Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പത്തനംതിട്ടയിൽ ഗവൺമെന്റ് പ്ലീഡർ ലിസ്റ്റായി: സിപിഐ(എം) ലിസ്റ്റിൽ പാർട്ടിക്ക് പുറത്തുനിന്നുള്ളവരും; ജയരാജന്റെ ബന്ധുനിയമനത്തെ എതിർത്ത സിപിഐ ഇവിടെ ബന്ധു നിയമനത്തിന്; ജില്ലാ ഗവ. പ്ലീഡറാകാൻ ജനതാദൾ(എസ്) സിപിഐ-എമ്മുകാരനെ വാടകയ്‌ക്കെടുത്തു

പത്തനംതിട്ടയിൽ ഗവൺമെന്റ് പ്ലീഡർ ലിസ്റ്റായി: സിപിഐ(എം) ലിസ്റ്റിൽ പാർട്ടിക്ക് പുറത്തുനിന്നുള്ളവരും; ജയരാജന്റെ ബന്ധുനിയമനത്തെ എതിർത്ത സിപിഐ ഇവിടെ ബന്ധു നിയമനത്തിന്; ജില്ലാ ഗവ. പ്ലീഡറാകാൻ ജനതാദൾ(എസ്) സിപിഐ-എമ്മുകാരനെ വാടകയ്‌ക്കെടുത്തു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലയിലെ ഗവ. പ്ലീഡർ-പ്രോസിക്യൂട്ടർ തസ്തികയിലേക്കുള്ള പട്ടിക വിവാദത്തിൽ. സിപിഎമ്മിനു വേണ്ടി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവർ പാർട്ടിക്ക് പുറത്തു പോയവരാണ്. ജില്ലാ ഗവ. പ്ലീഡർ സ്ഥാനം ജനതാദളി(എസ്)ന് വിട്ടുനൽകിയതാണ്. അവർക്ക് ആളില്ലാത്തതിനാൽ സിപിഐ-എമ്മിൽ നിന്ന് വാടകയ്ക്ക് എടുത്തയാൾ ഗവ. പ്ലീഡർ ആകും. സിപിഐക്ക് ലഭിച്ച ഏക അഡി. പ്ലീഡർ തസ്തികയിൽ ബന്ധുനിയമന വിവാദവും ഉയർന്നുകഴിഞ്ഞു. ഒരു ഗവ. പ്ലീഡറും ആറ് അഡി. പ്ലീഡർ തസ്തികയുമാണുള്ളത്. സിപിഐ(എം)-5, സിപിഐ-ഒന്ന്, ജനതാദൾ-ഒന്ന് എന്നിങ്ങനെയാണ് തസ്തിക വീതംവച്ചിരിക്കുന്നത്.

ജില്ലാ ഗവ. പ്ലീഡർ സ്ഥാനം ജനതാദളി(എസ്)നാണ് നൽകിയിരിക്കുന്നത്. കുളനടയിൽനിന്നുള്ള എ സി. ഈപ്പനാണ് ജില്ലാ ഗവ. പ്ലീഡർ സ്ഥാനത്തേക്കുള്ളത്. സിപിഐ-എം പാരമ്പര്യമുള്ള കുടുംബത്തിൽനിന്നു വരുന്ന ഈപ്പനെ ജനതാദളുകാർ വാടകയ്ക്ക് എടുത്തുവെന്നാണ് ഒരു വിഭാഗം സിപിഐ-എം അഭിഭാഷകരുടെ ആരോപണം. സിപിഐ-എമ്മിന് നൽകിയിരിക്കുന്ന അഡി. ഗവ. പ്ലീഡർമാരുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത് ഇനിപ്പറയുന്നവരാണ്. ലോയേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി എസ്. മനോജ്, ജില്ലാ ജോയിന്റ് സെക്രട്ടറി ജയ്‌സൺ മാത്യു, റാന്നി ഏരിയാ കമ്മിറ്റിയംഗം കെ.പി. സുഭാഷ്, ലോയേഴ്‌സ് യൂണിയൻ വനിതാ കൗൺസിൽ അംഗം ആഷാ ചെറിയാൻ, മല്ലപ്പള്ളി ഏരിയാ കമ്മറ്റിയംഗം എം.ജെ. വിജയൻ, ഏഴംകുളം ലോക്കൽ കമ്മറ്റിയംഗം അനിൽ ഭാസ്‌കർ.

ഇതിൽ എസ്. മനോജിനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പ്രക്കാനം ലോക്കൽ കമ്മറ്റി പുറത്താക്കാൻ തീരുമാനം എടുത്തിരുന്നതാണ്. തീരുമാനം ഏരിയാ കമ്മറ്റിക്ക് വിട്ടപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് വന്നതു കാരണം നടപടിയുണ്ടായിട്ടില്ല. ഫലത്തിൽ ഇദ്ദേഹം ലോക്കൽ കമ്മറ്റിക്ക് പുറത്താണ്. കോന്നിയിൽ നിന്നുള്ള ജയ്‌സൺ മാത്യുവിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതാണ്. ഓർത്തഡോക്‌സ് സഭാംഗംഎന്നതാണ് ഇദ്ദേഹത്തിന് തുണയായത്.

കുന്നന്താനത്തു നിന്നുള്ള എം.ജെ. വിജയൻ അതീവ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നയാളാണ്. കുന്നന്താനം ലോക്കൽ സമ്മേളനത്തിൽ മേൽഘടകം ഭാരവാഹികളെ പൂട്ടിയിട്ട സംഭവത്തിൽ പാർട്ടി വിജയന് എതിരേ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇതിൽ തീരുമാനം വരാനിരിക്കേയാണ് പാർട്ടിയുടെ പട്ടികയിൽ വിജയൻ കടന്നു കൂടിയിരിക്കുന്നത്. ആഷാ ചെറിയാനാകട്ടെ വെറും പാർട്ടി അംഗം മാത്രമാണ്.

തിരുവല്ല മണ്ഡലം സെക്രട്ടറി സിആർ. രതീഷ്‌കുമാറിന്റെ ഭാര്യ രേഖ ആർ. നായരെയാണ് അഡീ. പ്ലീഡർ പട്ടികയിൽ സിപിഐ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലാ നേതാവു കൂടി മുൻകൈയെടുത്താണ് രേഖയെ കൊണ്ടു വന്നതെന്നും ഇതു ബന്ധു നിയമനമാണെന്നും സിപിഐക്കാരായ അഭിഭാഷകർ ആരോപിക്കുന്നു. പാർട്ടിയുടെ സജീവ പ്രവർത്തകരായ 12 പേരുടെ പേരുകൾ വെട്ടിനിരത്തിയാണ് രേഖയ്ക്ക് സ്ഥാനം കൊടുത്തിരിക്കുന്നത്. ഇതിനായി പാർട്ടിക്ക് കിട്ടേണ്ടിയിരുന്ന ജില്ലാ ഗവ. പ്ലീഡർ സ്ഥാനം പോലും വേണ്ടെന്നു വച്ചുവെന്നും ഇവർ പറയുന്നു.

സംസ്ഥാന തലത്തിൽ ജില്ലകളിലെ ഗവ. പ്ലീഡർ സ്ഥാനം വീതം വച്ചപ്പോൾ മൂന്നെണ്ണമാണ് സിപിഐക്ക് ലഭിച്ചത്. പത്തനംതിട്ട, കൊല്ലം, എറണാകുളം എന്നിവയായിരുന്നു അത്. എന്നാൽ, പത്തനംതിട്ടയിൽ അതിന് പറ്റിയ ആളില്ലെന്ന് പറഞ്ഞ് വയനാടുമായി വച്ചു മാറുകയാണുണ്ടായത്. വയനാടിന് പകരം പത്തനംതിട്ട ജനതാദളി(എസ്)ന് കൊടുക്കുകയും ചെയ്തു. രേഖയ്ക്ക് അഡീ. പ്ലീഡർ സ്ഥാനം നൽകുന്നതിന് വേണ്ടി ജില്ലാ നേതൃത്വം കളിച്ച കളിയായിരുന്നു ഇതെന്നാണ് പറയുന്നത്. കോടതിയിൽ അത്ര സജീവമല്ലാത്തയാളാണ് രേഖ എന്ന ആരോപണവും ഇവർ ഉന്നയിക്കുന്നു.

ജില്ലാ കോടതി-ഒന്ന്, അഡീഷണൽ കോടതികൾ-നാല്, സബ് കോടതി-ഒന്ന്, മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണൽ-ഒന്ന് എന്നിങ്ങനെയാണ് ഗവ. പ്ലീഡറുടെയും അഡി. പ്ലീഡർമാരുടെയും തസ്തിക ഒഴിവുള്ളത്. ഇതിനായി ജില്ലാ ജഡ്ജി ആദ്യം 21 പേരുടെ പാനൽ തയാറാക്കി കലക്ടർക്ക് നൽകിയിരുന്നു. അതിന് ശേഷം കലക്ടറുടെ അഭ്യർത്ഥന പ്രകാരം 64 പേരുടെ പാനൽ കൂടി ജില്ലാ ജഡ്ജി തയാറാക്കി. 21 പേരുടെ ആദ്യപാനൽ ജഡ്ജി തയാറാക്കിയത് മറ്റു കോടതികളിലെ ജഡ്ജിമാരുടെയും മുതിർന്ന അഭിഭാഷകരുടെയും അഭിപ്രായം സ്വീകരിച്ചും വക്കീല•ാരുടെ കോടതിയിലെ പ്രകടനം കണക്കിലെടുത്തുമായിരുന്നു. എന്നാൽ, ജഡ്ജി ആദ്യം തയാറാക്കിയ പാനലിൽ നിന്ന് ഒരാൾ പോലും ഇപ്പോഴുള്ള പട്ടികയിൽ വന്നിട്ടില്ല എന്നുള്ളതാണ് എടുത്തു പറയേണ്ട വസ്തുത.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പ്ലീഡർ-പ്രോസിക്യൂട്ടർ നിയമനത്തിൽ കോഴ ആരോപണം ഉണ്ടായിരുന്നു. എന്നിരുന്നാലും മികച്ചതും കഴിവുറ്റവരുമായ അഭിഭാകഷരാണ് നിർണായക സ്ഥാനത്തേക്ക് വന്നിരുന്നത്. ഇപ്പോൾ വന്നിരിക്കുന്ന പട്ടികയിലുള്ളവർ ഈ സ്ഥാനത്ത് എത്തിയാലുണ്ടാകുന്ന ഭവിഷ്യത്ത് പറയുന്നവരും കുറവല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP