Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓഖി ചുഴലിക്കാറ്റിലെ രക്ഷാദൗത്യം കൈവിട്ടു പോയ ആടിനെ തേടിയ 'വലിയ ഇടയന്റെ' മനസ്സോടെ; യേശു അഞ്ചപ്പം അയ്യായിരം പേർക്കാണു പങ്കുവച്ചത്; അതേ പങ്കുവയ്ക്കലാണു തീരദേശത്തു പുലർത്തേണ്ടത്; വൈകാരിക വേലിയേറ്റത്തിലൂടെ പ്രശ്ന പരിഹാരം അസാധ്യമാക്കുന്ന സമീപനം ഉണ്ടായിക്കൂടാ; ദുരന്തവേളകൾ പോലും മനുഷ്യത്വരഹിതമായി ഉപയോഗിക്കുന്നവരുണ്ട്; ലത്തീൻ സഭയുടെ പിണക്കം തീർത്താൻ 'നല്ലിടയൻ' ചമഞ്ഞ് മുഖ്യമന്ത്രി പിണറായി

ഓഖി ചുഴലിക്കാറ്റിലെ രക്ഷാദൗത്യം കൈവിട്ടു പോയ ആടിനെ തേടിയ 'വലിയ ഇടയന്റെ' മനസ്സോടെ; യേശു അഞ്ചപ്പം അയ്യായിരം പേർക്കാണു പങ്കുവച്ചത്; അതേ പങ്കുവയ്ക്കലാണു തീരദേശത്തു പുലർത്തേണ്ടത്; വൈകാരിക വേലിയേറ്റത്തിലൂടെ പ്രശ്ന പരിഹാരം അസാധ്യമാക്കുന്ന സമീപനം ഉണ്ടായിക്കൂടാ; ദുരന്തവേളകൾ പോലും മനുഷ്യത്വരഹിതമായി ഉപയോഗിക്കുന്നവരുണ്ട്; ലത്തീൻ സഭയുടെ പിണക്കം തീർത്താൻ 'നല്ലിടയൻ' ചമഞ്ഞ് മുഖ്യമന്ത്രി പിണറായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിൽ വീഴ്‌ച്ച ആരോപിച്ച് കടപ്പുറം ജനത മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞത് അടുത്തിടയ്ക്കാണ്. സർക്കാറിനെതിരായ പ്രതിഷേധമായി ഈ വിഷയം മാറിയതോടെ വിഷയത്തിൽ ഇടപെടൽ നടത്തി ക്രോധം ശമിപ്പിക്കാൻ അദ്ദേഹത്തിനായി. ഇപ്പോഴിയാ ദൈവ വചനങ്ങൾ ഉദ്ധരിച്ചു കൊണ്ട് ഓഖിയിലെ ദുരുതാശ്വാസ പ്രവർത്തനത്തെ കുറിച്ച് സംസാരിച്ച് മുഖ്യമന്ത്രി രംഗത്തെത്തി.

നൂറ് ആടുകളിൽ കൈവിട്ടുപോയ ഒന്നിനെ തേടിപ്പോകുന്ന വലിയ ഇടയന്റെ മനസ്സുമായാണ് ഓഖി ചുഴലിക്കാറ്റിൽ സർക്കാർ രക്ഷാദൗത്യം നടത്തിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ ഒട്ടേറെപ്പേരെ രക്ഷിച്ചെടുക്കാനായെങ്കിലും ചിലർ കൈവിട്ടുപോയി. ക്രിസ്ത്യൻ സർവീസ് സൊസൈറ്റിയുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യേശുവിനെയു ബൈബിളിനെയും കുറിച്ച് പറഞ്ഞു കൊണ്ടായിരുന്നു പിണറായിയുടെ വാക്കുകൾ.

വൈകാരികതയുടെ വേലിയേറ്റമുണ്ടാക്കി പ്രശ്‌നപരിഹാരം അസാധ്യമാക്കുന്ന സമീപനമുണ്ടായിക്കൂടെന്നു മുഖ്യമന്ത്രി പറഞ്ഞു. ആരുടെയെങ്കിലും മേൽ വിജയം നേടാനുള്ള സന്ദർഭമല്ല ഇത്. ദുരന്തവേളകൾ പോലും മനുഷ്യത്വരഹിതമായി ഉപയോഗിക്കുന്നവരുണ്ട്. വൈകാരികത വഴിതിരിച്ചുവിടാനാണ് ഇവരുടെ ശ്രമം. പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടേണ്ട ഘട്ടമാണിത്.

ഈ ഘട്ടത്തിൽ ചെയ്തില്ലെങ്കിൽ മറ്റൊരു ഘട്ടം ഉണ്ടാകില്ല. പ്രശ്‌നപരിഹാരത്തിലേക്ക് ആളുകളെ കൊണ്ടുവരാനുള്ള ചുമതല സഭയുടെയും സമുദായത്തിന്റെയും നേതൃത്വം ഏറ്റെടുക്കണം. കണ്ണീർ സ്വാഭാവികമാണ്. എന്നാൽ കണ്ണീർകൊണ്ട് മുന്നിലുള്ള വഴി കാണാത്ത അവസ്ഥയുണ്ടാകരുത്. അതുറപ്പാക്കുന്നിടത്താണ് യഥാർഥ നേതൃഗുണം പ്രകടമാകേണ്ടത്.

പങ്കുവയ്ക്കലിന്റേതായ ജീവിതമായിരുന്നു യേശുവിന്റേത്. അഞ്ചപ്പം അയ്യായിരം പേർക്കാണു പങ്കുവച്ചത്. അതേ പങ്കുവയ്ക്കലാണു തീരദേശത്തു പുലർത്തേണ്ടത്. അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നാണു ക്രിസ്തു പറഞ്ഞത്. മറ്റുള്ളവർക്കു വേണ്ടി കരുതൽ ഉണ്ടാകേണ്ട സമയമാണിത്. യേശു എന്നും നിസ്വരുടെയും പാർശ്വവൽകരിക്കപ്പെട്ടവരുടെയും ഒപ്പമായിരുന്നു. അതേ നിലപാടുള്ളവർക്ക് ഒപ്പമാണ് നിൽക്കേണ്ടതെന്ന തിരിച്ചറിവ് വലിയൊരു യോജിപ്പ് സാധ്യമാക്കും. കേരളത്തിലെ സർക്കാർ നിന്ദിതർക്കും പീഡിതർക്കും ഒപ്പമാണ്.

സർക്കാരിന്റെ വിവിധ സാമൂഹിക സുരക്ഷാ മിഷനുകൾക്കു ക്രൈസ്തവ കാഴ്ചപ്പാടാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്രത്തോട് ആവശ്യപ്പെട്ട 1843 കോടിയുടെ ധനസഹായത്തിൽ 300 കോടി ഉടൻ അനുവദിക്കുമെന്നാണു പ്രതീക്ഷ. നാവികസേനയും തീരസേനയും 10 ദിവസം കൂടി തിരച്ചിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ തീരദേശത്തുനിന്ന് വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ വിഴിഞ്ഞത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തീരപ്രദേശത്തെ ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. പൊലീസ് സുരക്ഷാ വലയം ഭേദിച്ച് അദ്ദേഹത്തിന്റെ വാഹനത്തിന് തൊട്ടടുത്തെത്തിയ നാട്ടുകാർ വാഹനത്തിൽ അടിച്ച് പ്രതിഷേധം രേഖപ്പെടുത്തി. ഇതേത്തുടർന്ന് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തിലാണ് അദ്ദേഹം വിഴിഞ്ഞത്തുനിന്ന് മടങ്ങിയത്. ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കും മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക് എന്നിവർക്കും ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടി വന്നു.

സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത ബിഷപ്പ് സൂസെപാക്യത്തിന്റെ ഇടയലേഖനം ഇന്ന് പള്ളികളിൽ വായിച്ചിരുന്നു. ഓഖി മുന്നറിയിപ്പ് നൽകുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്നും രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്നും ഇടയലേഖനം സൂചിപ്പിക്കുന്നു. ഓഖി ചുഴലിക്കാറ്റിൽ മരിച്ചവർക്കും കടലിൽ കാണാതായവർക്കും പ്രത്യേക പ്രാർത്ഥനയോടെയാണ് പള്ളികളിൽ ചടങ്ങുകൾ ആരംഭിച്ചത്. തിരുവനന്തപുരം ലത്തീൻ അതിരൂപയ്ക്കു കീഴിലുള്ള ദേവാലയങ്ങളിൽ ആർച്ച് ബിഷപ്പ് സൂസെപാക്യത്തിന്റെ ഇടയലേഖനം വായിച്ചു.

സംസ്ഥാന സർക്കാരിനെതിരെയുള്ള രൂക്ഷ വിമർശനമാണ് ഇടയലേഖത്തിലെ പ്രധാന ഭാഗം. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ കത്തോലിക്കാ ദേവാലയങ്ങളിൽ ഇന്ന് പ്രാർത്ഥനാ ദിനം ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സൂസെപാക്യത്തിന്റെ ഇടയലേഖനവും വന്നത്. അവസാന ആളെയും കണ്ടെത്തും വരെ തെരച്ചിൽ തുടരുമെന്ന കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമന്റെ വാക്കുകളിൽ പ്രതീക്ഷയുണ്ടെന്നും പ്രധാനമന്ത്രി ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.

സംസ്ഥാന സർക്കാർ ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് സഭയുടെ നന്ദിയും ഇടയലേഖനത്തിൽ അറിയിച്ചു. ഇടയലേഖനത്തെ സ്വാഗതം ചെയ്യുന്നതായും സഭയ്ക്കൊപ്പം നിൽക്കുന്നതായും തീരദേശവാസികളും പ്രതികരിച്ചു. അതേസമയം കേന്ദ്രസർക്കാറിൽ നിന്നും സഹായം അഭ്യർത്ഥിച്ചു കൊണ്ട് നാളെ നടക്കുന്ന രാജ്ഭവൻ മാർച്ചിൽ സഭാ വിശ്വാസികളുടെ പിന്തുണയും ഇടയലേഖനം അഭ്യർത്ഥിച്ചിട്ടുണ്ട്. ദുരിതബാധിതരെ സഹായിക്കുന്നതിന് കത്തോലിക്കാ സഭ സ്വരൂപിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും ദുരിതബാധിതർക്കായി പ്രാർത്ഥിക്കണമെന്നും പറഞ്ഞാണ് ഇടയലേഖനം അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP