തിനുശേഷം പാർട്ടി ആസ്ഥാനത്ത് അദ്ദേഹം എത്തിയതും വാർത്തയായിരുന്നു.

എന്നാൽ ഇപ്പോഴും ബിജെപിയിൽ മുകുന്ദൻ കൈയാലപ്പുറത്തുതന്നെയാണ്. അദ്ദേഹത്തിന്റെ പുനപ്രവേശനം ഇപ്പോഴും തീരുമാനിക്കപ്പെട്ടിട്ടില്ല. എന്നാൽ മുകുന്ദൻ ആർ.എസ്.എസ് വേദികളിൽ സജീവമാണ്. അവശതയും പ്രായാധിക്യവും ചൂണ്ടിക്കാട്ടി ബിജെപി ഒഴിവാക്കിയ മുകുന്ദൻ ആർ.എസ്.എസിന്റെ പോഷകസംഘടനയായ ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ഉദ്ഘാടകനായി കോഴിക്കോട്ടത്തെി. തന്റെ പാർട്ടി പ്രവേശനം ചിലർ തടയാൻ ശ്രമിക്കുന്നതായി മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

സംഘടനാകാര്യങ്ങൾ ഗൗരവത്തിലെടുക്കാത്ത ന്യൂനപക്ഷമാണ് തന്റെ മടങ്ങിവരവിനെ എതിർക്കുന്നതെന്ന് മുകന്ദൻ പ്രതികരിച്ചു. തന്നെ തിരികെക്കൊണ്ടുവരുമെന്ന് പറഞ്ഞത് കുമ്മനമാണ്. എന്തുകൊണ്ട് തിരികെക്കൊണ്ടുവന്നില്‌ളെന്ന് അദ്ദേഹത്തോട് ചോദിക്കണം. ഭാരവാഹിത്വത്തിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷയുണ്ട്. ഓരോ കാര്യത്തിലും നമുക്ക് ഓരോ പ്രതീക്ഷയുണ്ട്. പ്രതീക്ഷപോലെ നടക്കണമെന്നില്ല. പാർട്ടി ആവശ്യപ്പെട്ടാൽ പ്രവർത്തിക്കാൻ സന്നദ്ധനാണെന്നും എന്നാൽ സംസ്ഥാന കൗൺസിൽ 'ഹൗസ് ഫുള്ളാ'ണ്, അവിടെ സീറ്റില്ലാത്തതിനാലാണ് തനിക്കവസരം ലഭിക്കാത്തത്.

തിയറ്ററുകളിൽ മാനേജർമാർ പ്രത്യേക താൽപര്യമെടുത്ത് ചിലരെ സിനിമ കാണാൻ അനുവദിക്കുന്നതുപോലെ തന്നെയും ആരെങ്കിലും പരിഗണിച്ചേക്കുമെന്നാണ് പ്രതീക്ഷ. പ്രായം പറഞ്ഞാണ് ചില സ്ഥാനങ്ങളിൽനിന്നു മാറ്റിനിർത്തപ്പെട്ടത്. അച്ഛനു പ്രായമായി എന്നു കരുതി അച്ഛൻ, അച്ഛനല്ലാതാവില്ലല്ലോ. ഓരോരുത്തരുടെയും തലയിൽ വരച്ചതുപോലെ സംഭവിക്കും. ഒരാശയത്തിനുവേണ്ടിയാണ് താൻ വീടു വിട്ടത്, സ്ഥാനത്തിനുവേണ്ടിയല്ല. കേന്ദ്ര നേതൃത്വത്തിൽ പരിഗണിക്കുന്നതിന് അവർ ചർച്ചനടത്തി തീരുമാനിക്കട്ടെയെന്നും മുകുന്ദൻ പറഞ്ഞു. ആർ.എസ്.എസിനോടുള്ള അടുപ്പവും ആർ.എസ്.എസ് വേദികളിൽ സജീവമാകുമെന്ന സൂചനയും മുകുന്ദൻ നൽകി.

മുകുന്ദനെ സംസ്ഥാന നേതൃത്വത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ബിജെപി കേന്ദ്രനേതൃത്വം ആലോചിക്കുന്നെന്ന വാർത്തയെ തുടർന്ന് മുകുന്ദനിപ്പോൾ പാർട്ടി അംഗത്വമില്‌ളെന്നും മിസ്ഡ്കാൾ അടിച്ചാൽ അംഗമാകാമെന്നുമുള്ള അന്നത്തെ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ പ്രസ്താവന വിവാദമായിരുന്നു. മിസ്ഡ്കാൾ വഴി പാർട്ടി അംഗത്വമെടുക്കേണ്ട കാര്യമില്‌ളെന്നും താനിപ്പോഴും അംഗമാണെന്നുമായിരുന്നു മുകുന്ദൻ ഇതിനോട് പ്രതികരിച്ചത്. കുമ്മനം രാജശേഖരൻ സംസ്ഥാന പ്രസിഡന്റായി നിയോഗിക്കപ്പെട്ടതോടെ മുകുന്ദന്റെ തിരിച്ചുവരവിന് വഴിതുറന്നെങ്കിലും തുടർനടപടിയുണ്ടായില്ല.

ആർ.എസ്.എസിലെ ഒരുവിഭാഗത്തിന്റെ എതിർപ്പാണിതിന് കാരണമെന്നാണ് സൂചന. ഇതിനിടെ മുകുന്ദന്റെ സേവനം ഇനി പാർട്ടിക്കാവശ്യമില്‌ളെന്ന് കഴിഞ്ഞമാസം ബിജെപി നേതൃത്വം പ്രത്യേക ദൂതൻ മുഖേനെ അദ്ദേഹത്തെ അറിയിച്ചിരുന്നു. സംഘ്പരിവാറിന്റെ മറ്റേതെങ്കിലും ഘടകത്തിൽ പ്രവർത്തിക്കാനായിരുന്നു നിർദ്ദേശം. അന്നത് അവഗണിച്ചെങ്കിലും പാർട്ടിയിലേക്കുള്ള വാതിലായി ഇപ്പോൾ ആർ.എസ്.എസ് വേദികളിൽ സജീവമായിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP