Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിക്കും ഇടതു സർക്കാരിനും എതിരെ വിമർശനുമായി രാഹുൽ 'പടയൊരുക്കത്തിൽ'; രണ്ടു സർക്കാരിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടമായെന്ന് വിമർശനം; അഴിമതി ആരോപണങ്ങളിൽ മിണ്ടാട്ടം മുട്ടി മോദി നിൽക്കുന്നു; ഓഖി ആഞ്ഞടിച്ചിട്ടും ജനങ്ങളുടെ രക്ഷയ്ക്ക് ആരും എത്തിയില്ല; മത്സ്യത്തൊഴിലാളികളുടെ രക്ഷയ്ക്ക് കൂടെയുണ്ടാവുമെന്നും ഉറപ്പുനൽകി കോൺഗ്രസ് നിയുക്ത അധ്യക്ഷൻ

മോദിക്കും ഇടതു സർക്കാരിനും എതിരെ വിമർശനുമായി രാഹുൽ 'പടയൊരുക്കത്തിൽ'; രണ്ടു സർക്കാരിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടമായെന്ന് വിമർശനം; അഴിമതി ആരോപണങ്ങളിൽ മിണ്ടാട്ടം മുട്ടി മോദി നിൽക്കുന്നു; ഓഖി ആഞ്ഞടിച്ചിട്ടും ജനങ്ങളുടെ രക്ഷയ്ക്ക് ആരും എത്തിയില്ല; മത്സ്യത്തൊഴിലാളികളുടെ രക്ഷയ്ക്ക് കൂടെയുണ്ടാവുമെന്നും ഉറപ്പുനൽകി കോൺഗ്രസ് നിയുക്ത അധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കേന്ദ്രത്തിലേയും കേരളത്തിലേയും സർക്കാരുകളിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടമായെന്ന് നിയുക്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കേന്ദ്രത്തിലെ മോദി ഭരണത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. സമാനമായ അവസ്ഥയിലാണ് കേരളം. ഇടതുസർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു- രാഹുൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച 'പടയൊരുക്ക'ത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഖി ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങൾ ലോക്‌സഭയിലും രാജ്യസഭയിലും ഉന്നയിക്കുമെന്നും രാഹുൽ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച 'പടയൊരുക്കം' യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഖി ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങൾ ലോക്‌സഭയിലും രാജ്യസഭയിലും ഉന്നയിക്കുമെന്നും രാഹുൽ പറഞ്ഞു. ഇക്കാര്യത്തിൽ കേരള സർക്കാരും എത്രയും പെട്ടെന്ന് കർമപദ്ധതികൾ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുപക്ഷ സർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്നതു കൊണ്ടാണ് പടയൊരുക്കം യാത്രയ്ക്ക് ഇത്രയേറെ ജനപിന്തുണ ലഭിച്ചത്. കേരളത്തിലെ ജനങ്ങൾക്ക് ഇടതുസർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടതു പോലെ കേന്ദ്രത്തിൽ മോദി സർക്കാരിലും ജനവിശ്വാസം നഷ്ടമായിരിക്കുകയാണ്.

മൂന്നു വർഷം മുൻപ് മോദി അധികാരത്തിലെത്തുമ്പോൾ ജനങ്ങൾക്ക് അദ്ദേഹത്തിൽ വിശ്വാസമുണ്ടായിരുന്നു. ജനം മോദിയുടെ വാക്കുകൾ വിശ്വസിച്ചു. എന്നാൽ അദ്ദേഹം പറഞ്ഞത് ഒന്നും പ്രവർത്തിച്ചത് മറ്റൊന്നുമായിരുന്നു. ഇന്നു വിശ്വാസ്യതയുടെ പേരിലാണ് മോദി സർക്കാർ ഏറ്റവും പ്രതിസന്ധി നേരിടുന്നതെന്നും രാഹുൽ വിമർശിച്ചു. ജനം അദ്ദേഹം പറയുന്നത് വിശ്വസിക്കാൻ തയാറാകുന്നില്ല.

മെയ്ക് ഇൻ ഇന്ത്യ, സ്റ്റാർട് അപ് ഇന്ത്യ, കണക്ട് ഇന്ത്യ തുടങ്ങിയ പദ്ധതികൾ വഴി രാജ്യത്തെ യുവാക്കൾക്ക് രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. ചൈന ഓരോ 24 മണിക്കൂറിലും അരലക്ഷത്തോളം തൊഴിലവസരം സൃഷ്ടിക്കുമ്പോൾ ഇന്ത്യയിൽ അത് മണിക്കൂറിൽ 450 മാത്രമാണ്. നോട്ടുനിരോധനത്തിലൂടെയും ആയിരക്കണക്കിനു പേരുടെ തൊഴിലവസരങ്ങൾ മോദി ഇല്ലാതാക്കി. ജനം ബാങ്കുകൾക്കു മുൻവശത്ത് ക്യൂ നിൽക്കുമ്പോൾ കള്ളപ്പണക്കാർ പിൻവാതിലിലൂടെ പോയി കള്ളപ്പണം വെളുപ്പിച്ചു.

നികുതിവ്യവസ്ഥ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് ജിഎസ്ടി മുന്നോട്ടുവച്ചത്. എന്നാൽ സർക്കാർ നടപ്പാക്കിയത് 'ഗബ്ബർ സിങ് ടാക്‌സും'. കോൺഗ്രസ് പറഞ്ഞതൊന്നും കേൾക്കാൻ മോദി തയാറായില്ല. നോട്ടുനിരോധനത്തിന്റെ ആഘാതത്തിൽ നിന്നു മുക്തമാകും മുൻപ് ജിഎസ്ടി കൂടിയായതോടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തകർന്നു. പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നു പറഞ്ഞെങ്കിലും അതും സർക്കാർ നിരാകരിച്ചു. അതോടെ വിലക്കയറ്റമായി, അതിന്റെയും ആഘാതം സഹിക്കേണ്ടി വന്നതാകട്ടെ ജനങ്ങളും.

നേരത്തേ എല്ലാ പ്രസംഗത്തിലും മോദി അഴിമതിയെപ്പറ്റി സംസാരിച്ചിരുന്നു. എന്തുകൊണ്ടോ ഇപ്പോൾ ഒരുപ്രസംഗത്തിലും മോദി അഴിമതിയെന്ന വാക്കു പോലും പറയുന്നില്ല. ജയ്ഷായുടെ അഴിമതിയെപ്പറ്റിയും റഫാൽ ഇടപാടിനെപ്പറ്റിയും ഒരക്ഷരം പോലും മിണ്ടുന്നില്ല. റഫാൽ ഇടപാട് പാരിസിൽ വച്ച് തന്റെ ഇഷ്ടക്കാരനായ പ്രമുഖ ബിസിനസുകാരനു കൊടുക്കുമ്പോൾ ഇന്ത്യയുടെ പ്രതിരോധനമന്ത്രി ഗോവയിലെ മത്സ്യച്ചന്തയിലായിരുന്നു. മോദിയുടെ ഏകപക്ഷീയമായ തീരുമാനമായിരുന്നു ആ കരാർ. മന്ത്രിസഭാ സുരക്ഷാസമിതിയുടെ പോലും അഭിപ്രായം തേടിയില്ല. റഫാലുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉന്നയിച്ച ഒരു സംശയത്തിനും മോദിയോ പ്രതിരോധമന്ത്രിയോ ഉത്തരം നൽകിയിട്ടില്ലെന്നും രാഹുൽ വിമർശിച്ചു.

രാവിലെ പൂന്തുറ കടപ്പുറത്ത് ഓഖി ദുരിതബാധിതരെ കാണാനെത്തിയ രാഹുൽ ഗാന്ധിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. വിവർത്തനം ചെയ്യപ്പെട്ട രാഹുലിന്റെ പ്രസംഗത്തിലെ ഓരോ വാക്കുകളും കൈയടിയോടെയാണ് പ്രദേശവാസികൾ സ്വീകരിച്ചത്. രാവിലെ ഒൻപത് മണിമുതൽ തന്നെ രാഹുൽ ഗാന്ധിയെ നേരിൽ കാണാനായി പൂന്തുറ സെന്റ് തോമസ് പള്ളിക്ക് മുന്നിൽ സജ്ജീകരിച്ചിരുന്ന പ്രത്യേക പന്തലിലേക്ക് ജനങ്ങൾ തടിച്ച് കൂടിയിരുന്നു.

ഓഖി ദുരന്തം കേരളത്തെ പിടിച്ച് കുലുക്കിയ സമയത്ത് ഇവിടെ എത്തി നിങ്ങളെ നേരിൽ കാണാനോ വിഷമത്തിൽ പങ്ക് ചേരാൻ കഴിയാത്തതിലോ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് രാഹുൽ തന്റെ പ്രസംഗം തുടങ്ങിയത്.രാജ്യത്ത് ഏറ്റവും അധികം ദുരിതമനുഭവിക്കുന്നത് കർഷകരും മത്സ്യ തൊഴിലാളികളുമാണെന്ന് പറഞ്ഞ രാഹുൽ കൃഷിക്കാർക്ക് ആശ്വാസമായി കൃഷി മന്ത്രാലയം ഉള്ളത് പോലെ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിക്കേണ്ട സമയം അതിക്രമിച്ചുവെന്നും പറഞ്ഞു.

ഈ ദുരന്തത്തിൽ നിങ്ങളിൽ പലർക്കും ഭർത്താക്കന്മാരെയും മക്കളേയും സഹോദരങ്ങളേയും എല്ലാം നഷ്ടപെട്ടിട്ടുണ്ടെന്ന് എനിക്കറിയാം. ആ നഷ്ടങ്ങൾക്ക് പകരമായി ഈ ലോകത്ത് എന്ത് തന്നെ കൊണ്ട് തന്നാലും മതിയാകില്ല. നിങ്ങളുടെ വിഷമത്തിൽ ഞങ്ങൾ പങ്ക് ചേരുന്നു. ഞങ്ങളാൽ കഴിയുന്ന എല്ലാ സഹായവും ചെയ്ത് എപ്പോഴും ഒപ്പം തന്നെ ഉണ്ടാകുമെന്ന് രാഹുൽ പറഞ്ഞപ്പോൾ അത് തീരദേശ വാസികൾക്ക് വലിയ ആശ്വാസമായി മാറുകയായിരുന്നു.ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നേരത്തെ തീരുമാനിച്ച പരിപാടികൾ കാരണമാണ് എത്താൻ കഴിയാത്തതെന്നും രാഹുൽ പറഞ്ഞു.

രാവിലെ 11.35ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ശേഷം കൃത്യം 12 മണിയോടെ തന്നെ രാഹുൽ പൂന്തുറയിലെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷൻ എംഎം ഹസ്സൻ, എംപിമാരായ കെസി വേണുഗോപാൽ, ശശിതരൂർ, ഡിസിസി അദ്ധ്യക്ഷൻ നെയ്യാറ്റിൻകര സനൽ എന്നിവർക്കൊപ്പമാണ് അദ്ദേഹം പൂന്തുറയിലെത്തിയത്. പള്ളിയങ്കണത്തിലെത്തിയ ശേഷം പള്ളിക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന ഓഖി ദുരന്തത്തിൽ മരിച്ചവരുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് അദ്ദേഹം പ്രസംഗത്തിലേക്ക് കടന്നത്. കനത്ത വെയിലിനെ പോലും അവഗണിച്ച് തന്നെ കാണാനെത്തിയ തീരദേശവാസികൾക്കും സ്റ്റേജിനുമിടയിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളെ മറികടന്ന് അദ്ദേഹം മത്സ്യത്തൊഴിലാളികളുടെ അടുത്തേക്ക് പ്രസംഗത്തിന് ശേഷം ചെല്ലുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP