Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തനംതിട്ടയിലെ കോൺഗ്രസിൽ ബിജെപി ബന്ധത്തെ ചൊല്ലി കലാപം; തിരുവല്ലയിൽ അദ്വാനിയെ കൊണ്ടുവന്നത് പി ജെ കുര്യനെന്ന ആരോപണം ശക്തം; ഡിസിസി യോഗത്തിൽ കടുത്ത വിമർശനവുമായി നേതാക്കൾ: ഉപരാഷ്ട്രപതി കസേര ലക്ഷ്യമിട്ട് കുര്യൻ നീങ്ങുന്നുവെന്നും ആരോപണം

പത്തനംതിട്ടയിലെ കോൺഗ്രസിൽ ബിജെപി ബന്ധത്തെ ചൊല്ലി കലാപം; തിരുവല്ലയിൽ അദ്വാനിയെ കൊണ്ടുവന്നത് പി ജെ കുര്യനെന്ന ആരോപണം ശക്തം; ഡിസിസി യോഗത്തിൽ കടുത്ത വിമർശനവുമായി നേതാക്കൾ: ഉപരാഷ്ട്രപതി കസേര ലക്ഷ്യമിട്ട് കുര്യൻ നീങ്ങുന്നുവെന്നും ആരോപണം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മാർത്തോമ്മ സഭ സംഘടിപ്പിച്ച മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നൂറാം ജന്മദിനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടി മുൻ ഉപപ്രധാന മന്ത്രിയും ബിജെപി നേതാവുമായ എൽകെ അദ്വാനിയെ തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് എത്തിച്ചത് പിജെ കുര്യനാണെന്ന് ആരോപിച്ച് ഡിസിസി യോഗത്തിൽ വിമർശനം. ഐ ഗ്രൂപ്പുകാരനായ ഡിസിസി ജനറൽ സെക്രട്ടറി വൈ. യാക്കൂബാണ് രൂക്ഷവിമർശനം ഉന്നയിച്ചത്. ഇതിൽ പിജെ കുര്യന്റെ പങ്ക് എന്താണെന്നായിരുന്നു യാക്കൂബിന് അറിയേണ്ടിയിരുന്നത്.

ബാബറി മസ്ജിദ് തകർത്ത കേസിൽ സുപ്രീംകോടതി നിർദേശപ്രകാരം വീണ്ടും പ്രതിചേർക്കപ്പെട്ടയാളാണ് അദ്വാനി. അദ്ദേഹത്തെ ഒരു ന്യൂനപക്ഷ സമുദായത്തിന്റെ പരിപാടിയിലേക്ക് ക്ഷണിച്ചത് ശരിയായില്ല. കുര്യനെപ്പോലുള്ള നേതാക്കൾ അദ്ദേഹവുമായി വേദി പങ്കിടാൻ പാടില്ലായിരുന്നു. ഇതിൽ കുര്യന് എന്തെങ്കിലും റോളുണ്ടെങ്കിൽ അത് ആശങ്കപ്പെടുത്തുന്നുവെന്നും യാക്കൂബ് പറഞ്ഞു. ജില്ലയിൽ ഒരു കോൺഗ്രസ് നേതാവും ഒരു വേദിയിലും കുര്യനെ കുറിച്ച് ആരോപണം ഉന്നയിക്കാൻ ധൈര്യപ്പെടാറില്ല.

കുര്യന്റെ അപ്രമാദിത്വം തന്നെയാണ് ഇതിന് കാരണം. യാക്കൂബിന്റെ പ്രതികരണം ഡിസിസി നേതൃത്വത്തെ ഞെട്ടിക്കുകയും ചെയ്തു. മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട തന്നെപ്പോലുള്ളവർക്ക് ബിജെപി-ആർഎസ്എസ് നേതാക്കളുമായി കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ നടത്തുന്ന കൂട്ടുകെട്ട് ഭയപ്പാടുണ്ടാക്കുന്നുവെന്നാണ് യാക്കൂബ് പറഞ്ഞത്. യാക്കൂബിന്റെ ചോദ്യശരങ്ങൾ നേരിടാനും മറുപടി പറയാനും കഴിയാതെ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് കുഴങ്ങി.

അദ്വാനിയെ ക്ഷണിച്ചത് സഭയാണെന്നും പി.ജെ. കുര്യന് ഇതുമായി ബന്ധമില്ലെന്നും ബാബു ജോർജ് വിശദീകരണം നൽകിയെങ്കിലും അംഗങ്ങൾ തൃപ്തരായില്ല. വിമർശനവുമായി എ ഗ്രൂപ്പിൽ നിന്നുള്ള സുനിൽ എസ് ലാലും എഴുന്നേറ്റു. കുര്യൻ അദ്വാനിയെ കൊണ്ടു വന്നതിന്റെ ചുവട് പിടിച്ചായിരുന്നു സുനിലിന്റെ വിമർശനം. ആറന്മുളയിൽ നടക്കുന്ന ചക്കമഹോത്സവത്തിന്റെ പ്രചാരണാർഥം കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശർമ പത്തനംതിട്ടയിലെത്തി കത്തോലിക്കാ സഭാ ആസ്ഥാനത്ത് പ്ലാവിൻതൈ നട്ടിരുന്നു. ഈ ചടങ്ങിൽ സംബന്ധിച്ചത് ബിജെപിക്കാരേക്കാൾ കൂടുതൽ കോൺഗ്രസുകാരായിരുന്നു. മാത്രവുമല്ല, മന്ത്രിക്കൊപ്പം സെൽഫിയെടുക്കാനും ഇവർ മത്സരിച്ചു. ഇതെല്ലാം അപായ സൂചനകളാണെന്നും സുനിൽ ചൂണ്ടിക്കാട്ടി.

ഡിസിസി യോഗത്തിന് ശേഷം തിരുവല്ലയിൽ നടന്ന ഐ ഗ്രൂപ്പ് രഹസ്യയോഗത്തിൽ അടൂർ പ്രകാശ് എംഎൽഎയും കുര്യനെ രൂക്ഷമായി വിമർശിച്ചു. ഏറെ നാളായി കുര്യൻ ബിജെപിയുമായി അടുക്കുന്നുവെന്നൊരു പ്രചാരണമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള നേതാക്കളുമായി കുര്യന് അടുത്ത വ്യക്തി ബന്ധമുണ്ട്. ആ ബന്ധത്തിലാണ് കെപി യോഹന്നാൻ മെത്രാപ്പൊലീത്തയ്ക്ക് മോദിയെ സന്ദർശിക്കാൻ അവസരം കിട്ടിയത്. ഗംഗാശുചീകരണത്തിനായി ബിലീവേഴ്സ് ചർച്ച് ഒരു കോടി രൂപ സംഭാവന നൽകുകയും ചെയ്തു.

ഉപരാഷ്ട്രപതി കസേരയാണ് കുര്യൻ ലക്ഷ്യമിടുന്നത്. തിരുവല്ലയിൽ അദ്വാനിയെ എത്തിച്ചതിന് പിന്നിൽ കുര്യനാണെന്നും ഉപരാഷ്ട്രപതി കസേര ഉറപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ആരോപണം ഉണ്ടായിരുന്നു. എന്നാൽ, മാർത്തോമ്മ സഭ നിഷേധിച്ചതോടെ ഈ വിവാദം അസ്തമിച്ചു. പക്ഷേ, അദ്വാനിയുടെ വരവിന് പിന്നിൽ കുര്യനാണെന്ന് സ്വന്തം പാർട്ടിക്കാർ തന്നെ വിളിച്ചു പറഞ്ഞതോടെ വിവാദം വീണ്ടും ചൂടുപിടിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP