Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രഹസ്യമായും പരസ്യമായും പാരവച്ച് പുതുശ്ശേരിയെ വീഴ്‌ത്തിയ പിജെ കുര്യൻ ഒടുവിൽ കുറ്റമെല്ലാം മാണിയുടെ പുറത്തുവച്ചു; തോൽപ്പിച്ചത് താങ്കൾ തന്നെയെന്ന് പൊതുചടങ്ങിൽ വച്ച് മുഖത്ത് നോക്കി വിളിച്ച് പറഞ്ഞ് കേരളാ കോൺഗ്രസ് നേതാവും; തോറ്റിട്ടും തിരുവല്ലയിലെ പോര് തീരുന്നില്ല

രഹസ്യമായും പരസ്യമായും പാരവച്ച് പുതുശ്ശേരിയെ വീഴ്‌ത്തിയ പിജെ കുര്യൻ ഒടുവിൽ കുറ്റമെല്ലാം മാണിയുടെ പുറത്തുവച്ചു; തോൽപ്പിച്ചത് താങ്കൾ തന്നെയെന്ന് പൊതുചടങ്ങിൽ വച്ച് മുഖത്ത് നോക്കി വിളിച്ച് പറഞ്ഞ് കേരളാ കോൺഗ്രസ് നേതാവും; തോറ്റിട്ടും തിരുവല്ലയിലെ പോര് തീരുന്നില്ല

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തിരുവല്ലയിൽ ജോസഫ് എം. പുതുശേരി ജയിച്ചാലും തോറ്റാലും അത് പി.ജെ. കുര്യന് പണിയാകുമെന്ന് തെരഞ്ഞെടുപ്പിന് മുൻപ് മറുനാടൻ പ്രവചിച്ചിരുന്നു. അതിപ്പോൾ സത്യമായി. പുതുശേരിയുടെ തോൽവിയെച്ചൊല്ലി പി.ജെ. കുര്യനും കേരളാ കോൺഗ്രസ് (എം) സംസ്ഥാന നേതാവുമായ സാം ഈപ്പനും സ്വകാര്യ ചടങ്ങിൽ പരസ്യമായി ഏറ്റുമുട്ടി. പുതുശേരിയുടെ പരാജയത്തിന് കാരണക്കാരൻ താങ്കളല്ലേ എന്ന് മുഖത്ത് നോക്കി സാം ഈപ്പൻ ചോദിച്ചുവെന്നാണ് അറിയുന്നത്. ഇതോടെ തിരുവല്ലയിൽ കുര്യന്റെ അപ്രമാദിത്വം ചോദ്യം ചെയ്യാനും ആളുണ്ടായിത്തുടങ്ങി.

പുതുശേരിയുടെ സ്ഥാനാർത്ഥിത്വത്തെ തുടക്കം മുതൽ എതിർത്തയാളാണ് പി.ജെ. കുര്യൻ. പ്രവർത്തകരുടെ വികാരം എതിരാവുകയും സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെടാതിരിക്കുകയും ചെയ്തതോടെ പെട്ടെന്ന് ഒത്തുതീർപ്പുണ്ടാക്കി കുര്യൻ തല വലിച്ചു. പുതുശേരി ജയിച്ചാൽ കുര്യന് തിരുവല്ലയിൽ സ്വാധീനം ഇല്ലെന്ന് തെളിയുമെന്നും അഥവാ തോറ്റാൽ അത് കുര്യന്റെ കാലുവാരൽ കൊണ്ടാണെന്ന പഴി ഉണ്ടാകുമെന്നും മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടാമത് പറഞ്ഞതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

ശനിയാഴ്ച നഗരത്തിലെ പ്രമുഖ ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു നേതാക്കളുടെ വിഴുപ്പലക്കൽ. പുതുശേരിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം കേരളാ കോൺഗ്രസിന് മേൽ കെട്ടിവെയ്ക്കുന്ന തരത്തിൽ കുര്യൻ നടത്തിയ പരാമർശമാണ് സാം ഈപ്പനെ ചൊടിപ്പിച്ചത്. സ്ഥാനാർത്ഥി പരാജയപ്പെട്ടത് കേരളാ കോൺഗ്രസിലെ പടലപ്പിണക്കം മൂലമാണെന്ന് കുര്യനും കോൺഗ്രസ് കാലുവാരിയതാണെന്ന് സാം ഈപ്പനും തുറന്നടിച്ചു. സ്ഥാനാർത്ഥികൾ ജയിക്കുമ്പോൾ അത് യു.ഡി.എഫിന്റെ വിജയമാണെന്ന് അവകാശപ്പെടുകയും പരാജയപ്പെടുമ്പോൾ പഴി ഘടകകക്ഷികൾക്ക് മേൽ കെട്ടിവയ്ക്കുകയും ചെയ്യുന്നത് ശരിയല്ലെന്നുമായിരുന്നു സാംഈപ്പൻ പറഞ്ഞത്.

തർക്കം മുറുകിയതോടെ മറ്റ് നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. സ്ഥാനാർത്ഥി നിർണയം മുതൽ പ്രഖ്യാപനം വരെയുള്ള കാലയളവിൽ ജോസഫ് എം. പുതുശേരിക്ക് എതിരായി നിലപാടെടുത്ത കുര്യനെ ഭയന്ന് പല പ്രമുഖ കോൺഗ്രസ് നേതാക്കളും പ്രചാരണ രംഗത്ത് സജീവമായിരുന്നില്ല. പരാജയത്തിന്റെ ഉത്തരവാദിത്തം പുതുശേരിയുടെ തലയിൽ കെട്ടിവയ്ക്കാൻ വ്യാപക ശ്രമങ്ങൾ നടക്കുന്നതായാണ് സൂചന. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന കെപിസിസി യോഗത്തിലും ജില്ലയുടെ ചുമതലയുള്ള ഭാരവാഹികളിൽ പ്രമുഖ നേതാവ് ഉൾപ്പെടെയുള്ളവരും സ്ഥാനാർത്ഥി നിർണയത്തിലെ പോരായ്മയാണ് പ്രധാന പരാജയകാരണമായി ചൂണ്ടികാട്ടിയത്.

സ്ഥാനാർത്ഥി നിർണയ സമയത്ത് വിവിധ തലങ്ങളിൽ നിന്നുണ്ടായ വിയോജന കുറിപ്പും, സീറ്റ് കോൺഗ്രസ് തിരികെ പിടിക്കണമെന്ന ആവശ്യവും ഉന്നയിച്ച് കെപിസിസി അധ്യക്ഷൻ വി എം.സുധീരൻ ഉൾപ്പെടെ ഉള്ളവർക്ക് നൽകിയ കത്തും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിന്റെ തലേദിവസം രാത്രി മാർത്തോമ്മാ, പാത്രിയാർക്കീസ്, ക്‌നാനായ പള്ളികൾ കേന്ദ്രീകരിച്ച് ജോസഫ് എം. പുതുശ്ശേരിയുടെ വിജയത്തിന് വിലങ്ങുതടിയാകും വിധം നടത്തിയ നോട്ടീസ് വിതരണത്തിന് പിന്നിൽ കേരളാ കോൺഗ്രസിലെ നേതാക്കൾ തന്നെയാണ് പ്രവർത്തിച്ചതെന്ന് പകൽ പോലെ വ്യക്തമാണ്. യു.ഡി.എഫ് ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് നേതാവുമായ വിക്ടർ ടി. തോമസ് തെരഞ്ഞെടുപ്പ് രംഗത്ത് നിന്നും വിട്ടു നിന്നു.

വിക്ടർ ടി. തോമസിനെയും അദ്ദേഹത്തിന്റെ അനുകൂലികളെയും ഒഴിവാക്കി പുതുശേരി പക്ഷം നടത്തിയ നീക്കങ്ങളും വരും ദിവസങ്ങളിൽ ചർച്ചകൾക്ക് വഴിയൊരുക്കും. കോൺഗ്രസിലെയും കേരള കോൺഗ്രസിലെയും ചിലനേതാക്കളുടെ നേതൃത്വത്തിൽ നടത്തിയ അട്ടിമറിയാണ് പരാജയ കാരണമെന്ന് കാട്ടി ജോസഫ് എം. പുതുശേരി പാർട്ടി ചെയർമാനും കെപിസിസി അധ്യക്ഷനും കത്തയച്ചതായാണ് വിവരം. ഇതുവരെ പുതുശേരി പരസ്യ പ്രതികരണം നടത്തിയിട്ടില്ല. കുര്യന്റെ പഞ്ചായത്തായ പുറമറ്റം ഉൾപ്പെടെ പുതുശേരിയുടെ ഭൂരിപക്ഷം കുറഞ്ഞിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP