Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർട്ടി വിലക്ക് ലംഘിച്ച് ശ്രീധരൻപിള്ള ഏഷ്യാനെറ്റിൽ ചർച്ചക്ക് പോയി; കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശം പരിഗണിക്കാതെ ബിജെപിയിൽ വീണ്ടും ഗ്രൂപ്പ് പോര് മുറുകുന്നു

പാർട്ടി വിലക്ക് ലംഘിച്ച് ശ്രീധരൻപിള്ള ഏഷ്യാനെറ്റിൽ ചർച്ചക്ക് പോയി; കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശം പരിഗണിക്കാതെ ബിജെപിയിൽ വീണ്ടും ഗ്രൂപ്പ് പോര് മുറുകുന്നു

ആലപ്പുഴ: കാര്യം കേരളത്തിൽ അക്കൗണ്ട് തുറക്കാൻ കഴിയാത്ത പാർട്ടിയാണെങ്കിലും ബിജെപിയിൽ മറ്റ് പാർട്ടികളിൽ ഉള്ളതു പോലെ ഗ്രൂപ്പ് പോരിന് മാത്രം യാതൊരു കുറവുമില്ല. പാർട്ടിയുടെ സ്വഭാവം കൊണ്ട് ഇത് പരസ്യ വിഴുപ്പലക്കലിലേക്ക് പോകാറില്ലെന്ന് മാത്രം. ഇപ്പോൾ കേരളത്തിൽ പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തിൽ ഒരു വിഭാഗവും സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ നേതൃത്വത്തിൽ മറ്റൊരു വിഭാഗവുമാണ് പ്രവർത്തിക്കുന്നത്. ഇരുവരും തമ്മിൽ പോരു മുറുകിയ ഘട്ടത്തിൽ കേന്ദ്ര നേതൃത്വം ഇടപെട്ടാണ് സമവായം ഉണ്ടാക്കിയത്. എന്നാൽ കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടും ഒരു കാര്യവുമില്ലെന്ന വിധത്തിലാണ് ഇവിടുത്തെ കാര്യങ്ങളുടെ പോക്ക്. പാർട്ടി വിലക്ക് ഭേദിച്ച് മുതിർന്ന ബിജെപി. നേതാവ് ശ്രീധരൻ പിള്ള ചാനൽ ചർച്ചയിൽ പങ്കെടുത്തതാണ് വിവാദമാകുന്നത്.

ബിജെപി വിരുദ്ധ വാർത്തകൾ വരുന്നു എന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെ ബഹിഷ്‌ക്കരിക്കാനാണ് പാർട്ടി സംസ്ഥാന നേതൃത്വം എട്ട് മാസം മുമ്പ് തീരുമാനിച്ചത്. ഇതോടെ അന്ന് വരെ സോളാർ വിഷയത്തിലും മറ്റുമായി ഏഷ്യാനെറ്റിൽ ചർച്ചക്കെത്തി ഷൈൻ ചെയ്തിരുന്ന നേതാക്കൾക്ക് അവസരം പോകുകയും ചെയ്തു. കെ സുരേന്ദ്രനെ പോലുള്ളവർ മനോരമയിലും മാതൃഭൂമി ന്യൂസിലേക്കുമൊക്കെ ചേക്കേറി. ഏഷ്യാനെറ്റ് ആകട്ടെ ബിജെപിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ പഴയകാല ബിജെപിക്കാരെ വിളിച്ചാണ് അഡ്ജസ്റ്റ് ചെ്തതത്. ഇതിനിടെയാണ് പി എസ് ശ്രീധരൻ പിള്ള പാർട്ടി വിലക്ക് ലംഘിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ ചർച്ചയിൽ പങ്കെടുത്തത്.

കേന്ദ്ര സർക്കാരിന്റെ ഒന്നാം വാർഷികദിനമായ ഇന്നലെ മുൻ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ ചർച്ചയിൽ പങ്കെടുത്തതാണു വിവാദത്തിനു വഴിതുറന്നത്. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ലംഘിച്ചാണ് ശ്രീധരൻ പിള്ള ഏഷ്യാനെറ്റിലെ ചർച്ചകളിൽ പങ്കെടുത്തത്. ഇതോടെ ശ്രീധരൻ പിള്ളക്കെതിരെ പാർട്ടിയിൽ എതിര്ശബ്ദം ഉയർന്നുകഴിഞ്ഞു.

ബിജെപിയെ അവഹേളിക്കുന്ന വാർത്തകളിൽ പോലും നേതാക്കൾ ചാനലുകളിൽ ചർച്ചക്കെന്നുത് മോശമാണെന്ന പരാതി വ്യാപകമായിരുന്നു. സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഉയർന്ന പരാതികളെത്തുടർന്നായിരുന്നു ഇത്. പിന്നീട് ബിജെപി. വക്താക്കളടക്കം ചാനലിന്റെ ചർച്ചയിൽ പങ്കെടുക്കാൻ സന്നദ്ധരായില്ല. അതിനാൽ, ഭാരതീയ വിചാരകേന്ദ്രത്തിന്റെ നേതാക്കളെയും പാർട്ടിയുടെ മുഖപത്രമായ ജന്മഭൂമിയിൽനിന്ന് വിരമിച്ച പത്രപ്രവർത്തകരെയുമാണു പാർട്ടിയുടെ നിലപാട് വ്യക്തമാക്കാൻ ക്ഷണിച്ചിരുന്നത്. എന്നാൽ, ശ്രീധരൻ പിള്ള നേതൃത്വവുമായി ആലോചിക്കാതെ ചർച്ചയിൽ പങ്കെടുത്തെന്ന ആക്ഷേപമാണു പാർട്ടിയിൽ ഉയരുന്നത്.

നേരത്തെ നഴ്‌സിങ് റിക്രൂട്ട്‌മെന്റ തട്ടിപ്പുകാരൻ വർഗീസ് ഉതുപ്പിന്റെ വക്കാലത്ത് സ്വീകരിച്ചും ശ്രീധരൻ പിള്ള വിവാദത്തിൽ ചാടിയിരുന്നു. ശ്രീധരൻ പിള്ളയുടെ നീ്ക്കം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തതോടെ അദ്ദേഹം അതിൽ നിന്നും പിന്മാറാൻ നിർബന്ധിതനാകുകയായിരുന്നു.

ഔദ്യോഗിക നേതൃത്വവുമായി അകന്നുനിൽക്കുന്ന ഇദ്ദേഹത്തിന്റെ നടപടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഗൗരവമായി ഉന്നയിക്കാനാണു നീക്കം. അഖിലേന്ത്യാ നേതൃത്വത്തിന്റെ നിർദേശപ്രകാരം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി രണ്ടുമാസത്തെ കാമ്പയിൻ നടക്കുന്ന വേളയിൽ ഉടലെടുത്ത വിവാദം പാർട്ടിയിലെ ഗ്രൂപ്പ് നീക്കം വീണ്ടും സജീവമാക്കി.

സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ, ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടു ചേരികളായി പോരടിച്ച കേരളഘടകത്തിനു ദേശീയ നേതൃത്വം കർശനമായ താക്കീത് നൽകിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കാനും സീനിയോറിറ്റിയടക്കമുള്ള മറ്റ് കാര്യങ്ങൾക്കല്ല, ഫലത്തിനായിരിക്കും പ്രഥമ പരിഗണന നൽകുകയെന്നും അഖിലേന്ത്യാ പ്രസിഡന്റ് അമിത്ഷാ നേതാക്കൾക്കു മുന്നറിയിപ്പ് നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP