Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പി ടി തോമസിനോട് കലിപ്പു തീരാതെ ഇടുക്കിയിലെ മൂത്ത കോൺഗ്രസുകാർ; തോമസിന്റെ സ്വീകരണ പരിപാടികൾ ബഹിഷ്‌കരിച്ച് ഐയും എയിലെ ഒരു വിഭാഗവും; ഇടുക്കിയിൽ പാർട്ടിയെ കെട്ടിപ്പടുത്ത മികച്ച നേതാവിന് കൂടുതൽ സ്വീകരണങ്ങളൊരുക്കി യൂത്ത് കോൺഗ്രസ്

പി ടി തോമസിനോട് കലിപ്പു തീരാതെ ഇടുക്കിയിലെ മൂത്ത കോൺഗ്രസുകാർ; തോമസിന്റെ സ്വീകരണ പരിപാടികൾ ബഹിഷ്‌കരിച്ച് ഐയും എയിലെ ഒരു വിഭാഗവും; ഇടുക്കിയിൽ പാർട്ടിയെ കെട്ടിപ്പടുത്ത മികച്ച നേതാവിന് കൂടുതൽ സ്വീകരണങ്ങളൊരുക്കി യൂത്ത് കോൺഗ്രസ്

ഇടുക്കി: ഗ്രൂപ്പിസത്തിൽ ആടിയുലഞ്ഞ് വീണ്ടും വീണ്ടും വീണുപോയിട്ടും പാഠം പഠിക്കാത്തവരായി മാറുകയാണ് ഇടുക്കിയിലെ കോൺഗ്രസ് നേതാക്കൾ. ഇക്കുറിയും ഒരു എംഎൽഎയെപ്പോലും ജില്ലയിൽനിന്ന് വിജയിപ്പിക്കാൻ കോൺഗ്രസിന് കഴിയാതായതോടെ നേതൃത്വത്തിന്റെ നിലനിൽപ്തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇതിനിടയിലും ജില്ലയിലെ മുൻ എം. പി പി. ടി തോമസിന്റെ സ്വീകരണ പരിപാടിയിലും കടുത്ത ഗ്രൂപ്പ് കളി കണ്ടതോടെ അനുയായികൾ അസംതൃപ്തിയിലാണ്. പാർട്ടിയിൽ വേരുറച്ച ഗ്രൂപ്പിസം വരുംനാളുകൾ വിഭാഗീയതയുടെ യുദ്ധക്കളമായി കോൺഗ്രസ് രാഷ്ട്രീയം മാറുമെന്ന ധ്വനിയാണ് നൽകുന്നത്. ഏറ്റവുമൊടുവിൽ ഏതാനും ദിവസം മുമ്പ് പി. ടി തോമസിന് കട്ടപ്പനയിൽ നൽകിയ സ്വീകരണവും വിഭാഗീയതയുടെ നേർസാക്ഷ്യമായി.

നിലപാടുകളിൽ ഉറച്ചുനിന്ന് പോരാടുന്ന അപൂർവം ജനപ്രതിനിധികളിലൊരാളാണ് മുൻ ഇടുക്കി എം. പിയും ഇപ്പോഴത്തെ തൃക്കാക്കര എംഎൽഎയുമായ പി. ടി തോമസ്. മുൻ യു. പി. എ സർക്കാരിന്റെ കാലത്ത് രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ എം. പി ആയിരുന്നിട്ടും സിറ്റിങ് സീറ്റ് നിഷേധിക്കപ്പെട്ടത് അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകൾകൊണ്ടുതന്നെയാണ്. കസ്തൂരിരംഗൻ-ഗാഡ്ഗിൽ പ്രശ്‌നത്തിൽ പി. ടി തോമസിന്റെ നിലപാടിനെ കോൺഗ്രസ് ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ലെങ്കിലും സീറ്റ് നഷ്ടപ്പെടുമെന്ന ഭയത്താൽ കോൺഗ്രസ് സീറ്റ് നിഷേധിക്കുകയായിരുന്നു. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. പി. സി. സി പ്രസിഡന്റ് വി. എം സുധീരന്റെ കടുംപിടുത്തത്തിന്റെ പേരിൽ ലഭിച്ച തൃക്കാക്കര സീറ്റിൽ മികച്ച ഭൂരിപക്ഷത്തോടെ അദ്ദേഹം നിയമസഭയിൽ എത്തുകയും ചെയ്തു.

ജില്ല വിട്ടുപോയിട്ടും കോൺഗ്രസിലെ കടുത്ത രാഷ്ട്രീയ വിഭാഗീയതയുടെ നേർചിത്രമായി പി. ടി തോമസിന് നൽകിയ സ്വീകരണ പരിപാടികൾ മാറി. ബൂത്തുതലം മുതൽ സംസ്ഥാനതലം വരെ ഗ്രൂപ്പ് നോക്കി സ്ഥാനമാനങ്ങൾ പങ്കുവയ്ക്കുന്ന പാർട്ടിയിൽ, ഇടുക്കിയിൽ അഭിമാനിക്കാൻ കാര്യമായി ഒന്നുമില്ലാതിരുന്നിട്ടും പി. ടി തോമസിന് നൽകിയ സ്വീകരണ പരിപാടിയിൽ പൂർണമായ ഗ്രൂപ്പ് കളി ദൃശ്യമാക്കി കോൺഗ്രസിലെ രണ്ട് വിഭാഗങ്ങൾ പരിപാടി ബഹിഷ്‌കരിച്ചു. കോൺഗ്രസ് ഐ വിഭാഗത്തിനൊപ്പം എ വിഭാഗത്തിൽതന്നെ പി. ടി തോമസിനെ എതിർക്കുന്ന ഡി. സി. സി പ്രസിഡന്റ് റോയി കെ. പൗലോസിന്റെ പക്ഷവും വിട്ടുനിന്നതോടെ, നാണംകെട്ട ഗ്രുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കാൻ ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ഉദ്ദേശിക്കുന്നില്ലെന്ന വ്യക്തമായ സന്ദേശമാണ് ഉയർന്നു കാണുന്നത്.

യൂത്ത് കോൺഗ്രസ് കമ്മിറ്റികളാണ് പി. ടി തോമസിന് സ്വീകരണം സംഘടിപ്പിച്ചത്. ആദ്യ പരിപാടി തൊടുപുഴയിലായിരുന്നു. എംഎൽഎ എന്ന നിലയിൽ തൊടുപുഴയുടെ മുഖച്ഛായ മാറ്റിയ വ്യക്തിയാണ് പി. ടി തോമസ്. പി. ജെ ജോസഫിന്റെ തട്ടകമായ തൊടുപുഴയിൽ കഴിയുന്നത്ര വികസനങ്ങൾ എത്തിക്കുകയും ഏറെക്കാലം മുന്നിൽക്കണ്ടുള്ള വികസന പദ്ധതികൾ വിഭാവനം ചെയ്യുകയുമാണ് പി. ടി ചെയ്തത്. ഇതിലൂടെ ജനപ്രതിനിധികളുടെ കാര്യശേഷി എത്രത്തോളമാകാമെന്നും അധികാരം എങ്ങനെ ജനങ്ങൾക്കായി വിനിയോഗിപ്പെടാമെന്നും അദ്ദേഹം കാണിച്ചുകൊടുത്തു. ഇതിനൊപ്പം മികച്ച പാർലമെന്റേറിയൻ എന്ന പേര് സ്വന്തമാക്കാനും അദ്ദേഹത്തിന്റെ ആദ്യ എംഎൽഎ സ്ഥാനത്തിലൂടെ തെളിയിച്ചു. എന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ പി. ജെ ജോസഫിനോട് ശക്തമായി പൊരുതിയെങ്കിലും തോറ്റു. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ ജോസഫിനെ മലർത്തിയടിച്ചതും വീണ്ടും ഏറ്റുമുട്ടിയപ്പോൾ ജോസഫ് പി. ടിയെ തകർത്തതും ചരിത്രം. പിന്നീട് പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് പാർട്ടിയുടെ ദൗർബല്യം പരിഹരിക്കാൻ അദ്ദേഹം ഏറെ അധ്വാനിച്ചു. ബൂത്ത് തലങ്ങളിൽവരെ നേരിട്ടെത്തി കമ്മിറ്റികൾ രൂപീകരിച്ചാണ് കോൺഗ്രസിന്റെ പ്രാമുഖ്യം തിരിച്ചുപിടിച്ചത്. ഡി. സി. സി പ്രസിഡന്റെന്ന നിലയിൽ പാർട്ടിയെ കെട്ടിപ്പടുത്ത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ സജ്ജമാക്കുമ്പോൾ പി. ജെ ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് എൽ. ഡി. എഫിനൊപ്പമായിരുന്നു. ഇടുക്കിയിൽ സിറ്റിങ് എം. പി ആയ ഫ്രാൻസിസ് ജോർജ് 67000 വോട്ടുകൾക്ക് വിജയിച്ച് വീണ്ടും മത്സരത്തിനെത്തുമ്പോൾ പി. ടി തോമസ് എതിർസ്ഥാനാർത്ഥിയായി. പാർട്ടിയുടെ കെട്ടുറപ്പും പി. ടിയുടെ സംഘാടക മികവും കൊണ്ട് ഫ്രാൻസീസ് ജോർജിനെ പരാജപ്പെടുത്തി നേടിയത് 72000 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു.

ഇതിനിടെയാണ് ജില്ലയിലെ പ്രമുഖമായ കട്ടപ്പന സഹകരണ ബാങ്ക് പിടിച്ചെടുക്കാൻ പൊലിസിന്റെ ഒത്താശയോടെ ഇടതുപക്ഷം ശ്രമം നടത്തിയത്. സ്ഥലത്തെത്തിയ പി. ടി തോമസും ഐ വിഭാഗം നേതാവും മുൻ കെ. സി. സി ജനറൽ സെക്രട്ടറി ഇ. എം ആഗസ്തി എക്‌സ് എംഎൽഎയും നേരിട്ട് രംഗത്തിറങ്ങി. ഇടതുപക്ഷം പൊലിസ് നോക്കി നിൽക്കേ അക്രമം നടത്തി. അക്രമത്തിൽ പരുക്കേറ്റെങ്കിലും പി. ടി തോമസും ഇ. ആഗസ്തിയും പിന്മാറാതെ നിന്നതിനെതുടർന്ന് ഇടതുപക്ഷത്തിന്റെ തന്ത്രം പാളി. യു. ഡി. എഫ് വീണ്ടും ബാങ്കിൽ ഭരണം നിലനിർത്തി. ജില്ലയിൽ പലയിടത്തും കോൺഗ്രസ് പ്രവർത്തകർക്കെതിരെയുണ്ടായ രാഷ്ട്രീയ അക്രമങ്ങളെ ചെറുച്ചുനിന്ന് പരാജയപ്പെടുത്തിയാണ് പി. ടി തോമസ് മുമ്പോട്ടുപോയത്. ജില്ലയിൽ കോൺഗ്രസിന് ഇത്രധികം കെട്ടുറപ്പ് നൽകിയ നേതാവ് ഉണ്ടായിട്ടില്ലെന്ന കാര്യത്തിൽ ഭൂരിപക്ഷം പ്രവർത്തകരും ഒറ്റക്കെട്ടാണ്. എന്നാൽ പിന്നീടുണ്ടായത് ദൗർഭാഗ്യകരമായ രാഷ്ട്രീയ അന്തരീക്ഷമായിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്നു വാദിച്ചവരിൽ പ്രമുഖനായിരുന്നു പി. ടി തോമസ്.

പട്ടയപ്രശ്‌നങ്ങളുടെ പേരിൽ രൂപം കൊണ്ട ഹൈറേഞ്ച് സംരക്ഷണ സമിതി ഇതിനെ എതിർക്കുകയും കത്തോലിക്ക സഭയിലെ ഒരു വിഭാഗവുമായി ചേർന്ന് പി. ടി തോമസിനെ എതിർക്കുകയും ചെയ്തു. പി. ടി തോമസിന്റെ നയത്തെ പാർട്ടി തള്ളിപ്പറഞ്ഞില്ലെങ്കിലും രാഷ്ട്രീയ കോട്ടം ഉണ്ടാകുമെന്ന ഭയത്താൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു. ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ നിരവധി സീറ്റുകളിൽ പി. ടി തോമസിന്റെ പേര് പരിഗണിക്കപ്പെട്ടിരുന്നു. തന്റെ അടുത്ത അനുയായി ആയ പി. ടി തോമസിനുവേണ്ടി ഉമ്മൻ ചാണ്ടി സീറ്റ് ഉറപ്പാക്കുമെന്നായിരുന്നു എ വിഭാഗത്തിന്റെ വിശ്വാസം. എന്നാൽ അതുണ്ടായില്ല. ഏറ്റവുമൊടുവിൽ സുധീരൻ ആവശ്യപ്പെട്ട നാല് സീറ്റുകളിൽ ഒന്നായിരുന്നു തൃക്കാക്കര. എ ഗ്രൂപ്പിലെ പ്രബലനായ ബെന്നി ബെഹനാനെ മാറ്റി പി. ടി തോമസിനെ സ്ഥാനാർത്ഥിയാക്കുക എന്നത് നേതൃത്വത്തിന്, പ്രത്യേകിച്ച് ഉമ്മൻ ചാണ്ടിക്ക് രുചിക്കാത്തതായതിനാൽ അങ്ങനെയുണ്ടാവില്ലെന്നായിരുന്നു ബഹുഭൂരിപക്ഷം നേതാക്കളുടെയും ഉറച്ച വിശ്വാസം. എന്നാൽ ഹൈക്കമാൻഡിന്റെ തീരുമാനം വന്നപ്പോൾ പി. ടി സ്ഥാനാർത്ഥിയാവുകയും കോൺഗ്രസ് എംഎൽഎയാവുകയും ചെയ്തു.

ഇതൊക്കെയാണെങ്കിലും സ്വദേശമായ ഇടുക്കിയിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കാൻ ശ്രമിച്ച രണ്ട് വിഭാഗം കോൺഗ്രസുകാർ തെരഞ്ഞെടുപ്പിനുശേഷവും പി. ടിയോടുള്ള ഗ്രൂപ്പ് വിദ്വേഷം മറക്കാൻ തയാറാകുന്നില്ല. തൊടുപുഴയിൽ ഐ വിഭാഗത്തിലെ മുൻ ഡി. സി. സി പ്രസിഡന്റ് അടക്കം ഏതാനും നേതാക്കൾ പി. ടി തോമസിന് നൽകിയ സ്വീകരണത്തിൽ പങ്കെടുത്തപ്പോൾ, കട്ടപ്പനയിൽ റോയി കെ പൗലോസിന്റെ നേതൃത്വത്തിലുള്ള എ വിഭാഗവും ഐ ഗ്രൂപ്പിനൊപ്പം വിട്ടുനിന്നു. പി. ടി തോമസിന് ജില്ലയിൽ സ്വീകരണം നൽകുന്നതിനെ മാർക്‌സിസ്റ്റ് നേതൃത്വത്തിലുള്ള കർഷക സംഘം എതിർക്കുകയും പരസ്യ പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതി പി. ടി തോമസിനോടുള്ള വിരോധം ഉപേക്ഷിച്ചില്ലെന്നു മാത്രമല്ല, അവർ പരസ്യമായിത്തന്നെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായി മാറുകയും ചെയ്തു. ഈ രണ്ട് വിഭാഗത്തിന്റെയും എതിർപ്പിനിടെയാണ് സ്വന്തം പാർട്ടിയിലെ ബഹിഷ്‌കരണവും. ഇതേസമയം ജില്ലയിലെ യൂത്ത് കോൺഗ്രസ്, കെ. എസ്. യു നേതൃത്വങ്ങളും എ ഗ്രൂപ്പിലെ പകുതിയോളം പാർട്ടി ഭാരവാഹികളും പി. ടി തോമസിനോടൊപ്പമാണ്.

കഴിഞ്ഞുപോയ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് ഒരു വിജയം പോലും നേടാനാകാത്തതിന് കാരണം പാർട്ടിയിലെ അനൈക്യവും വിഭാഗീയതയുമാണ്. ഇത്തവണ വിജയം ഉറപ്പിച്ച രണ്ട് സീറ്റുകളാണ് വിഭാഗീയതയിൽ നഷ്ടമായത്. പി. ടി തോമസ് എന്ന വ്യക്തിയോടുള്ള രാഷ്ട്രീയവൈരം പൊതുപരിപാടി ബഹിഷ്‌കരണത്തിലൂടെ നേതാക്കൾ വ്യക്തമാക്കുമ്പോൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെക്കുറിച്ച് നേതൃത്വത്തിന് ചിന്തയില്ലെന്നാണ് പ്രവർത്തകരുടെ അഭിപ്രായം. പാർട്ടിയും പാർട്ടി ജില്ലാ നേതൃത്വം പി. ടിയെ ബഹിഷ്‌കരിക്കുമ്പോഴും സ്വദേശത്ത് കൂടുതൽ സ്വീകരണങ്ങളൊരുക്കി മുമ്പോട്ട്‌പോകാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. ഇതേസമയം, പാർട്ടി എംഎൽഎ മാരില്ലാത്ത സ്ഥലങ്ങളിൽ താൻ കോൺഗ്രസ് എംഎൽഎയായി പ്രവർത്തിക്കുമെന്നു പി. ടി തോമസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP