Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചിലരൊക്കെ എന്റെ ആളുകളെന്ന് പറഞ്ഞ് കറങ്ങി നടക്കുന്നുണ്ട്; ഇത്തരം അവതാരങ്ങളെ കൂടി അഴിമതി മുക്തമാക്കാൻ ശ്രദ്ധിക്കും; തന്റെ സർക്കാരിന് ജാതി-മത കക്ഷി രാഷ്ട്രീയ വ്യത്യാസം ഉണ്ടാകില്ല; ലക്ഷ്യമിടുന്നത് നന്മയും സമൃദ്ധിയും പുരോഗതിയും; പിറന്നാൾ ദിനത്തിൽ നയം വിശദീകരിച്ച് പിണറായി വിജയൻ

ചിലരൊക്കെ എന്റെ ആളുകളെന്ന് പറഞ്ഞ് കറങ്ങി നടക്കുന്നുണ്ട്; ഇത്തരം അവതാരങ്ങളെ കൂടി അഴിമതി മുക്തമാക്കാൻ ശ്രദ്ധിക്കും; തന്റെ സർക്കാരിന് ജാതി-മത കക്ഷി രാഷ്ട്രീയ വ്യത്യാസം ഉണ്ടാകില്ല; ലക്ഷ്യമിടുന്നത് നന്മയും സമൃദ്ധിയും പുരോഗതിയും; പിറന്നാൾ ദിനത്തിൽ നയം വിശദീകരിച്ച് പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാളെ സത്യപ്രതിജ്ഞ ചെയ്യുന്നത് എല്ലാവരുടേയും സർക്കാരെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ. സത്യപ്രതിജ്ഞയ്ക്ക് പൊതു സമൂഹത്തിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നു. ജാതിമത കക്ഷി രാഷ്ട്രീയ വ്യത്യാസം ഉണ്ടാകില്ല. ജനങ്ങളുടെ സഹകരണമാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്. കേരളത്തിന്റേതായ സർക്കാരാകും. പൊതു സമൂഹവും അതേ പടി കാണണമെന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നാളെ വൈകിട്ട് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പങ്കെടുക്കുമെന്നും പിണറായി അറിയിച്ചു.

അഴിമതിക്കെതിരെ കടുത്ത നടപടിതന്നെയാണുണ്ടാകുക. ഇതിനകം തന്നെ ചിലർ തന്റെ ആളാണെന്ന് പറഞ്ഞ് നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവർക്ക് ശരിക്കും തന്നെ അറിയില്ലെന്ന് കരുതുന്നു. ഇത്തരം അവതാരങ്ങളെ കൂടി അഴിമതി മുക്തമാക്കാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇത്തരക്കാരെ നിങ്ങളുടെ ശ്രദ്ധയിൽപെട്ടാലും അറിയിക്കണമെന്ന് പിണറായി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരാൾ ഹൈദരാബാദിൽ പോയി. അയാൾ പറയുകയാണ് മുഖ്യമന്ത്രി പറഞ്ഞിട്ടാണ് പോയതെന്ന്. കേട്ടയാൽ എന്നോട് ഇക്കാര്യം പറഞ്ഞു. അത്തരം അവതാരങ്ങളെ എല്ലാവരേയും സൂക്ഷിച്ച് നടക്കണം. അത്തരക്കാരെ കൂടി കരുതലോടെ കാണുന്ന സർക്കാരാകും തന്റേത്. അഴിമതിയെ ശക്തമായി നേരിടുമെന്നും പിണറായി പറഞ്ഞു. എന്റെ പേരിൽ പലരും രംഗത്ത് വന്നിട്ടുണ്ട്. അവരുടെ വാക്കുകളിൽ ആരും വീഴരുത്. എന്റെ ശൈലി അറിയാത്തവരാണ് അങ്ങനെ പറഞ്ഞു നടക്കുന്നത്. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫും അഴിമതി മുക്ത സർക്കാരിന് അനുയോജ്യമായിരിക്കണമെന്നും അതിനാൽ അവരുടെ നിയമനവും ശ്രദ്ധപൂർവ്വമാകുമെന്നും പിണറായി പറഞ്ഞു.

പിറന്നാൽ ദിനത്തിൽ മധുരം നൽകിയായിരുന്നു വാർത്താ സമ്മേളനം തുടങ്ങിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി നിയോഗിച്ച ശേഖം ആദ്യമായാണ് പിണറായി വാർത്താ സമ്മേളനം നടത്തുന്നത്. നാളെ അധികാരമേൽക്കുന്നത് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും സ്വന്തം സർക്കാരാണെന്ന് പിണറായി വിജയൻ പറഞ്ഞു. നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായും ജനാധിപത്യം നിലനിർത്താൻ ഉറച്ച നിലപാടെടുത്ത എല്ലാ വോട്ടർമാരേയും അഭിവാദ്യം ചെയ്യുന്നതായും പിണറായി പറഞ്ഞു. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ മുഴുവൻ ജനങ്ങളുടേയും സർക്കാരായിരിക്കും നാളെ അധികാരത്തിലേറുന്നത്. ആ മനോഭാത്തോടെ മാത്രമെ സർക്കാർ പ്രവർത്തിക്കുയുള്ളൂ. സമൂഹത്തിൽനിന്ന് തിരിച്ചും ആ മനോഭാവം ഉണ്ടാകുമെന്ന് കരുതുന്നു. എൽഡിഎഫിന് വോട്ടുചെയ്തവർ മാത്രമല്ല;ജനങ്ങൾ പുറം തിരിഞ്ഞ് നിന്നാൽ ജനാധിപത്യം ശക്തിപെടില്ല. അതിനാൽ ജനാധിപത്യത്തെ നിലനിർല്ലാൻ വോട്ടുചെയ്ത എല്ലാവരേയും അഭിവാദ്യം ചെയ്യുകയാണ്. തെരഞ്ഞെടുപ്പ് വളരെയേറെ വീറും വാശിയോടെയും കഴിഞ്ഞു. ഇനി കക്ഷി രാഷ്ട്രീയ ജാതിമത വ്യത്യാസമില്ലാത്ത സർക്കാരാണ് അധികാരത്തിലേറുന്നത്.

നാളെ നാലിന് സെൻട്രൽ സ്റ്റേഡിയത്തിലാണ്് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. കേരളത്തിന്റെ പൊതു സമൂഹമാകെ സത്യപ്രതിജ്ഞാ ചടങ്ങിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാൻ കഴിയാതെ പുറത്ത് നിൽക്കേണ്ടി വരുന്നവർക്കായി മൂന്നിടങ്ങിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. രക്തസാക്ഷി കുടംബങ്ങളിൽനിന്നുള്ളവർ വിവിധ പാർട്ടി നേതാക്കൾ സാംസ്കാരിക നായകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. സംസ്ഥാനത്തിനകത്തുനിന്ന് നിരവധി പേരാണ് ചടങ്ങിലേക്കെത്തുവാൻ വരുന്നത്.ഒരുക്കിയ സൗകര്യങ്ങളിൽ പരമാവധി സഹകരിക്കാൻ തയ്യാറാകണം. ചടങ്ങിൽ എല്ലാവരും സ്വയമേവ നിയന്ത്രിക്കണമെന്നും സ്വയം വളണ്ടിയറാകാൻ സന്നദ്ധരാകണമെന്നും മുന്നേ അഭ്യർത്ഥിക്കുകയാണെന്നും പിണറായി പറഞ്ഞു. നാളെ രാവിലെ ഗവർണറെ കണ്ട് മന്ത്രിമാരുടെ പേരുകൾ കൈമാറും .വൈകീട്ട് ്‌സത്യപ്രതിജ്ഞക്ക് ശേഷം രാജ്ഭവനിൽ ഗവർണർ നൽകുന്ന വിരുന്നിന് ശേഷം ആദ്യ മന്ത്രിസഭാ യോഗവും ചേരും-പിണറായി അറിയിച്ചു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സെൻട്രൽ സ്റ്റേഡിയം സജ്ജമാവുകയാണ്ു. നാളെ വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞാവേദിയിലെ ഒരുക്കങ്ങൾ സെൻട്രൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. പൊതുജനങ്ങൾക്ക് ചടങ്ങിൽ പങ്കെടുക്കാനാകും വിധമാണ് ക്രമീകരണം. 2500 പേർക്ക് ഇരിക്കാവുന്ന പന്തലാണ് നിർമ്മിക്കുന്നത്. കൂടാതെ 50,000 പേർക്ക് നേരിട്ട് ചടങ്ങ് വീക്ഷിക്കാനാകും. നിലവിലെ എംഎൽഎ.മാർ, മുൻ എംഎ!ൽഎ.മാർ, മുൻ മുഖ്യമന്ത്രിമാർ, മുൻ ചീഫ് സെക്രട്ടറിമാർ, മുൻ ഡി. ജി.പി.മാർ, നിലവിലെ സെക്രട്ടറിമാർ, ഡി.ജി.പി.മാർ, കമ്മിഷൻ ചെയർമാന്മാർ തുടങ്ങിയവരെ സർക്കാർ നേരിട്ട് ക്ഷണിക്കും. ബാക്കിയുള്ളവരെ പാർട്ടി ക്ഷണിക്കും.

സെൻട്രൽ സ്റ്റേഡിയത്തിൽ സെക്രട്ടേറിയറ്റ് മന്ദിരത്തിനോടടുത്തുള്ള ഭാഗത്താണ് വേദിയൊരുക്കുന്നത്. സദസ്സിന്റെ മുൻനിരയിൽ പ്രമുഖർക്കുള്ള ഇരിപ്പിടമായിരിക്കും. സ്റ്റേഡിയത്തിൽ എത്തുന്നവർക്കെല്ലാം വേദി നേരിട്ട് കാണാൻ സാധ്യതയില്ലാത്തതിനാൽ സ്റ്റേഡിയത്തിനകത്ത് എട്ട് ക്ലോസ് സർക്യൂട്ട് ടി.വി. സ്ഥാപിക്കും. കൂടാതെ പാളയം, സ്റ്റാച്യു എന്നിവിടങ്ങളിലും ക്ലോസ് സർക്യൂട്ട് ടി.വി.കൾ സ്ഥാപിക്കും. ഗതാഗതത്തിന് തടസ്സമുണ്ടാകാത്തവിധം സെക്രട്ടേറിയറ്റ് അനക്‌സ്, ജേക്കബ്‌സ് ജങ്ഷൻ തുടങ്ങി സ്റ്റേഡിയത്തിന് പുറത്ത് നാലിടത്ത് എൽ.ഇ.ഡി. വാൾ സ്ഥാപിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വി.വി.ഐ.പി. വാഹനങ്ങൾ മാത്രമേ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിക്കു. ഗവർണർ, മുഖ്യമന്ത്രി, നിയുക്ത മന്ത്രിമാർ, ദേശീയ നേതാക്കൾ തുടങ്ങിയവരുടെ വാഹനങ്ങൾക്കുമാത്രം പ്രവേശിക്കാം.

തിരക്കൊഴിവാക്കുന്നതിന് സെക്രട്ടേറിയറ്റ് പരിസരത്ത് പാർക്കിങ് ഒഴിവാക്കും. 2006ൽ വി എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞയുടെ വേദിയും സെൻട്രൽ സ്റ്റേഡിയമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP