Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിബിഐ ആർഎസ്എസ് തീരുമാനം നടപ്പാക്കുന്നത് ഗൗരവകരമായ കാര്യം; ഇത് മുളയിലേ നുള്ളണമെന്ന് പിണറായി വിജയൻ; ജയരാജനെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ് അമിത് ഷാക്ക് എഴുതിയ കത്ത് ആയുധമാക്കി ഇടതുപക്ഷം

സിബിഐ ആർഎസ്എസ് തീരുമാനം നടപ്പാക്കുന്നത് ഗൗരവകരമായ കാര്യം; ഇത് മുളയിലേ നുള്ളണമെന്ന് പിണറായി വിജയൻ; ജയരാജനെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ് അമിത് ഷാക്ക് എഴുതിയ കത്ത് ആയുധമാക്കി ഇടതുപക്ഷം

അടൂർ: കതിരൂർ മനോജ് വധക്കേസിൽ സിപിഐ(എം) കണ്ണൂർ ജില്ലാസെക്രട്ടറി പി.ജയരാജൻെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ആർ.എസ്.എസ് നേതൃത്വം ബിജെപി അധ്യക്ഷൻ അമിത്ഷാക്ക് അയച്ച കത്ത് പുറത്തുവന്നതോടെ വിഷത്തിൽ പ്രതിരോധം തീർക്കാൻ സിപിഐ(എം) നേതാക്കൾ ഒറ്റക്കെട്ടായി രംഗത്തെത്തി. കത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ സിബിഐ ആർഎസ്എസ് തീരുമാനം നടപ്പാക്കുന്നതു ഗൗരവമായ കാര്യമാണെന്നും ഇതു മുളയിലേ നുള്ളേണ്ടതാണെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പ്രതികരിച്ചു. നവകേരള മാർച്ചിനോട് അനുബന്ധിച്ചു പത്തനംതിട്ട ജില്ലയിലെ അടൂരിൽ മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു പിണറായി. പി ജയരാജനെ കൊലപാതകക്കേസിൽ കുടുക്കാനാണ് ആർഎസ്എസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ സമ്മർദം ചെലുത്തുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നതെന്നും പിണറായി പറഞ്ഞു.

സിപിഐഎമ്മിന്റെ പ്രധാന നേതാക്കളെ കേസിൽ ഉൾപ്പെടുത്തണമെന്നു ദേശീയ നേതാക്കളോട് ആർഎസ്എസ് നേതാക്കൾ കണ്ണൂരിലെ ആർഎസ്എസ് ബൈഠക്കിൽ പങ്കെടുത്തപ്പോൾ പറഞ്ഞതായി വാർത്ത വന്നിരുന്ന. ആർഎസ്എസിന്റെ തീരുമാനം നടപ്പാക്കുകയാണ് സിബിഐ ചെയ്യുന്നത്. ആർഎസ്എസ് ഇവിടെനിന്ന് അയച്ച കത്ത് വ്യക്തമാക്കുന്നത് അതാണ്. അമിത് ഷായ്ക്കു കൊടുത്ത കത്ത്. ആർഎസ്എസിന്റെ തിരക്കഥയ്ക്ക് അനുസരിച്ചാണ് കാര്യങ്ങൾ നടത്തിയത്. ആർഎസ്എസ് ഇവിടെനിന്ന് അയച്ച കത്തിലെ കാര്യങ്ങളാണ് കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയമായി ആക്രമിക്കുന്നതിന് സാങ്കൽപിക കഥകൾ ചമയ്ക്കാൻ പാടില്ല. അത് ഒരു അന്വേഷണ ഏജൻസി പകർത്തുകയാണ്. ഇതു വളരെ ഗൗരവമുള്ള കാര്യങ്ങളാണ്.

പി ജയരാജൻതന്നെ ഇന്നു ജീവിച്ചിരിക്കുന്നതുതന്നെ ആശ്ചര്യകരമായ കാര്യമാണ്. അക്രമികൾ വെട്ടിക്കൊന്നു എന്നു കണക്കാക്കി പോയതാണ്. പിന്നെ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ മികവും മറ്റും കാരണം ജയരാജൻ ജീവിച്ചിരിക്കുന്നത്. ആർഎസ്എസ് സിപിഐഎമ്മിനെ തകർക്കുമെന്ന് ആശങ്കയില്ല. ആർഎസ്എസ് പറയുന്നത് അനസരിക്കുന്ന ഏജൻസിയായി സിബിഐ മാറുകയെന്നത് ആശങ്കാപരമാണ്. ഇത് ഒരു തിരനോട്ടമാണ്. ഏതെല്ലാം മട്ടിൽ സിബിഐയെ ഉപയോഗിക്കാമെന്നതിന്റെ തിരനോട്ടമാണിത്. മുളയിൽതന്നെ അത്തരമൊരു പ്രവണത തടയേണ്ട കടമ പൊതു സമൂഹത്തിന്റെ കടമയാണ്

നിയമസഭയിൽ നടക്കുന്നത് എവിടെയും കേട്ടിട്ടില്ലാത്ത കാര്യങ്ങളാണ്. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസപ്പെടുത്താൻ ഭരണകക്ഷിക്കാർതന്നെ ബഹളം വച്ചു. പ്രതിപക്ഷനേതാവിനെപ്പോലെയുള്ളയാൾ പ്രസംഗിക്കുമ്പോൾ തടസപ്പെടുത്തുന്നത് ബോധപൂർവം പ്രശ്‌നമുണ്ടാക്കാനുള്ള ശ്രമമായി വേണം കാണാൻ. രാഹുൽ ഗാന്ധി കേരളത്തിൽ വന്നു പറഞ്ഞത് കോൺഗ്രസിലെ തമ്മിലടി രണ്ടുമാസത്തേക്ക് നിർത്തിവയ്ക്കണമെന്നാണ്. അതായത്, തെരഞ്ഞെടുപ്പു വരെ തമ്മിലടിക്കരുത്. അതിനുശേഷം തമ്മിലടിക്കാമെന്നാണ് രാഹുൽ പറയുന്നത്. ഇതുകൊണ്ടൊന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാമെന്നു രാഹുൽഗാന്ധിയും കോൺഗ്രസും മനസിലാക്കണമെന്നും പിണറായി പറഞ്ഞു.

കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ബുദ്ധി കേന്ദ്രം പി.ജയരാജനാണെന്നും ഷുക്കൂർ, ടിപി ചന്ദ്രശേഖരൻ കൊലപാതകങ്ങളിൽ ജയരാജന് പങ്കുണ്ടെന്നും സ്വാധീനം ഉപയോഗിച്ച് ജയരാജൻ രക്ഷപ്പെടുകയായിരുന്നുവെന്നും ആർ.എസ്.എസ് അമിത് ഷായ്‌ക്കെഴുതിയ കത്തിൽ ആരോപിക്കുന്നുണ്ട്. ഇതേ കാര്യങ്ങൾ തന്നെയാണ് സിബിഐ ഇന്നലെ കോടതിയിൽ ചൂണ്ടിക്കാട്ടിയതെന്നും സിപിഐ(എം) നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നനു.

കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ കുടുക്കുന്നതിന് ആർ.എസ്.എസ് ഗൂഢാലോചന വ്യക്തമാക്കുന്നതാണ് പുറത്തുവന്ന കത്തെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ പറഞ്ഞിരുന്നു. ബിജെപിയുടെ കൂട്ടിലടയ്ക്കപ്പെട്ട തത്തയായ സിബിഐയെ ഉപയോഗിച്ച് രാഷ്ട്രീയ വൈരം തീർക്കാനുള്ള ആർ.എസ്.എസ് ശ്രമങ്ങൾ കൂടുതൽ വ്യക്തമാവുകയാണെന്ന് കോടിയേരി പറഞ്ഞു. കേസിൽ കേന്ദ്രസർക്കരിനെ ഉപയോഗിച്ച് ആർ.എസ്.എസ് നേതൃത്വം ഇടപെട്ടതിനെ തുടർന്നാണ് യു.എ.പി.എ ചേർത്ത് സിബിഐ കേസെടുത്തത്. കതിരൂർ മനോജ് വധക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് പി. ജയരാജന് നേരത്തെ സിബിഐ നോട്ടീസ് നൽകിയിരുന്നു. ആ സമയത്ത് മുൻകൂർ ജാമ്യം തേടി ജയരാജൻ കോടതിയെ സമീപിച്ചു. എന്നാൽ ജയരാജൻ പ്രതിയല്ല എന്ന കാര്യമാണ് സിബിഐ തലശേരി സെഷൻസ് കോടതിയിൽ അറിയിച്ചത്. തുടർന്നാണ്് ജയരാജന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

എന്നാൽ തൊട്ടടുത്ത ദിവസം പി. ജയരാജനെ കതിരൂർ മനോജ് വധക്കേസിൽ സിബിഐ പ്രതിചേർത്തു. ഇതിനുപിന്നിൽ ആർ.എസ്.എസ് ഗൂഢാലോചനയാണെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.

തുടർന്ന് വീണ്ടും മുൻകൂർ ജാമ്യാപേക്ഷ തേടി. അപേക്ഷ ഇപ്പോൾ ഹൈക്കൊടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് കേസിൽ ഇടപെടലുകൾ നടത്തുന്നതിന് തെളിവായി ആർ.എസ്.എസ് നേതൃത്വം ബിജെപി ദേശീയ അധ്യക്ഷന് അയച്ച കത്ത് പുറത്തുവന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP