Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചിട്ടില്ല; യോഗ്യരായ നിരവധി പേർ പാർട്ടിയിലുണ്ട്: ഇ പി ജയരാജനെ തള്ളി വൈക്കം വിശ്വൻ; സിപിഎമ്മിൽ പുതിയ ധ്രുവീകരണത്തിന്റെ തുടക്കമോ?

പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചിട്ടില്ല; യോഗ്യരായ നിരവധി പേർ പാർട്ടിയിലുണ്ട്: ഇ പി ജയരാജനെ തള്ളി വൈക്കം വിശ്വൻ; സിപിഎമ്മിൽ പുതിയ ധ്രുവീകരണത്തിന്റെ തുടക്കമോ?

കോട്ടയം: ആലപ്പുഴയിൽ നടന്ന സിപിഐ(എം) സംസ്ഥാന സമ്മേളനത്തോടെ പിണറായി-വി എസ് ധ്രുവീകരണത്തിന്റെ അവസാനമായെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. വി എസ് അച്യുതാനന്ദനെ പൂർണ്ണമായും ഒറ്റപ്പെടുത്തി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷം മേൽക്കൈ നേടി. പാർട്ടി സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്റെ കൈകളിൽ ഏൽപ്പിക്കുകയും ചെയ്തു. ഇതോടെ പരസ്യമായും അല്ലാതെയും നേതാക്കൾ പറഞ്ഞു തുടങ്ങിയിരുന്നു പിണറായി വിജയനാണ് പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന്. ഇക്കാര്യ മനോരമ ന്യൂസിന്റെ അഭിമുഖത്തിൽ കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ പരസ്യമായി പറയുകയും ചെയ്തു. എന്നാൽ ഇ പി ജയരാജന്റെ വാക്കുകളെ തള്ളിക്കളഞ്ഞുകൊണ്ട് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ രംഗത്തെത്തിയതോടെ പാർട്ടിയിൽ പുതിയ ധ്രുവീകരണത്തിന്റെ തുടക്കമാണോ എന്ന സംശയം പ്രകടിപ്പിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയനാണ് പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ പ്രസ്താവന തള്ളിയ വൈക്കം വിശ്വൻ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള നിരവധി പേർ പാർട്ടിയിലുണ്ടെന്നാണ് ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്. അക്കൂട്ടത്തിലൊരാളാണ് പിണറായിയെന്നാകും ഇപി ജയരാജൻ ഉദ്ദേശിച്ചതെന്നും വൈക്കം വിശ്വൻ പറഞ്ഞു. പിണറായി വിജയനാണ് പാർട്ടിയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുക എന്നതിൽ സംശയം വേണ്ടെന്നായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം.

വരുന്ന തെരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർത്ഥിയെ കുറിച്ചും സീറ്റുകളുടെ കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും വൈക്കം വിശ്വൻ വ്യക്തമാക്കി. സംസ്ഥാന സമ്മേളനത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ പിണറായി വിജയൻ വരും തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പിണറായി തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് ഇ പി പറഞ്ഞത്. വി എസ് അച്യുതാനന്ദന് പിണറായിയോട് വ്യക്തിവൈരാഗ്യമാണെന്നും ഇ പി പറഞ്ഞു.

സമ്മേളനത്തിന് മുന്നോടിയായി വി എസിനെതിരെ സംസ്ഥാന നേതൃത്വം കടുത്ത നിലപാടെടുക്കുകയും വിഎസിനെ പാർട്ടി വിരുദ്ധ മനോഭാവമുള്ളയാളെന്ന വിമർശിച്ച് പ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. സംസ്ഥാന നേതൃത്വത്തോടുള്ള എതിർപ്പിൽ വി എസ് സമ്മേളനത്തിൽ നിന്നും വിട്ടു നിൽക്കുകയുമുണ്ടായി.

സിപിഎമ്മിലെ കണ്ണൂർ ലോബിയുടെ കൈയിൽ സിപിഐ(എം) അകപ്പെട്ടു പോകുന്നതിൽ പാർട്ടിയിലെ തെക്കുനിന്നുള്ള നേതാക്കൾക്ക് അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കുന്നാണ് വൈക്കം വിശ്വന്റെ പ്രതികരണമെന്നാണ് ഒരുവിഭാഗം രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കോടിയേരി കണ്ണൂരുകാരനാണ്. അദ്ദേഹം പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ഒഴിയുമ്പോൾ ആ സ്ഥാനത്തേക്ക് എത്തുക ഇ പി ജയരാജനാകുമെന്ന ശ്രുതിയുമുണ്ട്. അധികം താമസിയാതെ വി എസ് പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയുമ്പോൾ പിണറായി വിജയൻ ആ സ്ഥാനത്തേക്ക് എത്തുമെന്നുമാണ് വിലയിരുത്തൽ. അങ്ങനെ വരുമ്പോൾ സ്വാഭാവികമായും മുഖ്യമന്ത്രി സ്ഥാനാർത്ഥി പിണറായി ആകും. മുഖ്യമന്ത്രി സ്ഥാനാർത്ഥിയും സെക്രട്ടറി സ്ഥാനവും കണ്ണൂർ നേതാക്കൾ കൈവശം വെക്കും. ഇതിലുള്ള എതിർപ്പാണ് വൈക്കം വിശ്വന്റെ പ്രതികരണമെന്ന വിധത്തിലാണ് സംശയങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP