Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശാരീരികമായും മാനസികമായും തളർന്ന മാണി വിശ്രമിക്കണമെന്ന് പന്തളം സുധാകരൻ; മിണ്ടരുത് വാ തുറക്കരുതെന്ന് പറഞ്ഞതിനാൽ തനിക്ക് ശബ്ദിക്കാൻ വയ്യെന്ന് അജയ് തറയിൽ; മാണിയെ കൈവിടാൻ ഉറച്ചു കോൺഗ്രസ്

ശാരീരികമായും മാനസികമായും തളർന്ന മാണി വിശ്രമിക്കണമെന്ന് പന്തളം സുധാകരൻ; മിണ്ടരുത് വാ തുറക്കരുതെന്ന് പറഞ്ഞതിനാൽ തനിക്ക് ശബ്ദിക്കാൻ വയ്യെന്ന് അജയ് തറയിൽ; മാണിയെ കൈവിടാൻ ഉറച്ചു കോൺഗ്രസ്

തിരുവനന്തപുരം: ബജറ്റ് അവതരണം കഴിഞ്ഞു. ഇനി വേണ്ടത് വിവാദം ഒഴിവാക്കലാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിന് ജീവൻ മരണ പോരാട്ടമാണ്. അതുകൊണ്ട് തന്നെ പഴയതു പോലെ പോയാൽ കഴിയില്ല. ഇത് മനസ്സിലാക്കി കോൺഗ്രസ് നേതാക്കൾ ചുവട് മാറുകയാണ്. ധനമന്ത്രി കെഎം മാണിയെ കൈവിടാതെ കൈവിടാനാണ് നീക്കം. അതിനുള്ള തന്ത്രങ്ങൾ കോൺഗ്രസ് അണിയറയിൽ ഒരുക്കുന്നതിന്റെ സൂചന നൽകി കെപിസിസി വക്താവ് കൂടിയായ പന്തളം സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

ആദരണീയനായ ധനമന്ത്രി ശ്രീ. കെഎം മാണിക്ക് ഇനി വേണ്ടത് അൽപം വിശ്രമമാണ്. കഴിഞ്ഞ ആറുമാസമായി ആരോപണങ്ങളുടേയും രാഷ്ട്രീയമായ ആക്രമണങ്ങളുടേയും പത്മവ്യൂഹത്തിലായിരുന്നു മാണി സാർ. എന്നാൽ അതെല്ലാം ഭേദിച്ച് നിയമസഭയിൽ പ്രതിപക്ഷം ഉയർത്തിയ എല്ലാ ചെറുത്തുനിൽപ്പിനേയും അക്രമങ്ങളേയും അതിജീവിച്ച് ധീരമായി ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. അങ്ങനെ യുഡിഎഫിനു മുന്നിൽ വിജയശ്രീലാളിതനായി നിൽക്കുകയാണ് ശ്രീ കെ.എം മാണി. എന്നാൽ കേരളരാഷ്ട്രീയത്തിലെ വന്ദ്യവയോധികനാണ് അദ്ദേഹമെന്നാണ് പന്തളം സുധാകരൻ ഫേസ്‌ബുക്കിൽ കുറിച്ചത്.

ശാരീരികമായും മാനസികമായും അദ്ദേഹം ഇക്കഴിഞ്ഞ നാളുകളിൽ ഏറ്റ ആക്രമണത്തിനു കണക്കില്ല. ഉജ്വലമായ ഒരു തിരിച്ചുവരവിനുള്ള ഊർജം ആവാഹിക്കാനായി അദ്ദേഹത്തോട് കുറച്ചുനാളത്തേയ്ക്ക് വിശ്രമിക്കാൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി നിർദ്ദേശം നൽകണം. അതിനിടയിൽ ആരോപണങ്ങളുടെ പാപക്കറ കഴുകിക്കളയാനും ധനമന്ത്രിക്കു തീർച്ചയായും സാധിക്കും. ചികിത്സയ്ക്കായും അദ്ദേഹത്തിന് ഈ അവസരം ഉപയോഗിക്കാവുന്നതാണ്. കേരളരാഷ്ട്രീയത്തിലെ സംഘർഷാന്തരീക്ഷത്തിനും ആ വിശ്രമം അയവു വരുത്തും. ധനമന്ത്രിയുടെ ചുമതല തൽക്കാലം മുഖ്യമന്ത്രിക്കു തന്നെ വഹിക്കാവുന്നതേയുള്ളൂ. യുഡിഎഫ് ഇക്കാര്യത്തിൽ കൂട്ടായ തീരുമാനം എടുക്കണമെന്നാണ് പന്തളം സുധാകരന്റെ നിർദ്ദേശം.

ബാർകോഴയിൽ കുറ്റപത്രം നൽകിയാലും മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് മാണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബാർ കോഴയിൽ തന്നെ പ്രതിയാക്കി എഫ്‌ഐആർ ഇട്ടത് ശരിയായില്ലെന്നും വിമർശിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ മാണി കുറ്റപ്പെടുത്തുകയും ചെയ്തു. കെപിസിസി യോഗത്തിൽ കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി മാണിയെ വിമർശിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു മാണിയുടെ നിലപാട് വിശദീകരണം. നേരത്തെ കോൺഗ്രസ് വക്താവ് അജയ് തറയിലും മാണിക്കെതിരെ കോൺഗ്രസിൽ രണ്ടഭിപ്രായം ഉണ്ടെന്ന് വ്യക്തമാക്കി. ഇതിന്റെ തുടർച്ചയാണ് പന്തളം സുധാകരന്റെ പോസ്റ്റ്.

അഴിമതിക്കെതിരെ പരസ്യമായി പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയാണ് കോൺഗ്രസിലുള്ളതെന്ന് കെപിസിസി വക്താവ് അജയ് തറയിലും പറയുന്നു. ബാർ കോഴ ആരോപണം നേരിടുന്ന കെ.എം മാണി അവധിയിൽ പ്രവേശിക്കണമെന്ന പന്തളം സുധാകരന്റെ ഫേസ്‌ബുക്കിനോട് ഒരു വാർത്താ ചാനലിൽ നടത്തിയ പ്രതികരണത്തിലാണ് അജയ് തറയിൽ ഈ പരാമർശം നടത്തിയത്. തന്റെ മനസ്സിൽ പലതുമുണ്ട്. എന്നാൽ തുറന്നുപറയാൻ കഴിയാത്ത അവസ്ഥയിലാണ്. മിണ്ടരുത്, ചുണ്ടനക്കരുത് എന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം. നിലപാട് വ്യക്തമാക്കൻ കഴിയാത്തത് ദൗർഭാഗ്യകരമാണ്. പാർട്ടിയിൽ പറയാൻ കഴിയാത്തതുകൊണ്ടാകാം മറ്റു മാർഗങ്ങൾ തേടുന്നതെന്നും അജയ് തറയിൽ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അടുത്ത അനുയായിയാണ് ടോമി കല്ലാനി. പ്രത്യക്ഷത്തിൽ വലിയ ഉമ്മൻ ചാണ്ടി അനുയായി അല്ലെങ്കിലും എ ഗ്രൂപ്പിനോട് ചേർന്ന് തന്നെയാണ് പന്തളം സുധാകരൻ കുറേ കാലമായി പ്രവർത്തിക്കുന്നതും. അതുകൊണ്ട് തന്നെ മാണി മന്ത്രി പദവിയിൽ നിന്ന് മാറി നിൽക്കണമെന്ന തരത്തിൽ പന്തളം സുധാകരൻ പോസ്റ്റിടുമ്പോൾ എന്താണ് കോൺഗ്രസ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. മാണി സാർ ആഗ്രഹിച്ചതു പോലെ പതിമൂന്നാം ബജറ്റ് അവതരണം യാഥാർത്ഥ്യമാക്കി. ഇനി മന്ത്രിസ്ഥാനം രാജിവയ്ക്കുക. അതിലൂടെ മുന്നണിയുടെ പ്രതിശ്ചായ കൂട്ടുക. ഇത് തന്നെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

എന്നാൽ ഇതിന് ധനമന്ത്രി മാണി വഴങ്ങാനിടയില്ല. സോളാർ കേസിൽ ഗുരുതര ആരോപണമുയർന്നിട്ടും മുഖ്യമന്ത്രി രാജിവച്ചില്ല. പിന്നെന്തിന് താൻ രാജിവയ്ക്കണമെന്ന ചോദ്യമാണ് മാണി ക്യാമ്പ് ഇപ്പോൾ ഉയർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP