Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഷ്ട്രീയമില്ലാത്ത ചർച്ചകൾ, വികസനം പ്രാധാന വിഷയം, ഏറ്റുപറച്ചിലുകൾ, സൗഹൃദപ്രകടനങ്ങൾ....വേറിട്ടശൈലിയിൽ പിണറായിയുടെ നവകേരളാമാർച്ച് ; പെറ്റീബൂർഷ്വാ സംഘടനകളുമായും ആശയ സംവാദം

രാഷ്ട്രീയമില്ലാത്ത ചർച്ചകൾ, വികസനം പ്രാധാന വിഷയം, ഏറ്റുപറച്ചിലുകൾ, സൗഹൃദപ്രകടനങ്ങൾ....വേറിട്ടശൈലിയിൽ പിണറായിയുടെ നവകേരളാമാർച്ച് ; പെറ്റീബൂർഷ്വാ സംഘടനകളുമായും ആശയ സംവാദം

രഞ്ജിത് ബാബു

കണ്ണൂർ: കേരളത്തിന്റെ ഭാവിവകസനം, മലബാറിന്റെ പിന്നോക്കാവസ്ഥ എല്ലാം ചർച്ച ചെയ്യപ്പെടുന്ന ഒരു യാത്ര. സിപിഐ.(എം). പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ നയിക്കുന്ന നവകേരളാ മാർച്ചിന് സവിശേഷതകളേറെ.

നാളിതുവരെ പാർട്ടി അകറ്റി നിർത്തിയ ബൂർഷ്വാ, പെറ്റി ബൂർഷ്വാ സംഘടനകളുമായി വരെ വികസനകാര്യങ്ങളിൽ അഭിപ്രായങ്ങളാരായാൻ ഇടതുപക്ഷ പാർട്ടിയുടെ സംസ്ഥാന നേതാവ് ഒരുങ്ങിയതിന്റെ ആവേശത്തിലായിരുന്നു. ലയൺസ്, റോട്ടറി, തുടങ്ങിയ വരേണ്യവർഗ ക്ലബുകൾ, വ്യാപാരി വ്യവസായി സംഘടനകൾ എന്നിവരും വികസനകാര്യം പങ്കുവെക്കാൻ പിണറായി വിളിച്ചു ചേർത്ത യോഗത്തിലെത്തി. ജില്ലകളിലെ വികസനം എങ്ങനെ ത്വരിതപ്പെടുത്തണമെന്ന അഭിപ്രായം സ്വരൂപിച്ചെടുത്ത് യാത്രയെ ജനകീയമാക്കുകയാണ് പിണറായി. വിവിധ സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും വികസന പ്രശ്‌നങ്ങൾ ചർച്ച ചെയ്തശേഷം മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ എൽ.ഡി.എഫ്. ഭരണകാലത്ത് പ്രത്യേക പാക്കേജ് കൊണ്ടുവന്നത് പിണറായി ഓർമ്മിപ്പിച്ചു.

രാഷ്ട്രീയ സംഭവവികാസങ്ങളുടെ ഘോരഘോരമുള്ള പ്രതികരണമല്ല പിണറായിയുടെ പ്രസംഗം. എൽ.ഡി.എഫ്. അധികാരത്തിൽ വന്നാൽ ചെയ്യാൻ പോകുന്ന പ്രവർത്തനങ്ങളുടെ 'മാനിഫെസ്റ്റോ 'പോലെ സ്വതസിദ്ധമായ ശൈലിയിലുള്ള പ്രസംഗം. അതും കൃത്യം അരമണിക്കൂർ. സാമൂഹ്യ സംഘടനകളുടെ യോഗത്തിൽ തികഞ്ഞ ഭരണാധികാരിയുടെ ശൈലിയിലാണ് സംസാരം. യോഗത്തിലെത്തുന്ന പ്രതിനിധികൾ അവരുടെ ജില്ലകളിലെ വികസനകാര്യങ്ങൾ വിശദമായി സംസാരിക്കും. ഇതെല്ലാം പിണറായി തന്നെ കൈയിലുള്ള പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്. ഒടുവിൽ ശരിയായ ദിശാബോധത്തോടെയുള്ള പിണറായിയുടെ മറുപടി.

ദേശീയപാത 45 മീറ്റർ വികസിപ്പിക്കണമെന്നാണ് എൽ.ഡി.എഫിന്റെ നയം. ഇക്കാര്യത്തിൽ് നേരത്തെ ചില ധാരണാപിശകുകൾ സംഭവിച്ചിട്ടുണ്ട്. അതെല്ലാം അദ്ദേഹം ഏറ്റുപറയുകയും ചെയ്യുന്നു. ജനസൗഹൃദത്തോടെ പദ്ധതികൾ നടപ്പാക്കുകയാണ് വേണ്ടതെന്ന് മറുപടിയിൽ അദ്ദേഹം വ്യക്തമാക്കുന്നു. വികസനകാഴ്ചപ്പാടോടെ എല്ലാം വിശദീകരിക്കുമ്പോൾ കക്ഷി രാഷ്ട്രീയത്തിന്റെ അതിർവരമ്പുകൾ ഇവിടെ മാഞ്ഞുപോകുന്നു. വേദി വിട്ടൊഴിയുമ്പോൾ ഹസ്തദാനവും സൗഹൃദപ്രകടനവും പതിവാകുന്നു. നവകേരളാ മാർച്ചിന്റെ വിശേഷങ്ങളിങ്ങനെ.

നവകേരളാ മാർച്ചിലെ സ്വീകരണയോഗങ്ങളിൽ ജനക്കൂട്ടം നിറഞ്ഞൊഴുകുന്നതാണ് കാണുന്നത്. എന്നാൽ ജാഥാ ക്യാപ്റ്റന്റെ സ്റ്റഡീ ക്ലാസ് പോലെ കത്തിക്കയറുന്ന പതിവു പ്രസംഗമില്ല. യു.ഡി.എഫിലെ നേതാക്കൾക്കെതിരെ വ്യക്തിപരമായ പരാമർശങ്ങളില്ല. ലാവലിൻ വിഷയം തൊട്ടു തീണ്ടുന്നേയില്ല. അതുകൊണ്ടുതന്നെ പാർട്ടീ ബന്ധമില്ലാത്ത സാധാരണജനങ്ങൾ സ്വീകരണകേന്ദ്രങ്ങളിൽ കുതിച്ചെത്തുകയാണ്. കാസർഗോഡ് വിട്ട് കണ്ണൂരിലെത്തിയപ്പോൾ മാർച്ചിന്റെ പ്രാധാന്യവും ഏറി. ജാഥാ ക്യാപ്റ്റന്റെ ജന്മനാട് എന്നതിലേറെ രാജ്യത്ത് ഏറ്റവും കൂടുതൽ പാർട്ടി അംഗങ്ങളുള്ള ജില്ല എന്ന വിശേഷണവും കണ്ണൂരിനുണ്ട്. തികഞ്ഞ പാർട്ടി കേഡറുകൾക്കാണ് കണ്ണൂരിലെ ഓരോ സ്വീകരണകേന്ദ്രങ്ങളുടേയും ചുമതല.

പയ്യന്നൂരിലെ സ്വീകരണത്തോടെ മാർച്ചിന്റെ ഗാംഭീര്യം തെളിയിക്കപ്പെട്ടു. കണ്ണൂരിലെ വികസനകാര്യങ്ങളെക്കുറിച്ച് വിശദമായ ചർച്ചയാണ് ഇന്ന് രാവിലെ നടന്നത്. വിവിധ സംഘടനാ പ്രതിനിധികൾ ഉന്നയിച്ച പ്രശ്‌നങ്ങളിൽ സമഗ്രമായ മറുപടി തന്നെയാണ് പിണറായി നൽകിയത്. കാസർഗോഡ് ജില്ലയിൽ മാർച്ച് പ്രതീക്ഷിച്ചതിലധികം വിജയം കണ്ടുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. അതേ നില കണ്ണൂരിലും ആവർത്തിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP