Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സോളാർ തട്ടിപ്പിലെ സിബിഐ അന്വേഷണ ആവശ്യം പാർട്ടിയുടേതല്ല'; അച്യുതാനന്ദൻ ഇപ്പോഴും വേലിക്കപ്പുറത്താണെന്ന് സൂചിപ്പിച്ച് പിണറായി വിജയൻ; അരുവിക്കര തോൽവിയിൽ നിന്നും സിപിഐ(എം) ഇനിയും പാഠം പഠിച്ചില്ലേ? വിഭാഗീയ ശബ്ദമെന്ന് വ്യാഖ്യാനിച്ച് പ്രചരണം ശക്തം

'സോളാർ തട്ടിപ്പിലെ സിബിഐ അന്വേഷണ ആവശ്യം പാർട്ടിയുടേതല്ല'; അച്യുതാനന്ദൻ ഇപ്പോഴും വേലിക്കപ്പുറത്താണെന്ന് സൂചിപ്പിച്ച് പിണറായി വിജയൻ; അരുവിക്കര തോൽവിയിൽ നിന്നും സിപിഐ(എം) ഇനിയും പാഠം പഠിച്ചില്ലേ? വിഭാഗീയ ശബ്ദമെന്ന് വ്യാഖ്യാനിച്ച് പ്രചരണം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അരുവിക്കര തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സിപിഎമ്മിനുള്ളിൽ വി എസ് അച്യുതാനന്ദന്റെ ഭാവി എന്താകും? ഈ ചോദ്യം സമർത്ഥമായി ഉന്നയിക്കാൻ യുഡിഎഫ് - ബിജെപി നേതാക്കൾക്ക് തെരഞ്ഞെടുപ്പ് വേളയിൽ സാധിച്ചിരുന്നു. ചാനൽ ചർച്ചകളിൽ പോലും ഇങ്ങനെ ആരോപണങ്ങൾ ഉയർന്നപ്പോൾ പ്രതിരോധിക്കാൻ ബിജെപി നേതാക്കൾ നന്നേ പാടുപെട്ടു. ഒടുവിൽ ഫലം വന്നപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ശബരിനാഥ് വിജയിക്കുകയും ചെയ്തു. ഇതോടെ സിപിഎമ്മിൽ വീണ്ടും കലഹം തുടങ്ങുമോ എന്ന് നോക്കിയിരുന്ന വലതുമാദ്ധ്യമങ്ങൾക്ക് വീണു കിട്ടിയ അവസരമായി സോളാർ അന്വേഷണ കമ്മീഷൻ മുമ്പാകെ പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ നൽകിയ മൊഴി.

സോളാർ തട്ടിപ്പിനെക്കുറിച്ച് പുതിയൊരു ഏജൻസി അന്വേഷിക്കണെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആവശ്യത്തെ തള്ളിക്കളയുകയായിരുന്നു പിണറായി വിജയൻ. സോളാർ കേസ് സിബിഐ. അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദന്റെ ആവശ്യം പാർട്ടിയുടേതല്ലെന്ന നിലപാടാണ് പിണറായി സോളാർ കമ്മിഷനു മുന്നിൽ വിശദീകരിച്ചത്.

സോളാർ തട്ടിപ്പ് നടത്തിയ സരിത എസ്. നായർ, ബിജു രാധാകൃഷ്ണൻ, ടെനി ജോപ്പൻ, ശാലു മേനോൻ എന്നിവരെക്കുറിച്ച് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്. ഒരു കേസിൽ സരിതയെയും ബിജു രാധാകൃഷ്ണനെയും കോടതി ശിക്ഷിച്ചു. മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരെക്കുറിച്ച് ജുഡീഷ്യൽ കമ്മിഷൻ അന്വേഷിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ മറ്റൊരു ഏജൻസിയുടെയോ ദേശീയ ഏജൻസിയുടെയോ അന്വേഷണം ആവശ്യമില്ല.

സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് വി എസ്. അച്യുതാനന്ദൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ വിശദാംശങ്ങൾ പാർട്ടിക്ക് അറിയില്ല. ഇക്കാര്യത്തിൽ വി എസ്. സ്വീകരിച്ച നിലപാട് പാർട്ടിയുടേതായിരുന്നില്ല. പാർട്ടി അത്തരത്തിലൊരു നിലപാട് കൈക്കൊണ്ടിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റവാളികളുടെ താവളമാക്കിയതിന്റെ ഉത്തരവാദിത്തം ഉമ്മൻ ചാണ്ടിക്കാണ്.

മുഖ്യമന്ത്രിയുടെ സഹായത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. സോളാർ പദ്ധതി നടപ്പാക്കുന്നതിലായിരുന്നില്ല, മറിച്ച് പദ്ധതിയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്നതിലായിരുന്നു സർക്കാരിനു താൽപര്യം. സരിതയ്ക്ക് മുഖ്യമന്ത്രി അടക്കമുള്ളവരുമായുള്ള അടുപ്പമറിഞ്ഞാണ് ടീം സോളാറിനു പണം നൽകിയതെന്നാണ് തട്ടിപ്പിനിരയായവർ പറയുന്നത്.

സരിതയുടെ 21 പേജുള്ള മൊഴി അട്ടിമറിച്ചതിന് പിന്നിൽ പ്രവർത്തിച്ചത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. ജയിൽ ഡി.ഐ.ജി. ഗോപകുമാർ സരിതയെ അട്ടക്കുളങ്ങര ജയിലിൽ ചെന്നുകണ്ടാണ് മൊഴിമാറ്റത്തിനു വഴിയൊരുക്കിയത്. സരിത മൊഴി മാറ്റുന്നതിന് മുമ്പ് അവരുടെ അമ്മയും മറ്റൊരാളും സരിതയെ ജയിലിൽ വന്ന് കണ്ടിരുന്നു. ഇതിനു ശേഷമുള്ള സരിതയുടെ മൊഴി മാറ്റം കമ്മീഷൻ പരിശോധിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരുടെ 2011 മുതൽ 2013 വരെയുള്ള ഫോൺ രേഖകൾ സൈബർ സെല്ലിൽ നിന്ന് വിളിച്ചുവരുത്തി കമ്മീഷൻ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ മന്ത്രിമാരടക്കമുള്ളവർ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും മന്ത്രിമാർക്ക് പണം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി സരിത എഴുതിയ കത്ത് അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുക്കാതിരുന്നത് കേസ് അട്ടിമറിക്കാനായിരുന്നുവെന്നും പിണറായി പറഞ്ഞു.

പിണറായിയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്ന ഉടനെ സിപിഎമ്മിനുള്ളിൽ വീണ്ടും വിഭാഗീയ പ്രവണതകൾ തുടങ്ങിയെന്ന വിധത്തിലായിരുന്നു സോഷ്യൽ മീഡിയയിലും ചില മാദ്ധ്യമങ്ങളിലും വാർത്ത വന്നത്. പിണറായിയുടെ പ്രസ്താവനയിലെ ചില ഭാഗങ്ങൽ അടർത്തിയെടുത്തു കൊണ്ടായിരുന്നു ഇത്തരം പ്രചരണങ്ങൾ. അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും സിപിഐ(എം) പാഠം പഠിക്കുന്നില്ലേ എന്ന ആക്ഷേപവും ചിലർ ശക്തമായി ഉയർത്തി.

അരുവിക്കരയിൽ മുഖ്യപ്രചാരകന്റെ റോളിൽ എത്തിയത് പിണറായി വിജയനായിരുന്നു. ബൂത്തുകൾ കയറിയിറങ്ങിയാണ് അദ്ദേഹം പ്രവർത്തിച്ചത്. മറുവശത്ത് മൂർച്ചയേറിയ പ്രസംഗ പരമ്പരയുമായി പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ മണ്ഡലത്തെ ഇളക്കി മറിക്കുകയായിരുന്നു. വി.എസിന്റെ യോഗങ്ങളിലാകട്ടെ മണ്ണ് നുള്ളിയിട്ടാൽ താഴെ വീഴാത്ത ജനക്കൂട്ടം. അണിയറയിലോ പിണറായി വിജയന്റെ ബൂത്തു തലം മുതലുള്ള കണിശമായ തിരഞ്ഞെടുപ്പ് പ്രവർത്തനവും. എന്നിട്ടും അരുവിക്കരക്കാർ സിപിഎമ്മിനെ കൈവിട്ടു.

തെരഞ്ഞെടുപ്പിന് ശേഷം വിഎസിനോട് സിപിഎമ്മിന്റെ സമീപനം എന്താണെന്നാണ് ഇനിയും അറിയേണ്ടത്. പിണറായിയുടെ പ്രസ്താവനയെ വ്യാഖ്യാനിച്ച് അദ്ദേഹം ഇപ്പേഴും വേലിക്ക് അപ്പുറത്താണെന്ന വ്യാഖ്യാനവും സജീവമാണ്. വരാനിരിക്കുന്ന കേന്ദ്രകമ്മിറ്റി യോഗങ്ങൾ മുമ്പ് സിപിഐ(എം) സംസ്ഥാന നേതൃത്വം പരസ്യമായി പ്രഖ്യാപിച്ച കുറ്റപത്രത്തിന് മേൽ എന്ത് നടപടി എടുക്കുമെന്നതും വരും ദിവസങ്ങളിൽ സിപിഎമ്മിനുള്ളിൽ പുതിയ ചലനങ്ങൾക്ക് വഴിവെക്കും.

സിപിഐ(എം) സംസ്ഥാന പാർട്ടി സെക്രട്ടേറിയറ്റ് വിഎസിനെ രൂക്ഷമായി വിമർശിച്ചായിരുന്നു പ്രസ്താവന നടത്തിയത്. വി എസ് സമാന്തര പാർട്ടി പ്രവർത്തനം നടത്തുന്നുവെന്നും യുഡിഎഫ് പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിലെല്ലാം അതിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ഇടപെടലുകൾ വി എസ് നടത്തുന്നുവെന്നും ചൂണ്ടിക്കാണിച്ച പാർട്ടി സെക്രട്ടേറിയറ്റ് വിഎസിന് അന്ത്യശാസനം നൽകുന്ന രീതിയിൽ പ്രമേയം പാസ്സാക്കിക്കിയിരുന്നു.

പാർട്ടിക്കെതിരായ പൊതു പ്രസ്താവനകൾ വി എസ് നടത്തരുതെന്നും പാർട്ടി തീരുമാനങ്ങൾക്ക് വഴങ്ങണമെന്നും താക്കീത് ചെയ്യുന്ന പ്രമേയമാണ് പാസാക്കിയത്. വിഎസിന്റെ സമാന്തരപാർട്ടി നേതൃനീക്കം വച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പും പാർട്ടി സെക്രട്ടേറിയറ്റ് നൽകി. വിഎസിനെതിരായി പിബി, കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ ഉദ്ധരിച്ചുകൊണ്ട് രൂക്ഷ ഭാഷയിലാണ് വിഎസിനെതിരായ പ്രമേയം പാർട്ടി സെക്രട്ടേറിയറ്റ് പാസാക്കിയത്. വി എസ് അച്ചടക്ക നടപടി നേരിട്ടപ്പോൾ പാർട്ടി പുറത്തിറക്കിയ വിശദീകരണങ്ങളേക്കാൾ തീവ്രമായ ഭാഷയിലായിരുന്നു പ്രമേയം. എന്തായാലും സോളാർ കമ്മീഷന് മുമ്പാകെ പിണറായി നടത്തിയ പരാമർശനവും പുതിയ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP