Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുണ്ടുടുത്ത മോദിയെന്ന് അവതാരികയിൽ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും ഞാൻ പുസ്തകം പ്രകാശിപ്പിക്കുകയാണ്; പാട്യം ഗോപാലനുമായി ബന്ധപ്പെട്ട ഒന്നിനോടും നോ പറയാനാവില്ല; കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെ വിമർശിക്കുന്ന പുസ്തകത്തിലെ ഉള്ളടക്കം തള്ളിക്കളഞ്ഞ് പിണറായി വിജയൻ

മുണ്ടുടുത്ത മോദിയെന്ന് അവതാരികയിൽ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും ഞാൻ പുസ്തകം പ്രകാശിപ്പിക്കുകയാണ്; പാട്യം ഗോപാലനുമായി ബന്ധപ്പെട്ട ഒന്നിനോടും നോ പറയാനാവില്ല; കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെ വിമർശിക്കുന്ന പുസ്തകത്തിലെ ഉള്ളടക്കം തള്ളിക്കളഞ്ഞ് പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെ ചൊല്ലി ബിജെപിയും കേന്ദ്രസർക്കാരും പിണറായി സർക്കാരിനെ ഒളിഞ്ഞു തെളിഞ്ഞും പലപ്പോഴും വിമർശിക്കാറുണ്ട്. സിപിഎമ്മിന്റെ അധികാര ഗർവാണ് കണ്ണൂരിൽ പ്രകടമാക്കുന്നതെന്ന തരത്തിലുള്ള വിമർശനങ്ങളാണ് പലപ്പോഴും ഉയർത്താറുള്ളത്. ഈ പശ്ചാത്തലത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും എംഎൽഎയുമായിരുന്ന പരേതനായ പാട്യം ഗോപാലന്റെ മകൻ ഉല്ലേഖ്.എൻ.പി. എഴുതിയ പുസ്തകം ശ്രദ്ധേയമാവുകയാണ്. പുസ്തകം കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തതാവട്ടെ മുഖ്യമന്ത്രി പിണറായി വിജയനും.

'കണ്ണൂർ: ഇൻസൈഡ് ഇന്ത്യാസ് ബ്ലഡിയസ്റ്റ് റിവഞ്ച് പൊളിറ്റിക്‌സ്' എന്ന പുസ്തകം പെൻഗ്വിൻ റാൻഡം ഹൗസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. യോജിക്കേണ്ടതിനേക്കാൾ നൂറുമടങ്ങ് വിയോജിക്കാനുള്ള ഉള്ളടക്കമാണ് ഈ പുസ്തകത്തിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തെ താനും തന്റെ പാർട്ടിയും ബഹുമാനിക്കുന്നു. പ്രിയപ്പെട്ട സഖാവ് പാട്യം ഗോപാലന്റെ മകനാണ് എഴുത്തുകാരൻ. ആ ധീര വിപ്ലവകാരിയുടെ പേരുമായി ബന്ധപ്പെട്ട ഒന്നിനോടും 'നോ' പറയാനാവില്ല. പാട്യം ഗോപാലനോടുള്ള ആദരവുകൊണ്ടും മകനോടുള്ള വാത്സല്യംകൊണ്ടുമാണ് മുണ്ടുടുത്ത മോദിയെന്ന് വിമർശകരാൽ വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയെന്ന് തന്നെ നേരിട്ടറിയാത്ത സുമന്ത്ര ബോസ് അവതാരികയിൽ എഴുതിയ ഈ പുസ്തകം ഞാൻ പ്രകാശിപ്പിക്കാൻ തയ്യാറാവുന്നത്'' -അദ്ദേഹം പറഞ്ഞു.

കണ്ണൂരിനെയും അവിടത്തെ രാഷ്ട്രീയത്തെയും ഈ പുസ്തകത്തിൽ ചിത്രീകരിച്ചിരിക്കുന്നതിനോട് യോജിപ്പില്ല. കൊലപാതകങ്ങളുടെ എണ്ണം താരതമ്യപ്പെടുത്തി സിപിഎമ്മും ആർ.എസ്.എസും കണക്കാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം ശരിയല്ല. മതനിരപേക്ഷതയെ സംരക്ഷിക്കുന്ന സിപിഎമ്മും രാജ്യമാകമാനം വർഗീയ കലാപങ്ങൾ ഉണ്ടാക്കുന്ന ആർ.എസ്.എസും തമ്മിൽ താരതമ്യപ്പെടുത്താൻ എങ്ങനെ സാധിക്കും?-അദ്ദേഹം ചോദിച്ചു.

സിപിഎമ്മിന് ആൾബലമുണ്ട്. ആൾബലമുള്ളവർക്ക് വാൾബലം വേണ്ട. എതിരഭിപ്രായങ്ങളെ അഭിപ്രായങ്ങൾകൊണ്ട് നേരിടാൻ ആകാത്തവരാണ് വാളിന്റെ ബലം തേടിപ്പോവുന്നത്-മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലും കണ്ണൂരിലുമല്ല രാജ്യത്ത് ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നതെന്ന് മുൻ ഡി.ജി.പി. അലക്‌സാണ്ടർ ജേക്കബ് പറഞ്ഞു. യു.പി.യും ജാർഖണ്ഡുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. സംഘർഷമുണ്ടാകുമ്പോൾ ആരാണ് പ്രശ്‌നം ഉണ്ടാക്കിയതെന്ന് വിലയിരുത്തിവേണം ഉത്തരവാദികളെ നിശ്ചയിക്കാൻ. രണ്ടായിരം വർഷത്തെ ധീരോദാത്ത ചരിത്രമുള്ളവരാണ് കണ്ണൂരിലെ ജനത. അവരുടെ ധീരോദാത്തതയെ രാജ്യം പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ കണ്ണൂരിൽ ഹിന്ദുക്കളുടെ വംശഹത്യയാണ് നടക്കുന്നതെന്ന വളരെ മോശമായ പ്രചാരണം ആർ.എസ്.എസ്. ദേശവ്യാപകമായി നടത്തിയ സമയത്താണ് ഈ പുസ്തകം എഴുതിയതെന്ന് ഉല്ലേഖ് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP